Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202420Thursday

കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്താൻ ന്യൂസ് ക്ലിക്ക് ശ്രമിച്ചു; ചൈനീസ് ബന്ധമുള്ള 3 സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി; സിംഘം നിക്ഷേപം നടത്തിയത് ചൈനീസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ; ഡൽഹി പൊലീസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്താൻ ന്യൂസ് ക്ലിക്ക് ശ്രമിച്ചു; ചൈനീസ് ബന്ധമുള്ള 3 സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി; സിംഘം നിക്ഷേപം നടത്തിയത് ചൈനീസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ; ഡൽഹി പൊലീസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കശ്മീരും അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന പ്രചാരണത്തിന് ന്യൂസ് ക്ലിക് ശ്രമിച്ചുവെന്ന് ഡൽഹി പൊലീസ്. പൊലീസ് കസ്റ്റഡിയിലുള്ള ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചാർജ് പ്രബിർ പുർകായസ്തയും അമേരിക്കൻ കോടീശ്വരൻ നെവിലെ റോയ് സിംഘവും തമ്മിലെ ഇമെയിൽ സന്ദേശങ്ങൾ ഇത് വ്യക്തമാക്കുന്നു. ചൈനീസ് സർക്കാരിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നെവിലെ റോയ് സിംഘം ന്യൂസ് ക്ലിക്കിൽ നിക്ഷേപം നടത്തിയെന്നുമാണ് പൊലീസ് ഡൽഹി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കർഷകസമരത്തിനിടെ വിദേശഫണ്ട് സ്വീകരിച്ച് അക്രമസമരത്തിന് ന്യൂസ് ക്ലിക് സഹായം നൽകിയെന്നും എഡിറ്റർ പ്രബിർ പുർകായസ്തയുടെയും എച്ച്.ആർ വിഭാഗം മേധാവി അമിത് ചക്രവർത്തിയെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി. പീപ്പിൾസ് അലൈൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം എന്ന സംഘടനയുമായി ചേർന്ന് ന്യൂസ് ക്ലിക് എഡിറ്റർ ഇൻ ചാർജ് പ്രബിർ പുർകായസ്ത 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തി.

ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിനും രാജ്യത്തോട് നീരസം സൃഷ്ടിക്കുന്നതിനും ന്യൂസ് ക്ലിക് വിദേശഫണ്ട് സ്വീകരിച്ചുവെന്നും പൊലീസ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം എഫ്.ഐ.ആറിലും വ്യക്തമാക്കുന്നു. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്.

രണ്ട് സ്ഥാപനങ്ങൾ അമേരിക്കൻ വ്യവസായി നിവിൽ റോയി സിംഘമിന്റെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളിൽനിന്ന് 2018 മുതൽ ഫണ്ടുകൾ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കിൽ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. ചൈനയിൽനിന്ന് വൻതോതിൽ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന് ഉപയോദിച്ചിട്ടുണ്ടെന്നുമാണ് ഡൽഹി പൊലീസിന്റെ ആരോപണം. ഗൗതം നവ് ലാഖ ഉൾപ്പെട്ടിരിക്കുന്ന കേസുകളിൽ ഈ പണം വൻതോതിൽ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്‌സലുകൾക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്.

സർക്കാരിന്റെ കോവിഡ് പ്രവർത്തനങ്ങളെ ന്യൂസ് ക്ലിക്ക് നിരന്തരമായി മോശമായി ചിത്രീകരിച്ചുവെന്നും ആരോപണവും എഫ്.ഐ.ആറിലുണ്ട്. ഇതിനിടെ ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ഇതിനുമുന്നോടിയായി നാലു മാധ്യമപ്രവർത്തകർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ന്യൂസ് ക്ലിക്കിനെതിരായ നടപടിക്കെതിരെ 16 മാധ്യമ സംഘടനകൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുഎപിഎ ചുമത്തിയതിനെ ചോദ്യം ചെയ്താണ് കത്ത് അയച്ചത്. ചീഫ് ജസ്റ്റിസിനു മുമ്പാകെ വിഷയം പരാമർശിക്കാനും മാധ്യമസംഘടനകൾ ആലോചിക്കുന്നുണ്ട്. ചൈനീസ് അജണ്ട നടപ്പാക്കിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് വാർത്താക്കകുറിപ്പിലൂടെ അറിയിച്ചത്. തങ്ങൾ മാധ്യമ പ്രവർത്തനത്തിനത്തിന്റെ എല്ലാ മാന്യതയും പുലർത്തുന്നുണ്ടെന്നും എല്ലാ ഫണ്ടുകളും ബാങ്കിലുടെ മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ ന്യൂസ് ക്ലിക്ക് പറയുന്നു. നിയമത്തിലും കോടതിയിലും പൂർണ്ണവിശ്വാസമുണ്ടെന്നും മാധ്യമസ്വാതന്ത്ര്യത്തിനും തങ്ങളുടെ ജീവിതത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി. ചൈനീസ് താത്പര്യമോ ചൈനീസ് അധികൃതരുടെ ഭാഷ്യമോ കലർന്ന ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് യുഎപിഎ കേസിൽ ന്യൂസ്‌ക്ലിക്ക് വാർത്താപോർട്ടലിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർ കായസ്ത അറസ്റ്റിലായത്. സ്ഥാപനത്തിന്റെ എച്ച് ആർ മേധാവി അമിത് ചക്രവർത്തിയും അറസ്റ്റിലായിരുന്നു. മാധ്യമ പ്രവർത്തകരുടെയും സ്ഥാപനവുമായി സഹകരിക്കുന്നവരുടെയും വസതികളിൽ 9 മണിക്കൂറായിരുന്നു റെയ്ഡ് നടന്നത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന ആക്ഷേപത്തിലാണ് ഡൽഹി പൊലീസ് നടത്തിയതും അറസ്റ്റ് ചെയ്തതും. ന്യൂസ് ക്ലിക്ക് ജീവനക്കാരൻ താമസമിക്കുന്നതിനാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ഫണ്ട് എത്തിച്ച അമേരിക്കൻ വ്യവസായിയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പ്രകാശ് കാരാട്ടും അന്വേഷണ ഏജൻസികളുടെ റഡാറിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP