Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അവർ അനുഭവിക്കേണ്ടി വരും': ശാപവാക്കുകൾ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ മാത്രം എന്ന് ദിലീപ്; അങ്ങനെയല്ല കാര്യങ്ങൾ എന്ന് ക്രൈംബ്രാഞ്ച്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഉള്ള മാർഗ്ഗങ്ങൾ ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു

'അവർ അനുഭവിക്കേണ്ടി വരും': ശാപവാക്കുകൾ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ മാത്രം എന്ന് ദിലീപ്; അങ്ങനെയല്ല കാര്യങ്ങൾ എന്ന് ക്രൈംബ്രാഞ്ച്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഉള്ള മാർഗ്ഗങ്ങൾ ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക ഡിജിറ്റൽ തെളിവുകൾ മുൻനിർത്തി. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കി. 'ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന് പറഞ്ഞത് ശപിക്കലാണ്, ഗൂഢാലോചനയല്ല. ബൈജു പൗലോസിനെ വണ്ടിയിടിച്ചാലും അത് നമ്മൾ ചെയ്തതാണെന്ന് പറയുമെന്നാണ് ഉദ്ദേശിച്ചത്'-ഇതായിരുന്നു ഹൈക്കോടതിയിൽ ദിലീപിന്റെ മുഖ്യവാദം. 'അവർ അനുഭവിക്കേണ്ടി വരും', ഇതാണ് ദിലീപിന്റെ ശബ്ദരേഖയിൽ ഒന്ന്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞുപോയ ശാപ വാക്കുകൾ എന്നായിരുന്നു കോടതിയിൽ ദിലീപിന്റെ വാദം.

എന്നാൽ, അങ്ങനെയല്ല, കാര്യങ്ങൾ എന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരുടെ സുപ്രധാന മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കമാണ് ഇന്ന് ഹൈക്കോടതിക്ക് മുദ്ര വെച്ച കവറിൽ കൈമാറിയത്. ദിലീപിന്റെ ശപിക്കൽ വെറും വികാരവിക്ഷോഭമായി കാണാനാകില്ലെന്നും മുൻകാലചരിത്രം അതല്ല വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ ദിലീപിന് നേരിടേണ്ടി വരിക ഡിജിറ്റൽ തെളിവുകളെ അടിസ്ഥാനമാക്കി ഉള്ള ചോദ്യങ്ങൾ ആവും എന്നതാണ് പ്രത്യേകത.

വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് രാവിലെ കോടതി ചോദിച്ചിരുന്നു. ഇതേറ്റുപിടിച്ച് ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്‌ഐആറും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. മൊഴിയിൽ പറഞ്ഞ പലതും എഫ്‌ഐആറിൽ ഇല്ല എന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടി.

യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിച്ചു.നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വൈകിക്കുന്നുവെന്ന് ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ പകതീർക്കലാണ് പുതിയ കേസ്. ഇദ്ദേഹത്തിന്റെ മൊഴിയിലും പരാതിയിലും വൈരുധ്യമുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടലാണ് ഉദ്ദേശം.

എന്തും പറയാൻ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ എന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാർ നൽകിയ വോയ്‌സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങൾ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. ബാലചന്ദ്രകുമാറിന്റെ അഭിമുഖങ്ങൾ കെട്ടിച്ചമച്ചതാണ്. പറഞ്ഞുപഠിപ്പിച്ചതാണ്. കെട്ടിയിറക്കിയ സാക്ഷിയാണ്.

എന്നാൽ ദിലീപിന്റെ ശാപവാക്കുകൾ യാദൃശ്ചികം അല്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ച് ആകസ്മികമായി ഉണ്ടായ ഒറ്റപ്പെട്ട പരാമർശമല്ല ഇത്. മറിച്ച് പല തവണ പല സാഹചര്യങ്ങളിൽ, പലരുമായും ദിലീപ് ഇക്കാര്യം ചർച്ച ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തുമെന്നതിന് ദിലീപ് മാർഗങ്ങൾ തേടി. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരെ ക്രൈംബ്രാഞ്ച് കണ്ടെത്തി. അവരുടെ മൊഴികളെടുത്തു. ബാലചന്ദ്രകുമാറിന്റെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള സുപ്രധാന തെളിവുകളായി ഇത് മാറുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ അവകാശവാദം. ഇതോടൊപ്പമാണ് ദിലീപിന്റെ വസതിയിൽ നിന്നടക്കം കണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ.ഇതെല്ലാം ഉൾപ്പെടുത്തിയാണ് മുദ്ര വെച്ച കവറിൽ പ്രോസിക്യൂഷൻ ജഡ്ജിക്ക് കൈമാറിയത്. അസ്വസ്ഥതപ്പെടുത്തുന്ന തെളിവുകൾ ഇതിലുണ്ട് എന്ന ജഡ്ജിയുടെ പരാമർശം ഉണ്ടായതും ഈ സാഹചര്യത്തിലാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

നാളെ മുതൽ ബുധനാഴ്ച വരെ, വിഷയം കോടതി പരിഗണിക്കില്ല. ഈ മൂന്നു ദിവസങ്ങളിൽ എല്ലാ ഹർജിക്കാരും രാവിലെ മുതൽ രാത്രി 8 മണി വരെ അല്ലെങ്കിൽ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവണം. വ്യാഴാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ കേസിന്റെ കൂടുതൽ കാര്യങ്ങൾ പറയട്ടെ എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഹർജിയിലെ അന്തിമ തീരുമാനം.ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകൻ പക്ഷേ കസ്റ്റഡിയിൽ വിടരുത് എന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ കിട്ടിയാൽ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നൽകാമെന്നായിന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP