Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202306Monday

സന്ദീപിനെ തേടി രണ്ടു ബൈക്കുകളിലായി ചാത്തങ്കരിയിലെ കടയിൽ എത്തിയത് അഞ്ചു പേർ; നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യം; കടയുടമയുടെ മകനെ വടിവാൾ കാട്ടി വിരട്ടി; മടങ്ങും വഴി കലുങ്കിൽ ഇരുന്ന സന്ദീപിനെ വെട്ടിവീഴ്‌ത്തി: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

സന്ദീപിനെ തേടി രണ്ടു ബൈക്കുകളിലായി ചാത്തങ്കരിയിലെ കടയിൽ എത്തിയത് അഞ്ചു പേർ; നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യം; കടയുടമയുടെ മകനെ വടിവാൾ കാട്ടി വിരട്ടി; മടങ്ങും വഴി കലുങ്കിൽ ഇരുന്ന സന്ദീപിനെ വെട്ടിവീഴ്‌ത്തി: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും പെരിങ്ങര പഞ്ചായത്ത് മുൻ അംഗവുമായ പിബി സന്ദീപ് കുമാറിന്റേത്(-33) ആസൂത്രിത കൊലപാതകമാണെന്ന് നിഗമനത്തിൽ പൊലീസ് സംഘം. അഞ്ചംഗം സംഘം രാത്രി ഏഴു മണി മുതൽ ആയുധവുമായി സന്ദീപിനെ തെരഞ്ഞു നടക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.

സന്ദീപും സുഹൃത്തുക്കളും പതിവായി ചെന്നിരിക്കാറുള്ള ചാത്തങ്കരിയിലെ കടയിൽ രാത്രി ഏഴരയോടെ രണ്ടു ബൈക്കുകളിലായി അഞ്ചു പേർ സന്ദീപിനെ അന്വേഷിച്ച് ചെന്നിരുന്നു. വന്നിട്ടില്ലെന്ന് കടയുടമയുടെ മകൻ പറഞ്ഞപ്പോൾ നീയൊക്കെ സന്ദീപിന് മാത്രമേ സിഗരറ്റ് കൊടുക്കുകയുള്ളോ എന്നൊരു ചോദ്യമുന്നയിച്ചുവെന്ന് പറയുന്നു. തുടർന്ന് കടയുടമയുമായി വാക്കേറ്റമുണ്ടായപ്പോഴാണ് സംഘത്തിലെ രണ്ടു പേർ വടിവാളും കത്തിയുമെടുത്ത് വീശിയത്.

സന്ദീപിനെ കാണാതെ വന്നപ്പോൾ ഇവർ തിരക്കി പോവുകയായിരുന്നു. വൈകിട്ട് പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പോയി മടങ്ങി വന്ന സന്ദീപ് തുടർന്ന് ലോക്കൽ കമ്മറ്റി യോഗത്തിലും പങ്കെടുത്തിരുന്നുവത്രേ. അതിന് ശേഷം മേപ്രാലിലെ കലുങ്കിൽ സുഹൃത്തുമൊത്ത് ഇരുന്ന് സംസാരിക്കുമ്പോഴാണ് അഞ്ചംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുന്നത്. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. സന്ദിപിനെ സമീപത്തെ ചാലിലേക്ക് തള്ളിയിട്ട സംഘം വെട്ടിയും കുത്തിയുമാണ് കൊന്നത്. ശരീരമാസകലം മുറിവുകൾ ഉണ്ട്. മാരകമായ 11 കുത്തുകളേറ്റ സന്ദീപ് ആശുപത്രിയിൽ എത്തും മുൻപ്‌ മരിച്ചു.

ആർഎസ്എസ് പ്രവർത്തകരായ കണ്ണൻ എന്നു വിളിക്കുന്ന കണിയംപറമ്പിൽ ജിഷ്ണു, ശ്രീജിത്ത് എന്നിവർ കൊലയാളി സംഘത്തിലുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. സുനിതയാണ് ഭാര്യ. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, തിരുവല്ല ഡിവൈ.എസ്‌പി രായപ്പൻ റാവുത്തർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

തിരുവല്ല പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രസ്താവനയിൽ ആവശപ്പെട്ടു. ഒരു തരത്തിലുള്ള രാഷ്ട്രിയ സംഘർഷവും നിലവില്ലാതിരുന്ന പ്രദേശത്ത് ആർഎസ്എസ് ക്രിമിനൽ സംഘം ബോധപൂർവം കൊലപാതകം നടത്തുകയായിരുന്നു. സന്ദീപിന്റെ ശരീരത്തിൽ നിരവധി കുത്തേറ്റിട്ടുണ്ട്. വളരെ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു എന്നതിന് തെളിവാണ് ഇത്. സംഘർഷം സൃഷ്ടിച്ച് നാട്ടിൽ അരാജകത്വം വളർത്താനാണ് ഇക്കൂട്ടരുടെ ശ്രമം.

അടുത്ത കാലത്തായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടുംബമായി തന്നെ ബിജെപി ആർഎസ്എസ് സംഘം വിട്ട് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ വന്നിരുന്നു. നിരവധി പേരാണ് ഇപ്പോഴും വരുന്നത്. അക്രമി സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന ബിജെപി, ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ചെയ്തികളിൽ മനംമടുത്താണ് ഇത്തരത്തിൽ സിപിഐ എമ്മുമായി സഹകരിക്കാൻ ആളുകൾ എത്തുന്നത്. അതിൽ വിളറി പൂണ്ടു കൂടിയാണ് ഇത്തരത്തിൽ അക്രമം നടത്തുന്നതെന്ന് സംശയിക്കുന്നു.അക്രമി സംഘത്തെ സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും കെ പി ഉദയഭാനു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP