Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിൽ സി ബി ഐ വേണ്ട; അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് പോളിറ്റ് ബ്യൂറോ; സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ ഏറ്റെടുക്കുന്നതിൽ നിന്നും വിലക്കാൻ സർക്കാറിന് പാർട്ടിയുടെ പച്ചക്കൊടി; കോൺഗ്രസിനും ദേശീയ തലത്തിൽ ഇതേ നിലപാടെന്ന് പിബി; നിയമ പരിശോധനകൾക്ക് ശേഷം തീരുമാനം പ്രഖ്യാപനം ഉടൻ

കേരളത്തിൽ സി ബി ഐ വേണ്ട; അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് പോളിറ്റ് ബ്യൂറോ; സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ ഏറ്റെടുക്കുന്നതിൽ നിന്നും വിലക്കാൻ സർക്കാറിന് പാർട്ടിയുടെ പച്ചക്കൊടി; കോൺഗ്രസിനും ദേശീയ തലത്തിൽ ഇതേ നിലപാടെന്ന് പിബി; നിയമ പരിശോധനകൾക്ക് ശേഷം തീരുമാനം പ്രഖ്യാപനം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ സി ബി ഐയെ വിലക്കാൻ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്ര് ബ്യൂറോയുടെ വിലയിരുത്തൽ. നിയമ പരിശോധനകൾക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളും ദേശീയതലത്തിൽ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. കേന്ദ്രകമ്മിറ്റിയിൽ വിഷയത്തെ സംബന്ധിച്ച് വിശദമായ ചർച്ചയുടെ ആവശ്യമില്ലെന്നും സി പി എം മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.

അതേസമയം ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നതിലുള്ള എതിർപ്പ് സി പി എം കേരളഘടകം അവസാനിപ്പിച്ചു. കോൺഗ്രസുമായുള്ള സഖ്യത്തിന് സി പി എം പി ബി അനുമതി നൽകി. സംസ്ഥാനത്ത് സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനു തയാറാണെന്ന് ബംഗാളിൽ വീണ്ടും പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റ അധീർ രഞ്ജൻ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.

മഹാരാഷ്ട്ര, പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച്, സംസ്ഥാനത്ത് സിബിഐയ്ക്ക് കേസെടുക്കുന്നതിൽ പൊതുഅനുമതി നൽകിയത് പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സർക്കാർ തലത്തിൽ നടപടികൾ തുടങ്ങുകയും ചെയ്തു.

ഏജൻസികൾ രാഷ്ട്രീയലാക്കോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം ആലോചിക്കേണ്ടി വന്നതെന്ന് നേരത്തെ നിയമമന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചുരുന്നു. കേന്ദ്രഏജൻസികൾക്ക് സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഒരു കേസിൽ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതിൽ സിപിഎമ്മിനും സർക്കാരിനും സിപിഐയുടെ നിരുപാധിക പിന്തുണ നൽകി. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ നിലപാട് വ്യക്തമാക്കിയത്. ഇത് പാടില്ലെന്ന് പറയാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐയെന്നും കാനം പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവർ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും സിപിഐ പറയുന്നു. സിബിഐ ഒരു അന്വേഷണ ഏജൻസിയാണെന്നും അതിനാൽത്തന്നെ കേസന്വേഷണത്ത എതിർക്കുന്നുമില്ലെന്നും കോടിയേരിക്ക് പിന്നാലെ കാനവും ആവർത്തിക്കുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെ അനുമതി ആവശ്യമാണെന്നും കാനം.

സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനന്റെ പ്രസ്താവന തള്ളി എ കെ ബാലൻനും രംഗത്തുവന്നു. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും നിയമ മന്ത്രി പറയുന്നു. ഏത് ഏജൻസിയെയും സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോൾ മാത്രമാണ് സർക്കാർ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലൻ വിശദീകരിച്ചു.

പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ലെന്നും അപകീർത്തി പ്രചരണം തടയാൻ മാത്രമാണ് ഭേദഗതിയെന്നും ബാലൻ പറഞ്ഞു. സ്ത്രീകൾക്ക് ഉപകാരപ്പെടാനാണ് നീക്കമെന്നാണ് വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും നിയമത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എവിടെ എങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമർശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. എന്നാൽ, ചെന്നിത്തലയുടെ എതിർപ്പിനെ കോൺഗ്രസ് ദേശീയ തലത്തിൽ സ്വീകരിക്കുന്ന നിലപാടുമായി ചേർത്തു കൊണ്ട് കൈകാര്യം ചെയ്യാനാണ് സിപിഎം ആലോചിക്കുന്നത്.

ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുൻകൂട്ടി നൽകിയതാണ്. ഇത് പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം വന്നപ്പോൾ ഇത് നിയന്ത്രിക്കുന്ന കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരികയോ, ഈ അനുമതി പിൻവലിക്കുകയോ ചെയ്യണമെന്ന തരത്തിലുള്ള ചർച്ച പാർട്ടിക്കകത്തും, സർക്കാർ തലത്തിലും ഉയർന്ന് വന്നിരുന്നതാണ്. എന്നാൽ അപ്പോഴത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ സർക്കാർ, സിബിഐ അന്വേഷണം മതിയെന്ന് തൽക്കാലം തീരുമാനിക്കുകയായിരുന്നു, എന്നാൽ പിന്നീടങ്ങോട്ട് കേന്ദ്രഏജൻസികൾ വിവിധ കേസുകൾ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ്, സംസ്ഥാനത്തിന്റെ അനുമതി ഓരോ കേസും പരിശോധിച്ച് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലേക്ക് പോകാൻ സർക്കാരും പാർട്ടിയും പോയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP