Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

മയക്കുമരുന്ന് കച്ചവടത്തിലെ പണം ഓരോ മൂന്ന് ദിവസത്തിലും നിക്ഷേപിച്ചിരുന്നത് നൈജീരിയൻ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ; കണ്ണൂർ മയക്കു മരുന്നു കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായ പ്രതികളുടെ എണ്ണം ഒമ്പതായി

മയക്കുമരുന്ന് കച്ചവടത്തിലെ പണം ഓരോ മൂന്ന് ദിവസത്തിലും നിക്ഷേപിച്ചിരുന്നത് നൈജീരിയൻ വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ; കണ്ണൂർ മയക്കു മരുന്നു കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായ പ്രതികളുടെ എണ്ണം ഒമ്പതായി

അനീഷ് കുമാർ

 കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്ലാസയിൽ നിന്നും ഒന്നര കോടിയിലേറെ രൂപയുടെ മയക്കുമരുന്നു പിടിച്ച കേസിൽ മൂന്ന്പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. നൈജീരിയൻ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22) യെന്ന യുവതിയെ ബാംഗ്ലൂർ ബനസവാടിയിൽ വച്ചു കണ്ണൂർ അസി. കമ്മിഷണർ പി.പി സദാനന്ദനാണ് അറസ്റ്റു ചെയ്തത്.

കണ്ണൂർ സിറ്റി മരക്കാർക്കണ്ടിയിൽ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയിൽ മുഹമ്മദ് ജാബിർ(30) എന്നിവരെ നർകോട്ടിക് സെൽ ഡി.വൈ. എസ്‌പി ജസ്റ്റിൻ എബ്രഹാമും പിടികൂടി. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. രണ്ടുകിലോ എം.ഡി. എം. എ, കൊക്കൈയിൻ, എൽ. എസ്. ടി സ്റ്റാമ്പുകൾ തുടങ്ങിയ അത്യാധുനിക ലഹരി ഗുളികകൾ കണ്ണൂർ നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയ സംഭവത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.

മയക്കുമരുന്ന് മൊത്തവ്യാപാരം നടത്തിയ കണ്ണൂർ തെക്കിബസാർ സ്വദേശി നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും രണ്ടുലക്ഷം രൂപ വീതം ദിവസവും നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ. ടി. കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതോടെ സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര മാഫിയ തന്നെ പ്രവർത്തിക്കുന്നതായി വ്യക്തമായത്.

കേസിലെ മുഖ്യപ്രതിയായ ജനീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ബാംഗ്ലൂർ യൂണിയൻ ബാങ്കിൽ നൈജീരിയൻ സ്വദേശികളയ വിദ്യാർത്ഥികളുടെ പേരിലാണ് പണം ട്രാൻസർ ചെയ്യുന്നതെന്നു വ്യക്തമാവുകയായിരുന്നു. ഇവർ താമസിക്കുന്ന ബാംഗ്ലൂർ ബനസവാടിയിലെ വീട്ടിൽ അന്വേഷണം നടത്തിയതിൽ ഷിബു സോറും ആസിഫയും നൈജീരിയയിലേക്ക് മടങ്ങിയതായി മനസിലായി. പ്രൈയിസ് എന്ന മറ്റൊരു പെൺകുട്ടി പഠനം പൂർത്തിയാവാത്തതിനാൽ അതെ വീട്ടിൽ താമസിക്കുന്നതായും മനസിലായി. പ്രയിസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ ഓരോ മൂന്ന് ദിവസത്തിലും മുപ്പത്തിനായിരം മുതൽ എൺപതിനായിരം രൂപവരെ അവരുടെ അക്കൗണ്ടിൽ വരുന്നതായി പ്രത്യേക അന്വേഷണസംഘത്തിന് വ്യക്തമാവുകയായിരുന്നു.

എന്നാൽ തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നും നൈജീരിയൻ വിദ്യാർത്ഥികൾക്ക് നൈജീരിയൻ കറൻസിയായ നേരക്ക് പകരം ഇന്ത്യൻ കറൻസിയായ ഇന്ത്യൻ രൂപ നൽകുന്ന ഹുണ്ടി ഇടപാടുണ്ടെന്നു പറഞ്ഞൊഴിയുകയായിരുന്നു. എന്നാൽ പൊലീസ് അവിടെ എത്തിയ സമയം അവരുടെ ഫോണിലെ മെസേജ്കളും ശബ്ദ സന്ദേശങ്ങളും മായ്ച്ചു കളഞ്ഞതായും മനസിലാക്കി.

ഡിലീറ്റ് ചെയ്ത സന്ദേസങ്ങളും ശബ്ദങ്ങളും സാങ്കേതിക വിദ്യയുടെ സഹാതാൽ തിരിച്ചെടുത്തതോടെ മയക്കുമരുന്ന് വ്യാപാരിയുമായി പ്രയിസിന് നേരിട്ട് ബന്ധമുള്ളതായി വ്യക്തമാവുകയായിരുന്നു. മയക്കുമരുന്ന് വ്യാപാരിയുമായി ബാംഗ്ലൂരിലെ ഒരു ഷോപ്പിങ് മാളിൽ നിൽക്കുന്ന ഒരു ഫോട്ടോ കൂടി ഗൂഗിൾ ഡ്രൈവിൽ നിന്നും തിരിച്ചെടുത്തതോടെ ഇവരുടെ കള്ളക്കളി പുറത്തായി. അതോടെ അസിസ്റ്റന്റ് പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണൂർ ചാലാട് കേന്ദ്രീകരിച്ചു ഇന്റീരിയർ ഷോപ്പു കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തിയതിനാണ് ജനീസിനെയും ജാബിറിനെയും അറസ്റ്റ് ചെയ്തത്. ഇവർ നേരത്തെ ഗോവയിൽ ഉണ്ടെന്നു മനസിലാക്കിയ പൊലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു.

അസി. പൊലീസ് കമ്മിഷണർ സദാനന്ദനു പുറമെ എ. എസ്. ഐ ചന്ദ്രശേഖരൻ, സിദ്ദിഖ്, , എസ്. ഐ മഹിജൻ, റാഫി, എടക്കാട് എസ്. ഐ മഹേഷ് കണ്ടമ്പേത്ത്, കണ്ണപുരം എസ്. ഐ വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.കഴിഞ്ഞ മാർച്ച് ഏഴിനാണ് കണ്ണൂർ നഗരത്തിലെ പ്ലാസയിലെ പാർസൽ ഓഫിസിൽ ബംഗ്ളൂരിലെ ടൂറിസ്റ്റ്ബസിലെത്തിയ തുണിത്തരങ്ങൾ വാങ്ങാനെത്തിയ കാപ്പാട് സി.പി. സ്റ്റോറിനടുത്തെ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്ന അഫ്സൽ- ബൾക്കിസ് ദമ്പതികളെ പൊലിസ് പിടികൂടുന്നത്. ഇതിനു ശേഷം ഇവരെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യപ്രതിയായ കണ്ണൂർ തെക്കിബസാറിലെ നിസാം അബ്ദുൽഗഫൂറും പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സിറ്റിമരക്കാർക്കണ്ടി സ്വദേശി അൻസാരിയും ഭാര്യ ഷബ്നയും പിടിയിലായത്.

ഇവരുടെ കൂടെ തന്നെ മയക്കുമരുന്ന് വിൽപന നടത്തിയ പഴയങ്ങാടിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശിഹാബും അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ജനീസും ജാബിറും പിടിയിലായത്. നൈജീരിയൻ സ്വദേശിനിയായ ബി. ബി. എ വിദ്യാർത്ഥിനി ഇവർക്കു വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തിയതിനാലാണ് പിടിയിലായത്. ഇവർ നേരത്തെകസ്റ്റഡിയിലായിരുന്നുവെങ്കിലും വേണ്ടത്ര തെളിവുകൾ കിട്ടിയിരുന്നില്ല. ഇവർക്കു മുൻപെ പിടിയിലായ ഒരു നൈജീരിയൻ യുവാവിനെ പൊലിസ് തെളിവില്ലാത്തതിനാൽ വിട്ടയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP