Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്കുമാറിനെ പിടിച്ചത് പൊലീസുകാരല്ല! പീരുമേട് കസ്റ്റഡി മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ആലീസ് തോമസ്; പൊലീസിൽ ഏൽപ്പിക്കുമ്പോൾ കുമാർ ആരോഗ്യവാനായിരുന്നുവെന്നും മൊഴി; രാജ്കുമാറിന് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ സാക്ഷി മൊഴിയും; മോർച്ചറിയിലേക്ക് മാറ്റാൻ എന്തുകൊണ്ട് വൈകി എന്നതിലും ദുരൂഹത

രാജ്കുമാറിനെ പിടിച്ചത് പൊലീസുകാരല്ല! പീരുമേട് കസ്റ്റഡി മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ആലീസ് തോമസ്; പൊലീസിൽ ഏൽപ്പിക്കുമ്പോൾ കുമാർ ആരോഗ്യവാനായിരുന്നുവെന്നും മൊഴി; രാജ്കുമാറിന് നേരെ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ സാക്ഷി മൊഴിയും; മോർച്ചറിയിലേക്ക് മാറ്റാൻ എന്തുകൊണ്ട് വൈകി എന്നതിലും ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

നെടുങ്കണ്ടം: കഴിഞ്ഞ ദിവസം പീരുമേട്ടിൽ കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിനെ പിടികൂടിയത് പൊലീസുകാരല്ല എന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ആലീസ് തോമസ്. ഇയാളെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നും ഇവർ ഇയാളെ പൊലീസിൽ ഏൽപ്പിക്കുമ്പോൾ കുമാർ പൂർണ ആരോഗ്യവാനായിരുന്നുവെന്നും ആലീസ് മൊഴി നൽകി. മാത്രമല്ല രാജ്കുമാറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. പക്ഷേ ഇയാളെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.

ഇത് ആരെങ്കിലും സിസിടിവി മനപ്പൂർവ്വം ഓഫ് ചെയ്തതാണോ എന്ന സംശയം കടുത്ത് നിൽക്കുന്ന വേളയിലാണ് രാജ്കുമാറിനെ പിടികൂടിയത് പൊലീസല്ലെന്ന് ആലീസും വെളിപ്പെടുത്തിയത്. മാത്രമല്ല ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏറെ അവശനായിരുന്നുവെന്നും ഡോക്ടറും മൊഴി നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ വെച്ച് പൊലീസുകാർ രാജ്കുമാറിനെ അതി ക്രൂരമായി മർദ്ദിച്ചതിനുള്ള തെളിവുകൾ പുറത്ത് വന്നിരിക്കുന്ന വേളയിലാണ് നടുക്കുന്ന മൊഴിയും ലഭിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽവച്ചാണ് രാജ്കുമാർ മർദനത്തിനിരയായത്. രാജ്കുമാറിന്റെ മൃതദേഹത്തിലെ തെളിവു നശിപ്പിക്കാൻ മോർച്ചറിയിലേക്ക് മാറ്റുന്നത് വൈകിപ്പിച്ചതിനേപ്പറ്റിയും അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. പീരുമേട് ഹരിത ചിട്ടിതട്ടിപ്പ് കേസിലെ പ്രതി രാജ്കുമാർ നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയിലാണ് ആക്രമത്തിനിരയായത്. രണ്ട് പൊലീസ് ഡ്രൈവർമാരും ഒരു എഎസ്‌ഐയുമാണ് മർദനത്തിന് നേതൃത്വം നൽകിയതെന്ന സൂചനകളും പുറത്തു വന്നിരുന്നു.

രാജ്കുമാർ (49) കഴിഞ്ഞ 21-നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. രാജ്കുമാറിനു മർദമേറ്റിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. കാലുകളുടെ മുട്ടിനു താഴെ 32 മുറിവുകളുണ്ടായിരുന്നു. കാൽവെള്ള തകർന്നിരുന്നു. ഇടതുകാലിന്റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു തുടകളിലെ പേശികൾ വിട്ടുമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സ്വയംസഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും വായ്പ വാഗ്ദാനം ചെയ്ത് പ്രോസസിങ് ഫീസ് ഇനത്തിൽ ഹരിതാ ഫിനാൻസ് പലരിൽനിന്നും പണം വാങ്ങിയിരുന്നു.

ഫീസടച്ചിട്ടും വായ്പ കിട്ടാതിരുന്നവർ ബഹളമുണ്ടാക്കിയതോടെ നെടുങ്കണ്ടം പൊലീസ് സ്ഥാപനം അടപ്പിക്കുകയും രാജ്കുമാർ ഉൾപ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ 12-നായിരുന്നു അത്. തോണക്കാട് മഞ്ഞപ്പള്ളിൽ ശാലിനി ഹരിദാസ് (43), വെണ്ണിപ്പറമ്പിൽ മഞ്ജു (33) എന്നിവരെ പിറ്റേന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും രാജ്കുമാറിനെ 16-നാണ് കോടതിയിലെത്തിച്ചത്. 15-ന് അർധരാത്രി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. പിറ്റേന്നു സ്‌ട്രെക്ച്ചറിലേക്കാണു തിരികെ പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കും പിന്നീടു സബ്ജയിലിലേക്കും കൊണ്ടുപോയത്.

സബ്ജയിലിൽനിന്നു നാലു തവണ വിവിധ ആശുപത്രികളിലെത്തിച്ചു ചികിത്സ നൽകിയിരുന്നു. നെടുങ്കണ്ടം പൊലീസ് ക്രൂരമായി മർദിച്ചെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡോക്ടറോടു പറഞ്ഞിരുന്നു. ജയിലിൽ തിരിച്ചെത്തിച്ചെങ്കിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചു. അറസ്റ്റിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായ പരുക്കുകളാണു രാജ്കുമാറിന്റെ ശരീരത്തിലുള്ളതെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം.

കേസ് പ്രത്യേകസംഘത്തെ നിയോഗിച്ച് സമഗ്രാന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാർഷികദിനത്തിൽ ഇത്തരമൊരു വിഷയത്തിൽ മറുപടി പറയേണ്ടിവരുന്നതു വിധിവൈപരീത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സംശയകരമായ സാഹചര്യമുണ്ട്. ഒരു തെറ്റും സർക്കാർ ന്യയീകരിക്കില്ല. ഒരാളെ കസ്റ്റഡിയിലെടുത്താൽ കോടതിയിൽ ഹാജരാക്കിയാണു മേൽനടപടി സ്വീകരിക്കേണ്ടത്.

കഴിഞ്ഞ 12-നു കസ്റ്റഡിയിലെടുത്ത പ്രതിയെ 17-നാണ് കോടതിയിൽ ഹാജരാക്കിയതെന്നാണ് ആരോപണം. എന്നാൽ, 15-നു കസ്റ്റഡിയിലെടുത്തെന്നാണു പൊലീസ് രേഖ. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ എസ്‌പിക്ക് അറിയാമായിരുന്നെന്നും ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കും. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രത്യേകസംഘത്തിനു കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP