Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോലി തട്ടിപ്പുകാരാരും രക്ഷപെടില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; കഴിഞ്ഞ മൂന്ന് വർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് പി എസ് സി സെക്രട്ടറിക്ക്

ജോലി തട്ടിപ്പുകാരാരും രക്ഷപെടില്ല; പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; കഴിഞ്ഞ മൂന്ന് വർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് പി എസ് സി സെക്രട്ടറിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ മൂന്നുവർഷത്തെ മുഴുവൻ റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും പൂർണ വിവരങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് പി എസ് സിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സി സെക്രട്ടറിക്ക് കത്തയച്ചു. മറ്റ് പരീക്ഷകളിലും സമാന തട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്.

പരീക്ഷാ തട്ടിപ്പിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ തിരുമാനം. നടപടി വിവരങ്ങൾ പ്രോസിക്യൂഷൻ ഹൈക്കോടതിയേയും അറിയിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയ പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകളുടെയും നിയമനങ്ങളുടെയും വിശദാംശങ്ങൾ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ സംശായാസ്പദമായ രീതിയിലുള്ള ആരെങ്കിലും കടന്ന് കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള മറ്റാരെങ്കിലും റാങ്ക് പട്ടികയിൽ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നാലാംപ്രതി ഫയർമാൻ തസ്തികയിലെ റാങ്ക് പട്ടികയിൽ വിന്നിരുന്നുവെന്ന് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പ് ഇതാദ്യമായിരിക്കില്ല എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്. ഉത്തരക്കടലാസ് മുൻകൂട്ടി ചേർന്നിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരാനുണ്ട്. ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് കഴിഞ്ഞ മൂന്ന് വർഷത്തെ റാങ്ക് ലിസ്റ്റുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

ഇതിനിടെ, പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസിലെ അഞ്ചാംപ്രതി പൊലീസിൽ കീഴടങ്ങി. പൊലീസുകാരനായ ഗോകുലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ കീഴടങ്ങിയത്. പ്രതികൾക്ക് എസ് എം എസുവഴി ഉത്തരങ്ങൾ അയച്ചു നൽകിയത് ഇയാളാണ്. പിഎസ് സി പരീക്ഷക്ക് സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. തുടർന്ന് ശിവരഞ്ജിത്തിനെയും നസീമിനെയും പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.

പരീക്ഷയെഴുതിയ ആറ്റിങ്ങൽ വഞ്ചിയൂർ സർക്കാർ യുപിഎസിൽ എത്തിച്ച് ആദ്യം തെളിവെടുത്തു. നസീം പരീക്ഷ എഴുതിയ തൈക്കാട് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലും എത്തിച്ച് തെളിവെടുത്തു. കഴിഞ്ഞ ദിവസം പ്രതികളെ മൂന്നാറിലെത്തിച്ച് തെളിവെടുത്തിരുന്നു.

ഉത്തരങ്ങൾ ലഭിക്കാൻ ലഭിക്കാൻ ഇരുവരും ധരിച്ചിരുന്ന സ്മാർട്ട് വാച്ചുകളിൽ ഒരെണ്ണം മൂന്നാറിൽ ഉപേക്ഷിച്ചെന്ന് മൊഴി നൽകി. ഇതേ തുടർന്നാണ് മൂന്നാറിൽ തെളിവെടുപ്പ് നടത്തിയത്. മറ്റൊരു സ്മാർട്ട് വാച്ച് പിഎംജിയിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്ററിലും ഉപേക്ഷിച്ചുവെന്നാണ് മൊഴി.
തട്ടിപ്പ് നടത്തിയവർക്കൊപ്പം പരീക്ഷ എഴുതിയവരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. പരീക്ഷാ ഡ്യൂട്ടിക്ക് നിന്നവരോട് തെളിവെടുപ്പിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. തട്ടിപ്പിലെ പ്രധാനികളായ പ്രണവ്, സഫീർ എന്നിവർ കൂടി പിടിയിലായാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP