Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമത ബാനർജി സ്പെഷ്യൽ ട്രെയിൻ അയച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് യൂത്ത് കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പറഞ്ഞിട്ട്; എടവണ്ണയിലെ മുൻ യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി ഷാക്കിറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷെരീഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു

മമത ബാനർജി സ്പെഷ്യൽ ട്രെയിൻ അയച്ചെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത് യൂത്ത് കോൺ​ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പറഞ്ഞിട്ട്; എടവണ്ണയിലെ മുൻ യൂത്ത് കോൺ​ഗ്രസ് സെക്രട്ടറി ഷാക്കിറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷെരീഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പശ്ചിമ ബം​ഗാളിൽ നിന്നുള്ള തൊഴിലാളികളെ തിരികെ കൊണ്ടുപേകാൻ പ്രത്യേക തീവണ്ടി വരുമെന്ന സന്ദേശം പ്രചരിപ്പിച്ച കേസിൽ എടവണ്ണ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് ഷെരീഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്നോട് ഇത്തരത്തിൽ ശബ്ദ സന്ദേശം തയ്യാറാക്കി പ്രചരിപ്പിക്കാൻ പറഞ്ഞത് ഷെരീഫാണെന്ന് നേരത്തേ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ഷാക്കിർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മലപ്പുറം മേഖലയിലെ അതിഥിത്തൊഴിലാളികളുടെ ഫോണിലാണ് ലോക്ക് ഡൗണിലെ തൊഴിലാളികളെ തിരികെ കൊണ്ടുപോകാൻ തീവണ്ടി വരുമെന്നും, മമതാ ബാനർജി തീവണ്ടി അയച്ചതാണെന്നുമുള്ള സന്ദേശമാണ് കറങ്ങി നടന്നത്. ശബ്ദസന്ദേശമാണ് വാട്സാപ്പിലൂടെ പലരും പങ്കുവച്ചത്.

സംഭവം വ്യാപിച്ചതോടെ പൊലീസിനും വ്യാജ സന്ദേശം സംബന്ധിച്ച വിവരം ലഭിച്ചു. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെയാണ് എടവണ്ണ സ്വദേശി ഷാക്കിറിന്റെ ശബ്ദമാണിതെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നീട് തന്നോട് ഈ സന്ദേശം തയ്യാറാക്കി അയക്കാൻ പറഞ്ഞത് മണ്ഡലം പ്രസിഡൻറായിരുന്ന ഷെരീഫാണെന്ന് ഷാക്കിർ പൊലീസിന് മൊഴി നൽകി. ഇയാളെ വിളിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു.

പായിപ്പാട് സംഭവത്തിലും അതിഥിത്തൊഴിലാളികൾ തെരുവിലിറങ്ങിയതിന് കാരണം വ്യാജസന്ദേശങ്ങളാണെന്നും അതിന് പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം നടന്നുവരികയാണെന്നും കോട്ടയം എസ്‌പി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ അതിഥിത്തൊഴിലാളിക്യാമ്പുകളിലും സമാനമായ രീതിയിൽ സംസ്ഥാനസർക്കാർ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

''എന്തെങ്കിലും ഇത്തരം സന്ദേശം കിട്ടിയാൽ എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരാണിവർ. അവർ ചാടിപ്പുറപ്പെട്ട് നിലമ്പൂരിലെത്തിയാൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ഒഴിവാക്കാൻ വേണ്ട ശ്രമങ്ങളെല്ലാം നടത്തി. ഉടനടി ഉറവിടം അന്വേഷിക്കാൻ ശ്രമിച്ചു. ഇവരൊരു കുബുദ്ധി ഉപയോഗിച്ചതാ. വലിയ വിദ്യാഭ്യാസമോ വിവരമോ ഇല്ലാതെ, വരുമാനമാർഗത്തിനായി വന്നവരെ ചതിച്ചതാണ് ഇവർ'', എന്ന് മലപ്പുറം എസ്‌പി അബ്ദുൾ കരീം വ്യക്തമാക്കി.

അതിഥി തൊഴിലാളികൾ ഇപ്പോഴും നാട്ടിൽ പോകണമെന്ന മനസ്സുള്ളവരാണ്. പായിപ്പാട് മാത്രം 10,000 പേരാണുള്ളത്. രാജ്യത്ത് മുഴുവനുമുള്ള അതിഥി തൊഴിലാളികളുടെ പ്രതിനിധിയാണ് ഗണേശിയും ഷാഹിദുമെല്ലാം. മറ്റുസംസ്ഥാനങ്ങളിലുമുണ്ട് ഡൽഹിയിലെ ചിത്തർപുർ പോലെ അതിഥി തൊഴിലാളികൾ തിങ്ങി നിറഞ്ഞുപാർക്കുന്ന ഇടങ്ങൾ. അപ്രതീക്ഷിതമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണിനെ രാജ്യത്തെ മുഴുവൻ അതിഥി തൊഴിലാളികളും സ്വീകരിച്ചത് ആശങ്കകളോടെയാണ്.

21 ദിവസത്തെ അതിജീവനം ഇവർക്ക് കടുത്ത വെല്ലുവിളിയാണ്. കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ദീർഘവീക്ഷണമില്ലാതെയാണ് ലോക് ഡൗണിലേക്ക് രാജ്യം കടന്നതെന്ന് വിമർശനങ്ങൾ ലോക് ഡൗൺ ആരംഭിച്ച ആദ്യ ദിനങ്ങളിൽ തന്നെ ഉയർന്നിരുന്നു. ഇതേതുടർന്നുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം നിയന്ത്രിക്കാൻ കേന്ദ്രത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത.

മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും ഇവർ പരാതിപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാട് കവലയിലെ ഉപരോധം അതിരുവിട്ടതോടെ പൊലീസ് ലാത്തിവീശിയിരുന്നു. നാലായിരത്തോളം പേർ ഒത്തുകൂടിയത് ആരോഗ്യസുരക്ഷയിലും ആശങ്കയുണ്ടാക്കി. പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽനിന്നുള്ളവരാണിവർ. മന്ത്രി പി. തിലോത്തമൻ എത്തി തൊഴിലാളികൾക്ക് ഭക്ഷണം, താമസസൗകര്യം ഉറപ്പാക്കുമെന്നറിയിച്ചു. എന്നാൽ, ബസ് അനുവദിക്കാൻ പരിമിതിയുണ്ടെന്ന് വ്യക്തമാക്കി. പാകംചെയ്ത ഭക്ഷണത്തിനു പകരം ധാന്യവും സാധനങ്ങളും ക്യാമ്പുകളിലെത്തിക്കാനും മന്ത്രി നിർദ്ദേശിച്ചു. സമരത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ ആരോപിച്ചു. സംഭവം അന്വേഷിക്കാൻ എസ്‌പി.യോട് നിർദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. പായിപ്പാട് കേന്ദ്രീകരിച്ച് തൊഴിലാളികളെ ഇളക്കിവിടാൻ ചിലർ ശ്രമിച്ചതായി രഹസ്യാന്വേഷണവിഭാഗത്തിനു വിവരം ലഭിച്ചതായി ഉയർന്ന പൊലീസുദ്യോഗസ്ഥർ പറഞ്ഞു.

ചങ്ങനാശ്ശേരി - കവിയൂർ റോഡിൽ പായിപ്പാട്ടും സമീപസ്ഥലങ്ങളിലും 250 ക്യാമ്പുകളിലായി താമസിക്കുന്ന തൊഴിലാളികളാണ് ഞായറാഴ്ച രാവിലെമുതൽ പായിപ്പാട് കവലയിൽ കൂട്ടംകൂടിയത്. ക്രമേണ അത് പ്രതിഷേധമായി. 12 മണിയോടെ റോഡ് ഉപരോധിച്ചു. തഹസിൽദാർ ജിനു പുന്നൂസ്, ആർ.ഡി.ഒ. ജോളി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു തുടങ്ങിയവർ ചർച്ച നടത്തി. അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ തയ്യാറായില്ല. ഇതോടെ കൂടുതൽ പൊലീസെത്തി. ഭക്ഷണം കിട്ടുന്നുണ്ടോയെന്ന് പഞ്ചായത്തംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും നേരിട്ട് ക്യാമ്പിലെത്തി പരിശോധിക്കുമെന്ന് ഉറപ്പുനൽകിയതോടെ തൊഴിലാളികൾ പിരിഞ്ഞു. മടങ്ങിപ്പോയ ഒരു സംഘം മല്ലപ്പള്ളി റോഡിൽ പൊലീസിനു നേരെ ആക്രോശിച്ച് മടങ്ങി ഓടിവന്നതോടെ ലാത്തിവീശി. ഇതോടെയാണ് സംഘർഷം മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP