Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരപ്പണിക്കാരനെ ഉൾപ്പെടെ സംഘത്തിൽ ഉൾപ്പെടുത്തി കസ്റ്റംസ് എത്തിയത് സർവ്വ സന്നാഹങ്ങളുമായി; എല്ലാത്തിനും സാക്ഷിയാകാൻ റവന്യൂ ഉദ്യോ​ഗസ്ഥരെ വിളിച്ചു വരുത്തിയിട്ടും ലോക്കൽ പൊലീസിനോട് ഒരക്ഷരവും മിണ്ടിയില്ല; സ്വർണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തിയത് അതീവ രഹസ്യമായി കരുക്കൾ നീക്കിയ ശേഷം

മരപ്പണിക്കാരനെ ഉൾപ്പെടെ സംഘത്തിൽ ഉൾപ്പെടുത്തി കസ്റ്റംസ് എത്തിയത് സർവ്വ സന്നാഹങ്ങളുമായി; എല്ലാത്തിനും സാക്ഷിയാകാൻ റവന്യൂ ഉദ്യോ​ഗസ്ഥരെ വിളിച്ചു വരുത്തിയിട്ടും ലോക്കൽ പൊലീസിനോട് ഒരക്ഷരവും മിണ്ടിയില്ല; സ്വർണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തിയത് അതീവ രഹസ്യമായി കരുക്കൾ നീക്കിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: സ്വർണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തിയത് ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ അതീവ ര​ഹസ്യമായെത്തി. കൊച്ചിയിലുള്ള കസ്റ്റംസ് സംഘം കയ്പമംഗലത്തെ മൂന്നുപീടികയിലുള്ള വീട്ടിൽ റെയ്ഡിന് എത്തിയത് എല്ലാ സന്നാഹങ്ങളും ഒരുക്കിത്തന്നെ ആയിരുന്നു. മുൻവാതിൽ തുറക്കാനായില്ലെങ്കിൽ പൊളിക്കാനായി മരപ്പണിക്കാരൻ ഉൾപ്പെടെയുള്ള ആളുകളെ സംഘം സജ്ജമാക്കിയിരുന്നു. വീടിനുള്ളിലെ അലമാരകളും മുറികളുടെ വാതിലുകളും എല്ലാം തുറന്നത് മരപ്പണിക്കാരന്റെ സഹായത്തോടെയാണ്. എല്ലാത്തിനും സാക്ഷിയാകാൻ റവന്യു ഉദ്യോ​ഗസ്ഥരെ സ്ഥലത്ത് വിളിച്ച് വരുത്തിയിരുന്നു എങ്കിലും ലോക്കൽ പൊലീസിന് റെയ്ഡിന്റെ വിവരങ്ങൾ കൈമാറിയിരുന്നില്ല.

ലോക്കൽ പൊലീസിനെ വിവരമറിയിക്കാതിരുന്ന കസ്റ്റംസ് സംഘം വില്ലേജ് ഓഫിസർ മരിയ ഗൊരേത്തി, അസിസ്റ്റന്റ് ഓഫിസർ വി.എ.മുരുകൻ എന്നിവരോടു സ്ഥലത്തെത്താൻ നിർദ്ദേശിച്ചിരുന്നു. ഒന്നരവർഷമായി പൂട്ടിക്കിടന്ന വീടിന്റെ മുൻവാതിൽ ബന്ധുവിനെ വിളിച്ചു വരുത്തി താക്കോലുപയോഗിച്ചാണു തുറന്നത്. ഉള്ളിലെ മുറികളും അലമാരകളും തുറക്കാൻ ആശാരിയുടെ സഹായം തേടി. ആശാരിയെ കണ്ടെത്തിയതു പോലും അതീവരഹസ്യമായാണ്. താക്കോൽ ലഭിച്ചില്ലെങ്കിൽ വീടിന്റെ മുൻവാതിലും പൊളിക്കാൻ തയ്യാറായിരുന്നു. നാലുമണിക്കൂറിനു ശേഷം അഞ്ചരയോടെയാണു പരിശോധന പൂർത്തിയാക്കി സംഘം പുറത്തിറങ്ങിയത്. കംപ്യൂട്ടറിനും ഫയലുകൾക്കുമൊപ്പം കാർഡ് ബോർഡ് പെട്ടിയിൽ ചില വസ്തുക്കളും സംഘം കൊണ്ടുപോയി.

വിശദ പരിശോധന നടത്തേണ്ടതിനാൽ കംപ്യൂട്ടറും ഹാർഡ് ഡിസ്കും അനുബന്ധ രേഖകളുമായി മാധ്യമപ്രവർത്തകർക്കു പിടികൊടുക്കാതെ സംഘം അതിവേഗം മടങ്ങുകയായിരുന്നു. 20 വർഷത്തോളമായി ദുബായിലുള്ള ഫൈസൽ ഫരീദ് ഒന്നരവർഷം മുൻപാണ് നാട്ടിൽ വന്നത്. പിന്നീട് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. രണ്ടു വർഷം മുമ്പാണു ഫൈസലും കുടുംബവും ഇവിടേക്കു വന്നതെന്ന് അയൽക്കാർ പറഞ്ഞു. പിന്നീടു ഗൾഫിലേക്ക് പോയശേഷം തിരിച്ചുവന്നില്ല.

ദുബായിൽ അജ്ഞാതവാസം തുടരുകയായിരുന്ന ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎഇ ഇയാൾക്കു യാത്രാവിലക്ക് ഏർപ്പെടുത്തി. ദുബായ് പൊലീസ് ചോദ്യം ചെയ്തെന്നും അറിയുന്നു. സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ ഫൈസലിനെ ഇന്ത്യയിലേക്കു നാടുകടത്തിയേക്കും. കഴിഞ്ഞ ഞായറാഴ്ച ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട ശേഷം ഫൈസലിനെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കൾക്കും കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തിൽ സ്വർണം അയച്ചത് ദുബായിലെ വ്യവസായിയും എറണാകുളം സ്വദേശിയുമായ ഫാസിൽ ഫരീദ് ആണെന്നായിരുന്നു കസ്റ്റംസും എൻഐഎയും ആദ്യം വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയിൽ അടക്കം സമർപ്പിച്ച റിപ്പോർട്ടിലും ഈ പേര് തന്നെ അറിയിച്ചു. ഫാസിൽ ഫരീദിനെ മൂന്നാം പ്രതിയാക്കി എൻഐഎ എഫ്ഐആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീടുള്ള അന്വേഷണത്തിൽ വിലാസം തെറ്റിയെന്ന് എൻഐഎയ്ക്ക് ബോധ്യമായി. ഈ സാഹചര്യചര്യത്തിൽ എഫ്ഐആറിലെ മേൽവിലാസവും പേരും തിരുത്തണമെന്ന ആവശ്യവുമായി എൻഐഎ വീണ്ടും പ്രത്യേക കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.

തൃശ്ശൂർ കൈപ്പമംഗലം സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ ഫൈസൽ ഫരീദ് ആണ് പിടിയിലാകാനുള്ള പ്രതിയെന്നാണ് എൻഐഎ കോടതിയെ അറിയിച്ചത്. നയതന്ത്ര പരിരക്ഷയോടെ സ്വർണ്ണമടക്കമുള്ള ബാഗ് അയക്കാൻ വ്യാജ രേഖ നിർമ്മിച്ചതിൽ അടക്കം ഇയാളുടെ പങ്ക് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും സ്വർണ്ണക്കടത്ത് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പോലും വഷളാക്കുന്നനിലയിലേക്ക് എത്തിച്ചെന്നും എൻഐഎ അറിയിച്ചു. പ്രതിയെ ഉടൻ ചോദ്യം ചെയ്യാൻ ഇന്ത്യയിൽ എത്തിക്കേണ്ടതുണ്ട്. അതിനാൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന അപേക്ഷയും കോടതിയിൽ സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP