Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലസ്ഥാന നഗരത്തിൽ മദ്യലഹരിയിൽ ഡോ. ജയറാം ചീറിപ്പാഞ്ഞത് എന്തിനും സംരക്ഷണം ഒരുക്കാൻ ഉന്നതരുണ്ടെന്ന വിശ്വാസത്തിൽ; ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ഇടിച്ചിട്ട കേസിൽ നിന്നും ഊരാനും ഉപയോഗിക്കുന്നത് ഉന്നത ബന്ധങ്ങൾ; വിവാദ ഡോക്ടർ ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലും ബിസിനസ് പങ്കാളിയുടെ കാറും ആശുപത്രിയും അടിച്ചുമാറ്റിയ കേസിൽ ആരോപണ വിധേയൻ; പ്രിസൈസ് ആശുപത്രി മുതലാളിയുടെ മദ്യലഹരിയിലെ ചീറിപ്പായൽ കേസ് ചർച്ചയാകുമ്പോൾ പുറത്താകുന്നത് സാമ്പത്തിക ഇടപാടുകളും

തലസ്ഥാന നഗരത്തിൽ മദ്യലഹരിയിൽ ഡോ. ജയറാം ചീറിപ്പാഞ്ഞത് എന്തിനും സംരക്ഷണം ഒരുക്കാൻ ഉന്നതരുണ്ടെന്ന വിശ്വാസത്തിൽ; ഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ ഇടിച്ചിട്ട കേസിൽ നിന്നും ഊരാനും ഉപയോഗിക്കുന്നത് ഉന്നത ബന്ധങ്ങൾ; വിവാദ ഡോക്ടർ ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലും ബിസിനസ് പങ്കാളിയുടെ കാറും ആശുപത്രിയും അടിച്ചുമാറ്റിയ കേസിൽ ആരോപണ വിധേയൻ; പ്രിസൈസ് ആശുപത്രി മുതലാളിയുടെ മദ്യലഹരിയിലെ ചീറിപ്പായൽ കേസ് ചർച്ചയാകുമ്പോൾ പുറത്താകുന്നത് സാമ്പത്തിക ഇടപാടുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്‌ത്തിയ പ്രിസൈസ് ഐ ആശുപത്രി നടത്തിപ്പ് പങ്കാളികളിൽ ഒരാളായ ഡോക്ടർ വി.ആർ.ജയറാം രണ്ടു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലും എറണാകുളത്തെ സാമ്പത്തിക കോടതിയിലും നടന്നു വരുന്ന രണ്ടു വ്യത്യസ്ത കേസുകളിലെ പ്രതികൂടിയാണ് ജയറാം. തട്ടിപ്പ് നടത്തുകയും കേസുകളിൽ കുടുങ്ങുകയും ചെയ്യുമ്പോൾ ഉന്നത ബന്ധങ്ങൾ മറയാക്കി കേസുകളിൽ നിന്നും തലയൂരുന്ന രീതിയാണ് ജയറാം പയറ്റാറുള്ളത്. ബൈക്ക് യാത്രികനായ ഊബർ ഈറ്റ്‌സിലെ ആദർശിനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ പ്രേരിപ്പിച്ചതിന് പിന്നിലുള്ളതും ഉന്നത പൊലീസ് ബന്ധങ്ങളും. ഡിജിപിവരെ നീളുന്ന പൊലീസ് ബന്ധങ്ങളാണ് കുഴപ്പത്തിൽപ്പെടുമ്പോൾ ജയറാമിന് തുണയാകുന്നത്. പ്രശ്‌നങ്ങളിൽപ്പെടുമ്പോൾ പൊലീസ് സഹായം തേടി തലയൂരാൻ ജയറാം മിടുക്കനുമാണെന്ന് ജയറാമിനെ അറിയുന്നവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ആദർശിനെ പാളയം വെച്ച് ഇടിച്ചിട്ടശേഷം കടന്നുകളയാനുള്ള ശ്രമമാണ് ജയറാം നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. അപകടത്തിൽപ്പെട്ടപ്പോൾ ജീവനും കൊണ്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് ജയറാം പൊലീസിനോട് പറഞ്ഞത്. പക്ഷെ ഉന്നത ബന്ധങ്ങൾ ഉള്ള വ്യക്തിയായതിനാൽ ജയറാമിന്റെത് സുരക്ഷിതനായി രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ബൈക്കിന്റെ മേൽ കൂടി എൻഡവർ കാർ കയറ്റിയാണ് ജൂബിലി ഹോസ്പിറ്റൽ വഴിയിലൂടെ ജയറാം രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രശ്‌നങ്ങളിൽ അകപ്പെടുകയും അതിനു ഡിജിപി അടക്കമുള്ള പൊലീസ് ഉന്നതരുടെ സഹായം തേടുന്നതുമാണ് ജയറാമിന്റെ രീതികൾ. പക്ഷെ ശ്രീറാം കേസ് മുന്നിലുണ്ടായിരുന്നതിനാൽ കന്റോൺമെന്റ്-മ്യൂസിയം പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണ് ജയറാമിന് ആദർശിനെ ഇടിച്ച കേസിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വന്നത്. മദ്യപിച്ചു എന്നും അപകടസമയത്ത് താൻ തന്നെയാണ് കാർ ഓടിച്ചതെന്നുമാണ് ജയറാം പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞതിനാലും ഐഎഎസ് അല്ലാത്തതിനാലും ജയറാമിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ജയറാമിനു മറ്റു ഓപ്പറേഷൻസിനും കഴിഞ്ഞതുമില്ല. ഊബർ ഈറ്റ്‌സിലെ ജീവനക്കാരനാണ് പരുക്ക് പറ്റിയത് എന്നതിനാൽ ഊബറിലെ സഹപ്രവർത്തകർ കാറിനു പിന്നാലെ പോവുകയും ബേക്കറിയിൽ കാർ തടഞ്ഞു കന്റോൺമെന്റ് പൊലീസിന് കൈമാറുകയുമായിരുന്നു. വാഹനാപകടവും മദ്യവും ആയതിനാൽ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും നിയമപരമായ നടപടികൾ ധൃതിയിൽ പൂർത്തീകരിക്കുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപകടം വരുത്തിയപ്പോൾ പൊലീസ് നടപടികളിൽ വീഴ്‌ച്ച വരുത്തിയ മ്യൂസിയം എസ്‌ഐ ഇപ്പോഴും സസ്‌പെൻഷനിൽ തുടരുന്നതിനാൽ പൊലീസും വിട്ടുവീഴ്ചകൾക്ക് നിന്നതുമില്ല. ഇതാണ് വാഹനാപകടക്കേസിൽ ജയറാമിനെ കുരുക്കിലാക്കിയത്.

ഇപ്പോൾ നടന്നുവരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ജയറാം. എറണാകുളത്തെ സാമ്പത്തിക തട്ടിപ്പ് കേസുകൾ നോക്കുന്ന പ്രത്യേക കോടതിയിലെ ഒരു കേസിലെ പ്രതിയാണ് ജയറാം. ഒരു കോടിയോളം രൂപ തട്ടിച്ച കേസിൽ ജാമ്യത്തിൽ നിൽക്കുകയാണ് ജയറാം. ഈ കേസിലെ വാദം ഇപ്പോൾ എറണാകുളത്തെ കോടതിയിൽ നടന്നുവരികയാണ്. അതിസമർഥമായുള്ള കബളിപ്പിക്കൽ വന്നതിനെ തുടർന്നാണ് മുൻപ് നടത്തിയിരുന്ന ഹെൽത്ത് ഓറിയന്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു സാമ്പത്തിക കോടതിയിൽ ജയറാമിനെതിരെ കേസ് വന്നത്. ജെആർകെ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജയറാമും മറ്റൊരു പങ്കാളിയും ചേർന്ന് തുടങ്ങിയത്. ഈ കമ്പനിക്ക് വേണ്ടി ജയറാം പലരിൽ നിന്നും പണം സമാഹരിച്ചിരുന്നു. ജയറാമും മറ്റൊരു പങ്കാളിയുമായിരുന്നു ഡയറക്ടർമാർ. ജയറാം ഒരു സുപ്രഭാതത്തിൽ പങ്കാളിയെ വിളിച്ച് കമ്പനി അവസാനിപ്പിക്കുന്നതായി അറിയിച്ചു. പങ്കാളിയുടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ കമ്പനി ജയറാം സ്വകാര്യമായി മുന്നോട്ടു കൊണ്ടുപോയി. ഈ കമ്പനിയിൽ പലരും പണം നിക്ഷേപിച്ചു. മൂന്നു വർഷം കഴിയുമ്പോൾ ലാഭവിഹിതം സഹിതം പണം മടക്കി നൽകാം എന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ആർക്കും ജയറാം ലാഭവിഹിതം നൽകിയില്ല. ഒടുവിൽ പണം തിരികെ ആവശ്യപ്പെട്ടവരോട് ജയറാം പറഞ്ഞത് പകുതി പണം ഞാൻ നൽകാം. ബാക്കിയുള്ള പണം ഡയറക്ടർ ആയ പങ്കാളി നൽകും എന്നായിരുന്നു. പണം ലഭിക്കാനുള്ളവർ ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ജയറാം ഒപ്പിച്ച പണി മനസിലാകുന്നത് ഇതോടെയാണ് ജയറാമിനെതിരെ പങ്കാളി സാമ്പത്തിക കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കേസ് നൽകിയത്. ഈ കേസിൽ ജാമ്യത്തിൽ തുടരുകയാണ് ജയറാം.

ജയറാം സ്വന്തമായി തുടങ്ങിയ രണ്ടു ഐ ആശുപത്രികളിലും ജയറാമിന്റെ പുതിയ പങ്കാളിയുമായും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ടു ആശുപത്രിയിലും പങ്കാളിയെ കബളിപ്പിച്ചു എന്നാണ് ജയറാമിനെതിരെ ഉയർന്നു പരാതി. രണ്ടു ആശുപത്രിയിലും ചതിയിലൂടെയാണ് ജയറാം സ്വന്തം പങ്കാളിയെ പുറത്താക്കിയത്. ഫിനാൻസ് കാര്യങ്ങൾ സ്വയം നോക്കും എന്ന് പറഞ്ഞതിനാൽ കമ്പനിയുടെയും ആശുപത്രിയുടെയും ഫിനാൻസ് കാര്യങ്ങൾ ജയറാം ആണ് നിയന്ത്രിച്ചത്. ഇങ്ങിനെയാണ് ജയറാം രണ്ടു ആശുപത്രികളും കൈവശമാക്കിയത്.

തുല്യ ഷെയറിൽ തുടങ്ങിയ കമ്പനിയിൽ തട്ടിപ്പിലൂടെ ജയറാം ഷെയറുകൾ കൈവശപ്പെടുത്തി. അതിനു ശേഷം പൊലീസ് സഹായം വഴി പങ്കാളിയുടെ കാർ വരെ ജയറാം അടിച്ചു മാറ്റുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ പ്രിസൈസ് ആശുപത്രിയിൽ പങ്കാളി എത്തിയപ്പോൾ കാർ ജയറാം അടിച്ചു മാറ്റി. ആശുപത്രി മാനേജർ വഴിയാണ് കാർ അടിച്ചു മാറ്റിയത്. കരുനാഗപ്പള്ളി പ്രിസൈസ് ആശുപത്രിയിൽ കാറിൽ എത്തിയ പങ്കാളി മടങ്ങാൻ നോക്കിയപ്പോൾ കാറില്ല. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കാർ ജയറാം എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം പൊലീസിനു ഉപയോഗിച്ച് ഉപയോഗിച്ച് പങ്കാളിയെ ഇറക്കിവിട്ടു. ഈ പ്രശ്‌നത്തിൽ പങ്കാളി നൽകിയ കേസ് പൊലീസ് തള്ളിക്കളഞ്ഞപ്പോൾ ജയറാം നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഒരേ പ്രശ്‌നത്തിൽ നൽകിയ പരാതിയിൽ തട്ടിപ്പിന് നേതൃത്വം നൽകിയ ജയറാമിന്റെ കേസ് സ്വീകരിക്കുന്നതിൽ പൊലീസ് ഒരു മടിയും കാട്ടിയതുമില്ല. എല്ലാത്തിലും തെളിയുന്നത് ജയറാമിന്റെ ഉന്നത തല ബന്ധങ്ങളും.

ജയറാമിന്റെ സ്വാധീനം കാരണം സ്വന്തം ആശുപത്രിയിൽ നിന്നാണ് പങ്കാളിക്ക് പടി ഇറങ്ങേണ്ടി വന്നത്. ഇതോടെയാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും വഞ്ചിയൂർ കോടതിയിലും പങ്കാളി കേസ് നൽകിയത്. ഈ കേസ് ഇപ്പോൾ ചെന്നൈയിലെ കമ്പനി ലോ ട്രിബ്യൂണലിൽ നടന്നു വരികയാണ്. സിജെഎം കോടതിയിൽ നൽകിയ പരാതി മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വന്നു. പക്ഷെ ഉന്നത തല സ്വാധീനം കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ഈ പരാതിയിൽ ജയറാമിനെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതിനും പിന്നിലും ആരോപിക്കപ്പെടുന്നത് ഉന്നതതല പൊലീസ് ബന്ധങ്ങൾ തന്നെയാണ്. തന്റെ പരാതി തള്ളപ്പെട്ടതിനെ തുടർന്ന് പങ്കാളി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് നടന്നതിനാൽ ഇതേ കേസ് തന്നെയാണ് കമ്പനി ട്രിബ്യൂണലിൽ പങ്കാളി നൽകിയത്. ഈ കേസ് ഇപ്പോൾ നടക്കുന്നുണ്ട്.

ബുധനാഴ്ച രാത്രിയാണ് പാളയത്ത് മദ്യലഹരിയിൽ ജയറാം ഓടിച്ച കാറിടിച്ച് ഊബർ ഈറ്റ്‌സ് വിതരണക്കാരനായ ആദർശിന് പരുക്കേറ്റത്. മദ്യപിച്ച് കാർ ഓടിച്ച് അപക്ടടം വരുത്തിയതിൽ ഡോ. വി ആർ ജയറാമിനെതിരെ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ട്. പാളയം സെന്റ് ജോസഫ് പള്ളിക്ക് മുൻവശം രാത്രി 10.30 യോടെയായിരുന്നു അപകടം. നന്ദൻകോടേയ്ക്ക് പോവുകയായിരുന്ന ഊബർ ഈറ്റ്‌സ് വിതരണക്കാരൻ ആദർശിന്റെ ബൈക്കിൽ ഡോക്ടറുടെ ഫോർഡ് എൻഡവർ കാർ ഇടിക്കുകയായിരുന്നു. വാഹനം വെട്ടിച്ച് മാറ്റിയ ആദർശ് കാലിനും കൈക്കും നിസാര പരുക്കുകളോടെ രക്ഷപെട്ടു. ആദർശിനെ തട്ടിയിട്ട ശേഷം കടന്ന ഡോക്ടറെയും സുഹൃത്തിനേയും ഊബർ വിതരണക്കാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഈ അപകടത്തെ തുടർന്നാണ് ഡോക്ടർ ജയറാമിന്റെ തട്ടിപ്പ് കഥകളും ഉന്നത തല ബന്ധങ്ങളും മറയാക്കിയുള്ള തട്ടിപ്പ് കഥകളും വെളിയിൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP