Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ കയറി സിപിഐ(എം) പ്രവർത്തകരുടെ നരനായാട്ട്; വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം മുസ്ലിം ലീഗുകാരായ ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു; തിരൂരിൽ സംഘർഷം

യാത്രക്കാരുമായി പോകുകയായിരുന്ന ബസിൽ കയറി സിപിഐ(എം) പ്രവർത്തകരുടെ നരനായാട്ട്; വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം മുസ്ലിം ലീഗുകാരായ ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു; തിരൂരിൽ സംഘർഷം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരിൽ യാത്രക്കാരുമായി പോകുന്ന ബസിൽ കയറി സിപിഐഎം പ്രവർത്തകരുടെ നരനായാട്ട്. വാളും ഇരുമ്പ് പൈപ്പുമായി ബസിൽ കയറിയ ആറംഗ സംഘം ബസ് കണ്ടക്ടറെയും ജീവനക്കാരെയും വെട്ടി പരിക്കേൽപ്പിച്ചു. സംഭവത്തിൽ രണ്ട് സിപിഐ(എം) പ്രവർത്തകെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ബസ്‌തൊഴിലാളി സംയുക്ത യൂണിയൻ സർവ്വീസ് നിർത്തിവച്ചു. തിരൂരിൽ സംഘർഷാവസ്ഥ തുടരുന്നു.

ഇന്ന് വൈകിട്ട് നാലരയോടെയാണ് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയ സംഭവം അരങ്ങേറിയത്. തിരൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ലൈഫ് ലൈൻ സ്വകാര്യ ബസിൽ കയറിയാണ് സംജീവനക്കാർക്കു നേരെ അക്രമം അഴിച്ചു വിട്ടത്. നേരത്തെ തിരൂർ തീരദേശ മേഖലയായ പറവണ്ണയിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർസംഭവമായാണ് ഇതിനെ കണക്കാക്കുന്നത്.

സംഭവത്തിൽ മുസ്ലിംലീഗ് പ്രവർത്തകനായ ബസ് കണ്ടക്ടർ പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് ഖാദറിന്റെ മകൻ നൗഫലിനെ (27)ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ക്ലീനർ പറവണ്ണ ആലിൻചുവട് സ്വദേശി കുഞ്ഞാലകത്ത് ജംഷീർ (24), ഡ്രൈവർ കാളാട് സ്വദേശി അസീസ് എന്ന കുഞ്ഞിപ്പ(28) എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റു.

വൈകിട്ട് നാലുമണിയോടെ തിരൂർ ബസ്റ്റാന്റിൽ നിന്നും കുറ്റിപ്പുറത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു. കെ.ജിപ്പടി പൊറ്റത്തപ്പടിയിൽ യാത്രക്കാരെന്ന വ്യാജേന ബസിൽ കയറിക്കൂടിയ ആറംഗസംഘം കയ്യിലുണ്ടായിരുന്ന ആയുധങ്ങളുമായി മുസ്ലിംലീഗ് പ്രവർത്തകൻ നൗഫലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളുമടങ്ങുന്ന അമ്പതിലേറെ പേർ ഈസമയം പരിഭ്രാന്തരായി ബസിൽ നിന്നും ഇറങ്ങിയോടി.

തുടർന്ന് ബസ് ജീവനക്കാർ സംഘത്തിലെ മൂന്നു പേരെ പുറത്തേക്ക് തള്ളി ബസ് മുന്നോട്ടെടുത്തെങ്കിലും ബസിലുണ്ടായിരുന്ന മൂന്നുപേർ കണ്ടക്ടർക്കു നേരെ അക്രമം തുടരുകയായിരുന്നു. മൂന്ന് കിലോമീറ്റർ അകലെ ബി.പി അങ്ങാടി വരെ ബസ് ചിറിപ്പാഞ്ഞു. ബി.പി അങ്ങാടിയിൽ നിന്നും ക്ലീനറുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ഈ സമയം അക്രമി സംഘത്തിലെ മൂന്നു പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമികൾ അമിതമായി ലഹരി ഉപയോഗിച്ചതായി നാട്ടുകാർ പറഞ്ഞു. തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തിരൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പറവണ്ണയിലെ സിപിഐ(എം) പ്രവർത്തകരായ ശുഐബ്, നിയാസ്, സമീർ, റമീസ്, അഫ്‌സൽ, യഅ്ഖൂബ് എന്നിവരടങ്ങുന്ന സംഘമാണ് തന്നെ അക്രമിച്ചതെന്ന് നൗഫൽ പൊലീസിന് മൊഴിനൽകി. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവമറിഞ്ഞ് കൂടുതൽ മുസ്ലിംലീഗ് പ്രവർത്തകർ ആശുപത്രി വളപ്പിലും തിരൂർ നഗരത്തിലും തടിച്ചു കൂടി. തിരൂർ മണ്ഡലം യു.ഡി.എഫ് പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിലൂടെ പ്രകനം നടത്തി. മുഴുവൻ പ്രതികളെയും പിടികൂടും വരെ പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്ന് യു.ഡി.എഫും സംയുക്ത ബസ് തൊഴിലാളി യൂണിയനും അറിയിച്ചു. വൈകിട്ട് അഞ്ചു മണിയോടെ ബസ് സർവീസുകളെല്ലാം നിർത്തി വച്ചു.പെട്ടെന്നുള്ള ബസ് പണിമുടക്ക് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെയും ബസ് പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP