Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിന് എതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കും; വിഐപി ആരെന്നും അന്വേഷണം തുടരുകയാണ്; ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നും ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്

ദിലീപിന് എതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കും; വിഐപി ആരെന്നും അന്വേഷണം തുടരുകയാണ്; ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നും ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നടൻ ദിലീപിനെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്. ദിലീപിന്റെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡ് കോടതിയുടെ അനുമതിയോടെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കും. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ പുരോഗതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തനാവില്ല.

ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിൽ ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട് 6.45നാണ് പൂർത്തിയായത്. ദിലീപിന്റെ നിർമ്മാണ കമ്പനിയിലും സഹോദരന്റെ വീട്ടിലും പരിശോധന നടന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘവും പുതിയ കേസിലെ സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. അന്വേഷണസംഘം വീട്ടിലെത്തുമ്പോൾ ദിലീപ് വീട്ടിലുണ്ടായിരുന്നില്ല. മതിൽ ചാടിക്കടന്നാണ് അന്വേഷണസംഘം ഉള്ളിൽ കയറിയത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തിയാണ് വീടിന്റെ വാതിൽ തുറന്നു നൽകിയത്. റെയ്ഡ് നടക്കുന്നതിനിടെയാണ് ദിലീപ് വീട്ടിലെത്തിയത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ തേടി കൂടിയായിരുന്നു പരിശോധന. പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങൾ കൊച്ചിയിലെ സ്റ്റുഡിയോയിൽ എത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിച്ചത്. ക്രൈംബ്രാഞ്ച് ഇന്ന് മിന്നൽ പരിശോധന നടത്തുന്നതിൽ നിർണായക ഈ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ്.

ഒന്നാം പ്രതി പൾസർ സുനി ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ ഓടയിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ, പിന്നീട് ഈ ഫോൺ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നൽകി. ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് കണ്ടു, ഒരു വി.ഐ.പി വഴി ദിലീപിന് ദൃശ്യങ്ങൾ ലഭിച്ചു, ദിലീപിന്റെ വീട്ടിൽ വച്ച് സഹോദരൻ സുനിയെ പരിചയപ്പെടുത്തി എന്നിങ്ങനെ മൂന്ന് ഗുരുതര ആരോപണങ്ങളാണ് നടനെതിരെ ഉയർന്നിട്ടുള്ളത്. കോടതി നിർദ്ദേശ പ്രകാരം ഒരിക്കലും ലീക്ക് ആകാത്ത വിധത്തിലാണ് ഈ കേസിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അങ്ങനെയുള്ള ദൃശ്യങ്ങൾ എവിടെ നിന്നാണ് പുറത്തുപോയത് എന്നത് അടക്കം വിശദമായി അന്വേഷിക്കേണ്ടി വരും.

കോടതി ഒരിക്കലും പുറത്തുപോകരുതെന്ന് പറഞ്ഞ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന് മൊഴിയുടെ പശ്ചാത്തലത്തിൽ പരിശോധന നടത്തുന്ന ഇടങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കൂടുതൽ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കാൻ ഇടയുണ്ട്. സൈബർ വിദഗ്ധരും മിന്നൽ പരിശോധനാ സംഘത്തിലുണ്ട്. കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളുടെ ഹാർഡ് ഡിസ്‌ക്കുകൾ ശേഖരിച്ച് വിശദമായ പരിശോധനക്ക് അയച്ചേക്കും.

അതേസമയം നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപ് മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്ന് അറിയില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെടുക്കേണ്ടത് അനിവാര്യമാണ്. തന്റെ മൊഴി മുഖവിലയ്‌ക്കെടുത്തതുകൊണ്ടാണ് ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതെന്നും ബാലചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ ഫ്രീസ് ചെയ്ത് നിർത്തിയായിരുന്നു ദിലീപ് ഇവർക്ക് എതിരെ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ.

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടുവെന്ന കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാർ നിർണായക തെളിവുകൾ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഉള്ളവയാണ് കൈമാറിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും ദിലീപ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകൾ ബാലചന്ദ്രകുമാർ അടുത്തിടെ പുറത്തുവിട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. വെളിപ്പെടുത്തലിനെ തുടർന്ന് ഡിവൈ.എസ്‌പി ബൈജു പൗലോസ് തലവനായ അന്വേഷണ സംഘമാണ് ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP