Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേവനന്ദയുടേത് കാൽ വഴുതി വെള്ളത്തിൽ വീണുള്ള സ്വാഭാവികമായ മുങ്ങി മരണം; ദുരൂഹതകളും നാട്ടുകാരുടെ ആശങ്കകളും അവസാനിപ്പിച്ചു കൊണ്ട് ഫോറൻസിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്; ഒരു തരത്തിലുള്ള ദുരൂഹതയും ബാക്കിയില്ലെന്ന് പറഞ്ഞ് പൊലീസും കേസ് അവസാനിപ്പിക്കിന്നു; കുട്ടി എങ്ങനെ പുഴക്കരയിലെത്തിയെന്ന് കണ്ടെത്തിയേ മതിയാവൂ എന്ന് പറഞ്ഞ് നാട്ടുകാർ തുടർ പോരാട്ടത്തിന്

ദേവനന്ദയുടേത് കാൽ വഴുതി വെള്ളത്തിൽ വീണുള്ള സ്വാഭാവികമായ മുങ്ങി മരണം; ദുരൂഹതകളും നാട്ടുകാരുടെ ആശങ്കകളും അവസാനിപ്പിച്ചു കൊണ്ട് ഫോറൻസിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്; ഒരു തരത്തിലുള്ള ദുരൂഹതയും ബാക്കിയില്ലെന്ന് പറഞ്ഞ് പൊലീസും കേസ് അവസാനിപ്പിക്കിന്നു; കുട്ടി എങ്ങനെ പുഴക്കരയിലെത്തിയെന്ന് കണ്ടെത്തിയേ മതിയാവൂ എന്ന് പറഞ്ഞ് നാട്ടുകാർ തുടർ പോരാട്ടത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദേവനന്ദയുടേത് കാൽ വഴുതി വെള്ളത്തിൽ വീണുള്ള സ്വാഭാവികമായ മുങ്ങി മരണം. പള്ളിമൺ ആറ്റിൽ മരിച്ചനിലയിൽ കണ്ട ദേവനന്ദ എന്ന ഏഴു വയസ്സുകാരയുടേത് സ്വാഭാവികമായ മുങ്ങിമരണമാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം. തിരുവനന്തപുരം ഫോറൻസിക് വിഭാഗം മേധാവി ഡോ. ശശികലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് വെള്ളിയാഴ്ച വൈകിട്ടോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

ദേവനന്ദയുടെത് മുങ്ങിമരണമാണെന്നും മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളത്തിൽ മുങ്ങിമരിച്ചാലുണ്ടാകുന്ന സ്വഭാവികത മാത്രമാണ് ശരീരത്തിലുള്ളതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിൽ മുറിവോ ആന്തരികാവയവങ്ങൾക്ക് തകരാറോ കണ്ടെത്താനായിട്ടില്ല. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ല. അതിനാൽ തന്നെ കുട്ടി കാൽവഴുതി വെള്ളത്തിൽവീണതാണെന്നാണ് കണ്ടെത്തൽ.

പോസ്റ്റുമോർട്ടം റിപ്പോർട്ട്, സംഭവ സ്ഥലത്തെ പരിശോധന, ആന്തരികാവയവങ്ങളുടെ പരിശോധന, വയറ്റിനുള്ളിലുണ്ടായിരുന്ന ആഹാരസാധനങ്ങൾ, ശരീരത്തെ മുറിവുകൾ എന്നിവ വിശകലനം ചെയ്തശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഫോറൻസിക് വിഭാഗം പറയുന്നു. മുഖത്തിന്റെ ഇടതുഭാഗത്ത് ചെറുതായി ഉരഞ്ഞ പാടുണ്ട്. ഇത് അപ്രതീക്ഷിതമായി വീണപ്പോൾ സംഭവിച്ചതാകാം. ശരീരത്തിൽ മറ്റ് പാടുകളോ മുറിവുകളോ ഇല്ലാത്തത് മുങ്ങിമരണമെന്ന നിഗമത്തിലാണ് എത്തിക്കുന്നത്. ആരെങ്കിലും തള്ളുകയോ ആറ്റിലെറിയുകയോ ചെയ്താൽ ശരീരത്തിൽ പാടുകളോ മുറിവുകളോ ഉണ്ടാകാം. എന്നാൽ ദേവനന്ദയുടെ ശരീരത്തിൽ അത്തരം പാടുകളൊന്നുമില്ല. വീണിടത്തുനിന്ന് ശരീരം ഒഴുകി മാറാം.

ശരീരത്തിനുള്ളിലുണ്ടായിരുന്ന വെള്ളത്തിന്റെ പരിശോധനയിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമല്ല. അപ്പോൾ ഒരുപാട് ഒഴുകി പോയിട്ടില്ല. ആന്തരിക ശ്രവങ്ങളുടെ പരിശോധനയിലും മുങ്ങിമരണമെന്നാണ് വ്യക്തമാക്കുന്നത്. ഡോ. വത്സല, ഡോ. സജിനി എന്നിവരും ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കിയ സംഘത്തിലുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിമരിച്ചതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ കുട്ടിയുടെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറഞ്ഞതോടെയാണ് വിപുലമായ അന്വേഷണം പൊലീസ് നടത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വത്സല എന്നിവരടങ്ങിയ സംഘം നെടുമ്പന പുലിയില ഇളവൂരെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. അഗ്‌നിശമന സേനയുടെ സ്‌കൂബാ ടീമിന്റെ സഹായത്തോടെ ആറിന്റെ ആഴങ്ങളിൽനിന്ന് ചെളിയും വെള്ളവും ശേഖരിച്ചു. ആറിന്റെ വിവിധ ഭാഗങ്ങളിലെ ആഴവും സംഘം പരിശോധിച്ചു. കുടവട്ടൂരിലെ നന്ദനം വീട്ടിലും ഫൊറൻസിക് സംഘം എത്തി തെളിവ് ശേഖരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലവും സമഗ്രമായി വിലയിരുത്തിയാണ് സംഘം അവസാന നിഗമനത്തിലെത്തിയത്.

എന്നാൽ കുട്ടി വെള്ളത്തിൽവീണ് മരിച്ചെന്ന കാര്യത്തിൽ സംശയമില്ലെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നു. കുട്ടി ഒരിക്കലും ഒറ്റയ്ക്ക് ആറിന്റെ ഭാഗത്തേക്ക് പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വീട്ടുകാർ. കുട്ടി എങ്ങനെ ആറിന്റെ ഭാഗത്തെത്തി എന്നതിലാണ് അന്വേഷണം വേണ്ടതെന്ന് വീട്ടുകാർ പറയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് ഏതറ്റംവരെയും പോകുമെന്ന് കുട്ടിയുടെ അച്ഛൻ പ്രദീപ് ചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 27-ന് രാവിലെ പത്തുമണിയോടെയാണ് ദേവനന്ദയെ അമ്മയുടെ വീടായ ഇളവൂർ ധനീഷ് ഭവനിൽനിന്ന് കാണാതാകുന്നത്. 28-ന് രാവിലെ ഏഴരയോടെയാണ് പള്ളിമൺ ആറ്റിലെ താത്കാലിക നടപ്പാലത്തിനുതാഴെ മൃതദേഹം കണ്ടത്. എന്നാൽ ഫോറൻസിക് ടീമിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും പുറത്ത് വന്നതോടെ ഒരു തരത്തിലുള്ള ദുരൂഹതയും ബാക്കിയില്ലെന്ന് പറഞ്ഞ് പൊലീസും കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP