Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് മാറനല്ലൂരാണ്, ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തേ കഴിയൂ; ഒന്നുകിൽ പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം; സിപിഎം ഭീഷണി പേടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; സഹോദരിയുടെ ആറു സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സന്ദീപ് പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസും; വീടും സ്ഥലവും കൈവശപ്പെടുത്താൻ സംഘടിത ശ്രമം നടക്കുമ്പോഴും എല്ലാം നിഷേധിച്ച് മാറനല്ലൂർ പൊലീസ്

ഇത് മാറനല്ലൂരാണ്, ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തേ കഴിയൂ; ഒന്നുകിൽ പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം; സിപിഎം ഭീഷണി പേടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ;  സഹോദരിയുടെ ആറു സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സന്ദീപ് പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസും; വീടും സ്ഥലവും കൈവശപ്പെടുത്താൻ സംഘടിത ശ്രമം നടക്കുമ്പോഴും എല്ലാം നിഷേധിച്ച് മാറനല്ലൂർ പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎം അതിക്രമത്തിനു ഇരയായി വീടും സ്ഥലവും വിട്ട് ഓടേണ്ടി വന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മാനസിക നില തകർന്ന അവസ്ഥയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മാറനല്ലൂരിലെ സന്ദീപ് ചികിത്സയിൽ കഴിയുന്നത്. വീടും സ്ഥലവും കൈവശപ്പെടുത്താൻ മാറനല്ലൂരിലെ സിപിഎമ്മുകാർ നടത്തുന്ന ശ്രമമാണ് സന്ദീപിന്റെ ആത്മഹത്യാ ശ്രമത്തിലും മനസ് തകരിലും കലാശിച്ചിരിക്കുന്നത്. മാറനെല്ലൂർ മാവുവിളയിലെ സന്ദീപിന്റെ ആറു സെന്റ് സ്ഥലവും വീടും കൈവശപ്പെടുത്താനുള്ള ചിലരുടെ ശ്രമങ്ങളിൽ പ്രാദേശിക സിപിഎം നേതൃത്വം കൂടി ഇടപെട്ടതോടെയാണ് സന്ദീപിനും കുടുംബത്തിനും വീട് വിട്ടു മാറി താമസിക്കേണ്ടി വന്നത്.

സിപിഎം ഭീഷണി കാരണം വീട് വിട്ടു ഓടിപ്പോകേണ്ടി സന്ദീപ് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അനങ്ങിയിട്ടില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദം കാരണമാണ് പൊലീസ് നടപടി സ്വീകരിക്കാത്തത് എന്നാണ് ആക്ഷേപം നിലനിൽക്കുന്നത്. സിപിഎം ആക്രമണം കാരണം മാറനല്ലൂർ മാവുവിളയിലെ ആറു സെന്റിലെ വീട്ടിൽ ഇപ്പോൾ സന്ദീപിനും കുടുംബത്തിനും കാലു കുത്താൻ കഴിയുന്നില്ല. ഭീഷണികളുമായി ബന്ധപ്പെട്ടു വീടിനു നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സന്ദീപും കുടുംബവും വീട് വിട്ട് മാറി നിൽക്കുകയും സന്ദീപ് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തത്.

സിപിഎം നേതൃത്വത്തിൽ നിന്ന് വന്ന നിരന്തര ഭീഷണികളും അതിക്രമവും സഹിക്കാതെ വന്നതോടെയാണ് രണ്ടാഴ്ച മുൻപ് സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയത്. ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചിരുന്നെങ്കിലും പിന്നീട് മാനസിക പ്രശ്‌നങ്ങൾ കാരണം വീണ്ടും മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് മാറനല്ലൂരിലെ സിപിഎം അതിക്രമം കാരണം വീട് വിട്ടോടി സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയത്. ഉറക്കഗുളികകൾ കഴിച്ച് അരുവിക്കരയിലെ പാറയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട പ്രശാന്തിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതോടെയാണ് രക്ഷപ്പെട്ടത്.

പ്രശാന്തിന്റെ ആത്മഹത്യാ ശ്രമത്തിനെക്കുറിച്ച് വിവരം ലഭിച്ച സഹോദരി മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടപ്പോൾ മെഡിക്കൽ കോളേജ്-മാറനല്ലൂർ-നെയ്യാറ്റിൻകര പൊലീസ് നടത്തിയ സംയുക്ത ശ്രമത്തെ തുടർന്നാണ് പ്രശാന്ത് രക്ഷപ്പെട്ടത്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയുള്ള പരിശോധനയിലാണ് അരുവിപ്പുറം പാറയിൽ സന്ദീപിനെ ബോധമറ്റ നിലയിൽ പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നടത്തി ഡിസ്ചാർജ് ചെയ്‌തെങ്കിലും പിന്നീട് മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മാറനല്ലൂർ മാവുവിളയിൽ സന്ദീപിന്റെ അയൽക്കാരായ ഗോവിന്ദൻ, മകൻ കുമാർ മറ്റു ബന്ധുക്കൾ എന്നിവർക്ക് എതിരെയാണ് സന്ദീപ് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയത്. ഇവരൊക്കെ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുമാണ്. കേസ് കൊടെടാ.. പൊലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ... ആദ്യത്തെ പരാതിയിൽ അവന്മാർ എന്തോ വന്നു ഉണ്ടാക്കിയെടോ....ഈ നാട്ടുകാരായ ഞങ്ങൾക്ക് കഴിയാത്തത് പൊലീസിനു കഴിയുമോ എന്ന് ഞങ്ങൾ നിന്നെ വെല്ലുവിളിക്കുന്നു...ഇത്തരം ആക്രോശങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത് എന്നാണ് മാറനല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ സന്ദീപ് പറയുന്നത്.

സിപിഎം ആക്രമണത്തെക്കുറിച്ച് സന്ദീപിന്റെ പ്രതികരണം:

മാറനല്ലൂരിൽ എന്റെ പെങ്ങൾക്ക് ആറു സെന്റ് വസ്തുവും വീടുമുണ്ട്. ഞാനും അമ്മയും അവിടെയാണ് താമസിക്കുന്നത്. നാല് വർഷം മുൻപ് വാങ്ങിച്ച വസ്തുവാണ് അത്. പക്ഷെ ഒരു വർഷം മുൻപ് മാത്രമാണ് ഞങ്ങൾ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. ഈ വീടല്ലാതെ വേറെ വസ്തുവോ വീടോ ഒന്നും ഞങ്ങൾക്കില്ല. കൊല്ലം-പത്തനാപുരമാണ് എന്റെ സ്വദേശം. എട്ടു വർഷമായി തിരുവനന്തപുരത്ത് വന്നിട്ട്. ഞങ്ങളെ ഓടിച്ചിട്ടു വസ്തു സ്വന്തമാക്കാനാണ് സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ ശ്രമം.

എനിക്ക് എറണാകുളത്ത് ടെക്സ്റ്റയിൽ ജോലിയാണ്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. വീടിനു നേരെ കല്ലെറിയുക, ആക്രമണം നടത്തുക, അമ്മയെ ശാരീരികമായ രീതിയിൽ ബുദ്ധിമുട്ടിക്കുക. ഇതൊക്കെയാണ് നടക്കുന്നത്. ഇതിനെതിരെ ഞങ്ങൾ വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതിപ്പെട്ടിരുന്നു. പക്ഷെ എവിടെ നിന്നും ഞങ്ങൾക്ക് നീതി കിട്ടിയില്ല. കഴിഞ്ഞ ഏഴാം തീയതി ഞങ്ങളുടെ വീട്ടിനു നേരെ ആക്രമണം നടത്തി. അമ്മ പൊലീസിൽ പരാതി നൽകി. തൊട്ടടുത്തുള്ള സിപിഎം കുടുംബത്തിനു ഞങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തണം. ഞങ്ങൾക്ക് നേരെ നിരന്തര പ്രശ്‌നങ്ങൾ നടത്തുക. ഞങ്ങൾ എങ്ങിനെയും ഒഴിഞ്ഞു പോകണം. അത് മാത്രമല്ല ആരും ഈ വസ്തു വാങ്ങാൻ വരരുത്. വീടിനു അടുത്തള്ളവർക്ക് വസ്തു കുറഞ്ഞ വിലയ്ക്ക് ലഭ്യമാകണം. ഞങ്ങൾ അവർ പറയുന്ന വിലയ്ക്ക് വസ്തു അവർക്ക് കൊടുത്തിട്ട് പോകണം. ഇതാണ് ഞങ്ങളുടെ നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ളത്.

അമ്മ നൽകിയ പരാതിയുടെ പുറത്ത് പൊലീസ് വന്നു. പൊലീസ് സ്റ്റേഷനിൽ വരാൻ പറഞ്ഞു. അവരോടും സ്റ്റേഷനിൽ എത്താൻ പറഞ്ഞു. ഇതോടെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ വന്നു. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇത് നാട്ടിൻപുറമാണ്. ആളുകൾ ഇത്തരക്കാരാണ്. ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്‌തേ കഴിയൂ എന്നൊക്കെ പറഞ്ഞുള്ള ഭീഷണിയാണ് വന്നത്. വീടിന്റെ നഷ്ടം പറഞ്ഞപ്പോൾ അതൊന്നും നോക്കേണ്ട. കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം എന്നൊക്കെ ഭീഷണി മുഴക്കി. ഈ ഭീഷണി വന്ന ശേഷം മറ്റു മാർഗമില്ലാതെയാണ് അരുവിക്കര പോയി ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഞങ്ങളുടെ വഴി കൊട്ടിയടയ്ക്കുക. ഒരു ടോയ്‌ലെറ്റ് നിർമ്മിക്കാൻ നോക്കിയപ്പോൾ അത് തടഞ്ഞു. തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. വീടിനു മുകളിലേക്ക് ഒരു തെങ്ങ് നിന്നിരുന്നു. അത് മാറ്റിത്തരണം എന്ന് പറഞ്ഞു പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ഷീറ്റിട്ട വീട് ആയതിനാൽ ഓലയും തേങ്ങയും വീണു ഷീറ്റ് പൊട്ടുന്നു. ഇതോടെയാണ് പരാതി നൽകിയത്. ഇവരുടെ പ്രശ്‌നത്തിൽ പാർട്ടി എന്ന നിലയിൽ സിപിഎം സജീവമായി ഇടപെട്ടതോടെയാണ് ഞങ്ങൾക്ക് നിൽക്കക്കള്ളിയില്ലാതായത്. പ്രശ്‌നങ്ങൾ തുടങ്ങിയപ്പോൾ എനിക്ക് ഉറക്കം നഷ്ടമായി. അപ്പോൾ ഡോക്ടർ ഉറക്കുഗുളികകൾക്ക് എഴുതിയിരുന്നു. ഈ ഗുളികകളാണ് അരുവിപ്പുറം പാറയിൽ ഇരുന്നു ഞാൻ കഴിച്ചത്. മരണമൊഴിയായി ഞാൻ വീഡിയോ പുറത്തു വിട്ടിരുന്നു. ഇത് കണ്ടാണ് സഹോദരി മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടത്. അതിനു ശേഷമാണ് പൊലീസ് എന്നെ കണ്ടെത്തിയത്.

മെഡിക്കൽ കോളേജ് ചികിത്സയ്ക്ക് ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും മാനസിക പ്രശ്‌നങ്ങൾ കാരണം വീണ്ടും ചികിത്സ തേടേണ്ടി വന്നു. ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് മടങ്ങിപ്പോകാനും സാധിക്കുന്നില്ല. അതൊക്കെ കൊണ്ട് തന്നെ മാനസിക പ്രശ്‌നങ്ങളിൽപ്പെട്ടു വീണ്ടും ആശുപത്രിയിലേക്ക് വരേണ്ടി വന്നിരിക്കുന്നു-സന്ദീപ് പറയുന്നു.

മാറനല്ലൂർ പൊലീസിന്റെ വിശദീകരണം:

സന്ദീപ് പറയുന്നത് ശരിയല്ല. മൂന്നു പരാതിയൊന്നും സ്റ്റേഷനിൽ വന്നിട്ടില്ല. ഒരേ പരാതി മാത്രമാണ് വന്നത്. തെങ്ങ് പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി മാത്രം. അത് ഞങ്ങൾ പരിഹരിച്ചു. നാട്ടുകാർ തന്നെ ഈ പരാതിയിൽ ഇടപെട്ടിരുന്നു. വീട് ആക്രമിച്ചു എന്ന പരാതി സന്ദീപ് തന്നിട്ടില്ല. അങ്ങിനെ സന്ദീപ് പറഞ്ഞെങ്കിൽ അത് കള്ളമാണ്. വീട് ആക്രമണ പരാതി വന്നിരുന്നേങ്കിൽ ഞങ്ങൾ എഫ്‌ഐആർ ഇടുമായിരുന്നു. അങ്ങിനെ പരാതി വന്നിട്ടില്ല-എസ് ഐ മറുനാടനോട് പറഞ്ഞു. ( എസ്‌ഐ പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് സന്ദീപിന്റെ സഹോദരി ബിനിത പ്രതികരിക്കുന്നും പ്രതികരണം താഴെ നൽകിയിരിക്കുന്നു) സന്ദീപിന് ഹൈപ്പർ ടെൻഷൻ ആണ്. സന്ദീപിന്റെ സഹോദരി വരെ പറഞ്ഞത് അവനു കൗൺസിലിങ് കൊടുക്കണം എന്നാണ്. വീടിനു നേരെ ചിലർ ആക്രമണം നടത്തി എന്ന പരാതി സ്റ്റേഷനിൽ വന്നിട്ടില്ല. അത് കളവാണ്. സ്റ്റേഷൻ എസ്‌ഐ എന്ന നിലയിൽ തന്നെയാണ് ഞാൻ പറയുന്നത്. വീട്ടുകാർ തമ്മിലുള്ള പ്രശ്‌നം മാത്രമാണ് ഇത്. നാട്ടിൻപുറത്ത് നടക്കുന്ന പ്രശ്‌നങ്ങൾ മാത്രം. അതിൽ കൂടുതൽ ഒന്നും അവിടെയില്ല-എസ്‌ഐ പറയുന്നു.

എസ്‌ഐയ്ക്ക് വിശദീകരണത്തിനു മറുപടിയായി സഹോദരി ബിനിതയുടെ പ്രതികരണം:

സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയപ്പോൾ കൗൺസിലിങ് വേണം എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ അവനു മാനസിക പ്രശ്‌നങ്ങൾ ഉണ്ട് എന്നല്ല. ഈ വീടിൽ സിപിഎമ്മുമായി ബന്ധപ്പെട്ടവർ വന്നു പ്രശ്‌നങ്ങൾ വന്നപ്പോഴാണ് അവനു സമ്മർദ്ദം വന്നത്. അത് അവിടുത്തെ പ്രശ്‌നങ്ങളുടെ സൃഷ്ടി മാത്രമാണ്-ബിനിത മറുനാടനോട് പറഞ്ഞു. വീടുമായി ബന്ധപ്പെട്ടു സിപിഎം ഭീഷണി നിലനിൽക്കുന്നുണ്ട്. സന്ദീപ് മൂന്നു പരാതി നൽകിയിട്ടുണ്ട്. ഒന്ന് സന്ദീപ് നൽകി. ഒരു പരാതി അമ്മ നൽകി. വീട് ആക്രമിച്ച പരാതി ഞാൻ നൽകി. എന്നിട്ട് എസ്‌ഐ എന്തിനാണ് കളവ് പറയുന്നത്. എന്നോടും എസ്‌ഐ പറഞ്ഞത് പരാതി കിട്ടിയില്ലാ എന്നാണ്. ഞാനാണ് പരാതി നൽകിയത് എന്ന് പറഞ്ഞു ആ പരാതി ഞാൻ അവിടെ നിന്ന് തന്നെ സംഘടിപ്പിച്ച് എസ്‌ഐയെ കാണിച്ചു. അപ്പോൾ പരാതിയുണ്ടെന്നു എസ്‌ഐയ്ക്കും ബോധ്യമായ കാര്യമാണ്. സിപിഎം പറയുന്നത് ഒന്നുകിൽ നിശബ്ദമായി ഇരിക്കുക. അല്ലെങ്കിൽ വീട് വിറ്റ് വേറെ എങ്ങോട്ടെങ്കിലും പോകുക. ഇതാണ് സിപിഎം ഞങ്ങൾക്ക് മുന്നിൽ വെച്ച ഉപാധികൾ. പരാതിയുടെ കാര്യങ്ങൾ വാസ്തവം തന്നെയാണ്-ബിനിത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP