Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

50ഓളം പേരെ കൊന്ന് മുതലയ്ക്ക് കൊടുത്തു; വൃക്ക റാക്കറ്റുമായും ഗ്യാസ് മാഫിയയുമായും വാഹനമോഷ്ടാക്കളുമായി അടുത്ത ബന്ധം; 'നിങ്ങൾ നൂറോളം കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ' എന്ന് പൊലീസ് ചോദിച്ചപ്പോൾ അമ്പതുവരെയെ എണ്ണിയുള്ളൂവെന്നും നൂറോ അതിൽ കൂടുതലോ ഒക്കെ കാണും എന്നും കൂളായി മറുപടി; ഡോ ഡെത്ത് എന്ന് പൊലീസ് വിശേഷപ്പിച്ച ആയുർവേദ ഡോക്ടർ അകത്താവുമ്പോൾ

50ഓളം പേരെ കൊന്ന് മുതലയ്ക്ക് കൊടുത്തു; വൃക്ക റാക്കറ്റുമായും ഗ്യാസ് മാഫിയയുമായും വാഹനമോഷ്ടാക്കളുമായി അടുത്ത ബന്ധം; 'നിങ്ങൾ നൂറോളം കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ' എന്ന് പൊലീസ് ചോദിച്ചപ്പോൾ അമ്പതുവരെയെ എണ്ണിയുള്ളൂവെന്നും നൂറോ അതിൽ കൂടുതലോ ഒക്കെ കാണും എന്നും കൂളായി മറുപടി; ഡോ ഡെത്ത് എന്ന് പൊലീസ് വിശേഷപ്പിച്ച ആയുർവേദ ഡോക്ടർ അകത്താവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആളുകളെ കൊന്ന് മുതലക്കിട്ടുകൊടുക്കുന്ന കഥകൾ കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിന്റെയും മറ്റും ചരിത്രത്തിലാണ് നാം കേട്ടിട്ടുള്ളത്. മലയാള സിനിമയിലെ ജോസ് പ്രകാശിന്റെ വില്ലൻ കഥാപാത്രത്തെയൊക്കെ കടത്തിവെട്ടുന്ന ആ ആയുർവേദ ഡോക്ടർ കഴിഞ്ഞ ദിവസം ഡൽഹി പൊലീസിന്റെ പിടിയിലായി. പേര് ഡോക്ടർ ദേവേന്ദ്ര ശർമ.

വൃക്കമാഫിയക്കും വാഹനമാഫിയക്കും വേണ്ടിയൊക്കെ ആളുകളെ കൊല്ലുന്ന ഈ ഡോക്ടർ മൃതദേഹം മുതലകളുടെ വിവാഹരംഗാമയ കനാലുകൾ നിക്ഷേപിക്കയാണ് പതിവ്. രോഗികൾക്ക് ആശ്വാസമാവേണ്ട ഡോക്ടർമാർ പിശാചിന്റെ ദുതൽമ്മാരായ സംഭവങ്ങൾ ലോകത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. അതുപോലെ ഡോ ഡെത്ത് എന്ന് പൊലീസ് വിശേഷിച്ചിച്ച ഡോകട്ര് തന്നെയാണ് കഴിഞ്ഞ ദിവസം പിടിയിലായ ദേവേന്ദ്ര ശർമയും.

കുറ്റകൃത്യങ്ങളുടെ നീണ്ട ലോകം

ചുരുങ്ങിയത് 50 ഡ്രൈവർമാരെയെങ്കിലും കൊന്നുകാണും. അതുകഴിഞ്ഞപ്പോൾ പിന്നെ ഞാൻ കണക്കുവെച്ചിട്ടില്ല...' - ഇത് ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിരവധി കൊലക്കേസുകളിൽ പ്രതിയായ ആയുർവേദ ഡോക്ടർ ദേവേന്ദ്ര ശർമയുടെ വാക്കുകളാണ്. 2000 തൊട്ടിങ്ങോട്ട് നിരവധി കൊലപാതകങ്ങളുടെ 'മാസ്റ്റർമൈൻഡ്' ആയിരുന്ന ഈ ഡോക്ടർ പ്രവർത്തിച്ചിരുന്നത് ഒറ്റയ്ക്കായിരുന്നില്ല. തെളിവ് നശിപ്പിക്കാൻ വേണ്ടി അനുയായികളെക്കൊണ്ട് മൃതദേഹങ്ങൾ മുതലശല്യമുള്ള കനാലിൽ തള്ളിക്കുമായിരുന്നു ഇയാൾ. ജയ്പുർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പതിനാറു വർഷം അവിടെ കഴിച്ചു കൂട്ടിയ ശേഷം, ജയിലിലെ നല്ലനടപ്പിന്റെ പേരിൽ 20 ദിവസത്തെ പരോൾ കിട്ടിയിരുന്നു ഇയാൾക്ക്. അങ്ങനെ പരോളിൽ ഇറങ്ങിയ ശേഷം മുങ്ങിയ ഡോക്ടറെ ജൂലൈ 29 -നാണ്, ഡൽഹി ബാപ്പ്റോളയിലെ വീട്ടിൽ നിന്നുതന്നെയാണ് പൊലീസ് വീണ്ടും പിടികൂടിയത്.

കൊലപാതകക്കേസുകൾ മാത്രമല്ല ഇയാൾക്കുമേൽ ഉള്ളത്, ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കുക, അനധികൃതമായി കിഡ്‌നിട്രാൻസ്പ്ലാന്റേഷൻ റാക്കറ്റ് നടത്തുക ഇങ്ങനെ പലതും ഈ ആയുർവേദ ഡോക്ടറുടെ പേർക്ക് ചാർത്തപ്പെട്ടിട്ടുള്ള കുറ്റങ്ങളാണ്. അമ്പതു കൊലപാതകങ്ങളെപ്പറ്റിയുള്ള ആരോപണങ്ങൾ ഡോക്ടർ തന്നെ ശരിവെക്കുന്നുണ്ട് എങ്കിലും, അക്കാലങ്ങളിൽ മീഡിയ റിപ്പോർട്ടുകൾ ശരിവച്ചാൽ ചുരുങ്ങിയത് നൂറു കൊലയ്ക്കു പിന്നിലെങ്കിലും ഇയാളുടെ തലച്ചോർ പ്രവർത്തിച്ചിട്ടുണ്ട്.

ആറുമാസം മുമ്പാണ് ജയ്പൂർ സെൻട്രൽ ജയിലിൽ നിന്ന് ഇരുപതു ദിവസത്തെ പരോൾ കിട്ടി ഡോ.ശർമ്മ പുറത്തിറങ്ങുന്നത്. പരോൾ തീരുന്ന ദിവസം ജയിലിൽ ഹാജരാകാതെ ഇയാൾ മുങ്ങിക്കളഞ്ഞു. പിന്നീടിതുവരെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു ഈ അറുപത്തിരണ്ടുകാരൻ.

പരോളിലിറങ്ങി മുങ്ങിയിട്ടും തട്ടിപ്പുകൾ

ഈ സീരിയൽ കില്ലറെപ്പറ്റി ഡൽഹി ക്രൈം ബ്രാഞ്ച് ഡിസിപി രാകേഷ് പവേറിയയുടെ പ്രസ്താവന ഇങ്ങനെയായിരുന്നു, 'ജയ്പൂരിൽ നിന്ന് പരോൾ ലംഘിച്ച് സ്ഥലംവിട്ടു ഇയാൾ നേരെ പോയത് സ്വന്തം ഗ്രാമത്തിലേക്കായിരുന്നു. അവിടെ കുറച്ചുനാൾ കഴിഞ്ഞ ശേഷം ഇയാൾ ഡൽഹിയിലേക്ക് തിരികെ വന്നു. ഇവിടെ പരോളിൽ കഴിയുന്നതിനിടെ ഇയാൾ ഒരു വിധവയെ വിവാഹം കഴിച്ചു. അവരുടെ വീട്ടിലായിരുന്നു ബാപ്പ്റോളയിലെ ഇയാളുടെ താമസം. അവിടെ താമസിച്ചു കൊണ്ട് ഇയാൾ റിയൽ എസ്റ്റേറ്റ് ബിസിനസിൽ മുഴുകി. ജയ്പൂർ സ്വദേശിയായ ഒരാൾക്ക് കൊണാട്ട് പ്ളേസിൽ പ്രോപ്പർട്ടി വാങ്ങി നൽകാം എന്ന് പറഞ്ഞുകൊണ്ട് ബ്രോക്കറായി ഇയാൾ. അതും ഒരു തട്ടിപ്പായിരുന്നു. അതിനിടെയാണ് ഡൽഹിപൊലീസിലെ ഇൻസ്പെക്ടർമാരിൽ ഒരാൾക്ക് ശർമയെപ്പറ്റിയുള്ള രഹസ്യ വിവരം കിട്ടുന്നത്. '

പിടികൂടാൻ പൊലീസ് വളഞ്ഞപ്പോഴും നിസ്‌തോഭനായിട്ടാണ് ഡോക്ടർ ശർമ്മ നിലകൊണ്ടത് എന്ന് പറയപ്പെടുന്നു. സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ, പൊലീസ് പഴയ മീഡിയ റിപ്പോർട്ടുകളെ ഉദ്ധരിച്ചുകൊണ്ട് അയാളോട് 'നിങ്ങൾ നൂറോളം കൊലപാതകങ്ങൾ നടത്തിയിട്ടില്ലേ?' എന്ന് ചോദിച്ചപ്പോൾ, 'ഉണ്ടാകാം... ഞാൻ അമ്പതുവരെയെ എണ്ണിയുള്ളൂ..! അതിനു ശേഷം എണ്ണാൻ പറ്റിയില്ല. നൂറോ അതിൽ കൂടുതലോ ഒക്കെ കാണും...' എന്നാണ് ഡോ.ശർമ്മ മറുപടി നൽകിയത്.

കൊല്ലാനിറങ്ങിയത് ആജീവനാന്ത സമ്പാദ്യം നഷ്ടമായപ്പോൾ

ഡോ. ശർമ്മ ഉത്തർപ്രദേശിലെ അലിഗഢ് നിവാസിയായിരുന്നു. ബിഹാറിലെ സിവാൻ എന്ന സ്ഥലത്തുനിന്നാണ് ഇയാൾ ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി കോഴ്സ് പൂർത്തിയാക്കുന്നത്. അതിനു ശേഷം 1984 -ൽ രാജസ്ഥാനിലെ ജയ്പുർ നഗരത്തിൽ ഒരു ക്ലിനിക്കിട്ട് പ്രാക്ടീസ് തുടങ്ങി ഡോ. ശർമ്മ, പേര് ജനതാ ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസ്റ്റിക്സ് സെന്റർ. അടുത്ത പതിനൊന്നു വർഷം ഡോ.ശർമ്മ ഒരു കുഴപ്പത്തിനും പോകാതെ ശാന്തസ്വഭാവിയായി ക്ലിനിക്കും നടത്തി ആളുകളുടെ രോഗവും ഭേദമാക്കിക്കൊണ്ട് ജയ്പൂർ നഗരത്തിൽ തന്നെ തുടർന്നു.

1994 -ലാണ് ഡോ. ശർമയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവുന്നത്. അക്കൊല്ലം 'ഭാരത് ഫ്യൂവൽ കമ്പനി' എന്നൊരു സ്ഥാപനം പൊതുജനങ്ങളിൽ നിന്ന് ഒരു ഗ്യാസ് ഏജൻസിക്കുള്ള അപേക്ഷ ക്ഷണിച്ചു. എളുപ്പത്തിൽ പണമുണ്ടാക്കാൻ വഴിനോക്കി ഇരുന്ന ഡോ. ശർമ്മ ആ ഓഫർ കണ്ടപ്പോൾ ചാടിവീണു. ഗ്യാസ് സിലിണ്ടറിന്റെ ഡീലർഷിപ്പ് കിട്ടാൻ വേണ്ടി ഡോ. ശർമ്മ അന്നോളമുള്ള തന്റെ സമ്പാദ്യം, പതിനൊന്നു ലക്ഷം രൂപ അതിൽ നിക്ഷേപിച്ചു. എന്നാൽ, അയാളുടെ പൈസയും അടിച്ചുമാറ്റിക്കൊണ്ട് ഭാരത് ഫ്യൂവൽ കമ്പനി ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായി. അയാളുടെ പത്തുപന്ത്രണ്ടു വർഷത്തെ സമ്പാദ്യം, 11 ലക്ഷം രൂപ ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ആവിയായി..! കബളിപ്പിക്കപ്പെട്ടതിന്റെ ക്ഷീണം ഡോ. ശർമ തീർത്തത് മറ്റുള്ളവരെ പറ്റിച്ചുകൊണ്ടാണ്. അധികം താമസിയാതെ തന്നെ അലിഗഡിനടുത്തുള്ള ഛാരാ ഗ്രാമത്തിൽ അയാൾ ഒരു വ്യാജ ഗ്യാസ് ഏജൻസി തുടങ്ങി.

ആദ്യമാദ്യം അയാൾ ഗ്യാസ് ഒപ്പിച്ചു കൊണ്ടുവന്നിരുന്നത് ലഖ്‌നൗവിൽ നിന്നായിരുന്നു. എന്നാൽ, ട്രാൻസ്‌പോർട്ടേഷൻ പ്രശ്നമായതോടെ അയാൾ, ട്രക്കുകളിൽ നിന്ന് എൽപിജി സിലിണ്ടറുകൾ മോഷ്ടിക്കുന്ന ഒരു ഗൂഢസംഘവുമായി ഡോ. ശർമസമ്പർക്കത്തിലായി. ഇങ്ങനെ ഹൈവേകളിലൂടെ പോകുന്ന ട്രക്കുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്ന സിലിണ്ടറുകൾ ഡോക്ടറുടെ ഏജൻസിയിൽ അൺലോഡ് ചെയ്യപ്പെടാൻ തുടങ്ങി. പിന്നെപ്പിന്നെട്രക്ക് ഡ്രൈവർമാരെ കൊന്ന്, ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിക്കുന്നതിനു പുറമെ ട്രക്കുകൾ മീററ്റിൽ എത്തിച്ച് പാർട്സ് ഇളക്കി വിറ്റും തുടങ്ങി ആ കൊള്ള സംഘങ്ങൾ.

ഒന്നരവർഷം ഇങ്ങനെ അനധികൃതമായി ഗ്യാസ് ഏജൻസി നടത്തിയ ശേഷം ആദ്യമായി ഡോക്ടർ പിടിയിലാകുന്നു. കേസിൽ നിന്നൊക്കെ ഊരി വന്ന ശേഷം വീണ്ടും ഒരിക്കൽ കൂടി അംറോഹയിൽ ചെന്ന് ഇതുപോലെ തന്നെ വ്യാജ ഗ്യാസ് ഏജൻസി തുടങ്ങുന്നു. ഇത്തവണ പക്ഷെ പെട്ടെന്നുതന്നെ അയാൾക്കെതിരെ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. അതോടെ അവിടെ ഉണ്ടായിരുന്ന ഗ്യാസ് ഏജൻസി അടച്ചുപൂട്ടി ജയ്പൂരിൽ എത്തി വീണ്ടും പഴയപോലെ ആയുർവേദ ക്ലിനിക്ക് നടത്താൻ തുടങ്ങുന്നു ഡോക്ടർ.

വൃക്ക റാക്കറ്റിലും സജീവമാവുന്നു

ഇങ്ങനെ രണ്ടാമതും ജയ്പൂരിൽ ക്ലിനിക്കിട്ട കാലത്താണ് ഡോ. ശർമ്മ അനധികൃത കിഡ്‌നി റാക്കറ്റിൽ സജീവമാകുന്നത്. ജയ്പുർ, ബല്ലഭ് ഗഢ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായിട്ടാണ് ഈ റാക്കറ്റ് പ്രവർത്തിച്ചത്. 2004 -ൽ അന്മോൽ നഴ്‌സിങ് ഹോം കേന്ദ്രീകരിച്ചു നടന്ന അനധികൃത കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ റാക്കറ്റുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസിൽ ഡോ.ശർമ്മ വീണ്ടും അറസ്റ്റിലാകുന്നു. ഈ നഴ്‌സിങ് ഹോം നടത്തിയിരുന്ന ഡോ. അമിത്തുമായി ചേർന്ന് 1994 മുതൽ 2004 വരെയുള്ള പത്തുവർഷക്കാലത്തിനിടെ 125 -ൽ അധികം കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുകൾ താൻ മുഖാന്തരം നടത്തപ്പെട്ടിട്ടുണ്ട് എന്നും, ഓരോന്നിനും അഞ്ചുലക്ഷത്തോളം വീതം താൻ സമ്പാദിച്ചിരുന്നു എന്നും ഡോ. ശർമ്മ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു. തന്റെ ഭർത്താവ് കുറ്റകൃത്യങ്ങളുടെ ലോകത്ത് വിരാജിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ ഡോക്ടറുടെ ഭാര്യ അയാളെ വിട്ട് മക്കളെയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി.

വൃക്കതട്ടിപ്പിന് ശേഷം ഡോ. ശർമ്മ വീണ്ടും കൊള്ളസംഘങ്ങളുമായി സമ്പർക്കത്തിലായി. ടാക്സി ട്രിപ്പ് വിളിച്ച ശേഷം ആളൊഴിഞ്ഞ ഇടത്തെത്തുമ്പോൾ ഡ്രൈവർമാരെ കൊന്നുകളഞ്ഞ് വണ്ടി തട്ടിയെടുക്കുക എന്നതായിരുന്നു ഈ സംഘങ്ങളുടെ പരിപാടി. ഈ റിങ്ങിലേക്ക് ഡോ. ദേവേന്ദ്ര ശർമയും ചേർന്നു. അയാളുടെ പ്ലാനിങ്ങിലായി പിന്നെ ഈ സംഘത്തിന്റെ ഓപ്പറേഷൻ. കൊല്ലുന്ന ടാക്സി ഡ്രൈവർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത് പൊലീസ് തിരഞ്ഞു വരാതിരിക്കാൻ വേണ്ടി മൃതദേഹങ്ങൾ അലിഗഡിനടുത്തുള്ള കാസ്ഗഞ്ചിലെ ഹസാര കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു സംഘത്തിന്റെ പതിവ്. വാഹനത്തിന്റെ വില്പന, അല്ലെങ്കിൽ പാർട്സ് അഴിച്ചെടുപ്പ് തുടങ്ങിയവയായിരുന്നു ഡോ. ശർമ്മ ഏറ്റെടുത്തിരുന്ന ഉത്തരവാദിത്തങ്ങൾ. ഒരു വാഹനം ഇങ്ങനെ വില്പനയാക്കിയാൽ ഇയാൾക്ക് 25,000 രൂപ വീതം കിട്ടിയിരുന്നു. ശർമ്മ പിടിയിലായതോടെ ഈ കൊള്ള-കൊലപാതക സംഘവും അവരിൽ നിന്ന് വാഹനങ്ങൾ വാങ്ങിയവരും എല്ലാം അറസ്റ്റിലായി.

ഡൽഹി ഡിസിപി പറഞ്ഞത് 2002 -ലാണ് ഡോ. ശർമയെ ഈ കൊലപാതകങ്ങളുടെ പേരിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ്. അടുത്ത രണ്ടുവർഷം നിരവധി കേസുകളിൽ ഇയാൾ പ്രതിചേർക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ഒക്കെയുണ്ടായി. ആദ്യകേസിൽ തന്നെ ജീവപര്യന്തമായിരുന്നു വിധി. അതിനു ശേഷം പതിനാറു വർഷത്തോളം ഇയാൾ ജയ്പൂർ ജയിലിൽ അടക്കപ്പെട്ടു. ആ തടവുശിക്ഷയുടെ കാലാവധി പൂർത്തിയാക്കുന്നതിനിടെയാണ് ഡോ. ശർമ്മയ്ക്ക് ഇരുപതു ദിവസത്തെ പരോൾ കിട്ടുന്നതും, അയാൾ പരോൾ ലംഘിച്ച് മുങ്ങുന്നതും.

ഡൽഹിക്ക് വന്നത് തന്റെ കുറ്റകൃത്യങ്ങളുടെ ഭൂതകാലമൊക്കെ വിസ്മരിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ വേണ്ടിയായിരുന്നു, സ്വൈര്യമായി ജീവിക്കാൻ വേണ്ടിയായിരുന്നു എന്നാണ് ഡോ.ദേവേന്ദ്ര ശർമ്മ ഡൽഹി പൊലീസിനോട് പറഞ്ഞത്. അതിനാണത്രെ ഒരു വിധവയെ വിവാഹം കഴിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് ഒക്കെ ചെയ്യാൻ തുടങ്ങിയത്. എന്നാൽ, വീണ്ടും പിടിക്കപ്പെട്ടതോടെ ഡൽഹി തിഹാർ ജയിലിലാണ് ഈ കുപ്രസിദ്ധ സീരിയൽ കില്ലറായ ആയുർവേദ ഡോക്ടർ ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP