Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സാക്ഷി സാഹിലിനെ കളിത്തോക്ക് കാട്ടി വിരട്ടി; ഇനിയും ശല്യപ്പെടുത്തിയാൽ പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സുഹൃത്തുക്കൾ; സാക്ഷി കൈയിൽ പ്രവീൺ എന്ന പേര് ടാറ്റൂ ചെയ്തതും പ്രകോപനമായി; ഡൽഹിയിലെ 16കാരിയുടെ അരുംകൊല പ്രണയപ്പകയാൽ

കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സാക്ഷി സാഹിലിനെ കളിത്തോക്ക് കാട്ടി വിരട്ടി; ഇനിയും ശല്യപ്പെടുത്തിയാൽ പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സുഹൃത്തുക്കൾ; സാക്ഷി കൈയിൽ പ്രവീൺ എന്ന പേര് ടാറ്റൂ ചെയ്തതും പ്രകോപനമായി; ഡൽഹിയിലെ 16കാരിയുടെ അരുംകൊല പ്രണയപ്പകയാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ നഗരമധ്യത്തിൽ ആൾക്കൂട്ടത്തിന് മുന്നിൽ പതിനാറുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതിലുള്ള പകയെന്ന് പൊലീസ്. പ്രതിയായ സാഹിലും കൊല്ലപ്പെട്ട സാക്ഷിയെന്ന പെൺകുട്ടിയും തമ്മിൽ മൂന്നു വർഷത്തിലേറെയായി അടുപ്പമുണ്ടായിരുന്നു. സാക്ഷി പ്രണയ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും കൈയിൽ മറ്റൊരാളുടെ പേര് ടാറ്റു ചെയ്തതും ക്രൂരകൃത്യത്തിന് കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഷഹബാദ് ഡയറിയിൽ പെൺകുട്ടി നടുറോഡിൽ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സാഹിലിനെ, സാക്ഷി കളിത്തോക്കു കാട്ടി ഭയപ്പെടുത്തി വിട്ടിരുന്നുവെന്ന് ഇവരുടെ സുഹൃത്തുക്കൾ പറഞ്ഞു. ഇനിയും ശല്യപ്പെടുത്തിയാൽ പൊലീസിനെ സമീപിക്കുമെന്നും സാക്ഷി മുന്നറിയിപ്പു നൽകിയിരുന്നു. സാക്ഷി തന്റെ കൈയിൽ പ്രവീൺ എന്നയാളിന്റെ പേര് ടാറ്റൂ ചെയ്തിരുന്നു. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന സാഹിൽ, പെൺകുട്ടി തന്നോട് അകലം പാലിക്കുന്നതിൽ അസ്വസ്ഥനായിരുന്നു. ശനിയാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറയുന്നു.

ഞായറാഴ്ച സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു തിരക്കേറിയ വഴിയിൽ വച്ചു സാഹിൽ പെൺകുട്ടിയെ ആക്രമിച്ചത്. 22 തവണ കുത്തിയശേഷം തലയിൽ സിമന്റ് സ്ലാബ് കൊണ്ട് നിരവധി തവണ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മരണം ഉറപ്പാക്കുന്നത് വരെ പ്രതി ആക്രമണം തുടർന്നു. സംഭവസമയം സമീപത്തുകൂടി പലരും കടന്നുപോയെങ്കിലും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞ സാഹിലിനെ യുപിയിലെ ബുലന്ദ്ഷെഹറിൽനിന്നാണു പൊലീസ് പിടികൂടിയത്.

കൊലപാതകത്തിനു ശേഷം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കടന്ന സാഹിൽ, ബസിൽ കയറി ബുലന്ദ്ഷഹറിലെ ബന്ധുവിന്റെ വീട്ടിലേക്കാണു പോയത്. അവിടെയെത്തി മൊബൈലിൽ പിതാവിനെ വിളിച്ചതോടെയാണ് പൊലീസിന്റെ വലയിൽ കുടുങ്ങിയത്. ഫോൺ കോൾ പിന്തുടർന്ന് പൊലീസ് സ്ഥലത്തെത്തി സാഹിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ സഹിൽ ഉത്തർപ്രദേശ് ബുലന്ദ്ഷഹറിലെ ബന്ധുവീട്ടിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും ഡൽഹിയിൽനിന്ന് ബസിലാണ് പ്രതി ഇവിടെ എത്തിയതെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി 8.45-ഓടെ നാട്ടുകാർ നോക്കിനിൽക്കെയാണ് സഹിൽ 16-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ഭിത്തിയിൽചേർത്തുനിർത്തി ഇരുപതിലേറെ തവണ കത്തി കൊണ്ട് കുത്തി. തലയിലും ചുമലിലും അടക്കമാണ് കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് നിലത്തുവീണ പെൺകുട്ടിയുടെ തലയിൽ വലിയ കല്ല് കൊണ്ടിട്ട് പ്രതി മരണം ഉറപ്പാക്കി. ഇതിനുശേഷവും നിലത്തുകിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ചവിട്ടുന്നതും കഴിഞ്ഞദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.

നാട്ടുകാർ നോക്കിനിൽക്കെയാണ് 20-കാരനായ പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഏറെ ഞെട്ടിക്കുന്ന സംഭവം. നടുക്കുന്ന കൃത്യം കണ്മുന്നിൽ കണ്ടിട്ടും ആരും സംഭവത്തിൽ ഇടപെടാനോ അക്രമിയെ പിന്തിരിപ്പിക്കാനോ ശ്രമിച്ച. ഒരാൾ മാത്രമാണ് അക്രമിയെ പിന്തിരിപ്പിക്കാൻ ചെറിയശ്രമമെങ്കിലും നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ മറ്റുള്ളവരെല്ലാം സംഭവം നോക്കി അതിനരികിലൂടെ നടന്നുപോവുകയായിരുന്നു.

കല്ല് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ തലയോട്ടി തകർന്നതായാണ് പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ കുത്തേറ്റതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സാക്ഷിയെ കൊലപ്പെടുത്തിയതിൽ തനിക്ക് പശ്ചാത്താപമില്ലെന്നും അവൾ തന്നെ അവഗണിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. അതേസമയം സാക്ഷിയും സാഹിലും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അറിയില്ലെന്നും കൊലയാളിക്ക് വധശിക്ഷ നൽകണമെന്നും സാക്ഷിയുടെ മാതാവ് ആവശ്യപ്പെട്ടു.

സാഹിൽ മാതാപിതാക്കൾക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസം. ഈ വർഷം 10-ാം ക്ലാസ് വിജയിച്ച സാക്ഷിയുടെ മാതാപിതാക്കൾ ദിവസവേതന തൊഴിലാളികളാണ്. ജെജെ കോളനിയിലാണു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP