Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പെറ്റിക്കേസ് ഇനി എടുക്കില്ലെന്ന തീരുമാനം നിർണ്ണായകമായി; 14 ജില്ലകളിലേയും പ്രധാന ഉദ്യോഗസ്ഥർ ചർച്ച ചെയ്തത് തെളിയിക്കാനാവുമെന്ന് ഉറപ്പുള്ള 68 കേസുകൾ; അതിൽ പ്രതികൾ തൊട്ടടുത്തുള്ള ആറെണ്ണം കണ്ടെത്തിയത് തച്ചങ്കരിയും; ഫോറൻസിക്-സൈബർ മേഖലയിലെ വിദഗ്ധരേയും അന്വേഷണ ചർച്ചകളുടെ ഭാഗമാക്കിയത് ഗുണം ചെയ്തു; മുക്കത്തെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ 'സിബിഐ' ഓപ്പറേഷൻ; നേരറിയിക്കാൻ ഇനി കേരളാ പൊലീസും

പെറ്റിക്കേസ് ഇനി എടുക്കില്ലെന്ന തീരുമാനം നിർണ്ണായകമായി; 14 ജില്ലകളിലേയും പ്രധാന ഉദ്യോഗസ്ഥർ ചർച്ച ചെയ്തത് തെളിയിക്കാനാവുമെന്ന് ഉറപ്പുള്ള 68 കേസുകൾ; അതിൽ പ്രതികൾ തൊട്ടടുത്തുള്ള ആറെണ്ണം കണ്ടെത്തിയത് തച്ചങ്കരിയും; ഫോറൻസിക്-സൈബർ മേഖലയിലെ വിദഗ്ധരേയും അന്വേഷണ ചർച്ചകളുടെ ഭാഗമാക്കിയത് ഗുണം ചെയ്തു; മുക്കത്തെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ 'സിബിഐ' ഓപ്പറേഷൻ; നേരറിയിക്കാൻ ഇനി കേരളാ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഏത് കേസും സിബിഐയ്ക്ക് വിടണമെന്ന പൊതു വികാരമാണ് കേരളത്തിലുള്ളത്. പൊലീസിനെ രാഷ്ട്രീയക്കാർക്ക് സ്വാധീനിക്കാൻ കഴിയുന്നതും ശാസ്ത്രീയ അന്വേഷണത്തിന്റെ പോരായ്മകളുമായിരുന്നു നേരറിയാൻ സിബിഐ എന്ന വാചകത്തിന് കേരളത്തിൽ പ്രസക്തി കൂട്ടിയത്. ഇത് പൊളിച്ചെഴുതാനുള്ള ശ്രമമായിരുന്നു മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിൽ കൊലക്കേസ് അന്വേഷണം. 

ലോക്കൽ പൊലീസിന്റെ ആറുമാസത്തെ അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് കണ്ടതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടരവർഷത്തിനുശേഷം കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ഒന്നല്ല രണ്ട് കൊലപാതങ്ങളാണ് ഇതോടെ തെളിഞ്ഞത്. ബിർജു അഴിക്കുള്ളിലാകുമ്പോൾ അമ്മ ജയവല്ലിയേയും ഈ മകൻ കൊന്നതാണെന്ന് കണ്ടെത്തി. അങ്ങനെ ഒരു വെടിക്ക് കിട്ടയത് രണ്ട് കൊലപാതകങ്ങൾ.

ക്രൈംബ്രാഞ്ചിനെ ശാസ്ത്രീയമാക്കാൻ തച്ചങ്കരി നടത്തിയ പഠനമാണ് അന്വേഷണ ഏജൻസിക്ക് പെരുമ നൽകിയത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലോക്കൽ പൊലീസിനെക്കാൾ വിശ്വാസം ക്രൈംബ്രാഞ്ചിൽ ആയിരുന്നുവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു . കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിപി നേരിട്ട് 750 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. ഇതിനു പുറമേ സർക്കാർ ഉത്തരവു പ്രകാരം 50 കേസുകളും കോടതി വഴി 20 കേസുകളുമെത്തി. ഇങ്ങനെ പോയാൽ ഒരു കേസു പോലും തെളിയില്ലെന്നും തച്ചങ്കരി മനസ്സിലാക്കി. ഇതോടെ പരിഷ്‌കാരങ്ങൾ തുടങ്ങി. എന്നാൽ പെറ്റിക്കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടെന്ന നിലപാടിൽ ഇത്തരത്തിലുള്ള ഇരുനൂറ്റിയൻപതിലേറെ കേസുകൾ ലോക്കൽ പൊലീസിലേക്കു മടക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി, ബെഹ്‌റയ്ക്കു റിപ്പോർട്ട് നൽകി. ഓരോ കേസും എന്തുകൊണ്ടു ക്രൈംബ്രാഞ്ച് അന്വേഷിക്കേണ്ടതില്ലെന്ന കാരണവും വ്യക്തമാക്കി. ഇത്തരം കൂടുതൽ കേസുകൾ ഉണ്ടോയെന്നു പരിശോധിക്കാൻ യൂണിറ്റ് മേധാവികൾക്കു നിർദ്ദേശവും നൽകി.

ക്രൈംബ്രാഞ്ചിന് ഏതെങ്കിലും കേസ് കൈമാറിയാൽ 15 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്തും. അല്ലാത്തവ ലോക്കൽ പൊലീസിലേക്കു മടക്കുമെന്നും വ്യക്തമാക്കി. കേസുകളുടെ ബാഹുല്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായും ക്രൈംബ്രാഞ്ച് ഉന്നതർ വിലയിരുത്തി. 5 വർഷത്തിൽ കൂടുതൽ ക്രൈംബ്രാഞ്ചിൽ തുടരുന്ന കോൺസ്റ്റബിൾ, എസ്‌ഐ റാങ്കിലെ 96 പേരെയും 37 ഡ്രൈവർമാരെയും മാതൃ യൂണിറ്റിലേക്കു മടക്കി. പകരം എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഇത്രയും പേരെ നിയമിച്ചു. ഇതിനൊപ്പം സിഐ, ഡിവൈഎസ് പി റാങ്കിനും അന്വേഷണ മികവ് കണക്കിലെടുക്കാൻ തീരുമാനിച്ചു. ഇതോടെ കഴിവ് തെളിയിക്കേണ്ടത് ഏവരുടേയും ഉത്തരവാദിത്തമായി. ഒരേ മനസോടെ എല്ലാവരും ഒരുമിച്ചു. ഇതാണ് മുക്കത്തെ കൊലയാളിയേയും കുടുക്കിയത്. ക്രൈംബ്രാഞ്ചിലെയും ലോക്കൽ പൊലീസിലെയും ഉദ്യോഗസ്ഥരെ കൂട്ടിച്ചേർത്തുള്ള പ്രത്യേക അന്വേഷണ സംഘം ഇനിയില്ല. ഉദ്യോഗസ്ഥരെ ഇത്തരം സംഘത്തിൽ ഉൾപ്പെടുത്തുന്നതു ക്രൈംബ്രാഞ്ച് കേസുകളുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നു ടോമിൻ തച്ചങ്കരി, ബെഹ്‌റയെ അറിയിച്ചിരുന്നു. ഇതും നിർണ്ണായകമായി.

ക്രൈംബ്രാഞ്ചിൽ തച്ചങ്കരി എത്തിയതു മുതൽ കണക്കെടുപ്പും വിലയിരുത്തലുകളും സജീവമായിരുന്നു. ഉറപ്പായി തെളിയിക്കാൻ പറ്റുന്നവ, സാധ്യത ഉള്ളവ, ഒരിക്കലും തെളിയാത്തവ എന്നിങ്ങനെ കേസുകളെ ക്രമപ്പെടുത്തി. ഇതിലൂടെ 68 കേസുകൾക്ക് മാത്രമേ കൊലപാതക കുറ്റത്തിൽ ആയുസുള്ളൂവെന്ന് തിരിച്ചറിഞ്ഞു. ഇവ ഓരോന്നും പ്രത്യേകമായി ചർച്ച നടത്തി. അങ്ങനെ പ്രതികൾ തൊട്ടടുത്തുണ്ടെന്ന് ആറു കേസുകളിൽ തിരിച്ചറിവുണ്ടായി. ഇതിൽ ആദ്യത്തെ കേസായിരുന്നു മുക്കത്തേത്. അത് വിജയം കാണുകയും ചെയ്തു. എല്ലാ മാസവും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങൾ നടക്കാറുണ്ട്. എല്ലാ ജില്ലയിൽ നിന്നും ഉദ്യോഗസ്ഥരെത്തും. ഇതിനൊപ്പം പ്രധാനപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷകരും. ഓരോ കേസും ഈ യോഗങ്ങളിൽ വിലയിരുത്തലായെത്തി. ഇതോടെ അന്വേഷണം നടത്തുന്നതിന് അപ്പുറത്തേക്കുള്ളവർക്കും അഭിപ്രായം പറയാൻ അവസമുണ്ടാക്കി. ഇത് അന്വേഷണത്തിന് പുതിയ മാനം നൽകി.

കൂട്ടായ ചർച്ചകളാണ് മുക്കത്തെ ബിർജുവിനേയും കുടുക്കിയത്. പല സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ അവിശിഷ്ടം ഒന്നാണെന്ന് തെളിഞ്ഞത് ഡിഎൻഎ പരിശോധനയിലൂടെയാണ്. തലയോട്ടിയിൽ നിന്ന് രേഖാ ച്ിത്രം തെളിഞ്ഞതും ചർച്ചകളുടെ ആകെ തുക. കൈവരലുകളിൽ നിന്ന് തെളിവ് കിട്ടാൻ കാരണം ഫിംഗർ പ്രിന്റ് വിദഗ്ദരാണ്. അവലോകന യോഗങ്ങളിൽ ഫോറൻസിക് വിദഗ്ധരേയും സൈബർ വിദഗ്ധരേയും പങ്കെടുപ്പിക്കുന്ന തച്ചങ്കരിയുടെ രീതിയാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. കിട്ടിയ കൈവിരലുകൾ ആരുടേതെന്ന് കണ്ടെത്തിയതാണ് നിർണ്ണായകമായത്. അതിന് വേണ്ടി ഹൈ ഡെഫനിഷൻ രീതിയുണ്ടെന്ന് തിരിച്ചറിഞ്ഞത് ചർച്ചകളുടെ ആകെ തുകയായിരുന്നു. ഇസ്മായിൽ മോഷണ കേസിലെ പ്രതിയായിരുന്നു. ഇസ്മായിലിന്റെ കൈ രേഖ ഫോറൻസിക് ലാബിൽ ഉണ്ടായിരുന്നു. കേസിലെ പ്രതിയായിരുന്നില്ല ഇസ്മായിൽ എങ്കിൽ ഒരിക്കലും ബിർജുവിലേക്ക് അന്വേഷണം എത്തില്ലായിരുന്നു.

തെളിയിക്കാനാവുന്ന കേസുകളുടെ പട്ടികയിലേക്ക് തച്ചങ്കരി കണ്ടെത്തിയിട്ടുള്ളത് 68 കേസുകളാണ്. അതിൽ ആറെണ്ണമാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പാലക്കാട് രണ്ടും വയനാടും കണ്ണൂരും ഓരോ കേസും അവസാന ഘട്ട അന്വേഷണത്തിലാണ്. ഇതിലും പ്രതികൾ എപ്പോൾ വേണമെങ്കിലും അഴിക്കുള്ളിലാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ശരീര ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത് പിഴയ്ക്കാത്ത ചുവടുകളുമായാണ്. മുക്കം വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ ബിർജു (53) ആണ് അറസ്റ്റിലായത്. മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിൽ (47) ആണ് കൊല്ലപ്പെട്ടത്. ഇസ്മായിലിനെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ബിർജു അറസ്റ്റിലായതോടെ മറ്റൊരു കൊലപാതകം കൂടി തെളിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയുടെ കൊലപാതകമാണ് തെളിഞ്ഞത്.

ബിർജുവും അമ്മ ജയവല്ലിയും തമ്മിൽ സ്വത്തു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് അമ്മയെ കൊല്ലാൻ ബിർജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന്റെ സഹായം തേടുകയായിരുന്നു. 2017 മാർച്ച് അഞ്ചിനാണ് ബിർജു അമ്മയെ കൊലപ്പെടുത്തിയത്. ഇസ്മായിലിന്റെ സഹായത്തോടെ ജയവല്ലിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. ജയവല്ലിയെ കൊന്നതിന് നൽകേണ്ട ക്വട്ടേഷൻ തുകയെച്ചൊല്ലിയുള്ള തർക്കത്തെയും വിവരം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തലിനെയും തുടർന്നാണ് ഇസ്മായിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ ബിർജുവിന്റെ മൊഴി. ഇസ്മായിലിന്റെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു. ലോക്കൽ പൊലീസിന്റെ ആറുമാസത്തെ അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് കണ്ടതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടരവർഷത്തിനുശേഷം കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസ് പറയുന്നത് ഇങ്ങനെ

ഭൂസ്വത്ത് ധാരാളമുള്ള പാലാ കുടുംബത്തിലെ അംഗമാണ് ബിർജു. സ്വത്ത് വീതിച്ചപ്പോൾ ലഭിച്ച അഞ്ചേക്കൽ ബിർജു വിറ്റ് പണം ധൂർത്തടിച്ചു. വീണ്ടും പണത്തിനായി ജയവല്ലിയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ബിർജുവും കുടുംബവും അമ്മക്കൊപ്പമാണ് താമസിച്ചിരുന്നത്. പണം പലിശക്ക് കൊടുക്കുന്ന ഇടപാട് ജയവല്ലിക്ക് ഉണ്ടായിരുന്നു. ഇതിന്റെ എജന്റായി നിന്നിരുന്നത് ഇസ്മയിൽആണ്. അമ്മയിൽനിന്ന് പണം വാങ്ങി ഇസ്മയിൽ ബിർജുവിന് കൊടുത്തു. വീണ്ടും പണം ആവശ്യപ്പെട്ട് അമ്മയെ ബിർജു ബുദ്ധിമുട്ടിച്ചു. പണം തരില്ലെന്ന് അവർ തീർത്തു പറഞ്ഞു.

ഇതോടെ ജയവല്ലിയെ കൊലപ്പെടുത്താൻ ബിർജു തീരുമാനിച്ചു. ഭാര്യയേും മക്കളേയും ഭാര്യാവീട്ടിൽ പറഞ്ഞുവിട്ടശേഷം ഇസ്മയിലുമൊത്ത് വീട്ടിലെത്തി.കൊലചെയ്യാൻ രാവിലേയും ഉച്ചക്കും വന്നെങ്കിലും സാധിച്ചില്ല. വൈകിയിട്ട് എത്തിയപ്പോൾ ജയവല്ലി ഉറങ്ങുകയായിരുന്നു. കട്ടിലിന്റെ അഴിയിൽ കയർകെട്ടിവരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഫാനിൽ സാരിയിൽ കെട്ടിത്തൂക്കുയായിരുന്നു. മരണം ആത്മഹത്യയെന്ന് വരുത്തിതീർത്തു. 2014ലാണ് കൊലപാതകം നടത്തിയത്. ഏകമകനായ ബിർജുവിലേക്ക് അമ്മയുടെ സ്വത്തുക്കൾ എത്തിചേരുകയും. ചെയ്തു. തുടർന്ന് വീട് വിൽക്കാൻ ബിർജു ശ്രമിച്ചു. 10 ലക്ഷം രൂപ അഡ്വാൻസ് കൈപറ്റി. ഇതറിഞ്ഞ് ഇസ്മയിൽ പണമാവശ്യപ്പെട്ട് ബിർജുവിനെ ശല്യപ്പെടുത്താൻ തുടങ്ങി. വീട്ടിലെത്തിയ ഇസ്മയിലെ മദ്യം കൊടുത്ത് മയക്കിക്കിടത്തി കഴുത്ത് വരിഞ്ഞ് കൊലപ്പെടുത്തി. പിന്നീട് പ്ലാസ്റ്റിക് ചരടുകളും സർജിക്കൽ ബ്ലേഡും വാങ്ങിയെത്തി ശരീരം പല ഭാഗങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ചാക്കുകളിലാക്കി മുക്കം ചാലിയം ഭാഗങ്ങളിൽ പലയിടത്തായി കൊണ്ടിട്ടു. വേട്ടയാടുന്ന ശീലമുണ്ടായിരുന്ന ബിജുവിന് വേട്ടമൃഗങ്ങളെ കഷ്ണങ്ങളാക്കി പരിചയവുമുണ്ടായിരുന്നു. അതാണ് ഇസ്മയിലിന്റെ മൃതദേഹത്തിലും ചെയ്തത്.

മുക്കത്ത് കോഴി വേസ്റ്റ് ഇടുന്നതിൽ പ്രതിഷേധിച്ച് ആ ഭാഗത്തെ ഫേസ്‌ബുക്ക് കൂട്ടായ്മ മാലിന്യം നീക്കാൻ ശ്രമം തുടങ്ങി. മാലിന്യം നീക്കുന്നതിനിടെയാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇസ്മയിലിനെതിരേ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ നേരത്തെ കേസുകളുണ്ട്. തിരുവനന്തപുരം ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പൊലീസിനു ലഭിച്ചത്. 1991-ൽ മലപ്പുറം പൊലീസ് പിടികൂടിയപ്പോൾ ഇസ്മയിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. ഇതും മൃതദേഹത്തിൽനിന്നു ലഭിച്ച വിരലടയാളവും ഒത്തുവന്നതാണ് കേസിൽ വഴിത്തിരിവായത്.

2017 ഓഗസ്റ്റ് 13-ന് ചാലിയം കടൽത്തീരത്തുനിന്ന് ബേപ്പൂർ പൊലീസിനു ലഭിച്ച തലയോട്ടി ഉപയോഗിച്ച് 2019 നവംബറിൽ രേഖാചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ അഞ്ചുദിവസം മുതൽ ഏഴുദിവസം വരെ പഴക്കമുണ്ടായിരുന്നു. അഗസ്ത്യമുഴിയിലെ റോഡരികിൽനിന്ന് ജൂലായ് ആറിനാണ് ഉടൽഭാഗം കണ്ടെത്തിയത്. കൈതവളപ്പ് കടൽത്തീരത്തു നിന്ന് ജൂൺ 28-ന് ഒരു കൈയുടെ ഭാഗവും ജൂലായ് ഒന്നിന് ചാലിയം കടൽത്തീരത്തുനിന്ന് രണ്ടാമത്തെ കൈയും കിട്ടി. ഇതെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ. പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP