Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ

കോവിഡ് കാലത്ത് സ്വകാര്യക്ഷേത്രങ്ങൾ അടഞ്ഞുകിടക്കുന്നെങ്കിലും നയാപൈസ സഹായം നൽകിയില്ല; ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കം ഉള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും കിട്ടിയില്ല; മദ്രസകൾ അടഞ്ഞ് കിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് മാത്രം ആശ്വാസധനസഹായം; 25,000 ത്തോളം മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ സഹായമെന്ന് മന്ത്രി ജലീലിന്റെ എഫ്ബി പോസ്റ്റ്; ന്യൂനപക്ഷ -സാമുദായിക പ്രീണനം എന്ന ആരോപണം ഉയരുമ്പോൾ മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തിൽ മദ്രസകൾ അടഞ്ഞുകിടക്കുന്നതിനാൽ തുച്ഛവരുമാനക്കാരായ മദ്രസ അദ്ധ്യാപകർക്ക് 2000 രൂപ വിതരണം ചെയ്യാൻ മദ്രസാ ക്ഷേമനിധി ബോർഡിനു സർക്കാർ അനുമതി നൽകിയത് വിവേചനമോ? അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്. 25000 പേരുണ്ട് ക്ഷേമനിധി ബോർഡിൽ. രണ്ടായിരം രൂപ ആശ്വാസ ധനമായി ഇവർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീൽ ഫെയ്‌സ് ബുക്ക് പോസ്റ്റും നടത്തിയിരുന്നു. ഇങ്ങനെ മദ്രസാദ്ധ്യാപകർക്ക് ആശ്വാസധനം അനുവദിച്ചതിൽ വിവേചനമുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടോ ? മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:

ക്ഷേമനിധി ബോർഡുകൾ അംഗമല്ലാത്ത തൊഴിലാളികൾക്ക് ക്ഷേമനിധിയില്ല. ഭൂരിപക്ഷം തൊഴിലാളികളും കൊറോണാ കാലത്ത് ആശ്വാസധനം കൈപ്പറ്റിയപ്പോൾ ഒരു വിഭാഗം തൊഴിലാളികൾക്ക് അത് ലഭിച്ചില്ല. വിവിധ തൊഴിൽ മേഖലയിൽപ്പെട്ട തൊഴിലാളികൾ ആശ്വാസ ധനം കൈനീട്ടി വാങ്ങിയപ്പോൾ ഒരു വിഭാഗം അതിനു മൂക സാക്ഷികളായി. ഇവർ പരാതി പറഞ്ഞെങ്കിലും ക്ഷേമനിധി ബോർഡിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് ആശ്വാസധനം വിതരണം ചെയ്യുന്ന കാര്യത്തിൽ സർക്കാർ നിസ്സഹായരായിരുന്നു. സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും ക്രിസ്ത്യൻ പള്ളികളിലെ സൺഡേ സ്‌കൂൾ അദ്ധ്യാപകർ അടക്കമുള്ളവർക്കും ആശ്വാസധനമായി ഒരു രൂപ പോലും ലഭിച്ചില്ല. ഒരു വലിയ വിഭാഗം തൊഴിലാളികളുടെ നിസ്സഹായാവസ്ഥ വലിയ വേദനയായി കൊറോണാ കാലത്ത് കേരളീയ സമൂഹത്തിനു മുന്നിൽ നിൽക്കുന്നു. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് വലിയ തോതിൽ തന്നെ സഹായം ലഭിച്ചു. പക്ഷെ ഈ ആശ്വാസതുക അസംഘടിത തൊഴിലാളികളിൽ പലർക്കും ലഭിച്ചില്ല. വലിയ പരാതി ഇവർ ഉന്നയിച്ചെങ്കിലും എവിടെ നിന്നും ഇവർക്ക് സഹായം ലഭ്യമായതുമില്ല.

കൊറോണ വലിയ പ്രതിസന്ധിയായി മുന്നിൽ നിൽക്കുമ്പോൾ വിവിധ ക്ഷേമനിധി ബോർഡുകളുടെ ആവശ്യ പ്രകാരം ആശ്വാസധനം വിതരണം ചെയ്യാൻ ക്ഷേമനിധികൾക്ക് സർക്കാർ അനുവാദം നൽകിയിരുന്നു. സർക്കാർ അനുവാദമില്ലാതെ തുക ലഭിക്കില്ലെന്നതിനാലാണ് ക്ഷേമനിധി ബോർഡുകളുടെ അവശ്യ പ്രകാരം ആശ്വാസ ധനം വിതരണം ചെയ്യാൻ സർക്കാർ ക്ഷേമനിധി ബോർഡുകൾക്ക് നിർദ്ദേശം നൽകിയത്. പക്ഷെ ക്ഷേമനിധി ബോർഡുകൾക്ക് കീഴിൽ വരാത്ത അസംഘടിത തൊഴിലാളികൾക്ക് ആർക്കും ആശ്വാസ ധനം ലഭിച്ചില്ല. വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിൽ വരാത്ത സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ആശ്വാസധനം ലഭിച്ചില്ല. ക്രിസ്ത്യൻ പള്ളികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സൺഡെയ്‌സ് സ്‌കൂൾ അദ്ധ്യാപകർക്കും ആശ്വാസധനം ലഭിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൂടി രണ്ടു കോടി രൂപ ആശ്വാസധനം അനുവദിച്ചിരിക്കെയാണ് മറ്റു അസംഘടിത മേഖലയിലെ ജീവനക്കാർക്ക് തുക ലഭിക്കാതിരുന്നത്. ഇത് പലരും ചൂണ്ടിക്കാട്ടി. തുക ലഭിക്കാത്ത ക്ഷേത്ര ജീവനക്കാർ അടക്കമുള്ളവർ നിരന്തര അന്വേഷണങ്ങൾ നടത്തി. ഇതോടെയാണ് വാസ്തവം വെളിയിൽ വന്നത്. ദേവസ്വം ബോർഡിനു കീഴിൽ വരാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ക്ഷേമനിധി രൂപീകരിച്ചിട്ടില്ല. സൺഡെ സ്‌കൂൾ അദ്ധ്യാപകർക്കും ക്ഷേമനിധി ബോർഡില്ല. പിന്നെങ്ങനെ തുക വിതരണം ചെയ്യും?

സംസ്ഥാനത്തെ മദ്രസാ അദ്ധ്യാപകർക്ക് കൊറോണാ കാലത്തെ ആശ്വാസ ധനമായി 2000 രൂപ വിതരണം ചെയ്യാൻ അനുവദിച്ചുകൊണ്ട് മദ്രസാ ക്ഷേമനിധി ബോർഡിനു സർക്കാർ അനുമതി നൽകിയിരുന്നു. അഞ്ചു കോടി രൂപയാണ് ഇതിനായി നീക്കി വെച്ചത്. 25000 പേരുണ്ട് ക്ഷേമനിധി ബോർഡിൽ. രണ്ടായിരം രൂപ ആശ്വാസ ധനമായി ഇവർക്ക് ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീൽ ഫെയ്‌സ് ബുക്ക് പോസ്റ്റും നടത്തിയിരുന്നു. മന്ത്രി നടത്തിയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകർക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നൽകാൻ അഞ്ചുകോടി തങ്ങളുടെ കോർപ്പസ് ഫണ്ടിൽ നിന്ന് വിനിയോഗിക്കാൻ ക്ഷേമനിധി ബോർഡിന് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യും. വിവിധ ക്ഷേമനിധികൾ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനം. ബഹുമാന്യരായ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളും ശൈഖുനാ എ.പി അബൂബക്കർ മുസ്ല്യാരും ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനിയും തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.പി. ഉമർ സുല്ലമിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും കഴിയുന്ന സഹായം മദ്രസ്സാദ്ധ്യാപകർക്ക് നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

മന്ത്രിയുടെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് കൂടി വന്നതോടെയാണ് സാമുദായിക പ്രീണനം എന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. വിവിധ ക്ഷേമനിധി ബോർഡുകൾ അവർക്ക് ആശ്വാസ ധനം വിതരണം ചെയ്തിട്ടുണ്ട്. പക്ഷെ മന്ത്രി ജലീൽ മദ്രസാ അദ്ധ്യാപകരുടെ പ്രശ്‌നം മാത്രമാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് മദ്രസാ അദ്ധ്യാപകർക്ക് സർക്കാർ പ്രീണനം എന്ന പേരിൽ ആക്ഷേപം ഉയർന്നത്. ഇതോടെ ഇതര വിഭാഗക്കാർ നെട്ടോട്ടമായി. സാമുദായികമായ അവഗണനയാണ്. ന്യൂനപക്ഷ പ്രീണനമാണ് എന്നൊക്കെ ആരോപണങ്ങൾ ഉയർന്നു. തുക ലഭിക്കാത്തവർ തങ്ങൾക്ക് തുക ലഭിച്ചില്ല എന്ന പരാതിയുമായി മുന്നോട്ടു വരുകയും ചെയ്തു. അപ്പോഴാണ് ഈ മേഖലയിലെ അസംഘടിത തൊഴിലാളികളെ ചേർത്ത് ക്ഷേമനിധി ബോർഡ് രൂപീകരിച്ചില്ല എന്ന വസ്തുത വെളിയിൽ വന്നത്. നേരെ മറിച്ച് മറ്റുള്ള ക്ഷേമനിധി ബോർഡുകളും ഈ തുക വിതരണം ചെയ്തു എന്ന ഒരു വാചകം ഈ പോസ്റ്റിൽ മന്ത്രി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പ്രശ്‌നം വരില്ലായിരുന്നു. ഇതോടെയാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആയുധമാക്കി ഇടത് സർക്കാരിന്റെ സാമുദായിക പ്രീണനം എന്ന രീതിയിൽ ആരോപണങ്ങൾ വന്നത്. മന്ത്രി ജലീലിനോട് മറുനാടൻ ഈ കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു വളരെ കൃത്യമായ മറുപടിയാണ് മന്ത്രി നൽകിയത്. എല്ലാ ക്ഷേമനിധികളും ആശ്വാസ ധനം വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമനിധികൾക്ക് കീഴിൽ വരാത്ത തൊഴിലാളികളുടെ കാര്യത്തിൽ ഈ തുക വിതരണം ചെയ്യാൻ കഴിയില്ല. അതാത് ക്ഷേമനിധികൾ അവരുടെ അക്കൗണ്ടിൽ ഉള്ള തുക നോക്കി അതിനു ആനുപാതികമായാണ് തുകകൾ വിതരണം ചെയ്തത്. ഈ കൂട്ടത്തിലാണ് മദ്രസാ അദ്ധ്യാപകർക്കും തുക വിതരണം ചെയ്തത്. ഈ തൊഴിലാളികൾക്ക് ക്ഷേമനിധി അനുവദിക്കാൻ കഴിയില്ല. കാരണം ബോർഡ് നിലവിലില്ല. പിന്നെങ്ങിനെ തുക ലഭിക്കും-മന്ത്രി ജലീൽ മറുനാടനോട് പറഞ്ഞു.

വളരെ വിശദമായ മറുപടിയാണ് മറുനാടന് മന്ത്രി നൽകിയത്. എല്ലാ ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി അംഗങ്ങൾക്ക് കൊറോണ കാരണം ആശ്വാസ തുക അനുവദിച്ചിട്ടുണ്ട്. ഈ തുകകൾ ഇപ്പോൾ വിതരണം ചെയ്തുതുടങ്ങിയിരിക്കുകയാണ്. മദ്രസാ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ 25000 പേരുണ്ട്. അവരുടെ കോർപ്‌സ് ഫണ്ടായി 19 കോടി രൂപ ക്ഷേമനിധി ബോർഡിലുണ്ട്.രണ്ടായിരം രൂപയാണ് മദ്രസ അദ്ധ്യാപകർക്ക് നൽകുന്നത്. ഈ ഫണ്ടിൽ നിന്നാണ് അഞ്ചു കോടി രൂപ വിതരണം ചെയ്യുന്നത്. ക്ഷേമനിധി ബോർഡുകളിൽ നിന്നും തുക നൽകണമെങ്കിൽ സർക്കാരിൽ നിന്നും അനുവാദം വാങ്ങിക്കണം. സർക്കാർ ഇത്തരം ഘട്ടങ്ങളിൽ പണം നൽകാൻ അനുമതി നൽകാറുണ്ട്. അത്തരം അനുമതിയാണ് നൽകിയിരിക്കുന്നത്. ഓരോ ക്ഷേമനിധി ബോർഡും സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് തുക വിതരണം ചെയ്യുന്നത്. ബാർ ഹോട്ടൽ തൊഴിലാളി ക്ഷേമ നിധി ബോർഡ് അയ്യായിരം രൂപയാണ് തൊഴിലാളികൾക്ക് ആശ്വാസധനമായി നൽകിയത്. മോട്ടോർ തൊഴിലാളികൾക്കും ക്ഷേമനിധി നൽകുന്നുണ്ട്.

അംഗങ്ങൾ അടച്ച തുകയിൽ നിന്നാണ് പണം നൽകുന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 260 കോടിയാണ് വിതരണം ചെയ്യുന്നത്. അതിൽ പക്ഷെ ഒമ്പത് ലക്ഷം അംഗങ്ങളുണ്ട്. നിർമ്മാണ തൊഴിലാളി യൂണിയൻ 200 കോടിയാണ് നൽകുന്നത്. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 30 കോടിയാണ് നൽകുന്നത്. ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് 27 കോടിയാണ് നൽകുന്നത്. ഖാദി ക്ഷേമനിധി ബോർഡ് 14 കോടിയാണ് നൽകുന്നത്. ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് 10 കോടിയാണ് നൽകുന്നത്. ലോട്ടറി ക്ഷേമനിധി ബോർഡ് അഞ്ചു കോടി നൽകുന്നു. കൈത്തറി രണ്ടു കോടി, ബീഡി-സിഗരറ്റ് ക്ഷേമനിധി രണ്ടു കോടി. അതിഥി തൊഴിലാളി രണ്ടു കോടി. അബ്കാരി ക്ഷേമനിധി ബോർഡ് 1.25 കോടി. അങ്ങിനെ മൊത്തം 558.2 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് നൽകുന്നു. കൊറോണ കാലത്തെ പ്രതിസന്ധി മനസിലാക്കിയാണ് ക്ഷേമനിധി ബോർഡുകൾക്ക് തുക അനുവദിച്ചതെന്ന് മന്ത്രി പറയുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം, ഗുരുവായൂർ ദേവസ്വം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളമുള്ളതിനാൽ ഈ രീതിയിൽ ആശ്വാസ തുക ആവശ്യമായി വന്നില്ല. സർക്കാർ ശമ്പളം ലഭിക്കുന്നതിനാൽ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ആശ്വാസ ധനം ആവശ്യമില്ല- തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റു ക്ഷേത്ര ജീവനക്കാർക്ക് ക്ഷേമനിധി ബോർഡില്ല. അതിനാൽ ക്ഷേമനിധി ബോർഡിൽ നിന്നും ആശ്വാസ ധനം ലഭിക്കില്ല. അതാത് ക്ഷേത്രങ്ങൾ ജീവനക്കാർക്ക് ആശ്വാസധനം നൽകിയാൽ മാത്രമേ അവർക്ക് അത് ലഭിക്കൂ-എൻ.വാസു പറയുന്നു. ദേവസ്വം ബോർഡ് പ്രസിഡനറും മന്ത്രി ജലീലും പറഞ്ഞത്‌പോലെ ദേവസ്വം ബോർഡിൽ നിന്നും വിഭിന്നമായുള്ള ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസധനം ലഭിച്ചില്ല. സൺഡെ സ്‌കൂൾ അദ്ധ്യാപകർക്കും ലഭിച്ചില്ല. ഇതോടെയാണ് ഈ മേഖലയിൽപ്പെട്ട അസംഘടിത തൊഴിലാളികൾ പ്രതിഷേധവുമായി മുന്നോട്ടു വന്നത്. മന്ത്രി ജലീലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും ഇവർ പ്രതിഷേധത്തിനു ആധാരമാക്കി.

മറ്റു ക്ഷേമനിധി ബോർഡുകൾ തുക വിതരണം ചെയ്യുന്നത് മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടാത്തതോടെ സാമുദായിക പ്രീണനം എന്ന രീതിയിൽ വിമർശനം വരുകയും ചെയ്തു. കൊറോണാ കാലം പല വസ്തുതകളും യാഥാർത്ഥ്യങ്ങളും വെളിയിൽ കൊണ്ടുവന്നിരിക്കുകയാണ്. സമൂഹവും സംഘടനകളും മതവിഭാഗങ്ങളുമൊക്കെ പാകപ്പെടലുകൾക്ക് വിധേയമാകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. സംഘടിത വിഭാഗങ്ങൾക്കും സർക്കാർ-പൊതുമേഖലാ വിഭാഗങ്ങളും മാത്രമാണ് കൊറോണ കാലത്ത് അതിജീവന ശേഷി നേടിയത്. മറ്റുള്ള വിഭാഗങ്ങൾ തകർന്നടിഞ്ഞ കാഴ്ച മറുവശത്ത് ദൃശ്യമാണ്. തങ്ങൾക്ക് അഞ്ചു പൈസ പോലും സഹായം ലഭിച്ചില്ലെന്ന് ക്ഷേത്ര ജീവനക്കാർ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചൂണ്ടിക്കാട്ടുമ്പോൾ സർക്കാർ സംവിധാനങ്ങൾ നിസ്സഹായമാണ്. ഏതു രീതിയിൽ ഉൾപ്പെടുത്തി തുക വിതരണം ചെയ്യാൻ കഴിയും എന്നാണ് ചോദ്യം ഉയർന്നത്. ഈ ചോദ്യത്തിനു മുന്നിൽ തന്നെയാണ് ക്ഷേമാനിധികളിൽ ഉൾപ്പെടാത്ത അസംഘടിത തൊഴിലാളികൾ നിസ്സഹായമായത്. കൊറോണാ കാലത്തെ മറ്റൊരു ദുരന്തമാണ് ക്ഷേമനിധി ബോർഡുകളിൽ ഉൾപ്പെടാത്ത തൊഴിലാളികളുടെ പ്രതിസന്ധി. തൊഴിൽ മേഖലകളിലെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് ക്ഷേമനിധി ബോർഡുകൾ ഇനിയെങ്കിലും സർക്കാർ രൂപീകരിക്കാൻ തയ്യാറായാൽ മാത്രമേ ഈ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും പരിഹാരം കാണാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP