Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

അടൂർ കാമറാ സ്‌കാനിൽ നിന്ന് മോഷ്ടിച്ചത് 25 ലക്ഷത്തിന്റെ കാമറയും അനുബന്ധ ഉപകരണങ്ങളും; തുമ്പായി കെഎസ്ആർടിസി ബസിന് പിന്നിലെ ചാക്കുകെട്ട്; മോഷണം നടന്ന് ഏഴാം ദിവസം പ്രതിയെ പൊക്കി കേരളാ പൊലീസ്

അടൂർ കാമറാ സ്‌കാനിൽ നിന്ന് മോഷ്ടിച്ചത് 25 ലക്ഷത്തിന്റെ കാമറയും അനുബന്ധ ഉപകരണങ്ങളും;  തുമ്പായി കെഎസ്ആർടിസി ബസിന് പിന്നിലെ ചാക്കുകെട്ട്; മോഷണം നടന്ന് ഏഴാം ദിവസം പ്രതിയെ പൊക്കി കേരളാ പൊലീസ്

ശ്രീലാൽ വാസുദേവൻ

അടൂർ: തുമ്പും വാലുമില്ലാതെ ഉഴറിയെങ്കിലും പ്രമാദമായ ഒരു മോഷണക്കേസ് കൃത്യം നടന്ന് ഏഴാം ദിവസം തെളിയിക്കാനായതിന്റെ ത്രില്ലിലാണ് കേരളാ പൊലീസ്. ഒരു കെഎസ്ആർടിസി ബസ് പോയ വഴിയേ സഞ്ചരിച്ച് തുമ്പുണ്ടാക്കുകയും പിന്നാലെ പ്രതിയെ അയാളുടെ ഒളിസങ്കേതത്തിൽ നിന്ന് പൊക്കുകയുമായിരുന്നു. ടൗണിലെ കാമറാ സ്‌കാൻ എന്ന സ്ഥാപനത്തിൽ നിന്ന് വിലകൂടിയ കാമറകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടന്ന പ്രതി ഉപകരണങ്ങൾ കച്ചവടമാക്കാൻ പോയതാണ് പിടിയിലാകാൻ കാരണമായത്.
കോട്ടയം വൈക്കം ഉദയനാപുരം ഷാജാസ് ഭവനിൽ ഷിജാസി (36)നെയാണ് ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിലെ ലോഡ്ജിൽ നിന്നും പിടികൂടിയത്.

സെപ്റ്റംബർ 20 ന് പുലർച്ചെയാണ് കായംകുളം-അടൂർ റോഡിൽ സെന്റ് മേരീസ് സ്‌കാനിങ് സെന്ററിന് സമീപമുള്ള കോട്ടയം പള്ളം സ്വദേശി എബി ജോർജിന്റെ ഉടമസ്ഥതയിലുള്ള കാമറ സ്‌കാനിൽ നിന്ന് കൊള്ള നടന്നത്. ഷട്ടറിന്റെ പൂട്ടു തകർത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന നിക്കോൺ, കാനോൻ, ലുമിക്സ്, സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ കാമറകളും വിലകൂടിയ ബാറ്ററികളും ലെൻസും ചാർജറുകളും ചാക്കിലാക്കിയാണ് പ്രതി കടന്നത്. ഇയാൾക്ക് ഒരു സഹായിയുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

പിറ്റേന്ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ആകെ കുഴങ്ങി. മോഷ്ടിച്ചു പുറത്തു കടക്കുന്ന സിസിടിവി ദൃശ്യം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു വഴികളിലൂടെ പ്രതി കടന്നിരിക്കാമെന്ന് പൊലീസ് കണക്കു കൂട്ടി. അടൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം വഴി രക്ഷപ്പെട്ടിരിക്കാം. മറ്റൊന്ന് അടൂരിൽ നിന്ന് കായംകുളത്ത് ചെന്ന് ട്രെയിൻ കയറി പോയിരിക്കാം. രണ്ടു സാധ്യതകളും പരിശോധിച്ചു. നാനൂറോളം സ്ഥലങ്ങളിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. ഇരുപതോളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതികൾ എറണാകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ച പൊലീസ് എറണാകുളം, അരൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, കാലടി മേഖലകളിൽ അന്വേഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരത്തേ നടന്നിട്ടുള്ള കാമറ മോഷണം നടത്തിയവരെ കുറിച്ചും പഠിച്ചു. വ്യക്തമായ തെളിവുകൾ കിട്ടാതെ
വന്നപ്പോൾ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള ടവർ ഡമ്പിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. മോഷ്ടിച്ച മുതലുകൾ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കൊണ്ടു വിൽക്കാൻ സാധ്യതയുള്ളതിനാൽ ആ വഴിക്കും അന്വേഷണ സംഘം നീങ്ങി.

ഇതിനിടെയാണ് പന്തളം കുരമ്പാലയിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും നിർണായകമായ ഒരു സിസിടിവി ദൃശ്യം ലഭിച്ചത്. ഏതാണ്ട് മോഷണം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് കടന്നു പോയ ബസിന്റെ പിന്നിലെ എമർജൻസി വിൻഡോയുടെ ഭാഗത്ത് രണ്ടു ചാക്കു കെട്ട്. ആ ചാക്കു കെട്ട് ഇരുന്ന ബസ് ഏതെന്നായി അന്വേഷണം. ബസ് കണ്ടു പിടിച്ചു. പിന്നെ ബസ് സഞ്ചരിച്ച വഴികളിലൂടെ മുന്നോട്ടു നീങ്ങി. ഇയാളുടെ ഒളിത്താവളം പാലക്കാട് ആണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെയും മോഷ്ടിച്ച കാമറകളിൽ ഒന്ന് പ്രതി വിൽപ്പനയ്ക്കായി കൊണ്ടു ചെന്ന കടയിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് മനസിലാക്കി പാലക്കാട് വണ്ടിത്താവളം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവിധ സ്ഥലങ്ങളിൽ നിന്നും വാടകയ്ക്കെടുത്ത വാഹനങ്ങളിൽ പ്രതി പാലക്കാട് നിന്നും പെരുമ്പാവൂർ, എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. മോഷണം നടന്ന് ഏഴാം ദിവസം മൂവാറ്റുപുഴയിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾ പാർക്കുന്ന ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP