Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യം കയ്യിലെ മൊബൈൽഫോണും പണവും; തമിഴ്‌നാട്ടിൽ ആശുപത്രി ജീവനക്കാരി കോവിഡ് രോഗിയെ കൊലപ്പെടുത്തി; മൃതദ്ദേഹം കണ്ടെത്തിയത് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും; കൊലപാതകം പുറത്തായത് അഡ്‌മിറ്റ് ചെയ്ത ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ലക്ഷ്യം കയ്യിലെ മൊബൈൽഫോണും പണവും;  തമിഴ്‌നാട്ടിൽ ആശുപത്രി ജീവനക്കാരി കോവിഡ് രോഗിയെ കൊലപ്പെടുത്തി; മൃതദ്ദേഹം കണ്ടെത്തിയത് ആശുപത്രിയുടെ എട്ടാം നിലയിൽ നിന്നും; കൊലപാതകം പുറത്തായത് അഡ്‌മിറ്റ് ചെയ്ത ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെത്തുടർന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന വാർഡുകളിൽ നിന്നും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആഭരണങ്ങളും പണവും ഉൾപ്പടെ മോഷണം പോകുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്.എന്നാൽ മോഷണം ലക്ഷ്യം വച്ച് രോഗിയെ കൊലപ്പെടുത്തുകയും മോഷണം നടത്തുകയും ചെയ്യുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും ഈ കോവിഡ് കാലത്ത് നടക്കുന്നുണ്ടെന്നതാണ് വസ്തുത.ചെന്നൈയിലെ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ നിന്നാണ് രാജ്യത്തെത്തന്നെ ഞട്ടിക്കുന്ന തരത്തിലുള്ള ആ വാർത്ത പുറത്ത് വരുന്നത്. സംഭവത്തിൽ പ്രതി അറസ്റ്റിലായി. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. ആശുപത്രയിൽ ചികിത്സയിലായിരുന്നു തന്റെ ഭാര്യയെക്കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം ആശുപത്രി അധികൃതർക്കും പിന്നീട് പൊലീസിലും നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെയും മോഷണത്തിന്റെയും കഥ പുറത്ത് വന്നത്.

വെസ്റ്റ് താംബരം സ്വദേശി സുനിതയെ മെയ് 23-നാണ് കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിലിക്കെ മെയ് 24-ാം തീയതി മുതലാണ് ഇവരെ കാണാതായത്. എന്നാൽ, പിറ്റേ ദിവസം ഭർത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോൾ സുനിതയെ വാർഡിൽ കണ്ടില്ല. ആശുപത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്നേദിവസം തന്നെ ആശുപത്രിയിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ മൗലി ഇതേക്കുറിച്ച് പരാതി നൽകിയിരുന്നു. കണ്ടെത്താഞ്ഞതോടെ പിന്നീട് മെയ് 31-ാം തീയതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി രേഖാമൂലം പരാതി സമർപ്പിക്കുകയും ചെയ്തു.

കേസിൽ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീൽചെയറിൽ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ചോദ്യംചെയ്‌തെങ്കിലും സ്‌കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാർഡിൽ എത്തിച്ചുവെന്നായിരുന്നു ഇവർ മൊഴി നൽകിയത്. ഇതോടെ കേസിലെ ദുരൂഹതകളും വർധിച്ചു.

സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമർജൻസി ബോക്‌സ് റൂമിൽനിന്ന് ദുർഗന്ധം വമിക്കുന്നതായുള്ള പരാതി ഉയർന്നത്. തുടർന്ന് ജൂൺ എട്ടിന് ഇവിടെ പരിശോധിച്ചപ്പോൾ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പൊലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു.

ഒടുവിൽ പൊലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോഷ്ടിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും രതിദേവി ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇത് മോഷ്ടിക്കാനായി പദ്ധതി തയ്യാറാക്കി.

കൊലപാതകത്തെക്കുറിച്ച് പ്രതി പറഞ്ഞത് ഇങ്ങനെ; കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിതയെ മെയ് 23-ന് രാത്രി സ്‌കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിൽ കൊണ്ടുപോയി. എന്നാൽ എമർജൻസി ലിഫ്റ്റിൽ കയറിയശേഷം രോഗിയുമായി എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം കോണിപ്പടിയോട് ചേർന്ന എമർജൻസി ബോക്‌സ് റൂമിൽ ഒളിപ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിടുകയും ചെയ്തു.

പണത്തിന് ആവശ്യം വന്നതിനാലാണ് ഈ കടുംകൈ ചെയ്തതെന്നായിരുന്നു രതിദേവി പൊലീസിനോട് പറഞ്ഞത്. കോവിഡ് രോഗിയായതിനാൽ സുനിതയ്ക്ക് ശ്വസനപ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാൽ കൊലപ്പെടുത്താനായി അധികം ബലം പ്രയോഗിക്കേണ്ടിവന്നില്ലെന്നും പ്രതി വെളിപ്പെടുത്തി.മോഷ്ടിച്ച മൊബൈൽ ഫോൺ ഇവരുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.വിധവയായ പ്രതി തിരുവൊട്ടിയൂരിൽ മകനും മകൾക്കും ഒപ്പമാണ് താമസം.

സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയിൽ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവർ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാൽതന്നെ രതിദേവിയെ ആദ്യഘട്ടത്തിൽ ആരും സംശയിച്ചിരുന്നില്ല. എന്നാൽ സുനിതയുടെ മൃതദേഹം കണ്ടെത്തുകയും സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ രതിദേവി കുടുങ്ങുകയായിരുന്നു.ഏറെ ദുരൂഹതകൾ നിറഞ്ഞ കേസിൽ പൊലീസിന്റെ കൃത്യമായ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP