Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യാജരേഖ കേസിൽ കെ.വിദ്യയുടെ വീട്ടിലെത്തി പൊലീസ്; തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിൽ; വിദ്യ ഹോസ്റ്റലിൽ ഒളിവിലെന്ന് ആരോപണം; വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്ന് മുൻ വി സി; വിദ്യ എംഫിലിലും തട്ടിപ്പ് നടത്തിയെന്ന് കെ എസ് യു

വ്യാജരേഖ കേസിൽ കെ.വിദ്യയുടെ വീട്ടിലെത്തി പൊലീസ്; തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിൽ; വിദ്യ ഹോസ്റ്റലിൽ ഒളിവിലെന്ന് ആരോപണം; വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്ന് മുൻ വി സി; വിദ്യ എംഫിലിലും തട്ടിപ്പ് നടത്തിയെന്ന് കെ എസ് യു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: താൽക്കാലിക അദ്ധ്യാപക നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ അദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന കേസിൽ എസ്എഫ്‌ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ (വിദ്യ വിജയൻ) വീട്ടിൽ അന്വേഷണത്തിന് പൊലീസ് എത്തി. തൃക്കരിപ്പൂരിലെ വീട് പൂട്ടിയ നിലയിലാണ്. തുടർന്ന് പൊലീസ് സമീപത്തെ വീട്ടിൽ നിന്ന് വിവരങ്ങൾ തിരക്കി.

ഇന്ന് രാവിലെ 11.45 ഓടെയാണ് പൊലീസ് സംഘം എത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമാണ് വിദ്യ താമസിക്കുന്നത്. കേസെടുത്തതിന് പിന്നാലെ വിദ്യ വീട്ടിൽ നിന്ന് മാറിയിരുന്നു. ബാക്കിയുള്ളവർ ഇന്നലെയാണ് വീട്ടിൽ നിന്ന് പോയതെന്നാണ് അയൽക്കാർ പറയുന്നത്.

എസ് എച്ച് ഓ സലീമിന്റെ നേതൃത്വത്തിൽ അഗളി പൊലീസ് സംഘവും അന്വേഷണത്തിനായി കാസർകോട്ട് എത്തിയിട്ടുണ്ട്. എന്നാൽ ഈ സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയില്ല. വിദ്യ അട്ടപ്പാടി ആർ.ജി. എം ഗവ കോളജിൽ ഹാജരാക്കിയ വ്യാജ രേഖകൾ കണ്ടെത്താനാണ് അന്വേഷണ സംഘം എത്തിയത്. കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ മൊഴി അഗളി പൊലീസ് രേഖപ്പെടുത്തും.

വിദ്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നാല് ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിരുന്നില്ല. കാലടിയിൽ സംസ്‌കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്നാണു ആരോപണം. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ.

അഗളി പൊലീസ് ഇൻസ്‌പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

വിദ്യയ്‌ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറിയിരുന്നു.

കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

അതേ സമയം കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലക്കം മറിഞ്ഞ് മുൻ കാലടി വിസി ധർമരാജ് അടാട്ട് രംഗത്തെത്തി. സർവകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നൽകിയെന്നായിരുന്നു മുൻ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സർവകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമുള്ള ധർമരാജ് അടാട്ടിന്റെ സംഭാഷണം പുറത്ത് വന്നു.

വിദ്യയ്ക്ക് പ്രവേശനം നൽകിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്നാണ് വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാർത്ഥികളോട് ധർമരാജ് അടാട്ട് പറഞ്ഞത്. സകല സർവകലാശാല മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യയുടെ 2022 ലെ പി എച്ച് ഡി പ്രവേശനമെന്നും സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചിട്ടില്ലെന്നുമായിരുന്നു മുൻ വി സിയുടെ നിലപാട്. എന്നാൽ വിദ്യയെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത് മറ്റ് വിദ്യാർത്ഥികൾ ഡോ. ധർമരാജ് അടാട്ടിനെ കണ്ടപ്പോഴാണ് കോടതിയുത്തരവെന്ന് മറുപടി നൽകിയത്.

സർവകലാശാല മാനദണ്ഡം അനുസരിച്ച് പി എച്ച്ഡി പ്രവേശനത്തിന് 20 ശതമാനം സംവരണം വേണമെന്നിരിക്കെ വിദ്യയെ പ്രവേശിപ്പിച്ചത് കോടതിയുത്തരവിന്റെ മാത്രം അടിസ്ഥാനത്തിലെന്നാണ് അന്ന് വിസി പറഞ്ഞത്. അതായത് ലിസ്റ്റിൽ അവസാനക്കാരിയായി വിദ്യയെ ഉൾപ്പെടുത്തിയത് കോടതിയുത്തരവ് മാത്രം പരിഗണിച്ചാണ്. വിദ്യയ്ക്ക് സീറ്റ് നൽകണമെന്നല്ലല്ലോ അപേക്ഷ പരിഗണിക്കാനല്ലേ കോടതി നിർദ്ദേശമെന്ന വിദ്യാർത്ഥികളുടെ മറു ചോദ്യത്തിന് നിങ്ങളും കോടതിയിൽ പോയി ഉത്തരവ് സമ്പാദിക്കെന്നായിരുന്നു മറുപടി.

2020 ൽ മലയാള വിഭാഗത്തിൽ പിഎച്ച് ഡിക്കായി പത്തുസീറ്റാണ് കാലടിയിൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് 5 സീറ്റ് കൂടി വർധിപ്പിച്ചു. ഈ അധിക പട്ടികയിലാണ് അവസാന സ്ഥാനക്കാരിയായി വിദ്യ കടന്നുകൂടിയത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നായിരുന്നു ഡോ. ധർമരാജ് അടാട്ടിന്റെ കഴിഞ്ഞ ദിവസത്തെ നിലപാട്.

വ്യാജരേഖാക്കേസ് പ്രതി കെ.വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. ഒരിടത്തു വിദ്യാർത്ഥിയായും മറ്റൊരിടത്ത് അദ്ധ്യാപികയായി നിന്നുമാണ് വിദ്യ എംഫിൽ നേടിയത്. ഇത് ചട്ടലംഘനമാണെന്ന് കെഎസ്‌യു ആരോപിച്ചു. എസ്എഫ്‌ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയതെന്നും എസ്എഫ്‌ഐയ്ക്ക് കൈ കഴുകാനാവില്ലെന്നും കെഎസ്‌യു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP