Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ദേവനന്ദ നടന്നത് ആൾത്താമസമില്ലാത്ത വീടിന് പിറകിലൂടെ? അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ? കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കാട്ടിത്തന്ന പൊലീസ് നായ റീന പോയ വഴി അരിച്ചുപെറുക്കാൻ ഉറപ്പിച്ചു ഫോറൻസിക് സംഘം; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ നാളെ ഇളവൂരിൽ എത്തും; വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെ പുറത്തുപോയതും ദൂരൂഹത വർദ്ധിപ്പിക്കുന്നു; പൊലീസ് തേടുന്നത് എട്ട് സംശയങ്ങളുടെ ഉത്തരം

ദേവനന്ദ നടന്നത് ആൾത്താമസമില്ലാത്ത വീടിന് പിറകിലൂടെ? അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ? കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കാട്ടിത്തന്ന പൊലീസ് നായ റീന പോയ വഴി അരിച്ചുപെറുക്കാൻ ഉറപ്പിച്ചു ഫോറൻസിക് സംഘം; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ നാളെ ഇളവൂരിൽ എത്തും; വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെ പുറത്തുപോയതും ദൂരൂഹത വർദ്ധിപ്പിക്കുന്നു; പൊലീസ് തേടുന്നത് എട്ട് സംശയങ്ങളുടെ ഉത്തരം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇളവൂരിൽ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾക്ക് ഉത്തരം തേടിയുള്ള ശാസ്ത്രീയ പരിശോധന നാളെ നടക്കും. പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘം നാളെ മരണം നടന്ന വീട്ടിലെ പരിസരം വിശദമായി പരിശോധിക്കും. ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കമിഴ്ന്ന് കിടക്കുന്ന തരത്തിൽ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് റീന കാട്ടിത്തന്ന സ്ഥലത്ത് നിന്നാണ്. ദേവനന്ദ നടന്നത് ആൾത്താമസം ഇല്ലാത്ത വീടിന് പിറകിലൂടെ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇതോടെ അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ കൂട്ടിക്കൊണ്ടു പോയി ആറ്റിൽ തള്ളിയിട്ടോ എന്നത് അടക്കമുള്ള സംശയങ്ങൾ ബലപ്പെട്ടു നിൽക്കുന്നു.

മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നൽകിയത്. വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം, പിറ്റേന്നു ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. കണ്ണനല്ലൂർ സിഐ യു.വി.വിപിൻകുമാറിനാണ് അന്വേഷണച്ചുമതല. പോസ്റ്റ്‌മോർട്ടത്തിനു നേതൃത്വം നൽകിയ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണു പൊലീസിന്റെ അഭ്യർത്ഥന പ്രകാരം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സ്ഥലത്തെത്തുക. മുങ്ങി മരണമാണെന്നാണു പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ കണ്ടെത്താനായിട്ടില്ല.

ആന്തരികാവയവങ്ങളുടെ സാംപിളുകളും വായിലെ സ്രവവും ഉൾപ്പെടെ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം അറിവാകുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ്. വീടിനു 400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ നടന്നുപോയ ദേവനന്ദ, ഇവിടുത്തെ താൽകാലിക നടപ്പാലം കയറവെ തെന്നി പുഴയിൽ വീണുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു.

കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും. അതോ കുഞ്ഞിനെ അടുത്തറിയാവുന്ന ആരെങ്കിലും കൂട്ടിക്കൊണ്ടു പോയിരുന്നോ എന്ന സംശയങ്ങൾ ഉയരുന്നു. പ്രധാനമായും എട്ടു സംശങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയർത്തുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് പൊലീസിന്റെ പ്രഥമ ദൗത്യം. ആ ചോദ്യങ്ങൾ ഇങ്ങനെയാണ്:

1- കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാൾ ഉണ്ടായിരുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത്? ഇതിൽ വ്യക്തമായ ഉത്തരം പൊലീസ് തേടുന്നു.

2- അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ എങ്ങനെ 400 മീറ്റർ ദൂരെ വരെ ഒറ്റയ്ക്കു പോയി? ആരുടെ എങ്കിലും ബാഹ്യ പ്രേരണ കൊണ്ടു കുഞ്ഞു പോയതാണോ?

3- വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെയാണു പുറത്തുപോയിരിക്കുന്നത്. ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയിൽ കിടപ്പുണ്ട്. ചെരിപ്പിടാതെ 400 മീറ്ററോളം ദൂരെ കുട്ടി നടന്നുപോകേണ്ട സാഹചര്യമില്ല. അനുജനെ നോക്കാത്തതിന് അമ്മ ശകാരിച്ചാൽപ്പോലും ഇത്ര ദൂരം പിണങ്ങിപ്പോകേണ്ട മാനസികാവസ്ഥ 7 വയസ്സുകാരിക്ക് ഉണ്ടാകുമോ എന്നതും പരിശോധിക്കും. ഇതിന് ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സഹായം അടക്കം പൊലീസ് തേടുന്നുണ്ട്.

4 ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഈ വീടിന് പിറകിലൂടെ ഒാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പടിക്കൽ വരെ ചെന്നുനിന്നു. ഈ വീട്ടിൽ കൂടുതൽ പരിശോധന നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ഈ വീട് കേന്ദ്രീകരിച്ച് എന്തെങ്കിലും അസ്വഭാവികമായ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് വിശദ പരിശോധന ഉണ്ടാകുക.

5- മൃതദേഹം കണ്ട സ്ഥലത്ത് കുട്ടിയെ കാണാതായ ദിവസം രാത്രി വരെ തിരച്ചിൽസംഘങ്ങൾ പരിശോധന നടത്തിയിരുന്നു. എന്നിട്ടും മൃതദേഹം കാണാനായില്ല. അതേസമയം പിറ്റേദിവസം മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇതെങ്ങനെ സംഭവിച്ചു?

6- കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെങ്കിൽ ദേഹത്തെ പാടുകളായോ ക്ഷതങ്ങളായോ അതു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായേനെ. എന്നാൽ അത്തരം പാടുകൾ ദേവനന്ദയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. കടത്തിക്കൊണ്ടുപോയെങ്കിൽ പിന്നെന്തിന്...?

7- തുണി കഴുകുന്ന സമയത്ത് വീടിന്റെ മുൻവശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതിൽ ആരെങ്കിലും തുറന്നിരുന്നോ ?

8- ദേവനന്ദയെ കാണാതായതു രാവിലെ 10 മണിയോടെ. പത്തര മണിവരെ ഇവിടെങ്ങും ആരും വന്നില്ലെന്ന് അയൽവാസി സുരേഷ്‌കുമാർ ഉറപ്പു പറയുന്നു. ഈ സമയമത്രയും താൻ വീടിന്റെ ഉമ്മറത്ത് ഉണ്ടായിരുന്നു.

ഈ ചോദ്യങ്ങൾക്കാണ് പൊലീസ് ഉത്തരം തേടുന്നത്. ഇതോടെ കേസിന്റെ കാര്യത്തിൽ ഒരു വ്യക്തത കൈവരുമെന്നാണ് വിലയിരുത്തൽ. അതേസമയം മന്ത്രമാർ അടക്കമുള്ളവർ ദേവനന്ദയുടെ വീട്ടിൽ എത്തുന്നുണ്ട്. ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കൾ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലിസ് സെൽ രൂപീകരിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയെ കാണാതായത് മുതൽ സമഗ്രമായ അന്വേഷണമാണ് പൊലിസ് നടത്തിയത്. കുട്ടിയുടെ മരണത്തിൽ ആശങ്കയുള്ളതായി ബന്ധുക്കൾ അറിയിച്ച സാഹചര്യത്തിൽ നിലവിലെ അന്വേഷണ സംഘത്തെ കൂടാതെ ഒരു പ്രത്യേക സെൽ രൂപീകരിച്ചതായും ആശങ്ക ദുരീകരിക്കുന്നതുവരെ കൃത്യമായ അന്വേഷണം നടക്കുമെന്നും യാതൊരു മുൻവിധികളുമില്ലാതെയാവും സർക്കാർ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേവനന്ദയുടെ മരണം വേദനാജനകമാണെന്നും ബന്ധുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംഭവത്തിലെ എന്തെങ്കിലും സംശയമുള്ളവർക്ക് വിവരങ്ങൾ പൊലീസിനു കൈമാറാമെന്നും അതും അന്വേഷണ വിധേയമാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ ഉറപ്പുനൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP