Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

പ്രസവ വേദന കലശലായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ബന്ധുക്കൾ; തയ്യാറാകാതെ കാത്തിരുന്ന ആശുപത്രി അധികൃതർ വെളുപ്പിന് പ്രസവത്തിനായി കയറ്റി; കുഞ്ഞു മരിച്ച കാര്യം മറച്ചുവെച്ച് പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നു എന്നു പറഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു; ബിൽ അടപ്പിക്കാനായും സമയം വൈകിപ്പിച്ചു; അബോധാവസ്ഥയിലായ യുവതി വെന്റിലേറ്ററിലുമായി; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ

പ്രസവ വേദന കലശലായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ബന്ധുക്കൾ; തയ്യാറാകാതെ കാത്തിരുന്ന ആശുപത്രി അധികൃതർ വെളുപ്പിന് പ്രസവത്തിനായി കയറ്റി; കുഞ്ഞു മരിച്ച കാര്യം മറച്ചുവെച്ച് പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നു എന്നു പറഞ്ഞ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു; ബിൽ അടപ്പിക്കാനായും സമയം വൈകിപ്പിച്ചു; അബോധാവസ്ഥയിലായ യുവതി വെന്റിലേറ്ററിലുമായി; കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ

ആർ പീയൂഷ്

കൊല്ലം: പ്രസവത്തിനിടെ കുഞ്ഞ് മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലുമായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് പരാതി. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെ പ്രസവത്തിനിടയിൽ കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിക്കുകയും നജുമ ഗുരുതരാവസ്ഥയിലേക്ക് പോയതും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കരുനാഗപ്പള്ളി വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് എതിരെയാണ് നജുമയുടെ പിതാവ് നിസാർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 29 നാണ് നജുമയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്ക് കടുത്ത പ്രസവ വേദനയുണ്ടായിട്ടും ആരും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. 29 ന് വൈകിട്ട് നാലുമണിയോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് വേദന സഹിക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല.

ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർ നിങ്ങളുടെ മകളെ മാത്രമല്ല ഇവിടെ വേറെയും പ്രസവത്തിനായി എത്തിയവരും ഉണ്ട്, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് പറഞ്ഞ് ശാസിച്ചതായും പറയുന്നു. പിന്നീട് 30 ന് വെളുപ്പിന് പ്രസവത്തിനായി കയറ്റുകയും കുട്ടി മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.

പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നതായിട്ടാണ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് അടക്കം പുറത്ത് സജ്ജീകരിച്ച് നിർത്തിയെങ്കിലും ബിൽ അടക്കാതെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ എടുത്തത്. കോവിഡ് ആയതിനാൽ ബന്ധുക്കളാരും ആശുപത്രിയിൽ നിൽക്കരുത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാതാവ് നൂർജഹാൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ അപ്പോൾ പണമില്ലാതിരുന്നു. വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞ് പണവുമായി എത്താൻ അരമണിക്കൂറിലേറെ സമയം എടുത്തു. ആശുപത്രിയിലെ മുഴുവൻ തുകയായ 14,840 രൂപയും അടച്ചതിന് ശേഷമാണ് യുവതിയെ കൊണ്ടു പോകാൻ അനുവദിച്ചത്.

എസ്.എ.ടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടി മരിച്ചു എന്നറിയുന്നത്. പുറത്തേക്ക് വരുന്നതിനിടയിൽ വലിയത്ത് ആശുപത്രിയിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു എന്നും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നില നിർത്തുന്നത്. വെന്റിലേറ്റർ മാറ്റുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതർ ബന്ധുക്കളോട് ചർച്ച നടത്തി. വലിയത്ത് ആശുപത്രി അധികൃതർ കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതാണ് ഈ അവസ്ഥയിലേക്കെത്താനെന്നാണ് ബന്ധുക്കളുടെ ആരോപണം. പിതാവിന്റെ പരാതിയിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേ സമയം തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരുവിധ വീഴ്ചകളും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സിസേറിയൻ നടത്തേണ്ടതിന്റെ ആവിശ്യകത ഇല്ലാത്തതിനാലാണ് സിസേറിയൻ നടത്താതിരുന്നത്. പണം അടച്ചിട്ട് പോയാൽ മതി എന്ന് ആരും ഇവരോട് പറഞ്ഞിട്ടില്ല. ഇൻക്യുബേറ്റ് ചെയ്ത് രോഗിയുടെ നില സാധാരണ ഗതിയിലാക്കാൻ കുറച്ചു സമയം എടുത്തു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ലാ എന്നും രോഗിയുടെ ഒപ്പം ഒരു സ്റ്റാഫും പോയിരുന്നു എന്നും ആശുപത്രി പി.ആർ.ഒ മറുനാടനോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP