Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വ്യക്തി കൊല്ലം കളക്ടറായിരുന്ന ശ്രീനിവാസനെ കോടതി കയറ്റിയ ആളോ? സെമിനാരിയിൽ പഠിച്ച സ്ത്രീ പീഡനക്കേസിൽ ആരുമറിയാതെ പുറത്താക്കിയ വ്യക്തിയെന്നും സൂചനകൾ; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കയറി സീൽ മോഷ്ടിച്ച വിരുതന്റെ ഭൂതകാലത്തിൽ ദുരൂഹത ഏറെ; മോഷ്ടിച്ച ഐ ഫോൺ അപ്രത്യക്ഷമാക്കിയെന്നതും അജ്ഞാതം; രണ്ട് ബാങ്കുകളിലായുള്ള നാല് അക്കൗണ്ടിലുള്ളത് 26 ലക്ഷം രൂപയും: പെരുംകള്ളൻ ഡോ തോമസിന്റെ ചരിത്രം തേടിയലഞ്ഞ് പൊലീസ്

സുകുമാരക്കുറുപ്പെന്ന് സംശയിക്കുന്ന വ്യക്തി കൊല്ലം കളക്ടറായിരുന്ന ശ്രീനിവാസനെ കോടതി കയറ്റിയ ആളോ? സെമിനാരിയിൽ പഠിച്ച സ്ത്രീ പീഡനക്കേസിൽ ആരുമറിയാതെ പുറത്താക്കിയ വ്യക്തിയെന്നും സൂചനകൾ; ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കയറി സീൽ മോഷ്ടിച്ച വിരുതന്റെ ഭൂതകാലത്തിൽ ദുരൂഹത ഏറെ; മോഷ്ടിച്ച ഐ ഫോൺ അപ്രത്യക്ഷമാക്കിയെന്നതും അജ്ഞാതം; രണ്ട് ബാങ്കുകളിലായുള്ള നാല് അക്കൗണ്ടിലുള്ളത് 26 ലക്ഷം രൂപയും: പെരുംകള്ളൻ ഡോ തോമസിന്റെ ചരിത്രം തേടിയലഞ്ഞ് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരൂഹ പശ്ചാത്തലത്തിന്റെ നിഴലിൽ തുടരുന്ന പെരുംകള്ളൻ പി.ഇ.തോമസ് ആരെന്നു ഉറപ്പിക്കാൻ മെഡിക്കൽ കോളെജ് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇയാൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണോ അതോ വേറെ ഏതെങ്കിലും ക്രിമിനൽ ആണോ എന്നൊക്കെ അറിയാൻ വേണ്ടിയുള്ള വിശദമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചിട്ടുള്ളത്. ഇയാൾ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണോ എന്ന ചോദ്യമുയർത്തി ഇയാളുടെ മോഷണങ്ങളും പശ്ചാത്തലവും വെളിച്ചത്തുകൊണ്ടുവന്ന മറുനാടൻ വാർത്തയുടെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിഭാഗവും സ്‌പെഷ്യൽ ബ്രാഞ്ച് അടക്കമുള്ള വിവിധ പൊലീസ് വിഭാഗങ്ങളും ഇയാളുടെ കാര്യത്തിൽ അന്വേഷണം തുടങ്ങിട്ടുണ്ട്.

 

കഴിഞ്ഞ ഒമ്പതിനു മെഡിക്കൽ കോളെജ് എസ്‌ബിഐ ശാഖയിൽ നിന്ന് ഇടപാടുകാരന്റെ മൊബൈൽ ഫോൺ മോഷണം നടത്തിയതിനു പിടിയിലായി തിരുവനന്തപുരം സബ് ജയിലിൽ കഴിയുകയാണ് ബാങ്ക് രേഖകളിൽ ഡോക്ടർ പി.ഇ.തോമസ് (75) എന്ന് പറയുന്ന പേരുംകള്ളൻ തോമസ്. 2014-ൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ ബാഗ് തുറന്നു മോഷണം നടത്താൻ ശ്രമിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങളുടെ വെളിച്ചത്തിൽ ഇയാൾ ആർപിഎഫിന്റെ പിടിയിൽപ്പെടുന്നത്. അതിനുശേഷവും നിരന്തര മോഷണങ്ങളിൽ ഇയാൾ ഏർപ്പെട്ടതായി പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒമ്പതിന് എസ്‌ബിഐ ശാഖയിലെ മൊബൈൽ ഫോൺ മോഷണത്തിനാണ് ഇയാൾ പിടിയിലാകുന്നത്.

ഇപ്പോൾ തോമസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിയിൽ വരുകയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കയറി ഓഫീസിലെ സീൽ മോഷണത്തിനു ഇയാൾ ശ്രമം നടത്തിയിരുന്നു. തന്റെ കൈവശമുള്ള കെട്ടിടത്തിലെ വാടകക്കാരായ സർക്കാർ ഓഫീസിനെ ഒഴിപ്പിച്ച് തരണം എന്ന ആവശ്യവുമായാണ് ഇയാൾ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിയത് എന്നാണ് ലഭിച്ച വിവരം. ഓഫീസിൽ നിന്ന് കൈവശപ്പെടുത്തിയ സീൽ ഉപയോഗിച്ച് കൈവശമുള്ള പേപ്പറിൽ നിരന്തരം സീൽ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിലുള്ളവർ ഇയാളെ ശ്രദ്ധിക്കുന്നത്. കൈവശമുള്ള പേപ്പറിൽ സീൽ പതിപ്പിക്കുകയും അതേ സീൽ അടിച്ചുമാറ്റാനാണ് ശ്രമവുമെന്നു മനസിലായപ്പോൾ സീലും പേപ്പറുകളും പിടിച്ചെടുത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും ഇയാളെ പുറത്താക്കുകയായിരുന്നു.

തോമസിനെക്കുറിച്ചുള്ള അന്വേഷണം മറുനാടൻ ഊർജ്ജിതമാക്കിയപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് സീൽ മോഷണത്തിനുള്ള ഇയാളുടെ ശ്രമത്തെക്കുറിച്ചുള്ള വിവരവും ലഭ്യമായത്. പക്ഷെ ഇയാളെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാനൊന്നും ഓഫീസ് തയ്യാറായില്ലെന്നാണ് സൂചന. സീൽ പിടിച്ചെടുത്തശേഷം ഇയാളെ ഓഫീസിൽ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. ആറുമാസത്തിനിടെയാണ് ഈ സംഭവമുണ്ടായത്. അതിനുശേഷമാണ് എസ്‌ബിഐ ശാഖയിലെ ഫോൺ മോഷണത്തിനു ഇയാൾ പിടിയിലാകുന്നത്. ഇപ്പോൾ സീൽ മോഷണവാർത്തയും പൊലീസ് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തോമസ് പിടിയിലായിട്ടും ഇയാൾ മോഷ്ടിച്ച ഐ ഫോൺ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതും പൊലീസിന്റെ ഉറക്കം കെടുത്തുന്നുണ്ട്. തോമസിനെ ചുറ്റിപ്പറ്റി ഒരു മോഷണ ഗ്യാംഗ് തന്നെ മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ചിട്ടുണ്ട് എന്നാണ് പൊലീസ് കരുതുന്നത്. അതിവേഗമാണ് ഐ ഫോൺ കൈമാറി ഇയാൾ വീണ്ടും ക്യൂവിൽ തിരിച്ചെത്തിയത്. പക്ഷെ എസ്‌ബിഐ ശാഖയിൽ ക്യാമറകൾ ഉണ്ട് എന്ന കാര്യം ഇയാൾ എന്തുകൊണ്ട് ഓർത്തില്ല എന്ന ചോദ്യവും പൊലീസിന് മുൻപാകെയുണ്ട്.

അതിനിടെ തോമസിന്റെ വാർത്ത കണ്ട് ഒരാൾ മറുനാടന് മെയിൽ അയച്ചു. ഈ മെയിലിലും ചില സൂചനകളുണ്ട്. ഇന്ന് താങ്കളുടെ ന്യൂസ് കാണുവാനിടയായി തിരുവനന്തപുരത്തുനിന്നും ഫോൺ മോഷ്ടാവ് സുകുമാരക്കുറുപ്പ് ആണെന്ന് സംശയിക്കുന്ന വ്യക്തി 2002- 2004 ഈ കാലഘട്ടത്തിൽ കൊല്ലം ജില്ലാ കലക്ടർ ശ്രീനിവാസൻ ഐഎഎസ് നെ ഹൈക്കോടതി നേരിട്ടു ഹാജർ ആവാൻ വേണ്ടി പറയുകയും അതിന്റെ സൂത്രധാരൻ ഈ പറഞ്ഞ വ്യക്തിയുമാണ്. അന്ന് കൊല്ലം ബിഷപ്പ് jerome nagar കിഴക്കു ഭാഗത്തായിരുന്നു ഈ വ്യക്തിയുടെ താമസം. റാന്നിയിലോ മറ്റോ സെമിനാരിയിൽ പഠിക്കുകയും സ്ത്രീപീഡനക്കേസിൽ ആരുമറിയാതെ പുറത്താക്കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈവശമുണ്ട് ഈമെയിൽ ഐഡിയിൽ ബന്ധപ്പെടുകയാണെങ്കിൽ കൂടുതൽ വിവരങ്ങൾ തന്ന് സഹായിക്കാൻ സാധിക്കും-എന്നായിരുന്നു ആ മെയിലിലെ സൂചനകൾ. അങ്ങനെ തോമസിനെ കുറിച്ച് വിവരങ്ങൾ മറുനാടനിലേക്കും എത്തുകയാണ്. ഈ വിവരങ്ങൾ മറുനാടൻ പൊലീസിന് ഉടൻ കൈമാറും.

ഇപ്പോൾ തോമസിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. മെഡിക്കൽ കോളെജ് പരിസരത്തെ രണ്ടു എസ്‌ബിഐ ശാഖകളിൽ മാത്രം ഇയാളുടെ പേരിൽ 26 ലക്ഷത്തിൽപ്പരം രൂപയുള്ളതിനാൽ ഇയാളുടെ കാര്യത്തിൽ വിശദമായ അന്വേഷണം വേണം എന്ന തീരുമാനത്തിലാണ് പൊലീസ് ഇപ്പോഴുള്ളത്. മെഡിക്കൽ കോളെജ് പരിസരത്തെ രണ്ടു എസ്ബിബാങ്കുകളിലായി നാല് അക്കൗണ്ടുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ 57388418815 എന്ന അക്കൗണ്ടിൽ 21,62,134.508 രൂപയും, 0648816654 എന്ന അക്കൗണ്ടിൽ 4374 രൂപയും 31494791917 എന്ന അക്കൗണ്ടിൽ 93148 രൂപയും 31501534057 എന്ന അക്കൗണ്ടിൽ 1,01,424.27 രൂപയും 34226563737 എന്ന അക്കൗണ്ടിൽ 2,50,781 രൂപയുമുണ്ട്. ഈ അക്കൗണ്ട് ഇതേ വരെ പൊലീസ് ഫ്രീസ് ചെയ്തിട്ടില്ല. ഇയാളുടെ മോഷണം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലാണ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ പൊലീസ് വൈകുന്നത്. ഒട്ടനവധി കാര്യങ്ങൾ മോഷണവുമായി ബന്ധപ്പെട്ടു പൊലീസിന്റെ മുന്നിലുണ്ട്. ഈ തുകകൾ എങ്ങിനെ തോമസിന്റെ കൈവശം വന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

തോമസ് അവകാശപ്പെടും പോലെ കേന്ദ്ര സർക്കാർ ജീവനക്കാരനാണോ, അക്കൗണ്ടിൽ ഉള്ളത് പെൻഷൻ തുകയാണോ? ഈ തുകകൾ ഏത് തീയതിയിൽ ഇയാൾ നിക്ഷേപിച്ചു. ഈ തുകയുടെ സോഴ്‌സ് എന്താണ്? ഇത്ര തുക കൈവശം വെച്ചിട്ടും ഇയാൾ എന്തിനു മോഷണം നടത്തുന്നു. എത്ര ബാങ്ക് അക്കൗണ്ടുകൾ ഇയാൾക്കുണ്ട്, എന്തിനാണ് ഇത്രയും അക്കൗണ്ടുകൾ സൂക്ഷിക്കുന്നത്. ബാങ്കിൽ നൽകിയ രേഖകൾ എന്താണ്? ഇത് വ്യാജമോ? ബാങ്ക് അധികൃതരിൽ നിന്നും ഇയാൾക്ക് സഹായം ലഭിച്ചോ? ആധാർ ഏത് രേഖകൾ വെച്ച് എടുത്തു? ആ രേഖകൾ ഒറിജിനൽ ആണോ? ഇയാളുടെ യഥാർത്ഥ സ്വദേശവും തൊഴിലുമേന്ത്? ഒപ്പമുള്ളത് ഭാര്യയാണോ? അല്ലെങ്കിൽ വേറെ ഏതെങ്കിലും സ്ത്രീയോ? ഇവർക്ക് മോഷണങ്ങളിൽ ഇവർക്കുള്ള പങ്കാളിത്തമെന്ത്? തുടങ്ങി ഒട്ടുവളരെ ചോദ്യങ്ങളാണ് ഇപ്പോൾ പൊലീസിന് മുൻപാകെയുള്ളത്? ഇതിനൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ട്? ഇതിനായി ധൃതഗതിയിൽ അന്വേഷണത്തിനു പൊലീസ് ഒരുങ്ങുകയാണ്.

വഞ്ചിയൂർ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്ത ഇയാളുടെ നാല് അക്കൗണ്ടിൽ മാത്രം 26 ലക്ഷത്തിൽപ്പരം രൂപയുള്ളത് പൊലീസ് ഗൗരവമായി കാണുന്നുണ്ട്. പക്ഷെ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ വൈകിയാൽ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാൽ തുക പിൻവലിക്കാൻ എളുപ്പമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തെളിവുകൾ ശേഖരിച്ച് വരുന്നതിനാലും അന്വേഷണം നടക്കുന്നതിനാലുമാണ് അക്കൗണ്ട് ഫ്രീസ് ചെയ്യാൻ വൈകുന്നത്. വിശദമായ അന്വേഷണമാണ് ഈ കാര്യത്തിൽ പൊലീസ് ഒരുങ്ങുന്നത്. ഒട്ടനവധി സംശയങ്ങൾ ഇയാളെ ചുറ്റിപ്പറ്റിയും മോഷണങ്ങളെ ചുറ്റിപ്പറ്റിയും പൊലീസിനുണ്ട്. ഇയാളുടെ ഊരും പേരും ഇപ്പോഴും വ്യക്തമല്ല. തോമസ് ഏത് സ്വദേശിയാണ് എന്താണ് ഇയാളുടെ പശ്ചാത്തലം എന്ന കാര്യങ്ങളിൽ ഒരു സ്ഥിരീകരണവും നടത്താൻ പൊലീസിന് കഴിയുന്നില്ല. ഇപ്പോൾ പ്രധാനമായും തോമസിന്റെ ബാങ്ക് അക്കൗണ്ട് ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്.

2014-ലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ മോഷണത്തിനു പിടിയിലായി കേസ് തള്ളിയപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ വഴി തന്നെ കുരുക്കിയ ആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ 5000000 രൂപ ആവശ്യപ്പെട്ടു ഇയാൾ വഞ്ചിയൂർ കോടതിയിൽ മാനനഷ്ടത്തിനു കേസ് നൽകിയത്. കഴിഞ്ഞ വർഷം നൽകിയ ഈ കേസ് ഇപ്പോഴും തുടരുകയാണ്. അഞ്ചു ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാതിരിക്കാനാണ് ഒപ്പം പാപ്പർ സ്യൂട്ട് കൂടി ഫയൽ ചെയ്തത്. നാല് അക്കൗണ്ടിൽ 26 ലക്ഷം രൂപ കണ്ടെത്തിയതോടെ ഈ കേസിൽ തോമസിന് വാദിച്ച് ജയിക്കാനും ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകാനും പ്രയാസമായ അവസ്ഥ നേരിടുകയും ചെയ്തിട്ടുണ്ട്.

ഒരേ സമയം ഡോക്ടറും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനുമാണെന്ന് അവകാശപ്പെടുകയും അതേ സമയം യാചകനായി മോഷണം നടത്തുകയുമാണ് തോമസ് ചെയ്തത്. മെഡിക്കൽ കോളെജ് പരിസരത്തും റെയിൽവേ സ്റ്റേഷനിലും യാചകനായി മോഷണം നടത്തുകയും ഹൈക്കോടതിയിൽ വരെ കേസുകൾ സ്വയം വാദിക്കുകയും ചെയ്യുന്ന തോമസ് ഒരു സവിശേഷ കഥാപാത്രമായാണ് പൊലീസിന്റെ മുന്നിൽ നിൽക്കുന്നത്. വേഷം മാറാൻ ഇയാൾ മിടുക്കനുമാണ്. ഒരു സമയത്ത് മെഡിക്കൽ കോളെജ് പരിസരത്ത് നിന്നും അഞ്ചു രൂപ കൈനീട്ടി വാങ്ങുന്ന യാചകനാണെങ്കിൽ ഇയാൾ പിറ്റേന്ന് കോട്ടും സ്യൂട്ടും അണിഞ്ഞു വഞ്ചിയൂർ കോടതിയിൽ കേസ് സ്വയം വാദിക്കുകയും ചെയ്യും. നല്ല രീതിയിൽ ഇംഗ്ലീഷ് പറയുന്ന ഇയാൾ ആവശ്യത്തിനു നിയമ പരിജ്ഞാനവും സ്വായത്തമാക്കിയിട്ടുണ്ട്.

കാഞ്ഞ പുള്ളിയാണെന്ന് ആദ്യമേ മനസിലാക്കിയ പൊലീസിന്റെ സംശയം ഇയാൾ സുകുമാരക്കുറുപ്പാണോ എന്ന സംശയത്തിലേക്ക് തിരിയുകയാണ്. ഇൻഷൂറൻസ് തുക കിട്ടാൻ ഫിലിം റെപ്രസന്റിറ്റീവ് ആയ ചാക്കോയെ ചുട്ടുകരിച്ച് കൊന്ന ശേഷം മുങ്ങിയ സുകുമാരക്കുറുപ്പ് എവിടെ എന്ന ചോദ്യം ഇപ്പോഴും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കെ ഇയാൾ സുകുമാരക്കുറുപ്പ് ആണോ എന്ന സംശയം പൊലീസിന് ബലപ്പെടുകയും ചെയ്യുന്നുണ്ട്. ഇയാളുടെ ചെയ്തികളും മോഷണവും മൊഴിയും പശ്ചാത്തലവും ഒക്കെ ദുരൂഹമായി തുടരുകയുമാണ്. തോമസിന് ഒപ്പം ഭാര്യയുമുണ്ട്. സാധാരണ വേഷത്തിൽ കണ്ടാൽ ഇവർ മോഷ്ടാക്കളാണ് എന്ന് ആരും കരുതില്ലാ എന്നാണ് പൊലീസും പറയുന്നത്. മൂന്നര പതിറ്റാണ്ടിന്നിടെ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ അച്ചടിമഷി പുരണ്ട സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി ഇയാളാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP