Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ നമ്മൾ ഇങ്ങനാണ് ഭായ്! ബിജെപി പ്രവർത്തകൻ കൊലക്കേസിൽ പെട്ടപ്പോൾ സഹായിക്കാൻ മുന്നിൽ സിപിഎം; പരാതിക്കാരായ സിപിഎം കുടുംബം ഔട്ട്; തിരൂർ അന്നാരയിൽ പിന്നോക്ക സമുദായക്കാരി അമ്മുവിന്റെ ദുരൂഹമരണത്തിൽ സിപിഎമ്മും പൊലീസും ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം; ഗൗരവമുള്ള കേസെന്നും റിപ്പോർട്ട് തേടിയെന്നും മനുഷ്യാവകാശ കമ്മീഷൻ

ഇപ്പോൾ നമ്മൾ ഇങ്ങനാണ് ഭായ്! ബിജെപി പ്രവർത്തകൻ കൊലക്കേസിൽ പെട്ടപ്പോൾ സഹായിക്കാൻ മുന്നിൽ സിപിഎം; പരാതിക്കാരായ സിപിഎം കുടുംബം ഔട്ട്; തിരൂർ അന്നാരയിൽ പിന്നോക്ക സമുദായക്കാരി അമ്മുവിന്റെ ദുരൂഹമരണത്തിൽ സിപിഎമ്മും പൊലീസും ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപണം; ഗൗരവമുള്ള കേസെന്നും റിപ്പോർട്ട് തേടിയെന്നും മനുഷ്യാവകാശ കമ്മീഷൻ

എംപി.റാഫി

മലപ്പുറം: തിരൂർ അന്നാരയിലെ പിന്നോക്ക സമുദായക്കാരിയായ വൃദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മക്കൾ പരാതി നൽകി.സിപി ഐ എമ്മിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കിയാണ് പരാതിയുമായി മക്കൾ രംഗത്ത് എത്തിയത്. വൃദ്ധയെ തല്ലിച്ചതച്ച് അവശയാക്കിയ സജീവ ബിജെപി പ്രവർത്തകനെ സംരക്ഷിക്കാൻ സിപിഎമ്മും പൊലീസും ഒത്താശ ചെയ്തുവെന്ന ഗുരുതരമായ ആരോപണവുമായാണ് മക്കളും കുടുംബാംഗങ്ങളും രംഗത്തെത്തിയത്.

മാതാവിന്റെ മരണത്തിന് ഇടയാക്കിയത് അയൽവാസിയും ബിജെപി പ്രവർത്തകനുമായ അനിലിന്റെ ക്രൂര മർദനത്തെ തുടർന്നാണെന്നും പിന്നീട് ബന്ധുവും സി പി എം നേതാവുമായ പി പി ലക്ഷ്മണൻ ചികിത്സ നിഷേധിച്ച് കേസില്ലാതെ ഒതുക്കി തീർക്കാൻ ശ്രമിച്ചതായും കുടുംബം മറുനാടൻ മലയാളിയോടു പറഞ്ഞു. മലപ്പുറം തിരൂരിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം മറുനാടൻ മലയാളിയോടു പ്രതികരിക്കുകയായിരുന്നു കുടുംബം.

സൗത്ത് അന്നാരയിലെ ഇല്ലത്തുപറമ്പിൽ അമ്മു (68)വിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ് മക്കൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ അംഗം അഡ്വ.മോഹൻകുമാർ ഇന്ന് കേസ് പരിഗണിച്ചത്. കഴിഞ്ഞ മാസം 9 നാണ് പട്ടികജാതിയിൽപെട്ട ഇവർ മരണപ്പെടുന്നത്.

അയൽവാസിയായ അനിലിനെതിരെയാണ് അമ്മുവിന്റെ മക്കളായ ഷീബയും, ഷീനയും മനുഷ്യാവകാശ കമ്മീഷനിലും, പൊലീസിലും പരാതി നൽകിയത്.ഷീനയുടെ മൂന്ന് വയസായ കുട്ടിയെ അയൽവാസി ദേഹോപദ്രവം ഏൽപിക്കുകയും, അനാവശ്യങ്ങൾ വിളിച്ച് കുട്ടിയെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു.ഇത് ചോദിക്കാൻ ചെന്ന അമ്മുവിനെയും ഇയാൾ ശക്തമായി മർദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ആറിനാണ് മർദ്ദനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ശക്തമായ മർദ്ദനമേറ്റ അമ്മുവിനെ ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചെങ്കിലും, അഡ്‌മിറ്റാവാനുള്ള ഡോക്ടറുടെ നിർദ്ദേശം പി.പി.ലക്ഷ്മണൻ എന്ന സി പി എം ഏരിയാ കമ്മിറ്റി അംഗം നിർബന്ധിച്ച് അഡ്‌മിറ്റ് ചെയ്യിക്കാതെ വീട്ടിലേക്ക് കൊണ്ടുവന്നു എന്ന് പരാതിയിൽ പറയുന്നു.പൊലീസിനെ വിവരമറിയിക്കുന്നതിനും ലക്ഷ്മണൻ തടസം നിന്നതായി വീട്ടുകാർ പറഞ്ഞു.

വീട്ടുവേല ചെയ്താണ് അമ്മു കുടുംബത്തിന്റെ നിത്യ ചെലവ് കണ്ടെത്തിയിരുന്നത്.എട്ടാം തിയ്യതി അമ്മു ജോലിക്ക് പോകുന്ന വീട്ടിൽച്ചെന്ന് അനി എന്നെ അടിച്ച് കൊല്ലാനാക്കി എന്ന് പറഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണപ്പെടുന്നത്. പരാതിക്കാരുടെ ബന്ധുകൂടിയായ മാമൻ എന്ന് ഇവർ വിളിക്കുന്ന പി പി ലക്ഷ്മണൻ എതിർ കക്ഷിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം.

ബിജെപി - സിപിഎം കൂട്ടുകെട്ടിലാണ് പ്രതിയെ സംരക്ഷിക്കുന്നതും കേസ് ഒതുക്കുന്നതുമെല്ലാം. കേസ് ഒതുക്കാൻ പൊലീസും സമ്മർദം ചെലുത്തിയതായി അമ്മുവിന്റെ സഹോദരി ഉഷയും മകളും പറഞ്ഞു. സി പി എമ്മിന്റെ സജീവ പ്രവർത്തകരാണ് മരണപ്പെട്ട അമ്മുവും കുടുംബവും. എന്നാൽ ഇതുവരെ പാർട്ടിക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും പകരം ബിജെപി പ്രവർത്തകനായ എതിർകക്ഷിക്കുവേണ്ടി സഹായം ചെയ്യുന്നതായും പരാതിക്കാർ പറഞ്ഞു.ഇത് സി പി എമ്മിനെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതിനിടെ പ്രശ്‌നം ഏറ്റെടുത്ത് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

കേസ് പരിഗണിച്ച ശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ.മോഹൻകുമാർ മറുനാടൻ മലയാളിയോടു പ്രതികരിച്ചതിങ്ങനെ:

' വൃദ്ധയുടെ മരണത്തിൽ കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. ഇത് അന്വേഷിച്ച് റിപ്പോർട്ട് തരാൻ തിരൂർ ഡിവൈഎസ്‌പി, സിഐ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിചാരണയ്ക്ക് ഹാജരായ കുടുംബാംഗങ്ങൾക്ക് ഇതിന്റെ പകർപ്പ് നൽകുകയും ഇതിന്റെ മറുപടി അറിയിക്കാനും ആവശ്യപ്പെട്ടു.

വൃദ്ധയെ പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടർമാരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും.ഇത് ലഭിച്ച ശേഷം മാത്രമെ കൂടുതൽ നിഗമനത്തിൽ എത്താൻ കഴിയൂ എന്നുമാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇത് എത്രയും പെട്ടെന്ന് ഹാജരാക്കാൻ ആവശ്യപ്പെട്ടുണ്ട്. കേസ് ഗൗരവമുള്ളതാണെന്നാണ് കമ്മീഷൻ നിരീക്ഷണം. ഇന്ന് പരിശോധിച്ച 47 പരാതികളിൽ 14 എണ്ണവും പൊലീസിനെതിരെയും പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ടതുമാണ്'. - അഡ്വ.മോഹൻകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP