Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് സ്വർണം കടത്തി കൊണ്ടുവന്നത് രണ്ട് കാസർകോട് സ്വദേശികൾ; 320 ഗ്രാം സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ഡീൽ ഉറപ്പിച്ചത് 25,000 രൂപയ്ക്ക്; ഒറ്റുവന്നതും മുനിയപ്പയെ കുടുക്കി; അറസ്റ്റു രേഖപ്പെടുത്താതെ പൊലീസ്; സൂപ്രണ്ടിനെ കസ്റ്റംസിന് കൈമാറും

ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് സ്വർണം കടത്തി കൊണ്ടുവന്നത് രണ്ട് കാസർകോട് സ്വദേശികൾ; 320 ഗ്രാം സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിക്കാൻ കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ഡീൽ ഉറപ്പിച്ചത് 25,000 രൂപയ്ക്ക്; ഒറ്റുവന്നതും മുനിയപ്പയെ കുടുക്കി; അറസ്റ്റു രേഖപ്പെടുത്താതെ പൊലീസ്; സൂപ്രണ്ടിനെ കസ്റ്റംസിന് കൈമാറും

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ നിന്നും അനധികൃത സ്വർണം കസ്റ്റംസ് സൂപ്രണ്ട് സ്വർണം പുറത്തെത്തിച്ചത് 25,000രൂപക്ക്. പിടിച്ചെടുത്ത സ്വർണം പുറത്തെത്തിച്ചു നൽകാമെന്ന ധാരണയുണ്ടാക്കിയതും ഈ ഉദ്യോഗസ്ഥൻ തന്നെയാണ്. കാലികറ്റ് ഇന്റർ നാഷണൽ എയർപോർട്ടിന് പുറത്ത് വെച്ച് കള്ളകടത്ത് സ്വർണം കൈമാറാനായി കാത്തു നിന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പണെ ഇന്ന് ഉച്ചയ്ക്കു 12 മണിയോടെയാണ് തൊണ്ടിമുതൽ സഹിതം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചെ 2.15ന് ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് ഇന്റർ നാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ രണ്ട് കാസർഗോഡ് സ്വദേശികൾ കടത്തികൊണ്ട് വന്ന 320 ഗ്രാം സ്വർണ്ണമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ എയർപോർട്ടിന് പുറത്ത് എത്തിച്ച ശേഷം പുറത്തു കടത്തിയത്. 25000 രൂപയാണ് ഇതിനായി പ്രതിഫലമായി ഇയാൾ കൈപ്പറ്റാൻ ഒരുങ്ങിയത്.

കാസർഗോഡ് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്. അബ്ദുൽ നസീർ(46), കെ.ജി. ജംഷീർ(20) എന്നിവർ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ കാലികറ്റ് എയർപോർട്ടിൽ 640 ഗ്രാം തങ്കവുമായി വന്നിറങ്ങിയ സമയം ബിഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ ഇവരുടെ ലഗ്ഗേജ് പരിശോധിക്കുകയും സ്വർണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് പേരിൽ നിന്നുമായി 320 ഗ്രാം തങ്കം മാത്രം അകൗണ്ട് ചെയ്ത് കസ്റ്റം ഡ്യൂട്ടി കോമ്പൗണ്ടിനുള്ള നോട്ടീസ് ഇഷ്യൂ ചെയ്തശേഷം, ബാക്കി വരുന്ന 320 ഗ്രം തങ്കം 25000 രൂപക്ക് പുറത്ത് എത്തിച്ച് തരാമെന്ന് രഹസ്യ ധാരണയിൽ എത്തുകയായിരുന്നു.

അതുപ്രകാരം രാവിലെ 8 മണിക്ക് തന്റെ ഡ്യൂട്ടി കഴിഞ്ഞ് പോയശേഷം വിളിക്കാനായി നിർദേശിച്ച് തന്റെ ഫോൺ നമ്പറും യാത്രക്കാർക്ക് കൈമാറിയ ശേഷം അക്കൗണ്ട് ചെയ്യപ്പെടാത്ത 320 ഗ്രാം തങ്കം സ്വന്തം കൈവശം വെക്കുകയായിരുന്നു. ഡ്യൂട്ടിക്ക് ശേഷം എയർപോർട്ടിന് പുറത്ത് ടിയാൻ വാടകക്ക് താമസിക്കുന്ന നുഹ്മാൻ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ലോഡ്ജിന് സമീപത്ത് വെച്ച് കൈമാറാൻ ശ്രമിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, പാസഞ്ചേഴ്സിനെ രഹസ്യമായി പിന്തുടർന്ന പൊലീസ് മുനിയപ്പയെയും യാത്രക്കാരേയും പിടികൂടിയത്. മുനിയപ്പയുടെ പക്കൽ സ്വർണമുണ്ടെന്ന് വിവരം ലഭിച്ചവർ ഒറ്റുകയായിരുന്നു എന്നാണ് വിവരം.

തുടർന്ന് ഇദ്ദേഹത്തിന്റെ ദേഹ പരിശോധനയിൽ മടികുത്തിൽ നിന്നും 320 ഗ്രാം തങ്കവും തുടർന്ന് താമസ സ്ഥലം പരിശോധിച്ചതിൽ കണക്കിൽ പെടാത്ത 4,42980 രൂപയുടെ ഇന്ത്യൻ കറൻസിയും 500 യു.എ.ഇദിർഹവും നിരവധി വിലപിടിപ്പുള്ള വാച്ചുകളും പിടിച്ചെടുത്തു. നാല് പാസ്‌പോർട്ടുകളും നിരവധി രേഖകളും പിടിച്ചെടുത്തവയിൽ പെടും. കരിപ്പൂർ ഐ.ബി.ഷിബു, എസ്‌ഐ.നാസർ പട്ടർകടവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മുനിയപ്പയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെ പ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾ സ്വീകരിക്കേണ്ടത് കസ്റ്റംസാണ്. സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയും പുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.

കാലികറ്റ് എയർപോർട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വർണ്ണ കള്ളകടത്ത് സംഘവുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. പിടിച്ചെടുത്ത മുതലുകൾ കോടതിക്കും തുടർ നടപടികൾ കൈകൊള്ളുന്നതിന് സിബിഐ, ഡി.ആർ.ഐ ഏജൻസികൾക്ക് റിപ്പോർട്ടും സമർപ്പിക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ. സുജിത്ദാസ് വ്യക്തമാക്കി.

അതേ സമയം കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വർണ്ണക്കടത്ത് വൻതോതിൽ തവണകളായി പുറത്തുനിന്നും കേരളാ പൊലീസ് പിടികൂടിയിരുന്നു. അഞ്ച് മാസത്തിനിടെ 19 കോടിയോളം രൂപ വില വരുന്ന 40കിലോയോളം വരുന്ന സ്വർണ്ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പൊലീസ് സ്വർണം പിടികൂടാറുള്ളത്.

കസ്റ്റംസും പൊലീസും അറിയാതെ പോവുന്ന സ്വർണ്ണക്കടത്ത് ഇതിന്റെ പലയിരട്ടി വരും. സ്വർണം കടത്തുന്നവരെ വിമാനത്താവളത്തിൽ വച്ച് തന്നെ പിടികൂടാനായാലേ സ്വർണക്കടത്ത് കുറയ്ക്കാനാവൂ. അതിവിദഗ്ദ്ധമായാണ് സ്വർണം കടത്തുന്നതെന്നതിനാൽ ഇവ കണ്ടുപിടിക്കാൻ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസിന് ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കസ്റ്റംസിൽ ജീവനക്കാരുടെ കുറവുണ്ട്.

ഫെബ്രുവരി മുതൽ ജൂൺ വരെ 43 കേസുകളിലായി 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഏറെയുമെന്ന് പൊലീസ്. 25 വാഹനങ്ങളും പിടികൂടി. സ്വർണ്ണക്കടത്തിന്റെ പേരിൽ കൊലപാതകങ്ങൾ വരെ നടക്കുന്നുണ്ട്. രണ്ടുമാസം മുമ്പ് സ്വർണ്ണക്കടത്ത് കാരിയറായി പ്രവർത്തിച്ചിരുന്ന പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുൾ ജലീൽ ക്രൂരമായ മർദ്ദനമേറ്റ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.

കടത്തികൊണ്ടുവന്ന സ്വർണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ സുഹൃത്തുക്കളും പരിചയക്കാരും തന്നുവിടുന്ന സാധനങ്ങൾ എന്താണെന്ന് നോക്കാത്തത് മൂലം വിമാനത്താവളത്തിൽ കുടുങ്ങുന്നവരുമുണ്ട്. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ നൽകണമെന്ന് പറഞ്ഞ് ഏൽപ്പിക്കുന്നത് ഇത്തരത്തിൽ സ്വർണ്ണപ്പൊതികളായിരിക്കും. പിടികൂടുന്നത് വലിയ അളവിലുള്ളതാണെങ്കിൽ ജയിൽ ശിക്ഷയടക്കം അനുഭവിക്കേണ്ടി വരുമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP