Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ഗുണ്ടകളെ ഏർപ്പെടുത്തിയത് ആര്? കൊല്ലത്തു നിന്നു പിടികൂടിയ ഗുണ്ടാസംഘം കൈയിൽ സൂക്ഷിച്ച ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ടെത്തി സുരക്ഷ ഏർപ്പെടുത്തിയതു സെൻകുമാർ; ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന രേഖ ഒടുവിൽ പുറത്ത്

കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ഗുണ്ടകളെ ഏർപ്പെടുത്തിയത് ആര്? കൊല്ലത്തു നിന്നു പിടികൂടിയ ഗുണ്ടാസംഘം കൈയിൽ സൂക്ഷിച്ച ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ടെത്തി സുരക്ഷ ഏർപ്പെടുത്തിയതു സെൻകുമാർ; ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന രേഖ ഒടുവിൽ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മന്ത്രിയായിരുന്ന കെ എം മാണി ഉൾപ്പെട്ട കോഴി കോഴക്കേസ് കണ്ടെത്തിയ വാണിജ്യനികുതി ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമമുണ്ടായെന്ന വാർത്ത പുറത്തുവന്നതോടെ ഇതിനു പിന്നിൽ ആരെന്ന ചോദ്യം ഉയരുന്നു. 2013ലാണ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമമുണ്ടായത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ടു പിടിയിലായ ക്വട്ടേഷൻ സംഘത്തിന്റെ കൈയിൽ നിന്നു പൊലീസ് സംഘത്തിന് ഉദ്യോഗസ്ഥന്റെ ഫോട്ടോ ലഭിച്ചിരുന്നു. ഫോട്ടോ കണ്ടെത്തി ഉദ്യോഗസ്ഥനു സുരക്ഷ ഏർപ്പെടുത്തിയത് അന്നത്തെ വിജിലൻസ് മേധാവിയായിരുന്ന ടി പി സെൻകുമാറാണ്.

2013ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവരുന്നത്. കോഴിക്കേസ് ആദ്യം അന്വേഷിച്ച വാണിജ്യ നികുതി ഇൻസ്‌പെക്ടർ ശ്രീരാജ് കെ പിള്ളയെയാണ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ചത്. ഒരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് കൊല്ലത്തു നിന്നുമാണ് ക്വട്ടേഷൻ സംഘം പിടിയിലായത്. ഈ സംഘത്തിലെ ഒരാളുടെ കയ്യിൽ നിന്നാണു ശ്രീരാജ് കെ പിള്ളയുടെ ഫോട്ടോ പിടിച്ചെടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഉദ്യോഗസ്ഥനെ വധിക്കാനുള്ള പദ്ധതിക്ക് ക്വട്ടേഷൻ സംഘം ഒരുങ്ങുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചത്. ഇതിനു പിന്നാലെയാണ് ശ്രീരാജ് കെ പിള്ളയ്ക്ക് അടിയന്തിരമായി സുരക്ഷ ഒരുക്കണമെന്ന് അന്ന് വിജിലൻസ് മേധാവിയായിരുന്ന ടി പി സെൻകുമാർ തൃശ്ശൂർ പൊലീസ് കമ്മീഷർക്ക് നിർദ്ദേശം നൽകിയത്. 2011 ൽ കോഴി നികുതി വെട്ടിപ്പ് കേസന്വേഷിച്ച സംഘത്തിലെ അംഗമായിരുന്നു ശ്രീരാജ്.

പൊലീസ് കമ്മീഷണർക്കു ടി പി സെൻകുമാർ നൽകിയ നിർദ്ദേശത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോഴിഫാം ഡീലർമാർക്കു നികുതിയിളവ് അനുവദിച്ചും ആയുർവേദ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചും സർക്കാരിന് 200 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് മാണിക്കെതിരായ കേസ്. ഒരു ഇറച്ചിക്കോഴി കമ്പനിയിൽ നിന്ന് നികുതി ഇനത്തിൽ സർക്കാരിന് കിട്ടേണ്ടിയിരുന്ന 65 കോടി രൂപയുടെ കുടിശ്ശിക മാണി സ്റ്റേ ചെയ്തു. ഇതിലൂടെ കോഴിക്കമ്പനി കോടികളുടെ ലാഭം ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. നികുതി ഇളവുകേസിൽ കെ എം മാണിക്കെതിരെ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുകയാണു വിജിലൻസ്. നാല് ആയുർവേദ കമ്പനികൾക്കും നികുതി ഇളവ് നൽകി ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും മാണിക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നുണ്ട്.

ബാർ കോഴയ്ക്കു പിന്നാലെയാണു കോഴി നികുതിവെട്ടിപ്പിലും മാണിക്കെതിരെ അന്വേഷണം നടത്താൻ ഇപ്പോൾ വിജിലൻസ് തീരുമാനിച്ചത്. മുൻ ധനമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു വിജിലൻസ് കോടതി പറഞ്ഞ സാഹചര്യത്തിലാണ് മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബാർ കോഴ കേസിൽ തുടരന്വേഷണം ആരംഭിക്കുന്നതിന് പുറമെ മാണിക്ക് തിരിച്ചടിയാകുന്നതാണ് കോഴി നികുതി വെട്ടിപ്പ് കേസിലെ എഫ്ഐആർ.

ബ്രോയ്‌ലർകോഴി മൊത്തക്കച്ചവടക്കാരുടെ നികുതിവെട്ടിപ്പിന് ഒത്താശചെയ്തും സൗന്ദര്യവർധകവസ്തുക്കളുടെ നികുതിയിൽ അന്യായമായി ഇളവുനൽകിയും ഖജനാവിന് 215 കോടി നഷ്ടംവരുത്തിയെന്നാണു മാണിക്കെതിരായ കേസ്. കോഴിക്കച്ചവടക്കാർക്കും സൗന്ദര്യവർധകനിർമ്മാതാക്കൾക്കും ലാഭമുണ്ടാക്കാൻ മാണി ഔദ്യോഗികപദവി ദുരുപയോഗിച്ചതായി ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മാണിക്കുപുറമേ ധനമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രൻ, കോഴിക്കച്ചവടക്കാരായ പി ടി ഡേവിസ്, പി ടി ജോൺസൻ, ഗ്രേസി തോമസ്, പി ടി ബെന്നി, പി ടി വർഗീസ്, പി ടി ജോസ്, ആയുർവേദ സൗന്ദര്യവർധക വസ്തുനിർമ്മാതാക്കൾ എന്നിവരെ പ്രതികളാക്കിയാണ് വിജിലൻസ് എറണാകുളം റേഞ്ച് ഡിവൈഎസ്‌പി ഫിറോസ് എം ഷെഫീഖ് പ്രഥമവിവര റിപ്പോർട്ട് നൽകിയത്. അഴിമതിനിരോധനിയമത്തിലെ 13(1), 13(2), ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 എന്നീ വകുപ്പുകളാണ് മാണിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ ചുമത്തിയത്.

ബ്രോയ്‌ലർകോഴി മൊത്തവിതരണക്കാരനായ തോംസൺ ഗ്രൂപ്പ് ഉടമ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കൽ പി ടി ഡേവിസും ബന്ധുക്കളും നടത്തിയ നികുതിവെട്ടിപ്പ് എഴുതിത്ത്ത്ത്ത്തള്ളിയതിലൂടെ 65 കോടിയും ആയുർവേദമരുന്നുകമ്പനികൾക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടംവരുത്തിയെന്ന് ആരോപിച്ച് അഡ്വ. നോബിൾ മാത്യു നൽകിയ പരാതിയിലാണ് കേസ്. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ ത്വരിതപരിശോധനയിൽ മന്ത്രിയും ഉദ്യോഗസ്ഥനും മറ്റ് പ്രതികളും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തുകയും പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ആരോപണങ്ങളും ഒറ്റക്കേസായാണ് അന്വേഷിക്കുന്നത്.

തമിഴ്‌നാട്ടിൽനിന്ന് ബ്രോയ്‌ലർ കോഴി കടത്തിയതിലൂടെ തോംസൺ ഗ്രൂപ്പ് നടത്തിയ 65 കോടിയുടെ നികുതിവെട്ടിപ്പ് വാണിജ്യനികുതിവകുപ്പിന്റെ പ്രത്യേകാന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനെതിരെ തോംസൺ ഗ്രൂപ്പ് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അപേക്ഷ തള്ളി. എന്നാൽ, ധനമന്ത്രിയായിരുന്ന മാണി പദവി ദുരുപയോഗിച്ച് ബ്രോയ്‌ലർ കോഴി സ്ഥാപന ഉടമകളുമായി ക്രിമിനൽ ഗൂഢാലോചന നടത്തി നികുതികുടിശ്ശിക ഒഴിവാക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇതിനു പിന്നാലെയാണു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചു എന്ന വാർത്തയും പുറത്തുവരുന്നത്.

അന്നു സുരക്ഷ ഏർപ്പെടുത്തിയ ശ്രീരാജ് കെ പിള്ളയ്ക്കു പിന്നീട് തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം നൽകിയിരുന്നു. സുരക്ഷാകാരണങ്ങളാലാണു സ്ഥലം മാറ്റമെന്നായിരുന്നു അന്നത്തെ വിശദീകരണം. എന്നാൽ, കേസിൽ പിന്നീട് തുടരന്വേഷണമുണ്ടായതായോ ഇതിനു പിന്നിൽ ആരാണെന്നതിനെ സംബന്ധിച്ചോ വിവരമുണ്ടായിരുന്നില്ല. സെൻകുമാറിന്റെ നിർദ്ദേശം ഇപ്പോൾ പുറത്തുവന്നതോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP