Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൂടുതൽ സ്ത്രീധനം ചോദിച്ച് സമ്മർദമുണ്ടാക്കിയത് റുവൈസിന്റെ പിതാവ്; ആത്മഹത്യാ കുറിപ്പിലും വാട്‌സ്ആപ്പ് ചാറ്റുകളിലും നിർണായക തെളിവുകൾ; ഒളിവിൽ പോയ അബ്ദുൾ റഷീദ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും; കോടികളുടെ സ്വത്തുണ്ടായിട്ടും ഷഹ്നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റഷീദിന്റെ ആർത്തി

കൂടുതൽ സ്ത്രീധനം ചോദിച്ച് സമ്മർദമുണ്ടാക്കിയത് റുവൈസിന്റെ പിതാവ്; ആത്മഹത്യാ കുറിപ്പിലും വാട്‌സ്ആപ്പ് ചാറ്റുകളിലും നിർണായക തെളിവുകൾ; ഒളിവിൽ പോയ അബ്ദുൾ റഷീദ് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും; കോടികളുടെ സ്വത്തുണ്ടായിട്ടും ഷഹ്നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റഷീദിന്റെ ആർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീധന തർക്കത്തെ തുടർന്ന് വിവാഹം മുടങ്ങിയതു മൂലം മെഡിക്കൽ പിജി വിദ്യാർത്ഥിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഡോ.റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാനാകാതെ പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നുമാണ റിപ്പോർട്ടുകൾ.

റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്‌സാപ് ചാറ്റുകളിലും വ്യക്തമായിരുന്നു. നിർണായകമായ ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ കള്ളക്കളികളാണ് പ്രതികൾക്കു രക്ഷപ്പെടാൻ സാധ്യതയൊരുക്കിയതെന്ന ആരോപണവും ശക്തമാണ്. പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസ് എടുക്കാത്തതും അന്വേഷണം നടത്താത്തതും എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷഹ്നയുടെ മാതാവും സഹോദരിയും മാധ്യമങ്ങൾക്കു മുന്നിലടക്കം സ്ത്രീധന പ്രശ്‌നം ഉന്നയിച്ചതോടെയാണ് പൊലീസ് ആ രീതിയിൽ അന്വേഷണം നടത്താൻ തയാറായത്.

കോടീശ്വരനായ അബ്ദുൾ റഷീദിന്റെ ആർത്തിയാണ് ഷഹ്നയുടെ ജീവനെടുത്തത്. കരുനാഗപ്പള്ളിയിലെ ഇടയിലയിലാണ് വീട്. ഇവിടെ പടുകൂറ്റൻ വീട്ടിൽ രണ്ടു കാറുകൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അബ്ദുൽ റഷീദും ഭാര്യയും മകനും മകളുമാണ് ഇവിടെ താമസം. പ്രവാസിയായിരുന്ന റഷീദിന്റെ മൂത്ത മകനായ റുവൈസ് എൻ്ട്രൻസ് പരീക്ഷയിലെ ഉന്നത വിജയവുമായി എംബിബിഎസ് പഠിച്ചു. മകളും എംബിബിഎസിനാണ് പഠനം. എന്നാൽ അത് തൃശൂരിലെ സ്വകാര്യ കോളേജിലാണ്. രണ്ടാം വർഷത്തിലാണ് പഠനം. റഷീദിന് ഈ പ്രദേശത്ത് 20ഓളം വീടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

മിക്കവയും വാടകയ്ക്ക് കൊടുത്തിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ ഭാഷ്യം. നാട്ടുകാരിൽ നിന്ന് പണം വാങ്ങി കൊടുക്കാതിരുന്നുവെന്ന പരാതിയും റഷീദിനെതിരെ ഉയരുന്നുണ്ട. ഇതിൽ പലരും ശത്രുതയിലുമാണ്. അതിനിടെയാണ് ഇടയില വീടിനെ സ്ത്രീധന പീഡന വിവാദം വരിഞ്ഞു മുറക്കുന്നത്. അമ്പത്തിയാറ് എന്നാണ് നാട്ടുകാർ റഷീദിനിട്ടിരിക്കുന്ന വിളിപ്പേര്. വള്ളത്തിൽ സാധനങ്ങൾ കരുനാഗപ്പള്ളിയിൽ കൊണ്ടു വരുന്ന സംവിധാനം ഇയാൾ്ക്കുണ്ടത്രേ. അങ്ങനെ സാധനം കൊണ്ടു വരുന്ന വള്ളത്തിന്റെ നീളവുമായി ബന്ധപ്പെട്ടതാണ് 56 എന്ന അക്കം.

ഈ വള്ളത്തിന്റെ നീളക്കണക്കിലാണ് നാട്ടുകാർ റുവൈസിന്റെ അച്ഛനെ വിളിക്കുന്നത്. റുവൈസിന്റെ വീട്ടിന് മുന്നിൽ അബ്ദുൽ റഷീദ് എന്ന പേരും എഴുതി വച്ചിട്ടുണ്ട്. വലിയ ഗേറ്റുകളും മുറ്റത്ത് വലിയ പന്തലുമെല്ലാം ഒരുക്കിയ വമ്പൻ വീട്. ഈ വീട്ടിലാണ് ഡോ ഷഹ്നയെ വിലപേശലിന് വിധേയമാക്കാനുള്ള സ്ത്രീധന ഗൂഢാലോചന നടന്നത്. ഇതെല്ലാം മനസ്സിലാക്കിയിട്ടും പൊലീസ് റഷീദിനേയും കുടുംബത്തേയും രക്ഷപ്പെടാൻ അനുവദിക്കുന്ന നിസംഗത പുലർത്തിയെന്നതാണ് വസ്തുത.

ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ ഇ എ റുവൈസിന്റെ പിതാവിനെയും പ്രതിയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെയാണ് രണ്ടാം പ്രതിയാക്കിയത്. പെൺകുട്ടിയുടെ മരണത്തിനു കാരണമായ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതിനാണ് ഇയാളെ പ്രതിയാക്കിയത്. റുവൈസിന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ചോദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തതായി ഷഹ്നയുടെ മാതാവ് പൊലീസിനു മൊഴിനൽകിയിരുന്നു. അതേസമയം റിമാൻഡിലുള്ള റുവൈസിനെ ചൊവ്വാഴ്ച ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടുതൽ ചോദ്യം ചെയ്യുന്നതിന് അന്ന് തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് ശ്രമം. ഷഹ്നയും ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങളും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും അച്ഛനെയും പ്രതിയാക്കിയത്. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഷഹ്ന റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാൽ അയാൾ പ്രതികരിച്ചിരുന്നില്ല. ഇത്രയും സ്ത്രീധനം ചോദിച്ചാൽ തങ്ങൾക്ക് അതു നൽകാനാകില്ലെന്നും താൻ മരിക്കുകയാണെന്നും ഷഹ്ന വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.

റുവൈസ് ഇതു വായിച്ചശേഷം ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഷഹ്ന അയച്ച എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയ്തു. ഒരു പെൺകുട്ടിയുടെ മരണം തടയാമായിരുന്നിട്ടും അതിന് ഡോക്ടർ തുനിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു. ഷഹനയുടെ ഫോണിൽ നിന്നും സന്ദേശങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇത് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വിവാഹത്തിനു മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടിലേക്കും പോയിട്ടുണ്ടായിരുന്നു. എപ്പോൾ വിവാഹം നടത്തണമെന്നത് ഉൾപ്പെടെ ചർച്ച നടത്തി. പിന്നീടാണ് സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് പിന്മാറിയതെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP