Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസം തുടങ്ങി; ലഹരി ഉപയോഗത്തിനൊപ്പം വിൽപ്പനയും പതിവാക്കി; വിവരം അറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ 'സൈബീരിയൻ ഹസ്‌കി' ഇനം നായയെ ഉപയോഗിച്ചു അപായപ്പെടുത്താനും ശ്രമം; ലിയോൺ റെജിയെ പൊക്കിയത് ബലപ്രയോഗത്തിലൂടെ

ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസം തുടങ്ങി; ലഹരി ഉപയോഗത്തിനൊപ്പം വിൽപ്പനയും പതിവാക്കി; വിവരം അറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ 'സൈബീരിയൻ ഹസ്‌കി' ഇനം നായയെ ഉപയോഗിച്ചു അപായപ്പെടുത്താനും ശ്രമം; ലിയോൺ റെജിയെ പൊക്കിയത് ബലപ്രയോഗത്തിലൂടെ

പ്രകാശ് ചന്ദ്രശേഖർ

കാക്കനാട്: തുതിയൂരിൽ ലഹരി മാഫിയക്കെതിരെ എക്‌സൈസിന്റെ സർജിക്കൽ സ്‌ട്രൈക്ക്. തുതിയൂരിൽ തമ്പടിച്ച് ലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കാക്കനാട് നിലംപതിഞ്ഞ മുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ യും 3 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പിടികൂടുന്നതിനിടെ 'സൈബീരിയൻ ഹസ്‌കി' എന്ന വിദേശ ഇനം നായയെ ഉപയോഗിച്ച് ഇയാൾ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ശ്രമിച്ചു. തന്ത്ര പരമായിട്ടാണ് ഉദ്യോഗസ്ഥ സംഘം നായുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. നാലു ദിവസം മുൻപാണ് തുതിയൂർ സെന്റ് ജോർജ്ജ് കപ്പേള റോഡിലെ ഒരു വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇയാൾ വാടകയ്ക്ക് താമസം തുടങ്ങിയത്. ഇയാൾ താമസിക്കുന്ന മുറിയിൽ തന്നെയാണ് പട്ടിയും കഴിഞ്ഞിരുന്നത്.

ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് രാസലഹരി വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് നേരത്തെ തന്നെ സിറ്റി മെട്രോ ഷാഡേയ്ക്കും എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനും സൂചന ലഭിച്ചിരുന്നു. ഇയാൾ തുതിയൂരിൽ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും എവിടെയെന്ന് കൃത്യമായി കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.

ഇയാൾ താമസം തുടങ്ങിയ അന്നു മുതൽ റൂമിന് പുറത്ത് ഇറങ്ങിയിരുന്നില്ല. ഓൺലൈൻ മുഖേന ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചിരുന്ന ഇയാളെ ആരും തന്നെ വീടിന് പുറത്ത് ഇറങ്ങി കണ്ടിട്ടില്ല. പട്ടിയെ പേടിച്ച് ആരും ഇയാളെ അന്വേഷിച്ച് ചെല്ലാറുമില്ല. മയക്ക് മരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകി കഴിഞ്ഞാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽ വച്ച് തന്നെ ഇടപാട് നടത്തിവരികയുമായിരുന്നു. ഇയാളിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും പട്ടിയെ മുറിയിൽ അഴിച്ച് വിട്ടിരിക്കുന്നതിനാൽ അകത്ത് പ്രവേശിക്കുവാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളുടെ റൂമിൽ പ്രവേശിച്ച എക്‌സൈസ് സംഘം പട്ടിയെ തന്ത്ര പൂർവ്വം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നതിനാൽ പിടിയിലായ ശേഷവും മാരക അക്രമം അഴിച്ചു വിട്ട് കൊണ്ട് അലറി വിളിച്ച ഇയാൾ കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി. ഇയാൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന വരെക്കുറിച്ചുള്ള വ്യക്തമായ സൂചന എക്‌സൈസിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും, ഇത് കൂടാതെ നായയെ ഉപയോഗിച്ച് ഉദ്ദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെയും തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഈ മയക്ക് മരുന്ന് ഗ്രാമിന് 2500 - ൽ പരം രൂപയ്ക്ക് വാങ്ങി 4000 മുതൽ 6000 രൂപ നിരക്കിൽ മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു . പാർട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ , സ്‌ട്രൈക്കിങ് ഫോഴ്‌സ് ഇൻസ്‌പെക്ടർ സിജോ വർഗ്ഗീസ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ , സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സ്‌പെഷ്യൽ സ്‌ക്വാഡ് സി ഇ ഒ ടി.ആർ അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP