Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഫ്‌സൽ ഗുരുവിനെ കുടുക്കിയതെന്ന നിഗമനത്തിലേക്ക് റോയും രഹസ്യാന്വേഷണ വിഭാഗവും; പിടിയിലായ കാശ്മീരി ഡിവൈഎസ്‌പിക്കെതിരെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയ 'കുറ്റവാളി' പറഞ്ഞതെല്ലാം ശരിയോ? പുൽവാമ ദുരന്തത്തിന് പിന്നിലെ ഒറ്റുകാരെ കണ്ടെത്താനും ഉറച്ച് അന്വേഷണം; ഹിസ്ബുൾ മുജാഹിദീൻ കമാണ്ടറെ അമൃത്സറിലെത്തിക്കാൻ വാങ്ങിയത് 12 ലക്ഷം രൂപ; ദേവീന്ദർ സിങ് എന്ന പൊലീസുകാരന്റെ തീവ്രവാദ ബന്ധം കേട്ട് ഞെട്ടി അന്വേഷണ ഏജൻസികൾ; അഫ്‌സൽ ഗുരുവിനെ കള്ളനാക്കിയത് ആര്?

അഫ്‌സൽ ഗുരുവിനെ കുടുക്കിയതെന്ന നിഗമനത്തിലേക്ക് റോയും രഹസ്യാന്വേഷണ വിഭാഗവും; പിടിയിലായ കാശ്മീരി ഡിവൈഎസ്‌പിക്കെതിരെ വധ ശിക്ഷയ്ക്ക് വിധേയനാക്കിയ 'കുറ്റവാളി' പറഞ്ഞതെല്ലാം ശരിയോ? പുൽവാമ ദുരന്തത്തിന് പിന്നിലെ ഒറ്റുകാരെ കണ്ടെത്താനും ഉറച്ച് അന്വേഷണം; ഹിസ്ബുൾ മുജാഹിദീൻ കമാണ്ടറെ അമൃത്സറിലെത്തിക്കാൻ വാങ്ങിയത് 12 ലക്ഷം രൂപ; ദേവീന്ദർ സിങ് എന്ന പൊലീസുകാരന്റെ തീവ്രവാദ ബന്ധം കേട്ട് ഞെട്ടി അന്വേഷണ ഏജൻസികൾ; അഫ്‌സൽ ഗുരുവിനെ കള്ളനാക്കിയത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്‌പി ദേവീന്ദർ സിങിന്റെ ഗൂഢബന്ധങ്ങളെക്കുറിച്ച് റിസർച് ആൻഡ് അനലിസിസ് വിങ്ങും (റോ), ഇന്റലിജൻസ് ബ്യൂറോയും കൂടുതൽ അന്വേഷണം നടത്തും. പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം എന്നിവയിൽ സിങിന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഈ അന്വേഷണത്തിൽ ദേവീന്ദർ സിങിനെതിരെ തെളിവുകിട്ടിയാൽ അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയാണെന്ന വാദം സജീവമാകും. റോയും ഇന്റലിജൻസ് ബ്യൂറോയും കൂടുതൽ അന്വേഷണം നടത്തുന്നത്.

താൻ പൊലീസിന്റെ ഇൻഫോർമർ ആയിരുന്നെന്നും, ദേവീന്ദർ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് എന്ന വ്യക്തിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യുകയായിരുന്നു താനെന്നുമാണ് അഫ്‌സൽ ഗുരു വാദിച്ചിരുന്നത്. ഇത് ശരിയാണെന്ന സംശയങ്ങൾക്ക് ബലം നൽകുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. ജമ്മു കശ്മീരിലെ മിർബസാറിൽ 2 ഹിസ്ബുൽ ഭീകരർക്കൊപ്പം ശനിയാഴ്ചയാണ് ദേവീന്ദർ സിങിനെ അറസ്റ്റ് ചെയ്തത്. നവീദ് ബാബ, അൽതാഫ് എന്നീ ഭീകരരാണ് ഇയാൾക്കൊപ്പമുണ്ടായിരുന്നത്. ഭീകരരെ അമൃത്‌സറിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 12 ലക്ഷം രൂപയാണ് പ്രതിഫലമെന്നാണു വിവരം. ആയുധ ഇടപാടുകളും ഇയാൾക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. ശ്രീനഗറിലും ബഡ്ഗാമിലും ഇയാളുടെ സ്ഥലങ്ങളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 2 പിസ്റ്റളുകളും ഒരു എ.കെ. 47 റൈഫിളും കണ്ടെടുത്തു.

അറസ്റ്റിലായ നവീദും മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്. ദേവീന്ദർ സിങ് സ്വന്തം നിലയ്ക്കാണോ അതോ വലിയ ആരുടെയെങ്കിലും കരുവായിരുന്നോ എന്നും ഏജൻസികൾ അന്വേഷിക്കും. ഈ മാസം അവസാനം എസ്‌പിയായി പ്രമോഷൻ കാത്തിരിക്കുകയായിരുന്നു സിങ്. ശ്രീനഗർ വിമാനത്താവളത്തിലെ ആന്റി ഹൈജാക്കിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 2001 ലെ പാർലമെന്റ് ആക്രമണക്കേസ് അന്വേഷണ സമയത്ത് പ്രതി അഫ്‌സൽ ഗുരു, ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിലെത്തിക്കാൻ നിർദ്ദേശിച്ചത് ദേവീന്ദർ സിങ് ആണെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു. ഇത് അനുസരിച്ചാണ് സഹായം ഒരുക്കിയതെന്നാണ് അഫ്‌സൽ ഗുരു പറഞ്ഞത്. ഈ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

അഫ്‌സൽ ഗുരുവിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണത്തിൽ സിങിനെതിരെ തെളിവില്ലെന്നാണു കണ്ടെത്തിയത്. അക്കാലത്ത് സ്‌പെഷൽ ഓപറേഷൻസ് ഗ്രൂപ്പ് ഡിവൈഎസ്‌പിയായിരുന്നു ഇയാൾ. ഭീകരർക്കൊപ്പം സിങിനെ അറസ്റ്റ് ചെയ്തതോടെ അഫ്‌സൽ ഗുരുവിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാവുകയാണ്. ഏതായാലും ദേവീന്ദർ സിങിന് തീവ്രവാദ ബന്ധമുണ്ടെന്ന് കാശ്മീർ പൊലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കാശ്മീർ പൊലീസിനുള്ളിൽ ഒറ്റുകാരുണ്ടെന്ന സംശയം നേരത്തെ തന്നെ സജീവമാണ്. പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തുകയുണ്ടായി. 49 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിനുള്ള ഇന്ത്യ പ്രതികാരമായിരുന്നു ബലാകോട്ടിലെ സർജിക്കൽ സ്‌ട്രൈക്ക്.

പുൽവാമയിൽ സൈനികരുടെ നീക്കം ആരോ ഒറ്റി കൊടുത്തുവെന്നും അതുകൊണ്ടാണ് ക്രൂരത അരങ്ങേറിയതെന്നുമുള്ള വാദം സജീവമായിരുന്നു. ഇത്തരം കള്ളന്മാർ കാശ്മീർ സേനയിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ദേവീന്ദ്രർ സിങിന്റെ അറസ്റ്റ്. കഴിഞ്ഞ വർഷം ഇയാൾക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. ഭീകരരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ഇയാൾ ദേവീന്ദർ സിങ് ഭീകരരെ സ്വന്തം വീട്ടിൽ താമസിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കശ്മീർ പൊലീസിലെ ഉന്നത വൃത്തങ്ങളിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിലാണു കനത്ത സുരക്ഷയിലുള്ള ദവീന്ദർ സിങ്ങിന്റെ വീട്. ഇവിടെയാണു ഭീകരരെ പാർപ്പിച്ചത്. വെള്ളിയാഴ്ച ഷോപിയാനിൽനിന്നു ഭീകരരെ വീട്ടിലെത്തിച്ചത് ദേവീന്ദർ സിങ്ങ് തന്നെയാണ്. തുടർന്ന് അന്നു രാത്രി ഭീകരരെ ഒപ്പം താമസിപ്പിച്ചു. ഹിസ്ബുൽ കമാൻഡർ നവീദ് ബാബുവും കൂട്ടാളിയുമാണ് ദേവീന്ദർ സിങ്ങിനൊപ്പം പിടിയിലായ ഭീകരർ. ഇവർ താമസിച്ച വീടിന്റെ തൊട്ടടുത്താണ് സൈന്യത്തിന്റെ 15 കോർപ്‌സ് ആസ്ഥാനം. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ ദേവീന്ദറും ഭീകരരും ഡൽഹിയിലേക്കു പോകാനാണു ശ്രമിച്ചിരുന്നത്. ഇതിന് വേണ്ടിയാണ് അമൃത്സറിൽ എത്തിക്കാൻ ശ്രമിച്ചത്. താഴ്‌വരയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും നീക്കം സജീവമായപ്പോൾ ഭീകരർക്ക് ഒളിവിൽ താമസിക്കാൻ അഞ്ച് തവണ ദേവീന്ദർ സൗകര്യമൊരുക്കിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

നവീദ് ബാബുവിനെ നിരവധി തവണ പലയിടങ്ങളിലേക്കും സഞ്ചരിക്കാൻ സഹായിച്ചിരുന്നത് ദേവീന്ദറാണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. കഴിഞ്ഞ വർഷം നവീദിനെ ജമ്മുവിലേക്കു കൊണ്ടുപോയതും ദേവീന്ദറായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയപ്പോൾ ദേവീന്ദർ ഭീകരനെ പോലെയായിരുന്നു പെരുമാറിയത്. വ്യാഴാഴ്ച ജമ്മു കശ്മീർ സന്ദർശിക്കാനെത്തിയ യുഎസ് പ്രതിനിധി ഉൾപ്പെടെയുള്ള 15 അംഗ വിദേശ സംഘത്തെ സ്വീകരിക്കാനും ദവീന്ദർ സിങ് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP