Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202131Saturday

പെരിന്തൽമണ്ണയിലെ കടയ്ക്ക് തീവച്ചത് അച്ഛനെ വീട്ടിൽ നിന്ന് മാറ്റാൻ; രാത്രിയിൽ ഒളിച്ചിരുന്നു; സ്‌കൂളിലെ സഹപാഠിയുടെ ശല്യം സഹിക്കവയ്യാതെ പൊലീസിൽ പരാതി കൊടുത്തത് വൈരാഗ്യമായി; അച്ഛനും അമ്മയും ഇല്ലാത്ത വിനീഷ് പെരുമാറിയത് സൈക്കോയെ പോലെ; ദൃശ്യയുടെ കൊലയിലെ നടുക്കം മാറാതെ ഏലംകുളം

പെരിന്തൽമണ്ണയിലെ കടയ്ക്ക് തീവച്ചത് അച്ഛനെ വീട്ടിൽ നിന്ന് മാറ്റാൻ; രാത്രിയിൽ ഒളിച്ചിരുന്നു; സ്‌കൂളിലെ സഹപാഠിയുടെ ശല്യം സഹിക്കവയ്യാതെ പൊലീസിൽ പരാതി കൊടുത്തത് വൈരാഗ്യമായി; അച്ഛനും അമ്മയും ഇല്ലാത്ത വിനീഷ് പെരുമാറിയത് സൈക്കോയെ പോലെ; ദൃശ്യയുടെ കൊലയിലെ നടുക്കം മാറാതെ ഏലംകുളം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബാലചന്ദ്രന്റെ 2 മക്കളിൽ മൂത്തവളായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. തലേന്നു രാത്രി കത്തി നശിച്ച കടയിൽ എന്തെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നറിയാനും ശുചീകരണത്തിനും മറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങിയ ബാലചന്ദ്രൻ ഇന്ന് ആകെ തളർന്നിരിക്കുന്നു. 15 വർഷമായി ബാലചന്ദ്രൻ പെരിന്തൽമണ്ണയിൽ കച്ചവടം തുടങ്ങിയിട്ട്. വീട്ടിൽ നിന്നിറങ്ങി പെരിന്തൽമണ്ണയിലെത്തിയപ്പോഴേക്കും മകളുടെ കൊലപാത വാർത്ത തേടിയെത്തി. പിന്നെ എല്ലാം നഷ്ടപ്പെട്ടെന്ന തിരിച്ചറിവിൽ മടക്കം. ബാലചന്ദ്രന്റെ സമീപത്തെ വീടുകൾ സ്വന്തം സഹോദരന്മാരുടെതാണ്. ബഹളം കേട്ട് ആദ്യം ഓടിയെത്തിയതും ദൃശ്യെ ആശുപത്രിയിലെത്തിച്ചതും അവരാണ്. പിന്നെ മരണവും.

ബാലചന്ദ്രനും കുടുംബാംഗങ്ങളും കട കത്തി നശിച്ചതിന്റെ സമ്മർദത്തിൽ ആയിരുന്നു. ദൃശ്യയും ദേവി ശ്രീയും അമ്മയും മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇതെല്ലാം പ്രതി വിനീഷ് ആസൂത്രണം ചെയ്തത് ആയിരുന്നു എന്ന് കൊലപാതകം നടന്ന ശേഷമാണ് അറിയുന്നത്. കൊല്ലാൻ ഉറപ്പിച്ച് തന്നെ ആണ് പ്രതി ഇതെല്ലാം ചെയ്തത് എന്ന് പൊലീസ് പറയുന്നു. പ്ലസ് ടു മുതൽ വിനീഷ് ദൃശ്യയെ ശല്യം ചെയ്തിരുന്നു. രണ്ട് പേരും കുന്നക്കാവ് ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആണ് പഠിച്ചത്. ദൃശ്യ ഒറ്റപ്പാലത്ത് എൽഎൽബിക്ക് പഠിക്കുകയായിരുന്നു. വിനീഷിന്റെ ശല്യം സഹിക്കാനാകാതെ പൊലീസിൽ ദൃശ്യയുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് വിനീഷിനെ താക്കീത് ചെയ്തു വിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.

നിയമ വിദ്യാർത്ഥിനി ദൃശ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഏലംകുളം. രാവിലെ ഏഴരയോടെയാണ് ദൃശ്യ കൊല്ലപ്പെട്ടത്. മുറിക്ക് ഉള്ളിലേക്ക് കയറിയ വിനീഷ് ആക്രമിക്കുകയായിരുന്നു. ദൃശ്യ റൂമിൽ ഉറങ്ങുക ആയിരുന്നു. ദൃശ്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഇളയച്ഛൻ രാജ് കുമാർ എല്ലാം നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ്. ' ഞങ്ങൾ നിലവിളി കേട്ട് വരുമ്പോൾ ദൃശ്യ ചോരയിൽ കുളിച്ച് കിടക്കുക ആയിരുന്നു. നെഞ്ചിൽ കുത്തേറ്റിരുന്നു. വയറിലും മുറിവ് ഉണ്ടായിരുന്നു. കൈകൾ ചെത്തിയ പോലെ മുറിഞ്ഞിരുന്നു. വിരലുകളിലും മുറിവ് ഉണ്ടായിരുന്നു. അവൾ ഉറങ്ങി കിടക്കുന്ന സമയത്ത് ആയിരുന്നു ഇതെല്ലാം. അതുകൊണ്ട് പ്രതിരോധിക്കാൻ. കഴിഞ്ഞു കാണില്ല. വാഹനത്തിൽ കയറ്റി അല്പം വെള്ളം കൊടുത്തു. അപ്പോഴും അനക്കം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചു എങ്കിലും കുത്തും വെട്ടുമേറ്റ ഒരുപാട് മുറിവുകൾ, ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് പിന്നീട് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ദേവി ശ്രീ അപകടനില തരണം ചെയ്തു. അക്രമം തടുക്കാൻ ശ്രമിച്ചപ്പോൾ മുറിവേൽക്കുക ആയിരുന്നു. '-രാജ് കുമാർ പറയുന്നു. ദൃശ്യയുടെ ഇളയ സഹോദരിയാണ് ദേവശ്രീ. ദേവശ്രീ 9ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ദൃശ്യയുടെ ശരീരത്തിൽ കുത്തേറ്റ 22 മുറിവുകളുള്ളതായി പൊലീസ് പറഞ്ഞു. മക്കളുടെ നിലവിളി കേട്ടാണ് അമ്മ ദീപ ഓടി മുറിയിലെത്തിയത്. അപ്പോഴേക്കും അക്രമി കടന്നുകളഞ്ഞിരുന്നു. ചേച്ചിയെ കുത്തുന്നത് തടയുന്നതിനിടെയാണ് ദേവശ്രീക്ക് പരുക്കേറ്റത്. പുല്ല് വെട്ടാൻ പണിക്കാരെ കൊണ്ടു പോകുന്നതിനായി അതുവഴിയെത്തിയ വാനിലാണ് ആദ്യം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്. വഴിക്ക് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറ്റി. പെരിന്തൽമണ്ണയിലെ പ്രതിയുടെ വീട്ടിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന വീട്.

അച്ഛനും അമ്മയും വേർപിരിഞ്ഞ പശ്ചാത്തലം ആണ് പ്രതി വിനീഷിന്റെത്. രണ്ട് സഹോദരന്മാർ കൂടി ഉണ്ട്. അപകടത്തിൽ പെട്ടു എന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിയ പ്രതിയെ ഓട്ടോ ഡ്രൈവർ ജൗഹർ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദ്ദേശിച്ചു എന്നും ജൗഹർ പറയുന്നു.- ' ദേഹം മുഴുവൻ നനഞ്ഞിരുന്നു. എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ ഒരു ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലേക്ക് പോകണം എന്നാണ് പറഞ്ഞത്. അപ്പോഴേക്കും ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞ് നാട്ടിൽ നിന്ന് എനിക്ക് ഫോൺ വന്നു. പിന്നെ നേരെ പോരുക ആയിരുന്നു. ഒരു പക്ഷെ ഇവൻ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ ആണ് വാഹനം നിർത്തിയത് .'-ജൗഹർ പറയുന്നു.

പെരിന്തൽമണ്ണയിലെ കട തീ വെച്ചതിന് ശേഷം ഏലംകുളം എത്തിയ പ്രതി അവിടെ ഒളിച്ചു നിൽക്കുക ആയിരുന്നു എന്നാണ് വിവരം. മറ്റാരെങ്കിലും വിനീഷിനെ സഹയിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിർണ്ണായകമായത് ഈ ഫോൺ കോൾ

'എടാ, ഇവിടെ ഒരു പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി ഒരുത്തൻ കടന്നുകളഞ്ഞിട്ടുണ്ട്. നിന്റെ ഓട്ടോയിലുള്ള ആളാണോയെന്ന് സംശയമുണ്ട്. അവനെ വിടരുത്' അപരിചിതനുമായി പെരിന്തൽമണ്ണയിലേക്ക് ഓട്ടം പോകുകയായിരുന്ന പാലത്തോൾ നാലുകണ്ടത്തിൽ ജൗഹറിന് ഫോൺ വഴി സുഹൃത്ത് നൽകിയ ഈ സന്ദേശമാണ് ഇന്നലെ കൂഴന്തറയിലെ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവായത്. ജൗഹർ ഇന്നലെ രാവിലെ വീടിനു സമീപം ഓട്ടോറിക്ഷ കഴുകുമ്പോഴാണ് മേലാകെ നനഞ്ഞ് രക്തവുമായി ഒരാൾ എത്തിയത്. കുന്നക്കാവിൽ ഒരു ബൈക്ക് അപകടം നടന്നുവെന്നും അൽപം വേഗത്തിലാണ് ഓടിച്ചിരുന്നതെന്നതിനാൽ ആളുകൾ ഉപദ്രവിക്കുമോയെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടതാണെന്നുമാണ് പറഞ്ഞത്.

തലയ്ക്ക് പരുക്കേറ്റ സുഹൃത്തിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും തനിക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ റോഡിൽ ഇറക്കി വിട്ടാൽ മതിയെന്നുമാണ് ഇയാൾ പറഞ്ഞത്. യുവാവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയെങ്കിലും എങ്ങാനും സത്യമാണെങ്കിലോയെന്ന് കരുതി ഓട്ടോയെടുക്കുകയായിരുന്നെന്ന് ജൗഹർ പറഞ്ഞു. ഇവിടെ വച്ച് കണ്ട തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് പുറപ്പെട്ടത്. ഇതിനിടെയാണ് ഫോൺ എത്തിയത്.

ഓട്ടോയിൽ വച്ച് പല കാര്യങ്ങളും ചോദിച്ചെങ്കിലും യുവാവ് പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്ന് ജൗഹർ പറയുന്നു. ഇതിനിടെയാണ് യുവതിയെ കുത്തിയ സംഭവമറിഞ്ഞ സുഹൃത്തുക്കൾ വിവരം ജൗഹറിനെ ഫോണിൽ വിളിച്ചറിയിച്ചത്. ഇതോടെ യുവാവിന് സംശയം തോന്നാതിരിക്കുന്നതിലായി ശ്രദ്ധ. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ റോഡിലേക്ക് കയറിയപ്പോൾ യുവാവ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ജൗഹർ ഗൗനിച്ചില്ല.

സ്റ്റേഷനു മുന്നിലെത്തിയപ്പോൾ വഴിയിൽ മറ്റൊരു സുഹൃത്തിനെ കണ്ടതോടെ ജൗഹറിന് ആശ്വാസമായി. യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചാൽ പിടിക്കണമെന്നു പറഞ്ഞ് ഓട്ടോ നിർത്തി. പിന്നീട് ഇരുവരും ചേർന്ന് പ്രതിയെ പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി പൊലീസിന് കൈമാറുകയായിരുന്നു. 15 വർഷത്തോളമായി ജൗഹർ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയിട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP