Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെറിയ അളവിലുള്ളത് വേണ്ടെന്നും കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും റമീസിനോട് നിർദ്ദേശിച്ചത് സ്വപ്‌നാ സുരേഷ്; വലിയ അളവിൽ കടത്താൻ സമീപിച്ചത് ദാവൂദ് അൽ അറബിയെ; ഇയാൾ യുഎഇ പൗരനെന്ന് റമീസിന്റെ മൊഴി; ദാവൂദ് അൽ അറബി ഗൾഫിൽ വൻ വ്യവസായ ശൃഖലകളുള്ള മലയാളി വ്യവസായിയോ? റമീസിന്റെ മൊഴിയിൽ ചർച്ച തുടരുമ്പോൾ

ചെറിയ അളവിലുള്ളത് വേണ്ടെന്നും കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും റമീസിനോട് നിർദ്ദേശിച്ചത് സ്വപ്‌നാ സുരേഷ്; വലിയ അളവിൽ കടത്താൻ സമീപിച്ചത് ദാവൂദ് അൽ അറബിയെ; ഇയാൾ യുഎഇ പൗരനെന്ന് റമീസിന്റെ മൊഴി; ദാവൂദ് അൽ അറബി ഗൾഫിൽ വൻ വ്യവസായ ശൃഖലകളുള്ള മലയാളി വ്യവസായിയോ? റമീസിന്റെ മൊഴിയിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തിന് പിന്നിൽ യു.എ.ഇ. പൗരനായ വ്യവസായി ദാവൂദ് അൽ അറബിയെന്ന് കെ.ടി. റമീസിന്റെ മൊഴി. 12 തവണ യു.എ.ഇയിൽനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്നും എന്നാൽ ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും റമീസിന്റെ മൊഴിയിൽ പറയുന്നു. ദാവൂദ് അൽ അറബി മലയാളിയാണെന്നും റമീസ് മൊഴി നൽകിയിട്ടുണ്ട്.

കൊൽക്കത്ത സ്വദേശി മുഹമ്മദ് എന്നയാളുടെ പേരിലാണ് ആദ്യം സ്വർണം കടത്തിയിരുന്നത്. ബാവ, ഷാഫി എന്നിവർക്ക് വേണ്ടി നാല് തവണയാണ് മുഹമ്മദിന്റെ പേരിൽ സ്വർണം കടത്തിയത്. വാട്ടർ പ്യൂരിഫെയറിൽ ഒളിപ്പിച്ചായിരുന്നു സ്വർണം എത്തിച്ചത്. എന്നാൽ അഞ്ചാം തവണ കാർഗോ എത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. ഇതോടെ കാർഗോ തിരിച്ചയച്ചെന്നും ആറാം തവണ മുതലാണ് ദാവൂദ് അൽ അറബിയുടെ പേരിൽ സ്വർണം കടത്താൻ തുടങ്ങിയതെന്നും റമീസിന്റെ മൊഴിയിലുണ്ട്.

ദാവൂദ് അൽ അറബി സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ അടുത്ത ആളാണ്. ദാവൂദും റബിൻസും ചേർന്നാണ് യു.എ.ഇയിൽനിന്ന് സ്വർണമടങ്ങിയ കാർഗോ അയച്ചിരുന്നത്. ഫൈസൽ ഫരീദിനെ തനിക്ക് പരിചയമില്ലെന്നും കൂട്ടുപ്രതിയായ ജലാലിന്റെ സുഹൃത്താണ് ഫൈസൽ ഫരീദെന്നും റമീസ് കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. അതിനിടെ, കൊടുവള്ളിയിലെ കാരാട്ട് ഫൈസലിനെക്കുറിച്ച് പി.എസ്. സരിത്തും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. സന്ദീപ് നായർ കാരാട്ട് ഫൈസലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. സ്വർണക്കടത്തിലെ പ്രധാന നിക്ഷേപകൻ കാരാട്ട് ഫൈസലാണെന്ന് സന്ദീപ് നായർ പറഞ്ഞിട്ടുണ്ടെന്നും കാരാട്ട് ഫൈസലിനെ തനിക്ക് നേരിട്ടറിയില്ലെന്നും സരിത്തിന്റെ മൊഴിയിലുണ്ട്. കാരാട്ട് ഫൈസലിനും കാരാട്ട് റസാഖിനുമെതിരേ സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കെ.ടി റമീസിന്റെ മൊഴി. 'ദാവൂദ് അൽ അറബി' എന്ന പേരിൽ അറിയപ്പെടുന്ന ഈ മലയാളി 12 തവണയോളം സ്വർണം കടത്താൻ സഹായിച്ചു. യു.എ.ഇ പൗരത്വമുള്ള 'ദാവൂദ്' ആണ് നയതന്ത്ര ബാഗേജ് വഴി കടത്തിയതിന്റെ സൂത്രധാരനെന്നും റമീസ് കസ്റ്റംസിനു ഓഗസ്റ്റ് 27 ന് നൽകിയ മൊഴിയിൽ പറയുന്നു. ദാവൂദ് അൽ അറബി കേരളത്തിലുണ്ടെന്ന സൂചനയും അന്വേഷണ ഏജൻസിക്കുണ്ട്. ദുബായിൽ ബ്ലൂ കോർണർ നോട്ടീസ് നൽകിയിരിക്കുന്ന പ്രതി മുഹമ്മദ് ഷെമീർ വഴിയാണ് ദാവൂദ് അൽ അറബിയുമായി ബന്ധപ്പെട്ടത്.

ദാവൂദ് പന്ത്രണ്ട് തവണ സ്വർണം കടത്തി. ചെറിയ അളവിലുള്ള സ്വർണക്കടത്ത് വേണ്ടെന്നും കുറഞ്ഞത് പത്ത് കിലോയെങ്കിലും നയതന്ത്ര ബാഗേജിലൂടെ കടത്തണമെന്നും സ്വപ്ന റമീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചയിലാണ് ദാവൂദ് അൽ അറബിയെ ബന്ധപ്പെടുന്നത്. വലിയ അളവിൽ സ്വർണക്കടത്ത് നടത്തിയിട്ടുള്ളയാളായിരുന്നു ദാവൂദ് അൽ അറബി.ഇയാൾ യു എ ഇ പൗരനാണെന്നാണ് കെ ടി റമീസ് കസ്റ്റംസിന് നൽകിയ മൊഴി. എന്നാൽ ദാവൂദ് അൽ അറബി യു എ ഇ യിൽ ഉൾപ്പെടെ വൻ വ്യവസായ ശൃഖലകളുള്ള മലയാളി വ്യവസായിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയ്ക്കു നൽകിയ മൊഴിയിലാണു ദാവൂദ് എന്ന പേര് റമീസ് പരാമർശിക്കുന്നത്. ഇത് യഥാർത്ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്നു അന്വേഷണ സംഘം പരിശോധിച്ചു വരുന്നു. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് ഇടതുസഹയാത്രികരായ കാരാട്ട റസാഖ് എംഎ‍ൽഎയ്ക്കും നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനും വേണ്ടിയാണെന്ന് കേസിലെ നാലാം പ്രതി സന്ദീപിന്റെ ഭാര്യ സൗമ്യ കസ്റ്റംസിനു മൊഴി നൽകിയിരുന്നു.

സ്വർണക്കടത്തിന്റെ സൂത്രധാരനെന്നു കരുതുന്ന കെ.ടി. റമീസുമായായിരുന്നു റസാഖിന്റെ ഇടപാടുകൾ. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്താമെന്ന പദ്ധതി റമീസിന്റേതാണ്. ഇതിന് സന്ദീപിനെ കൂട്ടുപിടിച്ചു. യു.എ.ഇ. കോൺസുലേറ്റ് വഴി എളുപ്പവഴികൾ തുറന്നുകൊടുത്തതു സ്വപ്ന. കടത്തിയ സ്വർണം കാരാട്ട് റസാഖിനാണ് എത്തിച്ചിരുന്നതെന്നും അത് മറ്റു സംസ്ഥാനങ്ങളിലേക്കു കടത്തിയതു ഫൈസലാണെന്നും സൗമ്യയുടെ മൊഴിയിലുണ്ട്. 30 കിലോ സ്വർണം ഒളിപ്പിച്ച പാഴ്‌സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ഭാവി കാര്യങ്ങളെ കുറിച്ച് സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. പിടിക്കപ്പെട്ടാൽ ആരുടെയൊക്കെ പേരു പറയണമെന്നും ആരുടെയൊക്കെ പേരു മറച്ചുവെക്കണമെന്നും കൃത്യമായ നിർദ്ദേശം റമീസ് നൽകിയതായാണ് വിവരം. പിടിക്കപ്പെട്ടാൽ സരിത് മാത്രം പിടികൊടുക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. മറ്റുള്ളവർ പുറത്തുണ്ടായാൽ മാത്രമെ പിഴയടച്ചു സ്വാധീനം ചെലുത്തി കേസ് ഒതുക്കാനാകൂ എന്നു കള്ളക്കടത്ത് സംഘം തെറ്റിദ്ധരിച്ചു.

കസ്റ്റംസ് സ്വർണം പിടിച്ചാൽ സരിത് കുറ്റം ഏൽക്കണമെന്നും അതിനു പ്രതിഫലം നൽകാമെന്നും റമീസ് ഉറപ്പു നൽകി. പരമാവധി ശിക്ഷ ഒരു വർഷത്തെ കരുതൽ തടവാണെന്നും സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോൾ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ സമ്മർദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അൽ അറബിയും മലയാളിയായ ഫൈസൽ ഫരീദുമാണു കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണം കടത്തുന്നതെന്നു മൊഴി നൽകാനും റമീസ് നിർബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നൽകി. തടഞ്ഞുവച്ച പാഴ്‌സൽ കസ്റ്റംസ് തുറന്നു പരിശോധിക്കും മുൻപു റമീസ് പെരിന്തൽമണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടിൽ ഒത്തുചേർന്ന സരിത്തും സന്ദീപും അറസ്റ്റിലായാൽ സത്യം തുറന്നു പറയാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP