Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പെൺമക്കളെ പട്ടിൽ പൊതിഞ്ഞു; മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങൾ നിരത്തി കാത്തിരുന്നത് സത്യയു​ഗ പുലരിയിലെ മക്കളുടെ പുനർജനി; അഭ്യസ്തവിദ്യരായിട്ടും മദനപ്പള്ളിയിലെ ​ദമ്പതികൾ ക്രൂരകൃത്യം ചെയ്തത് അന്ധവിശ്വാസത്തിന് അടിപ്പെട്ട്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പെൺമക്കളെ പട്ടിൽ പൊതിഞ്ഞു; മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങൾ നിരത്തി കാത്തിരുന്നത് സത്യയു​ഗ പുലരിയിലെ മക്കളുടെ പുനർജനി; അഭ്യസ്തവിദ്യരായിട്ടും മദനപ്പള്ളിയിലെ ​ദമ്പതികൾ ക്രൂരകൃത്യം ചെയ്തത് അന്ധവിശ്വാസത്തിന് അടിപ്പെട്ട്; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: പുനർജനിക്കുമെന്ന് കരുതി രണ്ട് പെൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും അന്ധവിശ്വാസത്തിന് അടിമകളായതാണ് ആന്ധ്ര ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ ദമ്പതികളെ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ട കുട്ടികളെ ചെമ്പട്ടിൽ പൊതിഞ്ഞ നിലയിലാണ് പൊലീസ് കണ്ടെടുത്തത്. ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിലെ മന്ത്രവാദിയുടെ പങ്കിനെ കുറിച്ചും അന്വേഷിച്ച് വരികയാണ്.

ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള പെൺമക്കളെയാണ് കോളജ് പ്രഫസറായ പുരുഷോത്തം നായിഡുവും സ്കൂൾ പ്രിൻസിപ്പലായ പത്മജയും ചേർന്ന് കൊലപ്പെടുത്തിയത്. 27കാരിയായ അലേഖ്യയും 22 വയസുള്ള സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. ഒരു കുട്ടിയെ പൂജാമുറിയിലും സഹോദരിയെ അടുത്ത മുറിയിലും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് കണ്ടെടുത്ത പട്ടിൽ പൊതിഞ്ഞ നിലയിലുള്ള പെൺകുട്ടിയുടെ മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങൾ നിരത്തിയിരുന്നതായി പൊലീസ് പറയുന്നു. കുട്ടികളിൽ ഒരാളുടെ വായിൽ പിച്ചള പാത്രം തിരുകിയിരുന്നതായും പൊലീസ് പറയുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളെയിൽ ഞായറാഴ്ച രാത്രിയാണ് ദമ്പതികൾ പെൺമക്കളെ കൊലപ്പെടുത്തിയത്. പത്മജ തന്റെ രണ്ട് പെൺമക്കളെ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മക്കൾ പുനർജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായി മാതാപിതാക്കൾ പൊലീസിനോടു വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, സൂര്യോദയത്തിനുശേഷം അവരുടെ പെൺമക്കൾ വീണ്ടും ജീവനോടെ വരുമെന്നായിരുന്നു പ്രതികരണം. ഞയറാഴ്‌ച്ച രാത്രിയോടെ "കലിയുഗം" അവസാനിക്കുമെന്നും തിങ്കളാഴ്ച മുതൽ "സത്യയുഗം" ആരംഭിക്കുമെന്നും അപ്പോൾ മക്കൾ പുനർജനിക്കുമെന്നും ആയിരുന്നു ഇവരുടെ വിശ്വാസം.

ഞായറാഴ്ച രാത്രി വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങൾ ഉണ്ടായത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ചുവന്ന തുണിയിൽ പൊതിഞ്ഞ പെൺകുട്ടികളുടെ മൃതദേഹമാണ് പൂജാ മുറിയിൽ കണ്ടെത്തിയത്. പൊലീസ് വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ എതിർത്തു. ഒടുവിൽ ബലം പ്രയോ​ഗിച്ച് അകത്തു കടന്ന പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ചയായിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം പൂജാ മുറിയിൽ നിന്നും മറ്റൊരു മൃതദേഹം മറ്റൊരു മുറിയിൽ നിന്നും കണ്ടെത്തി. മൃതദേഹങ്ങൾ ചുവന്ന പട്ടിൽ പൊതിഞ്ഞിരുന്നു.

മൂത്തമകൾ അലേഖ്യ ഭോപ്പാലിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ബിബിഎ വിദ്യാർത്ഥിനിയാണ് സായി ദിവ്യ. മുംബൈയിലെ എആർ റഹ്മാൻ മ്യസിക് സ്‌കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നാളിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയെത്തിയത്. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് ബലി നൽകിയതെന്നാണ് ആക്ഷേപം. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് രവി മനോഹര ചാരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം. മന്ത്രിവാദിയോ മറ്റോ വീട്ടിൽ സ്ഥിരമായി വന്നിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. നഗരത്തിന്റെ പുറത്തേയ്ക്ക് ഇവർ വീട് മാറി പോയതിന് ശേഷം കുടുംബവുമായി അടുത്ത ബന്ധമില്ല എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കർണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള വാഹനത്തിൽ സ്വാമിജിയുടെ വേഷത്തിൽ ചിലർ ദമ്പതികളുടെ വീട്ടിൽ വന്നതായി നാട്ടുകാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP