Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോഴിക്കോട് പറമ്പിൽ ബസാറിലെ തുണിക്കട തീയിട്ട സംഭവം: ഒരാൾ അറസ്റ്റിൽ; പിടിയിലായത് വിദേശത്തേക്ക് കടന്ന മുഖ്യപ്രതി റഫീക്കിന്റെ സുഹൃത്ത് നൗഷാദ്; റഫീഖ് കടുംകൈക്ക് മുതിർന്നത് തുണിക്കട ഉടമയോട് തോന്നിയ വിരോധം മൂലമെന്ന് പൊലീസ്

കോഴിക്കോട് പറമ്പിൽ ബസാറിലെ തുണിക്കട തീയിട്ട സംഭവം: ഒരാൾ അറസ്റ്റിൽ; പിടിയിലായത് വിദേശത്തേക്ക് കടന്ന മുഖ്യപ്രതി റഫീക്കിന്റെ സുഹൃത്ത് നൗഷാദ്; റഫീഖ് കടുംകൈക്ക് മുതിർന്നത് തുണിക്കട ഉടമയോട് തോന്നിയ വിരോധം മൂലമെന്ന് പൊലീസ്

കെ വി നിരഞ്ജൻ

കോഴിക്കോട്: പറമ്പിൽ ബസാറിലെ തുണിക്കട ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തീവച്ചു നശിപ്പിച്ച കേസിലെ ഒരാൾ അറസ്റ്റിൽ. വിദേശത്തേക്ക് കടന്ന മുഖ്യ പ്രതി താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീക്കിന്റെ അടുത്ത സുഹൃത്തായ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദ് ആണ് പിടിയിലായത്. കോവിഡ് പരിശോധനക്ക് ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നൗഷാദിനെ റിമാൻഡ് ചെയ്തു.

ഏപ്രിൽ എട്ടിനാണ് പറമ്പിൽ ബസാറിൽ പുതുതായി തുടങ്ങിയ മമ്മാസ് ആൻഡ് പപ്പാസ തുണിക്കട കത്തിനശിച്ചത്. രണ്ടു നിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീവച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. കട പൂർണമായും കത്തിനശിച്ചതിനാൽ ഒന്നര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേവായൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.

കേസന്വേഷണം പുരോഗമിക്കവേ കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി ക്രൈം സ്‌ക്വാഡിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ് നാട്ടിലേക്ക് മുങ്ങിയതായി വിവരം ലഭിച്ചു. ഉടൻ തമിഴ്‌നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്‌ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിൽ നൗഷാദ് കേരളത്തിലേക്ക് കടന്നതായി രഹസ്യവിവരം ലഭിക്കുകയും പിൻതുടർന്ന പൊലിസ് താമരശ്ശേരിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതി റഫീക്ക് വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചത്. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും കസ്റ്റഡിയിലെടുത്തു. റഫീഖിന് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപ്പെട്ടതിലുള്ള വിരോധമാണ് കട കത്തിക്കാൻ പ്രേരണയായത്. കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ബോധ്യമായിട്ടുണ്ട്.

റഫീക്ക് കടയും പരിസരവും നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തത്. കൂട്ടുപ്രതികളെ കുറിച്ച് നൗഷാദിനെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, വിദേശത്തു നിന്ന് റഫീക്കിനെ നാട്ടിലെത്തിക്കുള്ള നടപടികൾ ആരംഭിച്ചതായും റഫീക്കിനെ വിദേശത്ത് സംരക്ഷിക്കുന്നവരെ കുറിച്ചും മനസ്സിലായതായും പൊലിസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയെ പൊലിസ് കസ്റ്റഡിയിൽ വാങ്ങും.

പ്രതികളെ സഹായിച്ച കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കത്തിലാണ് പൊലിസ്. മെഡിക്കൽ കോളേജ് സബ് ഡിവിഷൻ എ.സി.പി മുരളിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി.വിജയകുമാർ, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, ചേവായൂർ പൊലിസ് സ്റ്റേഷനിലെ എസ്‌ഐ രവീന്ദ്രൻ, സി.പി.ഒ സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP