Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വയ്യ; താൽപ്പര്യം ചുറ്റിക്കറങ്ങാൻ; അമൃതസറിലും ലഡാക്കിലും കറങ്ങി ഒടുവിൽ ഗോവയിൽ; അമ്മയെയോ ബന്ധുക്കളേയൊ കാണാൻ തോന്നാറില്ല; അജ്ഞാതവാസം പണ്ടുതൊട്ടേ ഇഷ്ടം; മൃതദേഹം മാറി സംസ്‌ക്കരിക്കപ്പെട്ട കേസിലെ വിവാദ നായകൻ ദീപകിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്

ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ വയ്യ; താൽപ്പര്യം ചുറ്റിക്കറങ്ങാൻ; അമൃതസറിലും ലഡാക്കിലും കറങ്ങി ഒടുവിൽ ഗോവയിൽ; അമ്മയെയോ ബന്ധുക്കളേയൊ കാണാൻ തോന്നാറില്ല; അജ്ഞാതവാസം പണ്ടുതൊട്ടേ ഇഷ്ടം; മൃതദേഹം മാറി സംസ്‌ക്കരിക്കപ്പെട്ട കേസിലെ വിവാദ നായകൻ ദീപകിന്റെ മൊഴിയിൽ ഞെട്ടി പൊലീസ്

എം റിജു

കോഴിക്കോട്: പൊലീസിനെയും നാട്ടുകാരെയും മാസങ്ങളോളം മുൾമുനയിൽനിർത്തിയ സംഭവമായിരുന്നു മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ (36) തിരോധാനം. മാസങ്ങൾനീണ്ട അന്വേഷണത്തിനുശേഷമാണ് ഇയാളെ കഴിഞ്ഞ ദിവസം ഗോവയിൽ കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും സ്വർണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് കരുതി മാറി സംസ്‌കരിച്ചിരുന്നു. പക്ഷേ നാട്ടിൽ നടന്ന ഈ പുകിലുകൾ ഒന്നും താൻ അറിഞ്ഞില്ല എന്നാണ് ദീപക് പൊലീസിനോട് പറയുന്നത്. തന്റെ ഫോൺ നഷ്ടപ്പെട്ടതിനാൽ ആരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നു.

എന്തിനാണ് നാട്ടിൽനിന്ന് എട്ടുമാസത്തോളം മുങ്ങിയത് എന്ന പൊലീസിന്റെ ചോദ്യത്തിന് 'ചുമ്മാ' എന്ന മറുപടി മാത്രമാണ് ഇയാൾ നൽകുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. അവർ സമാന്തരമായി അന്വേഷണം തുടരുന്നുണ്ട്. ഒരു ജോലിയിലും ഉറച്ചുനിൽക്കാൻ താൽപ്പര്യമില്ലാത്ത പ്രകൃതമാണ് തന്റെതെന്നും, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വയ്യെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

രാജ്യം ചുറ്റി സഞ്ചാരം

കഴിഞ്ഞവർഷം ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി വീട്ടിൽനിന്ന് വിസയുടെ ആവശ്യത്തിനെന്നു പറഞ്ഞ് ദീപക് എറണാകുളത്തേക്കു പോയത്. നേരെ ഗോവയിലേക്കായിരുന്നു യാത്ര. അവിടെവെച്ച് മൊബൈൽഫോൺ നഷ്ടപ്പെട്ടു. പുതിയ ഫോൺ വാങ്ങാനൊന്നും ശ്രമിച്ചില്ല. പിന്നീട് രാജ്യംചുറ്റി സഞ്ചാരം തുടങ്ങിയെന്നാണ് ദീപക് പൊലീസുകാരോട് പറഞ്ഞത്. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഇന്ത്യ മുഴുവൻ യാത്ര നടത്തി. പഞ്ചാബിലെ അമൃതസറിലും കശ്മീരിലെ ലഡാക്കിലുമടക്കം ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും കറങ്ങി. ഒടുവിൽ ഗോവയിൽ എത്തി, അവിടെ ഒരു ഹോട്ടലിൽ പണിയും നോക്കി. കാശ് തീരുമ്പോൾ പല ഉത്തരേന്ത്യൻ ഹോട്ടലുകളിലും ഇയാൾ ജോലി നോക്കിയിട്ടുണ്ട്.മുമ്പ് ഒന്നിലധികം തവണ ദീപക് നാടുവിട്ടിരുന്നു. അപ്പോഴെല്ലാം കുറേക്കഴിയുമ്പോൾ തിരികെ എത്തുകയും ചെയ്തതാണ്. എന്നാൽ, എട്ടുമാസത്തോളം കാണാമറയത്ത് കഴിഞ്ഞത് ആദ്യമായാണ്.

പക്ഷേ ഒടുവിൽ ഒന്ന് അമ്മയെ വിളിക്കാൻ തോന്നിയതാണ് ,ക്രൈംബ്രാഞ്ചിന് ദീപകിനെ കണ്ടെത്താൻ സഹായകമായത്. ഗോവയിൽനിന്ന് ഒരു ടാക്സി ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങിയാണ് ദീപക് കഴിഞ്ഞദിവസം അമ്മ ശ്രീലതയെ വിളിച്ചത്. ഗോവയിലുണ്ടെന്നും പേടിക്കേണ്ടെന്നും എത്രയും വേഗത്തിൽ തിരികെവരുമെന്നുമാണ് പറഞ്ഞത്. മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിവിരമറിഞ്ഞ് സന്തോഷത്തോടെ വിശദമായി സംസാരിക്കാൻ തുടങ്ങതിനുമുമ്പ് ഫോൺ കട്ടായി.

മകളുടെ വീട്ടിലായിരുന്നു ശ്രീലത അപ്പോഴുള്ളത്. മകൾ ദിവ്യ തിരികെ അതേ നമ്പറിൽ വിളിച്ചെങ്കിലും ഹിന്ദി സംസാരിക്കുന്നയാളാണ് ഫോണെടുത്തത്. പിന്നീട് ബന്ധുക്കളും ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ദീപക്കിനെപ്പറ്റി വിശദമായ വിവരങ്ങളൊന്നും മൊബൈൽ ഫോൺ ഉടമയ്ക്ക് നൽകാനുണ്ടായിരുന്നില്ല. വീട്ടുകാർ ഈ വിവരം പൊലീസിന് കൈമാറി.

ദീപക് ഗോവയിലുണ്ടെന്ന നിർണായക വിവരം ലഭിച്ചതോടെ ഗോവ പൊലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ഗോവയിലുള്ള മറുനാട്ടുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഫോട്ടോകൾ അയച്ചുനൽകി ഹോട്ടലുകളിലെല്ലാം നടത്തിയ അന്വേഷണത്തിന് ഫലമുണ്ടായി. ഇങ്ങനെയൊരു മറുനാട്ടുകാരൻ ഒരു ഹോട്ടലിൽ താമസമുണ്ടെന്ന വിവരമെത്തി. അവിടെ നൽകിയ ആധാർ കാർഡിലെ വിലാസം ക്രൈംബ്രാഞ്ച് നൽകിയ വിലാസമാണെന്ന് കണ്ടതോടെ കാര്യങ്ങൾ എളുപ്പമായി.

ഗോവൻ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോട്ടോകൾ എടുത്ത് അയച്ചുനൽകി. ഇത് ദീപക്കിന്റെ ബന്ധുക്കളെ കാണിച്ച് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണസംഘം ഗോവയിലേക്ക് പുറപ്പെട്ടത്. ക്രൈംബ്രാഞ്ച് എസ്‌ഐ.മാരായ മോഹനകൃഷ്ണൻ, കെ.പി. രാജീവൻ, വി.കെ. രാജീവൻ, എസ്.സി.പി.ഒ.മാരായ വി.പി. ഷാജി, സുരേഷ് കാരയാട് എന്നിവരടങ്ങിയ സംഘമാണ് ഗോവയിലെത്തിയത്.

വീണ്ടും ഡിഎൻഎ പരിശോധന

ബുധനാഴ്ച ഗോവയിൽ പനജിക്കടുത്തുള്ള മഡ്ഗാവ് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി ദീപക്കിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഒപ്പംകൂട്ടി. വ്യാഴാഴ്ച കോഴിക്കോട്ടെത്തിച്ച് പയ്യോളി കോടതിയിൽ ഹാജരാക്കും. അമ്മനൽകിയ ഹേബിയസ് കോർപ്പസ് ഹർജി നിലവിലുള്ളതിനാൽ ദീപക്കിനെ കണ്ടെത്തിയകാര്യം അറിയിച്ച് ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും.ഡി.എൻ.എ. പരിശോധനനടത്തി ദീപക്കാണെന്നകാര്യം ഒന്നുകൂടി ഉറപ്പാക്കുകയും ചെയ്യും.
ഉടൻ വരാമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് നാട്ടിലേക്കു പോകാൻ ഉദ്ദേശ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണ് പൊലീസുകാർക്ക് മനസ്സിലായത്.

അബുദാബിയിൽ ആറുവർഷത്തോളം സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കിയിരുന്ന ദീപക് കാണാതാകുന്നതിന് ഒന്നരവർഷംമുമ്പാണ് നാട്ടിലെത്തിയത്. ദുബായിൽ ജോലിചെയ്യവേ ഒരു സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിലും ആയിരുന്നുവെന്ന് സൂചനയുണ്ട്. മേപ്പയ്യൂരിൽ കുറച്ചുകാലം വസ്ത്രസ്ഥാപനത്തിലും ജോലിചെയ്തിരുന്നു. രജിസ്ട്രാർ ഓഫീസിൽനിന്ന് വിരമിച്ചതാണ് അമ്മ ശ്രീലത. ഇവരുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ദീപക്. അച്ഛൻ നേരത്തേ മരിച്ചു.

ദീപക് ഫോൺ ഉപയോഗിക്കാത്തത് അന്വേഷണസംഘത്തെ പ്രധാനമായി കുഴക്കിയ ഘടകമായിരുന്നു. എങ്കിലും അടുത്തബന്ധമുള്ളവരുടെ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. എ.ടി.എം. ഉപയോഗിച്ചുള്ള ബാങ്ക് ഇടപാടുകളും യുവാവ് പിന്നീട് നടത്തിയിരുന്നില്ല.ദീപക്കിന്റെ പാസ്‌പോർട്ട് വീട്ടിൽത്തന്നെയാണുള്ളത്. അതിനാൽ, രാജ്യത്തിനകത്തുതന്നെയുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെവന്നതോടെ അമ്മ ശ്രീലത ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും തുടർന്ന് അന്വേഷണം മൂന്നുമാസംമുമ്പ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുക്കുകയുമായിരുന്നു.

സിബിഐ അന്വേഷണം വേണം

അതിനിടെ ദീപക്കിന്റെ മൃതദേഹം എന്ന് കരുതി ഹൈന്ദവ ആചാരപ്രകാം മാറി സംസ്‌ക്കരിച്ച ഇർഷാദിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിതാവ് നാസർ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്തിന്റെ സൂത്രധാരന്മ്മാരായ സ്വാലിഹ് അടക്കമുള്ള മൂന്ന് പ്രതികൾ ഇപ്പോഴും ഗൾഫിലാണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുന്നില്ലെന്നും പിതാവ് ആരോപിച്ചു. ഡിഎൻഎ ടെസ്റ്റ് നടത്താതെ മൃതദേഹം വിട്ടുകൊടുത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ഇർഷാദിന്റെ പിതാവ് ആവശ്യപ്പെട്ടു.

ഇർഷാദിന്റെ കേസന്വേഷണത്തിനിടെ ഡി.എൻ.എ. പരിശോധനയിലാണ് മരിച്ചത് ദീപക്കല്ലെന്ന് തിരിച്ചറിഞ്ഞത്. ഒറ്റ നോട്ടത്തിലും, തൂക്കത്തിലും, ആകാരത്തിലുമെല്ലാം ഇരുവരും തമ്മിലുള്ള സാമ്യമാണ് വിനയായത്. രണ്ട് പേരെയും കാണാതാകുന്നത് ഒരേ സമയത്തായിരുന്നു. ഇതിനിടെയാണ് ദീപക്കിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ജീർണിച്ചിരുന്നു.ദീപക്കിന്റെ അമ്മ, അനിയത്തിയുടെ ഭർത്താവ്, അച്ഛന്റെ അനിയന്മാർ, സുഹൃത്തുക്കൾ എന്നിവരാണ് മൃതദേഹം 'തിരിച്ചറിഞ്ഞത്'. ഇതോടെ മൃതദേഹം പരിശോധനകളും പോസ്റ്റ്മോർട്ടവും നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ഇവർ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിക്കയും ചെയ്തു. ഇതോടെ ഇർഷാദിന്റെ കുടുംബത്തിന് മതാചാര പ്രകാരം സംസ്‌ക്കരിക്കാൻ മൃതദേഹം പോലും ലഭിക്കാത്ത അവസ്ഥയുമായി. ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ബന്ധുക്കൾക്ക് കൈമാറി കിട്ടിയത്.

സ്വർണ്ണക്കടത്ത് കാരിയർ ആയ ഇർഷാദിനെ സ്വർണം നഷ്ടപ്പെടുത്തിയെന്ന കാരണം ചുമത്തി കൊടുവള്ളി കേന്ദ്രീകരിച്ച മാഫിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ദുബായിൽ നിന്ന് കഴിഞ്ഞവർഷം മെയ് മാസത്തിലാണ് ഇർഷാദ് നാട്ടിലെത്തുന്നത്. അതിന് ശേഷം കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിനാണ് അവസാനമായി ഇയാൾ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളാണ് ഇർഷാദിന്റെ കൊലക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും സ്വർണ്ണക്കടത്തും, തട്ടിക്കൊണ്ടുപോകലുമായി ഈ മേഖലയിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ ചെന്നിപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നു. കേസിൽ മുഖ്യപ്രതികളായ നാലുപേർ ഇപ്പോൾ അറസ്റ്റിലാണ്. പക്ഷേ സൂത്രധാരർ ഇപ്പോഴും സുഖമായി വിഹരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP