Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഡ്രാക്കുള വീണ്ടും പൊലീസിനെ പറ്റിച്ചു! പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട മോഷ്ടാവ് ഡ്രാക്കുള സുരേഷിനെ ഇനിയും കണ്ടെത്തിയില്ല; മുമ്പ് രക്ഷപെട്ടപ്പോൾ എത്തിയ യുവതിയുടെ വീട്ടിലെത്തിയാൽ പൊക്കാമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പൊലീസിന് ഇക്കുറി കൊടുത്തത് മുട്ടൻ പണി; ഒരു രാത്രി മുഴുവൻ കൊതുകുകടി കൊണ്ടു വെറും കൈയോടെ മടങ്ങി പൊലീസ്; കറുകുറ്റിയിലെ ക്വാറന്റീൻ സെന്ററിൽ നിന്നും മുങ്ങിയ ഡ്രാക്കുളയെ തളയ്ക്കാൻ പരക്കം പാഞ്ഞ് പൊലീസ്

ഡ്രാക്കുള വീണ്ടും പൊലീസിനെ പറ്റിച്ചു! പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട മോഷ്ടാവ് ഡ്രാക്കുള സുരേഷിനെ ഇനിയും കണ്ടെത്തിയില്ല; മുമ്പ് രക്ഷപെട്ടപ്പോൾ എത്തിയ യുവതിയുടെ വീട്ടിലെത്തിയാൽ പൊക്കാമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന പൊലീസിന് ഇക്കുറി കൊടുത്തത് മുട്ടൻ പണി; ഒരു രാത്രി മുഴുവൻ കൊതുകുകടി കൊണ്ടു വെറും കൈയോടെ മടങ്ങി പൊലീസ്; കറുകുറ്റിയിലെ ക്വാറന്റീൻ സെന്ററിൽ നിന്നും മുങ്ങിയ ഡ്രാക്കുളയെ തളയ്ക്കാൻ പരക്കം പാഞ്ഞ് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ആദ്യം രക്ഷപെട്ടപ്പോൾ പങ്കാളിയായ യുവതിയുടെ വീട്ടിലെത്തിയാൽ പൊക്കാമെന്ന പ്രതീക്ഷ ഫലവത്തായി. രണ്ടാമതും ഈ തന്ത്രം പരീക്ഷിക്കാനെത്തിയ ഏമാന്മാർക്ക് ഡ്രാക്കുള കൊടുത്തത് മുട്ടൻ പണി. ഒരു രാത്രി മുഴുവൻ കൊതുകുകടി കൊണ്ടിരുന്നതിന്റെ വിഷമത്തിൽ പൊലീസ് സംഘം മടങ്ങിയപ്പോൾ ഒളിച്ചുകളിയിൽ വിജയിച്ചതിന്റെ സന്തോഷത്തിൽ ഡ്രാക്കുള. കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിനെ ഒളിത്താവളത്തിൽ പുറത്തെയ്ക്കുന്നതിന് പൊലീസ് നീക്കം വിഫലം.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് തവണയാണ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഓലിക്കുഴി കരോട്ടെവീട്ടിൽ സുരേഷ് (42) അങ്കമാലിയിലെ ജയിൽ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ടത്. നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കയറ്റാൻ വിലങ്ങ് അഴിക്കുന്ന അവസരത്തിലാണ് പെരുമ്പാവൂർ പൊലീസ് ചാർജ്ജ് ചെയ്തിരുന്ന മോഷണക്കേസ്സിലെ പ്രതിയായ സുരേഷ് ഈ മാസം 23-ന് പുലർച്ചെ കറുകുറ്റിയിലെ ക്വാറന്റീൻ സെന്ററിൽ നിന്നും രക്ഷപെട്ടത്.

രക്ഷപെട്ട സുരേഷ് കുറച്ചുകാലമായി ഒപ്പംതാമസിക്കുന്ന യുവതിയുടെ വീട്ടിൽ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടിയിരുന്നു. ഇതുപ്രകാരം ഉടൻ പൊലീസ് സംഘം യുവതിയുടെ വീടിന് സമീപമെത്തി തയ്യാറെടുപ്പുകളോടെ കാത്തു നിന്നു. താമസിയാതെ ഇവിടെ എത്തിയ സുരേഷിനെ കയ്യോടെ പൊക്കുകയും ചെയ്തു. വീണ്ടും ഇയാളെ കറുകുറ്റിയിലെ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷണത്തിലാക്കി. ഇക്കുറി കുറച്ചുകൂടി സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സുരേഷിനെയും മറ്റൊരുപ്രതിയെയും മുറിയിലാക്കി പൂട്ടിയിടുകയായിരുന്നു. മുറിയുടെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് മുന്നാം നിലയിലെത്തി ,കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന തേക്ക് മരം വഴി താഴേയ്ക്കിറങ്ങിയാണ് ഇത്തവണ രക്ഷപെട്ടത്.

ഇന്നലെ പുലർച്ചെയായിരുന്നു രണ്ടാമത്തെ രക്ഷപെടൽ. എല്ലാ കാര്യങ്ങളിലും സുരേഷിനെ സഹായിച്ചിരുന്നത് കൂടെ താമസിച്ചിരുന്ന യുവതിയായിരുന്നു. അതിനാൽ ഇവരുടെ വീട്ടിൽ സുരേഷ് എത്താനിടയുണ്ടെന്നായിരുന്നു ഈ ഘട്ടത്തിലും പൊലീസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പൊലീസ് ഇവരുടെ വീടിന് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ പൊലീസ് നീക്കം മുൻകൂട്ടി തിരിച്ചറിഞ്ഞ് ഡ്രാക്കുള തടിതപ്പി. കൊതുകുകടിയും കൊണ്ടുള്ള പൊലീസിന്റെ കാത്തിരിപ്പ് വെറുതെയായി. ഇയാളെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് സൂചന.

ഇന്നലെ സുരേഷിനൊപ്പം മോഷണക്കേസ്സിൽ പ്രതിയായ തലശേരി കതിരൂർ നാലാം മൈൽ റോസ് മഹൽ മിഷാലും(22)പുറത്തുചാടിയിട്ടുണ്ട്. ഇരുവരും കൂടിയാലോചിച്ചാണ് രക്ഷപെടലിന് കർമ്മപദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് അനുമാനം. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കുമോഷണക്കേസിലാണ് മിഷാൽ പിടിക്കപ്പെട്ടത്. തലശേരിയിൽ പീഡനക്കേസ്സിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനകം തന്നെ 4 തവണ സുരേഷ് കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഈ പരിചയമാണ് രക്ഷപെടലിന് ഇയാൾക്ക് തുണയായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കൾ രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ അച്ഛന്റെ അമ്മയായിരുന്നു സുരേഷിന്റെ രക്ഷക. ആക്രി പെറുക്കിയായിരുന്നു ഇവരുടെ ജീവിതം.
ഇവർക്കൊപ്പം കഴിയുമ്പോൾ, കുട്ടിക്കാലത്തു തന്നെ അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി സുരേഷ് കുട്ടിക്കള്ളനെന്ന് പേരെടുത്തിരുന്നു. 16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായിയിരുന്നു. കോവിഡ് കാലത്തെ കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിലാണ് അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പിന്നീട് താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന ഇടുക്കികാരിയായ സുന്ദരിയ്‌ക്കൊപ്പമായിരുന്നു.

മാസങ്ങൾക്ക് മുമ്പ് പെരുംവുംമുഴിയിൽ മോഷണം നടത്തിയപ്പോൾ നാട്ടുകാർ പിടികൂടി മൂവാറ്റുപുഴ പൊലീസിന് കൈമാറിയിരുന്നു.ഇതിന് മുമ്പ് 2019 സെപ്റ്റംബറിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജുചെയ്ത കേസ്സിലാണ് ഇയാൾ ജയിലിലായത്. ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി. പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു.ഉടൻ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവൻ രക്ഷപെട്ടത്. ഈ കേസ്സിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചത് ഇപ്പോൾ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.

മുള്ളിരിങ്ങാടാണ് ഇവർ അന്ന് താമസിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമാക അന്വേഷണത്തിൽ ലഭ്യമായ വിവരം. അടുത്തകാലത്ത് ഈ യുവതിയ്‌ക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.യുവതിയുടെ സാമ്പത്തീക സ്രോതസ്സിനെക്കുറിച്ച് നിരവധി ഊഹാഭോഹങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ ഉൾപ്പെടാത്തതിനാൽ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പിടിവീണെന്ന് ഉറപ്പായാൽ രക്ഷപെടാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ. മൂവാറ്റുപുഴിയിൽ പൊലീസ് ജീപ്പിന്റ ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ഒരു കഷണം വിഴുങ്ങുകയും ചെയ്തത് ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. ഗ്ലാസ്സ് വിഴുങ്ങി,അപകടസ്ഥിതിയിലാണെന്ന് വരുത്തിതീർത്താൽ ഇതുകണ്ട് പൊലീസ് സ്ഥലം വിടുമെന്നുമായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ. ഈ നീക്കം പൊലീസ് ഇടപെടലിൽ പൊളിഞ്ഞിരുന്നു.

കോലഞ്ചേരി പെരുംവുംമുഴിയിൽ മോഷണം നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ പിൻതുടർന്നെത്തിയവർ സമീപത്തെ കപ്പത്തോട്ടത്തിൽ സുരേഷിനെ കണ്ടെത്തുകയായിരുന്നു. ബോധംകെട്ടുവീണ രീതിയിലായിരുന്നു ഈ അവരത്തിൽ ഇയാളുടെ കിടപ്പ്. നിമിഷ നേരംകൊണ്ട് ഇയാൾ ചാടിയെഴുന്നേറ്റ് തന്റെ കൈയിൽ പിടിച്ചിരുന്ന സ്ത്രിയുടെ കൈകടിച്ച് മുറിച്ച ശേഷം ഇരുളിലൂടെ കുതിച്ചുപാഞ്ഞു.നാട്ടുകാർ പിൻതുടരുന്നുണ്ടെന്ന് വ്യക്തമായപ്പോൾ പെരുവുംമുഴി പാലത്തിൽ നിന്നും താഴേയ്‌ക്കെടുത്തുചാടി. ചതുപ്പിൽ വീണതിനാൽ ജീവൻ രക്ഷപെട്ടു. തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

കോലഞ്ചേരിക്കടുത്ത് പെരുവുംമുഴിയിലെ പണിസ്ഥലത്ത് ജോലിയ്‌ക്കെത്തിയവർ മാറിയിട്ടിരുന്ന വസ്ത്രത്തിനൊപ്പം സൂക്ഷിച്ചിരുന്ന പേഴ്‌സുകളിൽ നിന്നും പണം എടുത്ത് ഇയാൾ ഓടിമറയുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രിയുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ഇയാൾ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 5000 രൂപ നഷ്ടപ്പെട്ടതായി ഇവർക്ക് ബോദ്ധ്യമായി. തുടർന്നാണ് ഇവർ നാട്ടുകാരെ വിവരമറിയിച്ച് സുരേഷിനെ പിടികൂടാൻ ശ്രമം തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിയോടെ നാട്ടുകാരും പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും സുരേഷിനെ കുടുക്കാൻ നടത്തിയ നീക്കം വിജയിക്കുന്നത് രാത്രി 9 മണിയോടുത്താണ്.

പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് സുരേഷിന് വിനയായത്.സുരേഷിനെ തേടി നടക്കുമ്പോൾ തന്നെ പാതയോരത്ത് ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നമ്പർ പ്രകാരം അഡ്രസ്സ് തപ്പിയപ്പോൾ ബൈക്ക് സുരേഷിന്റെതാണെന്ന് ഏറെക്കുറെ പൊലീസിന് ഉറപ്പായി. പിന്നാലെ പ്ലഗ്ഗ് ഊരിയെടുത്തു.ഇതൊന്നുമറിയാതെ, അടിവസ്ത്രം മാത്രമിട്ട് സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് എടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. രാത്രി വൈകിയതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കിടയിലേയ്ക്കാണ് സുരേഷ് ഈ സാഹസവുമായി എത്തിയത്.സുരേഷിന്റെ ഈ നീക്കം പരാജയം സമ്മതിച്ച് പിൻവാങ്ങാനിരുന്ന പൊലീസിനും നാട്ടുകാർക്കും പിടിവള്ളിയായി.

ഉടൻ സുരേഷിനെ കൈപ്പിടിയിലൊതുക്കാൻ ഇവർ കുതിച്ചെത്തിയപ്പോൾ പാലത്തിൽ നിന്നും താഴേയ്ക്കുചാടി രക്ഷപെടുന്നതിനായി സുരേഷിന്റെ നീക്കം.എന്നാൽ താഴെ ചതുപ്പിൽ പതിച്ചതിനാൽ ഈ നീക്കം വിജയിച്ചില്ല.ചെളിയിൽ കാൽപൂണ്ടുപോയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിലയുറപ്പിച്ചിരുന്ന സുരേഷിനെ നാട്ടുകാരും പൊലീസും ചേർന്ന് കരയ്‌ക്കെത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP