Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൃശ്യത്തിന് വേണ്ടി സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം; ജഡ്ജി പറഞ്ഞിട്ടു പോലും പൾസറിന്റെ ക്രൂരകൃത്യം കണ്ടില്ലെന്ന മറുപടിയും; ബാലചന്ദ്രകുമാറിന്റെ ബ്ലാക് മെയിലിംഗെന്നും ആരോപണം; ഡിജിറ്റൽ തെളിവുകൾ ഇന്ന് കിട്ടും; വിഐപി ശരത്താണോ എന്ന് ഇനിയും ഉറപ്പിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്; ദിലീപ് പറയുന്നത് സത്യമോ?

ദൃശ്യത്തിന് വേണ്ടി സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം; ജഡ്ജി പറഞ്ഞിട്ടു പോലും പൾസറിന്റെ ക്രൂരകൃത്യം കണ്ടില്ലെന്ന മറുപടിയും; ബാലചന്ദ്രകുമാറിന്റെ ബ്ലാക് മെയിലിംഗെന്നും ആരോപണം; ഡിജിറ്റൽ തെളിവുകൾ ഇന്ന് കിട്ടും; വിഐപി ശരത്താണോ എന്ന് ഇനിയും ഉറപ്പിച്ചില്ലെന്ന് ക്രൈംബ്രാഞ്ച്; ദിലീപ് പറയുന്നത് സത്യമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ഉന്നത ഉദ്യോഗസ്ഥർ പ്രത്യേകം ചോദ്യംചെയ്തുവെങ്കിലും ആദ്യ ദിനം കാര്യമായ വിവരമൊന്നും കിട്ടിയില്ല. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. യോഗേഷ് അഗർവാൾ എന്നിവരാണ് ദിലീപിനെ ഒരുമണിക്കൂർ ചോദ്യംചെയ്തത്.

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ്‌പി.മോഹനചന്ദ്രൻ അറിയിച്ചു. അഞ്ചു പേരെയും പ്രത്യേകമായാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്തു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. ഈ തെളിവുകൾ കിട്ടിയ ശേഷമുള്ള ചോദ്യം ചെയ്യൽ നിർണ്ണായകമാകും. പ്രതികൾ ഇന്നു മുതൽ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.

പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് നിർദ്ദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചോദ്യം ചെയ്യലിലൂടെ ലഭിക്കുന്ന വിവരങ്ങളും മറ്റു തെളിവുകളും അടക്കമുള്ള റിപ്പോർട്ട് വ്യാഴാഴ്ച രാവിലെ മുദ്രവച്ച കവറിൽ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും.

രാവിലെ തയ്യാറാക്കിയ ചോദ്യങ്ങളിൽ മാറ്റംവരുത്തിയ ശേഷമായിരുന്നു ഉച്ചയ്ക്കുശേഷത്തെ ചോദ്യംചെയ്യൽ. ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക്മെയിൽ ചെയ്‌തെന്ന് ദിലീപ് ആവർത്തിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ആരെയും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയിൽ ജഡ്ജി പറഞ്ഞപ്പോൾപ്പോലും ദൃശ്യം കാണാൻ കൂട്ടാക്കാത്ത ആളാണ് താനെന്നും ദിലീപ് മറുപടിനൽകി. പല ചോദ്യങ്ങൾക്കും 'ഓർമയില്ലെന്ന' മറുപടിനൽകി ഒഴിഞ്ഞുമാറാൻ പ്രതികൾ ശ്രമിച്ചു.

പല ചോദ്യങ്ങൾക്കും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഒരേ മറുപടിയാണു നൽകിയത്. കുഴപ്പമാകില്ലെന്നു ബോധ്യമുള്ള ചോദ്യങ്ങൾക്കു മാത്രമാണ് ഇവർ മറുപടി നൽകിയത്. രാവിലെ 8.50-നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. അതിനു മുമ്പുതന്നെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ഹാജരായിരുന്നു. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും ദിലീപും കൂട്ടരും മറുപടിയൊന്നും നൽകിയില്ല.

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കോടതിയിൽ വച്ചു പോലും കാണാനുള്ള കരുത്തുണ്ടായിരുന്നില്ലെന്നു ദിലീപ് അന്വേഷണ സംഘത്തിനു മൊഴി നൽകിയതായി സൂചനയുണ്ട്. ദൃശ്യങ്ങൾ 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' എന്ന പരാമർശത്തോടെ, സ്വന്തം വീട്ടിൽ വച്ചു കണ്ടെന്ന ആരോപണം നിഷേധിച്ചാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ചോദ്യങ്ങൾക്ക് ദിലീപ് മറുപടി നൽകുന്നുണ്ട്, സഹകരിക്കുന്നോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് എസ്. ശ്രീജിത്ത് പറഞ്ഞു. മൊഴികൾ വിശദമായി വിലയിരുത്തിയശേഷം ബാക്കികാര്യങ്ങൾ തീരുമാനിക്കും. വി.ഐ.പി. ശരത്ത് ആണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പതുമണിക്ക് ചോദ്യംചെയ്യൽ തുടങ്ങി. അഞ്ചുപ്രതികളെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്തത്. അവസാന ദിവസം ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP