Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്; കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ടെന്നതും വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്ക്; സിഐഡി നായ പോയ വഴിയേ ദേവനന്ദ പോകില്ല; കുട്ടിയെ ആരോ കടത്തിക്കൊണ്ടു പോയത് തന്നെ; ദേവനന്ദയുടേതു കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് ഇളവൂരുകാർ; ഇത്തിക്കരയാറിലൂടെ ഒഴുകുന്നത് ദുരൂഹത

ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്; കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ടെന്നതും വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്ക്; സിഐഡി നായ പോയ വഴിയേ ദേവനന്ദ പോകില്ല; കുട്ടിയെ ആരോ കടത്തിക്കൊണ്ടു പോയത് തന്നെ; ദേവനന്ദയുടേതു കൊലപാതകമെന്ന് ഉറച്ച് വിശ്വസിച്ച് ഇളവൂരുകാർ; ഇത്തിക്കരയാറിലൂടെ ഒഴുകുന്നത് ദുരൂഹത

എം മനോജ് കുമാർ

കൊല്ലം: ദേവനന്ദയുടെ മരണം മുങ്ങിമരണമെന്നുള്ള അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ഇപ്പോഴും മുറുകി നിൽക്കുന്നത് മരണം കൊലപാതകമാണെന്ന വാദം തന്നെ. ഇത്തിക്കരയാറിലെ ആ മരണം മുങ്ങിമരണം എന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആരും തള്ളിക്കളയുന്നില്ല. പക്ഷെ മുങ്ങി മരണത്തിലേക്ക് നയിച്ച സംഭവവികാസമെന്ത്? കുട്ടി ഒരിക്കലും ആ വഴികളിൽ കൂടി ഒറ്റയ്ക്ക് പോകില്ല. ആരും ഒറ്റയ്ക്ക് പോകാൻ ഭയക്കുന്ന വഴികളിലൂടെയാണ് മരണത്തിനു തൊട്ടു മുൻപുള്ള നിമിഷങ്ങളിൽ ദേവനന്ദ സഞ്ചരിച്ചിരിക്കുന്നത്. കാണാതായി ഒരു മണിക്കൂറിനുള്ളിൽ ദേവനന്ദ മരിച്ചിട്ടുണ്ട്. ഈ വിവരം പോസ്റ്റ്മോർട്ടം റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാണാതായ ഈ മണിക്കൂറിൽ ദേവനന്ദ പോയെന്നു പൊലീസ് നായ റീന ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിൽ ദേവനന്ദ ഒറ്റയ്ക്ക് പോകില്ല. ആരോ ദേവനന്ദയെ കടത്തിക്കൊണ്ടു പോയതാണ്. ബന്ധുക്കളും നാട്ടുകാരും ഈ വാദത്തിൽ ഉറച്ചു നിൽക്കുന്നു.

എന്തുകൊണ്ട് ദേവനന്ദ ഈ വഴിയിൽക്കൂടി പോകില്ല. പഞ്ചായത്ത് അംഗം ഉഷ ആ വഴിയെക്കുറിച്ച് പറയുന്ന കാര്യങ്ങൾ ഇങ്ങനെ: ദേവനന്ദ അവസാനം പോയ ആ വഴികളിൽകൂടി ഒറ്റയ്ക്ക് പോകാൻ എനിക്ക് കൂടി പേടിയാണ്. ഒറ്റയ്ക്ക് ഞാൻ ആ വഴിയിൽ കൂടി ഒരിക്കലും സഞ്ചരിക്കില്ല. ആ രീതിയിലാണ് ആ വഴി കിടക്കുന്നത്. ദേവനന്ദയുടെ വീടിരിക്കുന്ന സ്ഥലം പൊതുവേ വിജനമായ സ്ഥലമാണ്. ആ വീട് കഴിഞ്ഞാൽ പിന്നെ അധികം വീടുകളില്ല. വിജന പ്രദേശമാണ്. പുഴയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ്. അങ്ങോട്ട് ആർക്കും പോകേണ്ടി വരുന്നില്ല. ജനവാസം തീരെ കുറഞ്ഞ ഇലവൂരിലെ ഇടമാണ് ഇത്. പകൽ പോലും ആളില്ലാത്ത സ്ഥലമാണിത്. ദേവനന്ദയുടെ വീട് കഴിഞ്ഞാൽ പിന്നെയുള്ളത് വിരലിൽ എണ്ണാവുന്ന വീടുകളാണ്. അതിൽ മിക്കതിലും ആൾ താമസവുമില്ല. വിജനമായ പ്രദേശം എന്ന് തന്നെ പറയാം. ആ ഭാഗത്തേക്ക് ആർക്കും പോകേണ്ട ആവശ്യം വരുന്നില്ല.

ആർക്കെങ്കിലും അപ്പുറത്തുള്ള ക്ഷേത്രത്തിലേക്ക് പോകണമെങ്കിൽ മാത്രമേ ആ വഴി വല്ലവരും പോവുകയള്ളൂ. വർഷത്തിലൊരിക്കൽ മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിൽ സപ്താഹം നടക്കും. സപ്താഹം വരുന്ന സമയത്ത് മാത്രമാണ് ഈ വഴിയിലൂടെ ആരെങ്കിലും പോകാറ്. അത് തന്നെ ദുർലഭവുമായി മാത്രം. അവർക്ക് പോകാൻ വേണ്ടിയാണ് ഇക്കര നിന്ന് അക്കരെയിലേക്ക് പാലം ഇടുന്നത്. അത് തന്നെ താത്കാലിക പാലം. ഇപ്പോൾ തന്നെ അവിടെയുള്ളത് സപ്താഹത്തിനായി ക്ഷേത്രത്തിൽ പോകാൻ ഇടുന്ന നടപ്പാലം മാത്രമാണ്. ദേവനന്ദയെ പോലുള്ള ഒരു കുട്ടി ഒരിക്കലും പൊന്തയും കാടും നിറഞ്ഞ ഈ വഴിയിലൂടെ പോകില്ല. റബ്ബർ തോട്ടവും കാടുമാണ് അവിടെയുള്ളത്. ഈ വഴിയിലൂടെ ദേവനന്ദ ഒരിക്കലും പോവുകയോ ഈ വഴിയിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്ത് മരണത്തെ പുല്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെയാണ് മരണം സാധാ മരണമല്ല കൊലപാതകമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്-ഉഷ പറയുന്നു.

ഏഴു വയസ്സുകാരി ദേവനന്ദ മുങ്ങിമരിച്ചതാണെന്നുള്ള അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് വന്നിരിക്കുന്നത്. ദേവനന്ദയുടെ ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. വയറ്റിൽ ചെളിയുടെയും വെള്ളത്തിന്റെയും അംശം കണ്ടെത്തി. മൃതദേഹം കണ്ടെടുക്കുന്നതിന് 1820 മണിക്കൂറുകൾക്കിടയ്ക്കാണു മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇനി ലഭിക്കാനുള്ളത് ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലമാണ്. അതേസമയം ഇന്നു ഫോറൻസിക് സംഘം സ്ഥലം സന്ദർശിക്കുന്നുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പൊലീസ് വീണ്ടുമെടുത്തിട്ടുണ്ട്. എന്തെങ്കിലും വൈരുധ്യം ഈ മൊഴികളിൽ കണ്ടേക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വെറുതെ എഴുതി തള്ളാൻ നിലവിലെ ഘട്ടത്തിൽ പൊലീസ് തയ്യാറല്ല.

പകൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇളവൂരുകാർ മടിക്കുന്ന സ്ഥലമാണ് എന്ന് വാർഡ് മെമ്പർ കൂടി സാക്ഷ്യപ്പെടുത്തുമ്പോൾ ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് പോകില്ലെന്ന് പൊലീസും ഇപ്പോൾ സംശയിക്കുകയാണ്. ഈ രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മറുനാടനോട് പങ്കുവെച്ചതും. അതായത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അല്ല ദേവനന്ദയുടെ മരണത്തിന് മുന്നിലുള്ള പ്രശ്‌നമെന്നു പൊലീസും ഇപ്പോൾ കണക്കുകൂട്ടുകയാണ്. ആരോ ദേവനന്ദയെ എടുത്ത് ആറ്റിലേക്ക് എറിഞ്ഞു. കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ. അതാര്? അത് കണ്ടുപിടിച്ചേ മതിയാവൂ.

അല്ലെങ്കിൽ ദേവനന്ദ ഒറ്റയ്ക്ക് നടന്നു ആറ്റിലേക്കുള്ള വഴിയേ പോയി. അങ്ങിനെ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കേണ്ടി വരും. എന്തായാലും ദേവനന്ദയുടെ മരണം ഒരുപാട് സങ്കീർണ്ണതകളാണ് കേരളാ പൊലീസിനു മുന്നിൽ ഉയർത്തുന്നത്. ഇത് ഒരു സാധാ കേസല്ല. തെളിയിക്കാൻ അത്യന്തം വിഷമകരമായ കേസ്. പക്ഷെ ഈ രീതിയിൽ വരുന്ന ആദ്യ കേസും. ഇത് തെളിയിച്ചേ അടങ്ങൂ എന്നാണ് കേരളാ പൊലീസിൽ നിന്നും ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന നിർബന്ധബുദ്ധി. മിടുക്കന്മാരുള്ള അന്വേഷണ സംഘം ഉൾച്ചേർന്ന പൊലീസ് സംഘമാണ് കേരളത്തിലേത്. സമാന കേസുകളും അന്വേഷണ സംഘം പഠിക്കുന്നുണ്ട്.

ഒരു നിശബ്ദ കൊലയാളി ദേവനന്ദയുടെ മരണത്തിനു പിന്നിലുണ്ട് എന്ന നിഗമനം തന്നെയാണ് ശക്തി പ്രാപിക്കുന്നത്. ആ നിശബ്ദ കൊലയാളി ആര്? ഇതാണ് ദേവനന്ദയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്നിലുള്ളത്. തത്ക്കാലത്തെക്കെങ്കിലും ദേവനന്ദ ആറ്റിലേക്ക് ഒറ്റയ്ക്ക് നടന്നു പോയി എന്ന സംശയം പൊലീസ് പിന്നാമ്പുറത്തേക്ക് മാറ്റുകയാണ്. ദേവനന്ദയുടെ മരണത്തിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ്.

ഇത് തങ്ങൾ കണ്ടെത്തിയിരിക്കും എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മറുനാടനോടുള്ള പ്രതികരണം. എല്ലാ സാധ്യതകളും ഞങ്ങളുടെ മുന്നിലുണ്ട്. എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും സംശയങ്ങളും. ഇതിലെവിടെയോ സത്യമുണ്ട്. ആ സത്യം കണ്ടുപിടിക്കുമ്പോൾ ആ നിശബ്ദ കൊലയാളി തെളിഞ്ഞു വരും. ഒരു തെളിവ്. എല്ലാ കൊലപാതകങ്ങളിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ്. ആ തെളിവിനായാണ് പൊലീസ് സംഘം തിരയുന്നത്.

ആ സത്യത്തിലേക്ക് സഞ്ചരിക്കാനുള്ള വഴികളും മൊഴികളും ഇപ്പോൾ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇനിയുള്ള ദിവസങ്ങൾ പൊലീസ് പറയുന്നത് പോലെ ദേവനന്ദയുടെ മരണത്തിൽ നിർണ്ണായകമാണ്. എന്തായാലും ഉദ്യേഗത്തോടെ കേരളം കാത്തിരിക്കുന്നു, ദേവനന്ദയുടെ മരണത്തിനു പിന്നിലെന്ത് എന്ന്? താമസിയാതെ തന്നെ അത് തെളിഞ്ഞെക്കും. ആ രീതിയിലുള്ള അന്വേഷണമാണ് അന്വേഷണ സംഘം ദേവനന്ദയുടെ മരണത്തിൽ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP