Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന പൊലീസ്; അകത്തെത്തിയപ്പോൾ കണ്ടത് ജോലിക്കാരേയും; സഹോദരിയെ വിളിപ്പിച്ചു വരുത്തി ബാക്കി പൊലീസുകാർ അകത്തു കയറി; ഓടിയെത്തി വക്കീൽ ഫിലിപ്പച്ചായൻ; ബ്രേക്കിങ് ന്യൂസുകൾക്കിടെ ചീറിപാഞ്ഞെത്തിയ അനുജൻ അനൂപും; ദിലീപും കാവ്യയും മക്കളും അബ്‌സന്റ്; ആലുവയിലെ പത്മസരോവരത്തിൽ എല്ലാം നാടകീയം

പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന പൊലീസ്; അകത്തെത്തിയപ്പോൾ കണ്ടത് ജോലിക്കാരേയും; സഹോദരിയെ വിളിപ്പിച്ചു വരുത്തി ബാക്കി പൊലീസുകാർ അകത്തു കയറി; ഓടിയെത്തി വക്കീൽ ഫിലിപ്പച്ചായൻ; ബ്രേക്കിങ് ന്യൂസുകൾക്കിടെ ചീറിപാഞ്ഞെത്തിയ അനുജൻ അനൂപും; ദിലീപും കാവ്യയും മക്കളും അബ്‌സന്റ്; ആലുവയിലെ പത്മസരോവരത്തിൽ എല്ലാം നാടകീയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു പത്മസരോരവത്തിൽ പൊലീസ് എത്തിയത്. അപ്രതീക്ഷിതമായി ക്രൈംബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് റെയ്ഡിനെത്തിയത്. ആലുവയിലെ പത്മസരോവരത്തിന് പൂട്ടുണ്ടായിരുന്നു അപ്പോൾ. ദിലീപ് കൊച്ചിയിലെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലാണെന്ന് പൊലീസും മനസ്സിലാക്കിയിരുന്നു. ദിലീപ് ദുബായിലേക്ക് കടന്നുവെന്ന വാർത്തകൾക്കിടെയാണ് ദിലീപ് എവിടെയുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ആലുവയിലെ വീട്ടിൽ എത്തിയ പൊലീസ് വീട് പരിശോധനയ്ക്കുള്ള കോടതി ഉത്തരവും കരുതി.

ദിലീപും കാവ്യയും ഇല്ലെന്ന് കരുതി എത്തിയ പൊലീസിന് അടച്ചിട്ട ഗേറ്റാണ് കാണാനായത്. ഇതോടെ പൊലീസ് മതിൽ ചാടി കടക്കാൻ തുടങ്ങി. ഇതറിഞ്ഞ് ദിലീപിന്റെ സഹോദരി എത്തി വാതിൽ തുറന്നു നൽകി. വീടിന് അകത്ത് ജോലിക്കാരുണ്ടെന്നാണ് പ്രവേശിച്ച പൊലീസുകാർ നൽകുന്ന സൂചന. പിന്നാലെ ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പ് അച്ചായൻ എന്ന് അറിയപ്പെടുന്ന ഫിലിപ്പും പത്മസരോവരത്തിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ അനുജൻ അനൂപും. വെള്ളിയാഴ്ച വരെ ആരേയും അറസ്റ്റ് ചെയ്യില്ലെന്ന് ഹൈക്കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അനൂപും റെയ്ഡ് സ്ഥലത്തേക്ക് ഓടിയെത്തിയത്.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ അതിനിർണ്ണായകമായ നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഗേറ്റിന് പുറത്ത് ഉദ്യോഗസ്ഥർ ഏറെ നേരം കാത്തിരുന്നതായിട്ടാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഗേറ്റിന് വെളിയിൽ നിന്ന് ഉദ്യോഗസ്ഥർ മതിൽ ചാടി അകത്ത് കടന്നു. അഭിഭാഷകനായ ഫിലിപ്പ് ടി വർഗീസ് പിന്നീട് വീട്ടിലെത്തിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥരെത്തുന്നത് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ദിലീപിന് ഉന്നതരായ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റെയ്ഡ് വിവരങ്ങൾ ചോർന്നോയെന്ന് സ്ഥിരീകരിക്കാനാവില്ല. കേസിൽ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ കാര്യങ്ങൾ ദിലീപിന്റെ നില പരുങ്ങലിലാവും. ഗൂഢാലോചന സമയത്ത് ദിലീപിനൊപ്പമുണ്ടായിട്ടുണ്ടെന്ന് സൂചനയുള്ള ഭാര്യ കാവ്യാ മാധവനും ഇപ്പോൾ ആലുവയിലെ വസതിയിൽ ഇല്ല. കേസിൽ കാവ്യയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്താനും ആലോചിക്കുന്നുണ്ട്. മക്കളും വീട്ടിൽ ഇല്ല.

പുതിയ സാഹചര്യത്തിൽ ദിലീപിനെതിരായ ഉയർന്നിരിക്കുന്ന വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഗൂഢാലോചന സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാനാവും തീരുമാനിക്കുക.നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത്,. റിപ്പോർട്ടർ ടിവി പുറത്ത് വിട്ട ശബ്ദ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. 'ഇവർ അനുഭവിക്കും, ഒന്നരക്കോടി കൂടി കണ്ടേക്കണേ'; പുതിയ കേസിന് കാരണമായ ദിലീപിന്റെ ശബ്ദരേഖശബ്ദ രേഖയിൽ പറയുന്നത്

ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്മാർ നിങ്ങൾ കണ്ടോ അനുഭവിക്കാൻ പോവുന്നത്'വിഐപി: 'കോപ്പന്മാർ ഒക്കെ ഇറങ്ങിയാൽ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാൻ പറ്റത്തുള്ളൂ'ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡിൽ ട്രക്കോ ലോറിയോ കയറിയാൽ ഒരു ഒന്നരക്കോടി കൂടി നമ്മൾ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)ദിലീപിന്റെ സഹോദരൻ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോൾ ചെയ്തതിന്റെ ആണെങ്കിൽ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങൾ'.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരൻ. കേസിൽ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികൾ. തന്റെ ദേഹത്ത് കൈ വെച്ച സുദർശൻ എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദർശൻ, സന്ധ്യ, സോജൻ എന്നിവർ അനുഭവിക്കാൻ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP