Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാവരെയും വകവരുത്തി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് അവൾ മോഹിച്ചതെന്ന് വരുത്തി തീർത്തത് ആരാണ്? അവൾ രക്ഷിക്കാൻ ശ്രമിച്ച കാമുകന്മാർ ആരൊക്കെ? കേസ് അട്ടിമറിക്കാൻ സർവഅടവും പുറത്തെടുത്തത് ആരാണ്? സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് ജയിലിൽ സൗമ്യ ജീവനൊടുക്കാനുള്ള സാഹചര്യമെന്ത്? സംഭവ ദിവസം ജയിൽ സൂപ്രണ്ടിന്റെയും ഡപ്യൂട്ടി സൂപ്രണ്ടിന്റെയും അസ്വാഭാവിക അവധി; പിണറായി കൂട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണം

എല്ലാവരെയും വകവരുത്തി തന്നിഷ്ടപ്രകാരം ജീവിക്കാനാണ് അവൾ മോഹിച്ചതെന്ന് വരുത്തി തീർത്തത് ആരാണ്? അവൾ രക്ഷിക്കാൻ ശ്രമിച്ച കാമുകന്മാർ ആരൊക്കെ? കേസ് അട്ടിമറിക്കാൻ സർവഅടവും പുറത്തെടുത്തത് ആരാണ്? സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് ജയിലിൽ സൗമ്യ ജീവനൊടുക്കാനുള്ള സാഹചര്യമെന്ത്? സംഭവ ദിവസം ജയിൽ സൂപ്രണ്ടിന്റെയും ഡപ്യൂട്ടി സൂപ്രണ്ടിന്റെയും അസ്വാഭാവിക അവധി; പിണറായി കൂട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിൽ, സൗമ്യയുടെ ദുരൂഹമരണത്തോടെ അന്വേഷണം അവസാനിച്ചതായി നേരത്തെ വിധിയെഴുതിയ പൊലീസ് നിലപാട് തിരുത്തുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സൗമ്യ കണ്ണൂർ വനിതാ സബ് ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്തത്.

മാതാപിതാക്കളെയും രണ്ടുമക്കളെയും സൗമ്യ പലപ്പോഴായി വിഷം കൊടുത്തുകൊന്നത് ഒറ്റയ്ക്കാണ് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ, കണ്ണൂർ എസ്‌പി ശിവവിക്രമിന്റെ റിപ്പോർട്ട് വന്നതോടെയാണ് സൗമ്യ ഒറ്റയ്ക്കല്ല കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്ന് വിലയിരുത്തി പുനരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. സൗമ്യ ജീവനൊടുക്കിയ ദിവസം ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയെടുത്ത സാഹചര്യം, പ്രതി ജയിലിൽ ജീവനൊടുക്കാനുണ്ടായ സാഹചര്യം, കാമുകന്മാർ ആരൊക്കെ, കേസ് അട്ടിമറിക്കാൻ അണിയറയിൽ പ്രവർത്തിച്ചതാര് എന്നീ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ജയിൽ വളപ്പിൽ പ്രതി ആത്മഹത്യ ചെയ്തത് ജയിൽ അധികൃതരെ ഞെട്ടിച്ചിരുന്നു. കൃത്യവിലോപത്തിന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.

സൗമ്യയുടേത് ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ജയിൽ സൂപ്രണ്ടിന്റേയും ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും അസ്വാഭാവിക അവധികളാണ് സംശയത്തിന് ഇട നൽകുന്നത്. സൂപ്രണ്ടിന്റെ ചുമതലുണ്ടായിരുന്ന അസിസ്റ്റന്റെ സൂപ്രണ്ടും മരണ വിവരം അറിഞ്ഞ് ഏറെ വൈകിയാണ് എത്തിയത്. അതിനിടെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരങ്ങൾ സൗമ്യയുടേതാണോയെന്ന സംശയവും ചർച്ചയാകുന്നുണ്ട്. പിണറായി കൊലക്കേസിലെ ദുരൂഹതകളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.

ജയിലിനുള്ളിൽ മൂന്ന് ഏക്കർ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം സൗമ്യയെ കാണാതിരുന്നതോടെ തടവ് കാരി നടത്തിയ അന്വേഷണത്തിലാണ് മരണം അറിയുന്നത്. ഇതിന് ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിൽ സൗമ്യയുടെ ഒപ്പില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 24-നു രാവിലെ തൊഴുത്തിനു പിന്നിലുള്ള കശുമാവിൽ, സഹതടവുകാരിയുടെ സാരി ഉപയോഗിച്ചാണു സൗമ്യ തൂങ്ങിമരിച്ചത്.

മക്കളുടെയും മാതാപിതാക്കളുടെയും മരണത്തിൽ സൗമ്യയ്ക്കല്ലാതെ മറ്റാർക്കും പങ്കില്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടന്നു. ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും സംശയങ്ങളുയർന്നു. ഇതേത്തുടർന്നാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. സൗമ്യയുടെ മരണത്തോടെ കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യവും ഉന്നയിച്ചു. ഡയറി കുറിപ്പുകളിൽ സൗമ്യ സൂചിപ്പിച്ച ആൺസുഹൃത്തിനെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചിരുന്നു.

മക്കളെയും മാതാപിതാക്കളെയും പലപ്പോഴായി ഒറ്റയ്ക്കു കൊലപ്പെടുത്തിയെന്നത് ആദ്യം മുതൽ സംശയാസ്പദമായിരുന്നു. കാമുകനൊപ്പം കഴിയാൻ വേണ്ടിയാണു കൊലപാതകങ്ങൾ നടത്തിയതെന്നു സൗമ്യ മൊഴി നൽകിയെങ്കിലും കാമുകന്റെ പങ്ക് കാര്യമായി അന്വേഷിക്കപ്പെട്ടില്ല. സൗമ്യയ്ക്കു നാട്ടിൽ മറ്റു പലരുമായുള്ള ബന്ധവും അന്വേഷിക്കാൻ പൊലീസ് തയാറായില്ല. താനുമായി ബന്ധമുള്ള ആർക്കും കേസിൽ പങ്കില്ലെന്നു സൗമ്യ മൊഴി നൽകിയതായി പൊലീസ് പറയുന്നു. എന്നാൽ, താൻ നിരപരാധിയാണെന്നും കൊലപാതകം നടത്തിയതു മറ്റൊരാളാണെന്നും വ്യക്തമാക്കുന്ന സൗമ്യയുടെ ഡയറി കുറിപ്പുകൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.

സൗമ്യയുടെ പിതാവ് പിണറായി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീർത്തന (ഒന്നര) എന്നിവരാണു കൊല്ലപ്പെട്ടത്. 2012 സെപ്റ്റംബർ ഒമ്പതിനായിരുന്നു കീർത്തനയുടെ മരണം. കഴിഞ്ഞ ജനുവരി 31-ന് ഐശ്വര്യയും മാർച്ച് ഏഴിനു കമലയും ഏപ്രിൽ 13-നു കുഞ്ഞിക്കണ്ണനും സമാനസാഹചര്യത്തിൽ മരിച്ചു. അമ്മയുടെ അവിഹിതബന്ധങ്ങളെക്കുറിച്ചു മുത്തച്ഛനെ അറിയിക്കുമെന്നു പറഞ്ഞതിന്റെ പേരിലാണ് ഐശ്വര്യയെ കൊലപ്പെടുത്തിയത്. തുടർന്നും വീട്ടിൽ ആളുകൾ വന്നുകൊണ്ടിരുന്നതിന്റെ പേരിൽ പിതാവുമായി വഴക്കുണ്ടായി. ഇതേത്തുടർന്നു മാതാപിതാക്കളെയും കൊലപ്പെടുത്തുകയായിരുന്നു.

21 തടവുകാരും 29 ജീവനക്കാരുമാണ് കണ്ണൂർ വനിതാ സബ് ജയിലിലുള്ളത്. മൂന്ന് കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. ഈ പരിഗണനയോടെ സംരക്ഷണം ജയിലിനുള്ളിൽ ഒരുക്കിയില്ല. ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഇതാണ് സൗമ്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായത്. ജയിലിൽ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജയിലിനകത്ത് കുട നിർമ്മാണമായിരുന്നു ജോലി. കുടനിർമ്മിച്ച് ദിവസത്തിൽ 63 രൂപ സൗമ്യ സമ്പാദിച്ചിരുന്നു. കൊലപാതകങ്ങളിൽ തനിക്ക് മാത്രമേ പങ്കുള്ളൂ എന്നാണ് സൗമ്യ ആവർത്തിച്ച് മൊഴി നൽകിയത്. എന്നാൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ പെൺവാണിഭ സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവർ ഉണ്ടെങ്കിലും ജയിലിൽ ഒരു അഭിഭാഷകൻ അല്ലാതെ സൗമ്യയ്ക്ക് സന്ദർശകർ ആരുമില്ലായിരുന്നു.

കൊലപാതകങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ബന്ധുക്കളും ചിലരുടെ നിർദ്ദേശങ്ങളുണ്ടായിരുന്നെന്നു സൗമ്യയും ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. സഹതടവുകാരിയുടെ സാരി കൈവശപ്പെടുത്തുക, മൂന്നേക്കറിലധികമുള്ള ജയിൽപറമ്പിന്റെ അറ്റത്തെത്തുക, ഉയരമുള്ള കശുമാവിൽ കയറുക, സാരി കൊണ്ടു കുരുക്കുണ്ടാക്കി തൂങ്ങുക ഇത്രയും കാര്യങ്ങൾക്കായി ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലുമെടുക്കുമെന്നാണു പൊലീസ് നിഗമനം. അതായത് ജയിലിൽ ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായിരുന്നു.

കേസിന്റെ അന്വേഷണ ഘട്ടത്തിൽ പരിതാപകരമായ ജീവിത സാഹചര്യങ്ങളാണു സൗമ്യയെ മാറ്റിയതെന്നു പൊലീസ് പറഞ്ഞിരുന്നു. ഭർത്താവിന്റെ ക്രൂരമായ മർദനവും ഉപേക്ഷിക്കലും സൗമ്യയെ തളർത്തി. ജീവിക്കാൻ പണമില്ല. വീട്ടിലുള്ള നാലുപേരുടെ ഉത്തരവാദിത്തം സൗമ്യയ്ക്കായി. അതോടെ ജീവിതത്തോട് വെറുപ്പായി. പുരുഷന്മാരുമായുള്ള സൗഹൃദത്തിലൂടെ പണം ലഭിച്ചതോടെ സൗമ്യയുടെ മനസ് കൂടുതൽ കട്ടിയുള്ളതായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ എന്തും ചെയ്യാമെന്ന നില വന്നു. ബന്ധങ്ങളെ എതിർത്ത എല്ലാവരോടും പകയായി. അവസാനം അതു മൂന്നുപേരുടെ കൊലപാതകത്തിൽ കലാശിച്ചുവെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നത്.

പുറത്തുവന്ന മൊഴികൾ പ്രകാരം മൊഴികളിൽ താൻ തനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് സൗമ്യ പറഞ്ഞിരുന്നു. സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലും നിർണ്ണായകമാണ്. അച്ഛൻ കുഞ്ഞിക്കണ്ണൻ മരിക്കുന്നതിനു മുമ്പ് തന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും സഹോദരി വെളിപ്പെടുത്തുകയുണ്ടായി. സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാൽ ആ കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അച്ഛൻ പറഞ്ഞതായി സഹോദരി പറഞ്ഞിരുന്നു. ഇങ്ങനെ തന്റെ ഇഷ്ടത്തിന് എതിരു നിന്നതിനാണ് യുവതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

പലരുമായും സൗമ്യയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇല്ലിക്കുന്ന്, ചേരിക്കൽ, പിണറായി സ്വദേശികളായിരുന്നു ഇവർ. ചോദ്യം ചെയ്യലിൽ ഉടനീളം കാമുകനെയും മറ്റ് രണ്ടുപേരെയും സംരക്ഷിച്ചുകൊണ്ടുള്ളതായിരുന്നു സൗമ്യയുടെ മൊഴി. കണ്ണൂർ ഡിവൈഎസ്‌പി പി.പി.സദാനന്ദനാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. 'ഭർത്താവ് വല്ലാതെ ഉപദ്രവിക്കുമായിരുന്നല്ലേ' എന്ന ചോദ്യത്തിന് മുന്നിൽ സൗമ്യ മനസുതുറന്നു. 'ഭർത്താവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു. സ്‌നേഹിച്ചാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ സംശയമായിരുന്നു. ഇളയ മകൾ തന്റേതല്ലെന്ന് ഒരിക്കൽ അയാൾ പറഞ്ഞു. വിഷം കുടിച്ചു മരിക്കാൻ ഒരിക്കൽ തീരുമാനിച്ചതാണ്. അയാൾ കുടിച്ചില്ല. താൻ കുടിച്ചു. ആശുപത്രിയിലായെന്നും സൗമ്യ വ്യക്തമാക്കിയിരുന്നു. ഭർത്താവില്ലാതായതോടെ വരുമാനം നിലച്ചു. അച്ഛന് ജോലിക്ക് പോകാൻ ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അമ്മ ജോലിക്കുപോയെങ്കിലും വീട്ടിലെ സ്ഥിതി മാറിയില്ല. പിന്നീട് താൻ ജോലിക്ക് പോയി തുടങ്ങി. ജോലിസ്ഥലത്തെ ഒരു സ്ത്രീയാണ് ചില പുരുഷന്മാരെ പരിചയപ്പെടുത്തിയത്. വരുമാനം കിട്ടിയതോടെ കൂടുതൽ പുരുഷ സുഹൃത്തുക്കളുണ്ടായി. ഒരിക്കൽ തന്റെ വീട്ടിലെത്തിയ പുരുഷസുഹൃത്തിനെ മകൾ കണ്ടു. അവൾ തന്റെ അമ്മയോട് കാര്യങ്ങൾ പറഞ്ഞതോടെ അവളോടും അമ്മയോടും ദേഷ്യമായി.'' സൗമ്യ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസ്സിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴിൽ മുതൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ സഹായിയായി വരെ ജോലി ചെയ്തു. നിലവിൽ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായി ജോലി. ഈ പരിചയമുപയോഗിച്ചു പലരുമായും വൻ സാമ്പത്തിക ഇടപാടുകളും ഇവർക്കുണ്ടായിരുന്നു. ഇതെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകങ്ങളിൽ സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാരുടെ സഹായത്തോടെയായിരുന്നു പ്രചാരണം. തുടർന്ന് ഒരാഴ്ച മുൻപ് സൗമ്യ തലശ്ശേരി ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ പരിശോധനയിൽ സൗമ്യക്കു പ്രശ്നങ്ങളില്ലെന്നു പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.

എല്ലാവരേയും വകവരുത്തി തന്നിഷ്ട പ്രകാരം ജീവിക്കാനായിരുന്നു സൗമ്യ ആഗ്രഹിച്ചത്. ഇതിന് വേണ്ടി സംശയം തോന്നാത്ത വിധം കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു. പിണറായി പഞ്ചായത്തിൽ ഉണ്ടായ മരണ പരമ്പരയിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതോടെ സ്ഥലം എംഎഎ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. സൗമ്യയെ ആശ്വസിപ്പിക്കാനെത്തിയ പിണറായിക്ക് എന്തോ പന്തികേട് മണത്തു. സൗമ്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും വീട്ടിലെ ആൺ സുഹൃത്തുക്കളുടെ സാന്നിധ്യവും നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇതോടെ അന്വേഷണത്തിന് പിണറായി ഉത്തരവിട്ടു. സൂചനകൾ പൊലീസിനും കിട്ടിയെന്ന് ഉറപ്പായതോടെ അച്ഛനും അമ്മയ്ക്കും മക്കൾക്കും നൽകിയ വിഷം സൗമ്യയും കഴിഞ്ഞു. അന്വേഷ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. തന്നേയും വകവരുത്താൻ ഗൂഡ സംഘം ശ്രമിച്ചുവെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. അതിനു ശേഷമാണ് സൗമ്യയെ ഛർദ്ദിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖം ഭേദമായതോടെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയത്. ഇതോടെയാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. പിണറായിയിലെ ദുരൂഹമരണങ്ങളുടെ തുടക്കം ഈവർഷം ജനുവരിയിലാണ്. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക് ജനുവരി ഏഴിന് കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21ന് കുട്ടി മരിച്ചു. എശ്വര്യയുടെ വേർപാടിന്റെ നോവുണങ്ങും മുമ്പ് 43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ മരണം.

സൗമ്യയുടെ 65കാരിയായ മാതാവ് കമലക്ക് മാർച്ച് നാലിന് വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ് തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്. നാലാംനാൾ അന്ത്യശ്വാസം വലിച്ചു. സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും ഫോൺരേഖകളും മറ്റും വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെയാണ് സൗമ്യ കേസിൽ കുറ്റസമ്മതം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP