Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുട്ടിയെ കാണുന്നില്ലെന്നത് സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി; ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്; കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി; ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യത എന്ന് വാർഡ് മെമ്പർ ഉഷ; ദേവനന്ദയെ ആരും പീഡിപ്പിച്ചില്ലെന്ന് വ്യക്തമാക്കി അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണം ഉയർത്തുന്നത് ഉത്തരമില്ലാ ചോദ്യങ്ങൾ

കുട്ടിയെ കാണുന്നില്ലെന്നത് സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി; ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലായിരുന്നു അനൗൺസ്‌മെന്റ്; കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി; ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യത എന്ന് വാർഡ് മെമ്പർ ഉഷ; ദേവനന്ദയെ ആരും പീഡിപ്പിച്ചില്ലെന്ന് വ്യക്തമാക്കി അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണം ഉയർത്തുന്നത് ഉത്തരമില്ലാ ചോദ്യങ്ങൾ

എം മനോജ് കുമാർ

കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ട ഏഴു വയസുകാരി ദേവനന്ദ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിലുള്ള ആശങ്കകൾക്ക് വിരാമമാകുന്നു. ഈ എഴുവയസുകാരി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന അന്തിമ റിപ്പോർട്ട് തന്നെയാണ് വരാനിരിക്കുന്നതും എന്നതാണ് ഈ കാര്യത്തിലുള്ള വിരൽ ചൂണ്ടൽ വരുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ട്. ഫൈനൽ റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ തന്നെയാണ് പ്രാഥമിക റിപ്പോർട്ടിലുമുള്ളത്. പ്രാഥമിക റിപ്പോർട്ടിൽ നിന്നും വിഭിന്നമായ ഒരു റിപ്പോർട്ട് ഈ കാര്യത്തിൽ വരാനിടയില്ലെന്നാണ് വ്യക്തമാകുന്നത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ഫോറൻസിക് വിദഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചനകളും. ഇതോടെ ദേവനന്ദ പീഡിപ്പിക്കപ്പെട്ടുവെന്ന സംശയങ്ങൾക്ക് അവസാനമാവുകയാണ്.

ദേവനന്ദയെന്ന എഴുവയസുകാരിയുടെ വസ്ത്രങ്ങൾ പോലും ഉലഞ്ഞിരുന്നില്ല. ഇത് ഇൻക്വസ്റ്റ് നടക്കുമ്പോൾ തന്നെ വ്യക്തമായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തപ്പോഴും തെളിഞ്ഞത് മുങ്ങിമരണം എന്ന് തന്നെയാണ്. ആന്തരികാവയങ്ങളിൽ വെള്ളത്തിന്റെ ചെളിയുടെയും അംശങ്ങളുമുണ്ടായിരുന്നു. ബാഹ്യമോ ആന്തരികമോ ആയ പരുക്കുകളോ ക്ഷതങ്ങളോ പരുക്കുകളോ കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല. കാണാതായതിന്റെ പിറ്റേന്നു മൃതദേഹം, ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്. ദേവനന്ദ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു തെളിഞ്ഞെങ്കിലും മരണം കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ.

ആരോ ഒരാൾ ദേവനന്ദയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോയി. ഒറ്റയ്ക്ക് വീട് വിട്ട് പുറത്തിറങ്ങാത്ത കുട്ടിയാണ് ദേവനന്ദ. ആ കുട്ടി ഒരിക്കലും ഒറ്റയ്ക്ക് പുറത്ത് പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിപ്പോയി. പിടിക്കപ്പെടും എന്ന് മനസിലാക്കിയപ്പോൾ സ്വയം രക്ഷപ്പെടാൻ ആറ്റിലേക്ക് കുട്ടിയെ എറിഞ്ഞു രക്ഷപ്പെട്ടു. കുട്ടിയുടെത് മുങ്ങിമരണമാണെങ്കിലും മരണം കൊലപാതകം തന്നെയാണ്. ഇതാണ് ദേവനന്ദയുടെ അമ്മ ധന്യയും ഉറ്റബന്ധുക്കളും ആരോപിക്കുന്നത്. പൊലീസ് നായ റീന നടന്നു പോയ വഴികൾ ഈ ആരോപണമാണ് സാക്ഷ്യപ്പെടുത്തുന്നത്. ദേവനന്ദയെ കാണാതായി പത്തു മിനിട്ടിനുള്ളിൽ തിരച്ചിൽ തുടങ്ങിയിരുന്നു. മിന്നൂർക്കുളം മാടൻ നട ക്ഷേത്രമാണ് വീടിനു സമീപമുള്ള ആറ്റിൻകരയിലുള്ളത്. ഈ ക്ഷേത്രത്തിൽ സപ്താഹം നടക്കുന്ന സമയമാണ്. ക്ഷേത്രത്തിലേക്കുള്ള താത്കാലിക പാലമാണ് അവിടെ പണിതീർത്തത്. എല്ലാ വർഷവും സപ്താഹം നടക്കുമ്പോൾ ഇക്കര നിന്ന് അക്കര പോകാൻ ഇടുന്ന താത്കാലിക പാലമാണ് ഇത്.

ഈ താത്കാലിക പാലം കടന്നു ദേവനന്ദ പോകില്ല. ആരോ ഒരാൾ ദേവനന്ദയെ കൂട്ടിക്കൊണ്ടു പോയി. അയാൾ ആരെന്നു കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. ഇയാൾ ആരെന്നു കണ്ടുപിടിച്ചാൽ ദേവനന്ദയുടെ മരണം എങ്ങിനെ എന്ന ചോദ്യത്തിനു ഉത്തരമാകും- പഞ്ചായത്ത് മെമ്പർ ഉഷ മറുനാടൻ മലയാളിയോട് പറഞ്ഞു. മുങ്ങി മരണമാണ്, കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല. അതൊക്കെ ശരി തന്നെ. പക്ഷെ ആരോ ഒരാൾ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയാണ് ഉണ്ടായത്-ഉഷ പറയുന്നു. പൊലീസ് നായ നടന്നുപോയ വഴികളാണ് ഉഷ വിരൽ ചൂണ്ടുന്നതും. കുട്ടി ഒരിക്കലും പോകാത്ത വഴിയിലൂടെയൊക്കെയാണ് പൊലീസ് നായ പോയത്. പൊലീസ് നായ വെറുതെ പോകില്ലല്ലോ? ഉഷ ചോദിക്കുന്നു.

എന്തുകൊണ്ട് മരണം കൊലപാതകമാകുന്നു? വാദങ്ങൾ ഇങ്ങനെ:

ദേവനന്ദയെ കാണാതായി പത്ത് മിനിട്ടുകൾക്കുള്ളിൽ അന്വേഷണം തുടങ്ങിയിരുന്നു. അമ്മ ധന്യ പത്തു മിനിട്ട് മുൻപ് ദേവനന്ദയുമായി അതേ ദിവസം സംസാരിച്ചിരുന്നു. അതിനു ശേഷം വീട്ടിൽ കയറി നോക്കിയപ്പോഴാണ് മകളെ കാണാതായ വിവരം അറിയുന്നത്. അയൽവീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലുള്ള പയ്യൻ പുഴയിലെ നടപ്പാലം വരെ ബൈക്കിൽ അപ്പോൾ തന്നെ പോയി നോക്കിയിരുന്നു. പക്ഷെ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ കാണുന്നില്ലെന്ന കാര്യം സപ്താഹം നടക്കുന്ന മിന്നൂർക്കുളം മാടൻ നട ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിൽ അപ്പോൾ തന്നെ അറിയിപ്പ് നൽകി. ഒരു കിലോമീറ്റർ വരെ കേൾക്കുന്ന രീതിയിലാണ് ഉച്ചഭാഷിണി സെറ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ കടത്തിക്കൊണ്ട് പോയവന് ഇതോടെ രക്ഷയില്ലാ എന്ന് മനസിലായി. അതോടെയാണ് കുട്ടിയെ ഇയാൾ ആറ്റിൽ എറിഞ്ഞിരിക്കാൻ സാധ്യത വരുന്നത്.

തൊട്ടടുത്ത വീട്ടിന്റെ മതിലാണ് പൊലീസ് നായ ചാടിയത്. താഴ്ചയുള്ള ഒരു മതിലാണിത്. ആ മതിലാണ് പൊലീസ് നായ ചാടിയത്. കുട്ടിയുടെ അപ്പൂപ്പന്റെ ചിറ്റപ്പന്റെ വീടാണിത്. അവിടെ താമസമില്ല. നായ ആ വീട്ടിൽ കയറിയിട്ടുണ്ട്. അവിടെ ഗേറ്റ് പൂട്ടിക്കിടക്കുകയാണ്. പിന്നെ താക്കോൽ വാങ്ങി ഗേറ്റ് തുറന്ന ശേഷമാണ് പൊലീസ് നായ പുറത്തേക്ക് ഇറങ്ങിയത്. പിന്നെ തൊട്ടുതാഴെയുള്ള ചെറിയ വീടിന്റെ പടിഞ്ഞാറെ സൈഡിലൂടെയാണ് ആറിന്റെ കരയിലേക്ക് നീങ്ങിയത്. ഈ പാലത്തിനോട് ചേർന്നു ഇഞ്ചക്കാടുണ്ട്. കുട്ടിയെയും കൊണ്ട് ഇഞ്ചക്കാട്ടിൽ ഇയാൾ ഒളിച്ചിരുന്നിട്ടുണ്ട്. അതിനു ശേഷമാണ് പൊലീസ് നായ പാലത്തിനു അക്കര പോയത്. അവിടെയും ആൾ താമസമില്ലാത്ത വീട്ടിലാണ് കയറിയത്. ഇവിടെയൊക്കെ എങ്ങിനെ ദേവനന്ദ ഒറ്റയ്ക്ക് പോകും-ചോദ്യങ്ങൾ ഉയരുന്നു.

റീനയെന്ന പൊലീസ് നായ കാട്ടിയ വഴി ഇങ്ങനെ

ദേവനന്ദയെ കാണാതായ ദിവസം തന്നെ അവൾ എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം തന്നത് റീന എന്ന പൊലീസ് നായ ആയിരുന്നു. കൃത്യമായി അവൾ പാഞ്ഞ വഴിയിലും അവൾ കാട്ടി തന്ന സ്ഥലത്തുമായിരുന്നു പിറ്റേന്ന് പുലർച്ചെ ദേവനന്ദയുടെ മൃതദേഹം ലഭിച്ചതു.

ഹാൻഡ്ലർമാർ ദേവനന്ദയുടെ ഒരു വസ്ത്രം റീനയ്ക്കു മണപ്പിക്കാൻ കൊടുത്തു. വീടിന്റെ പിൻവാതിലിലൂടെ റീന പുറത്തിറങ്ങി. അതിർത്തി കടന്ന്, 15 മീറ്ററോളം അകലെയുള്ള അയൽ വീടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി മുന്നിലെത്തി. ആൾ താമസം ഇല്ലാതെ ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ ഗേറ്റിലൂടെ പുറത്തിറങ്ങിയ നായ പള്ളിമൺ ആറിന്റെ തീരത്തു കൂടി 400 മീറ്ററോളം അകലെയുള്ള താൽക്കാലിക നടപ്പാലം വരെയെത്തി. നടപ്പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലും കയറി. തുടർന്നു നടപ്പാലം കടന്നു മറുകരയിലെത്തിയ നായ ഒരു വീടിനു മുന്നിലെത്തി.

അവിടെ നിന്നു വീണ്ടും മുന്നോട്ടു പോയി. വീടിനു മുന്നിൽ നിന്നു നടപ്പാലം വരെ പൊലീസ് നായ സഞ്ചരിച്ചതിൽ കൃത്യത ഉണ്ടെന്നാണ് നായ നൽകുന്ന സൂചനകളിൽ നിന്നു വ്യക്തമാകുന്നതെന്നു പൊലീസ് പറയുന്നു. നടപ്പാലത്തിനു സമീപമാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളുടേത്. അപരിചതരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കും. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ തേടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP