Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലക്ഷം നൽകിയാൽ രണ്ടുലക്ഷം തിരികെ; ഒന്നരലക്ഷം നൽകിയാൽ നാലുലക്ഷവും; മോഹനവാഗ്ദാനങ്ങളുമായെത്തിയ നോട്ടിരട്ടിപ്പു സംഘം തിരൂരിൽ പിടിയിൽ; അതിമോഹത്തിൽ തട്ടിപ്പിന് ഇരകളായ ചെറുപ്പക്കാരും അറസ്റ്റിൽ

ഒരു ലക്ഷം നൽകിയാൽ രണ്ടുലക്ഷം തിരികെ; ഒന്നരലക്ഷം നൽകിയാൽ നാലുലക്ഷവും; മോഹനവാഗ്ദാനങ്ങളുമായെത്തിയ നോട്ടിരട്ടിപ്പു സംഘം തിരൂരിൽ പിടിയിൽ; അതിമോഹത്തിൽ തട്ടിപ്പിന് ഇരകളായ ചെറുപ്പക്കാരും അറസ്റ്റിൽ

എം പി റാഫി

തിരൂർ: ഏതു തട്ടിപ്പുകാർക്കും തഴച്ച് വളരാൻ അവസരമൊരുക്കുന്ന നാടാണ് കേരളമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നോട്ടിരട്ടിപ്പ് തട്ടിപ്പ് സംഭവത്തിലൂടെ. തട്ടിപ്പുകാർ പുതിയ പുതിയ മാർഗങ്ങളുമായി രംഗപ്രവേശനം ചെയ്യുമ്പോൾ ഇരയാകുന്നവരുടെ എണ്ണവും പതിന്മടങ്ങ് വർധിക്കുകയാണ്.

സർക്കാറിന്റെ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നോട്ടിരട്ടിപ്പു തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. മലപ്പുറം തിരൂരിൽ കഴിഞ്ഞ ദിവസം സംഘം പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ഒരു ലക്ഷം രൂപ നൽകിയാൽ രണ്ടു ലക്ഷം രൂപ നൽകാമെന്നും ഒന്നര ലക്ഷം രൂപ നൽകിയാൽ നാലു ലക്ഷം രൂപ നൽകാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഘമാണ് പൊലീസിന്റെ വലയിലായത്. എന്നാൽ തട്ടിപ്പുകാരോടൊപ്പം തട്ടിപ്പിന് ഇരയായ ചെറുപ്പക്കാരെയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏതുവിധേനയും പണം ഇരട്ടിയാക്കണമെന്ന അതിമോഹമായിരുന്നു ഈ ചെറുപ്പക്കാർക്ക് വിനയായത്.

തട്ടിപ്പിന് ഇരയായവർ തട്ടിപ്പു നടത്തിയ സംഘത്തിന്റെ വാഹനം പിന്തുടർന്നതോടെ തിരുനാവായയിൽ വച്ച് അപകടത്തിൽപെടുകയായിരുന്നു. തുടർന്ന് ഇരു വിഭാഗവും തമ്മിൽ സംഘർഷം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇവരെ പിടികൂടുകയും വാഹനം പരിശോധിച്ചപ്പോൾ പത്രകടലാസുകൾ തിരുകിയ നോട്ടുകെട്ടുകൾ കാണുകയും ചെയ്തു. ഇതേതുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മുഴുവൻ പേരെയും കസ്റ്റഡിയയിലെടുക്കുകയുമായിരുന്നു.

സംഭവത്തിൽ തവനൂർ നരിപ്പറമ്പ് സ്വദേശി കറുത്തേടത്ത് ജയപ്രകാശ് (41), കുന്നംകുളം കളത്തിങ്ങൽ മുജീബുറഹ്മാൻ(39) എന്നിവരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതി കരുവാരക്കുണ്ട് സ്വദേശി യൂസുഫ് സംഭവ സ്തലത്ത് വച്ച് തന്നെ ഓടി രക്ഷപ്പെട്ടു. ഇവർ മൂന്ന് പേരും ചേർന്നായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

കുടക് ഈരാറ്റുപേട്ട സ്വദേശികളായ കല്ലുപാടം ഇസ്മായീൽ(29), മുഹമ്മദ് താരിഖ്(24), അയ്യൂബ് (24), പെരിന്തൽമണ്ണ പള്ളിലാത്തൊടി മുഹമ്മദ് മുസ്തഫ(30) എന്നിവരാണ് തട്ടിപ്പിനിരയായത്. എന്നാൽ അസാന്മാർഗിക സാമ്പത്തിക ഇടപാട് നടത്തിയതിന് ഇവർക്കെതിരെയും പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. മുജീബുറഹ്മാൻ, ജയപ്രകാശ് എന്നിവർ പണം ഇരട്ടിപ്പിച്ചു നൽകാമെന്നും തമിഴ്‌നാട് സർക്കാറിന്റെ പ്രത്യേക പദ്ധതിയാണെന്നും പറഞ്ഞായിരുന്നു കുടക് സ്വദേശികളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

ഒന്നേകാൽ ലക്ഷം തട്ടിപ്പു സംഘത്തിന് നൽകുകയും പകരം പത്രകടലാസ് നോട്ടിന്റെ ആകൃതിയിൽ വെട്ടി അതിനു മീതെ അഞ്ഞൂറ് രൂപയുടെ നോട്ടുവച്ച് കുടക് സ്വദേശികൾക്ക് കൈമാറുകയും വേഗം സ്ഥലം വിടുകയും ചെയ്തു. എന്നാൽ നോട്ട്‌കെട്ട് പരിശോധിച്ചപ്പോൾ കബളിപ്പിക്കപ്പെട്ടതറിഞ്ഞ ഇവർ ഇന്നോവ കാറിൽ പിന്തുടർന്നു. തുടർന്ന് തിരുനാവായയിൽ വച്ച് വാഹനം ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതോടെയാണ് സംഭവം വെളിച്ചത്താകുന്നത്. അപകടത്തിൽ കാലിന്റെ എല്ലു പൊട്ടിയ മുഖ്യ പ്രതി മുജീബുറഹ്മാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടു പേരെ തിരൂർ ജില്ലാ ആശുപത്രിയിലെ ചികിത്സക്കു വിധേയമാക്കി. ശേഷം ഇന്നലെ തിരൂർ മജിസ്‌ട്രേറ്റിനു മുന്നിൽ പിടിയിലായ ആറുപേരെയും ഹാജരാക്കി.

കുടക് സ്വദേശികളായ മൂവരും പെരിന്തൽമണ്ണയിൽ മുസ്തഫയോടൊപ്പം കച്ചവടം നടത്തി വരികയാണ്. പെരിന്തൽമണ്ണ സ്വദേശിയായ മുസ്തഫയാണ് തന്റെ കച്ചവട സ്ഥാപനത്തിൽ നിന്നും പണം ഇരട്ടിപ്പിക്കാൻ ഒന്നേകാലൽ ലക്ഷം രൂപ നൽകിയിരുന്നത്. എന്നാൽ കച്ചവട സ്ഥാപനത്തിന്റെ ഉടമസ്ഥനോ പാർട്ട്ണർമാരോ അറിയാതെയാണ് ഇവർ പണം ഇരട്ടിപ്പിക്കാൻ ഒന്നേകാൽ ലക്ഷം എടുത്ത് നൽകിയതെന്ന് പറഞ്ഞ് ബിസിനസ് പങ്കാളികളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പെട്ടെന്ന് പണമുണ്ടാക്കാൻ തുനിഞ്ഞ യുവാക്കൾ വീണ്ടും കുരുക്കിലായി. എന്നാൽ കാസർകോട്ടുകാരനായ ഒരു ഉസ്താദ് മുഖേന ആയിരുന്നു തട്ടിപ്പുകാരെ പരിചയപ്പെട്ടതെന്നും പണം ഇരട്ടിച്ചു കിട്ടുമെന്ന വിവരം കൈമാറിയതും ഈ ഉസ്താദ് ആയിരുന്നെന്നും ഇരയായവർ മൊഴി നൽകിയിട്ടുണ്ട്. ഈ ഉസ്താദ് ആരെന്ന് വ്യക്തമായിട്ടില്ല. തട്ടിപ്പുകാർക്ക് അന്തർസംസ്ഥാന തട്ടിപ്പു സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം സംഭവം വിശദമായി അന്വേഷിക്കുന്നതിനായി കേസ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് കൈമാറിയതായി തിരൂർ എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP