Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട് ഫീസ് 2.98 ലക്ഷം തട്ടിയെടുക്കാൻ വ്യാജ മുക്ത്യാർ ഉണ്ടാക്കി; പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി മാമൻ പാപ്പിക്കെതിരേ സിജെഎം നടപടി തുടങ്ങി; ഫീസ് തന്നില്ലെന്ന് വക്കീലിന്റെ വിചിത്രവാദം; തട്ടിപ്പിന് ഇരയായത് നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫ്; ഒരു ലക്ഷം രൂപ ഫീസായി നൽകിയെന്നും കൂടുതൽ തുക അദ്ദേഹം ചോദിച്ചതുമില്ലെന്നും ജെനി  

കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട് ഫീസ് 2.98 ലക്ഷം തട്ടിയെടുക്കാൻ വ്യാജ മുക്ത്യാർ ഉണ്ടാക്കി; പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി മാമൻ പാപ്പിക്കെതിരേ സിജെഎം നടപടി തുടങ്ങി; ഫീസ് തന്നില്ലെന്ന് വക്കീലിന്റെ വിചിത്രവാദം; തട്ടിപ്പിന് ഇരയായത് നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫ്; ഒരു ലക്ഷം രൂപ ഫീസായി നൽകിയെന്നും കൂടുതൽ തുക അദ്ദേഹം ചോദിച്ചതുമില്ലെന്നും ജെനി   

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട്ഫീസ് മുക്ത്യാർ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടിക്കെതിരേ സിജെഎം കോടതി നടപടി തുടങ്ങി. അഡ്വ. മാമൻ പാപ്പിക്കെതിരേയാണ് തിരുവല്ല സബ്ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങിയിരിക്കുന്നത്. നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫിനെയാണ് വക്കീൽ പറ്റിക്കാൻ ശ്രമിച്ചത്. 2,98,400 രൂപയാണ് കോർട്ട് ഫീ ആയി ഉണ്ടായിരുന്നത്.

2010 ൽ പയ്യന്നൂർ മാമ്പലം സ്വദേശി സതീശനെതിരേ തിരുവല്ല സബ്കോടതിയിലാണ് ജെനി ജോസഫ് സിവിൽ കേസ് നൽകിയത്. 2011 ൽ കേസ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കി. വക്കീൽ ഫീസ് ഇനത്തിൽ മാമൻ പാപ്പിക്ക് ജനി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.

കൂടുതൽ തുക അദ്ദേഹം ചോദിച്ചിരുന്നുമില്ല. കോടതിക്ക് പുറത്ത് ഒത്തു തീർപ്പാകുന്ന കേസിൽ വാദിക്ക് കോർട്ട് ഫീസ് തിരികെ ലഭിക്കും. ഈ വിവരം ജെനിക്ക് അറിയില്ലായിരുന്നു. പിന്നീട് വക്കീലുമായി ബന്ധപ്പെട്ടപ്പോൾ തുക വാങ്ങി നൽകാമെന്ന് അറിയിച്ചു. പല വട്ടം മാമൻ പാപ്പിയോട് ഇതേപ്പറ്റി ചോദിച്ചിട്ടും നിരവധി കാരണങ്ങൾ നിരത്തി ഒഴഞ്ഞു മാറി. പിന്നീട് ആ തുക ഇനി കിട്ടില്ലെന്നും കാലഹരണപ്പെട്ടു പോയി എന്നും അറിയിച്ചു. അങ്ങനെ ഇരിക്കേ 2015 മെയ്‌ മാസത്തിൽ പത്തനംതിട്ട കലക്ടറേറ്റിൽ നിന്നും ജെനി ജോസഫിന്റെ പേരിൽ ഒരു നോട്ടീസ് ലഭിച്ചു. താങ്കളുടെ പേരിൽ കോർട്ട് ഫീ ഇനത്തിൽ ചെലവായ 2,98,400 രൂപ റീഫണ്ട് ചെയ്യുന്നതാണെന്നും ഈ തുകയുടെ ബിൽ താങ്കളുടെ മുക്ത്യാർ ഏജന്റായ ടി.എൻ. രത്നമ്മ മുണ്ടപ്ലാക്കൽ, കരിമ്പനാംകുഴി, മാക്കാംകുന്ന്, പത്തനംതിട്ട എന്നയാളുടെ പേരിൽ അനുവദിക്കുന്നതിൽ താങ്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.

നോട്ടീസ് ലഭിക്കുമ്പോൾ ജെനി വിദേശത്തായിരുന്നു. നോട്ടീസിന് മറുപടി നൽകിയത് ജനിയുടെ പിതാവ് ജോസഫ് ആയിരുന്നു. തന്റെ മകൾ വിദേശത്താണെന്നും ഒരു മാസം കഴിഞ്ഞ് മടങ്ങി വരുമെന്നും അതു വരെ ഈ കാര്യത്തിൽ നടപടി എടുക്കരുത് എന്നുമായിരുന്നു മറുപടിയിൽ സൂചിപ്പിച്ചിരുന്നു. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബോധ്യമായ ജില്ലാ കലക്ടർ ഈ വിവരങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി തിരുവല്ല സബ് ജഡ്ജിന് റിപ്പോർട്ട് നൽകി. സബ്ജഡ്ജ് ജെനിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. അഡ്വ. മാമൻ പാപ്പിക്കെതിരേ നടപടി തുടങ്ങുകയും ചെയ്തു. കുരുങ്ങുമെന്ന് മനസിലായ വക്കീൽ തനിക്ക് ജെനി വക്കീൽ ഫീസിനത്തിൽ 2,98,400 രൂപ നൽകാനുണ്ടെന്ന് കാട്ടി പത്തനംതിട്ട മുൻസിഫ് കോടതിയിൽ 2016 ൽ ഒരു ഹർജി ഫയൽ ചെയ്തു. ഒരാഴ്ചയ്ക്ക് മുൻപ് അഭിഭാഷകനെതിരേ ക്രിമിനൽ നടപടിക്ക് വേണ്ടി തിരുവല്ല സബ് ജഡ്ജ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് അയച്ചു. മീരാ ജാസ്മിന്റെ സഹോദരിയായ ജെനി ക്ലാസ് മേറ്റ്സ് അടക്കം സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.

മുക്ത്യാർ തയാറാക്കിയത് ക്ലാർക്കിന്റെ പേരിൽ: സർട്ടിഫൈ ചെയ്തത്
സുഹൃത്തായ നോട്ടറി: കള്ളി പൊളിച്ചത് എസ്. ഹരികിഷോർ

കക്ഷിയുടെ പണം തട്ടിയെടുക്കാൻ വക്കീൽ നടത്തിയ കള്ളക്കളി പൊളിച്ചത് 2015 കാലഘട്ടത്തിൽ ജില്ലാ കലക്ടർ ആയിരുന്ന എസ്. ഹരികിഷോറാണ്. കോർട്ട് ഫീ മടക്കി നൽകുന്നതിന് വേണ്ടി തയാറാക്കിയ മുക്ത്യാറാണ് കലക്ടർക്ക് സംശയത്തിന് ഇട നൽകിയത്. അഡ്വ. മാമൻ പാപ്പിയുടെ ക്ലാർക്കായിരുന്നു മുക്ത്യാറിൽ പരാമർശിക്കുന്ന രത്നമ്മ. മാമൻ പാപ്പി തന്നെ തയാറാക്കിയ മുക്ത്യാറിൽ സർട്ടിഫൈ ചെയ്തത് കോഴഞ്ചേരിയിൽ നിന്നുള്ള നോട്ടറി കെടി തോമസായിരുന്നു. ഇതിൽ ജെനിയുടെ ഒപ്പ് വ്യാജമായി ചാർത്തി. സാക്ഷിയായി ഒപ്പിട്ടത് മാമൻ പാപ്പിയുടെ ജൂനിയർ വക്കീൽ ജസ്റ്റിൻ തോമസാണ്. രത്നമ്മയെയും കെടി തോമസ് എന്ന വക്കീലിനെയും മാമൻ പാപ്പി പറ്റിക്കുകയായിരുന്നുവെന്ന് കരുതുന്നു.

തനിക്ക് പണം കിട്ടാനുണ്ട്: നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മാമൻ പാപ്പി

തനിക്ക് കുടുംബകോടതിയിൽ അടക്കം ഒട്ടേറെ കേസുകളിലായി ജെനി ജോസഫ് പണം നൽകാനുണ്ടായിരുന്നുവെന്നാണ് മാമൻ പാപ്പി പറയുന്നത്. കേസുകൾ ഒത്തു തീർപ്പാകുമ്പോൾ ഒന്നിച്ചു തരാമെന്നാണ് അവർ പറഞ്ഞിരുന്നത്. ഒരു കേസ് ഒത്തു തീർപ്പായ സമയത്ത് കിട്ടിയ മുഴുവൻ തുകയും എന്റെ അക്കൗണ്ടിലൂടെ അവരുടെ കമ്പനി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുയാണ് ചെയ്തത്. ഫീസ് ഇപ്പോൾ എടുക്കരുതേ എന്ന അവരുടെ അഭ്യർത്ഥന മാനിക്കുകയും ചെയ്തു. പീന്നീട് അവർ വിദേശത്ത് പോകാൻ തീരുമാനിച്ചു. ആ സമയത്ത് താനവരോട് കേസും തന്റെ ഫീസുമൊക്കെ ലഭ്യമാക്കാൻ മുക്ത്യാർ തയാറാക്കണമെന്ന് പറഞ്ഞിരുന്നു. വീട്ടിൽ ആരുടെയെങ്കിലും പേരിൽ മുക്ത്യാർ തയാറാക്കാൻ പറഞ്ഞപ്പോൾ സാധിക്കില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് എന്റെ ഓഫീസിൽ വന്ന് എന്റെ പേരിൽ മുക്ത്യാർ എടുക്കാൻ പറഞ്ഞു. ഞാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അവർ എന്റെ ക്ലാർക്കിനോട് സംസാരിച്ചു.

ചേച്ചിയുടെ പേരിൽ കൊടുക്കാം എന്ന് ജെനി തന്നെയാണ് പറഞ്ഞത്. അതനുസരിച്ചാണ് രത്നമ്മയുടെ പേരിൽ മുക്ത്യാർ തയാറാക്കിയത്. അതനുസരിച്ച് കലക്ടറേറ്റിൽ നിന്ന് ജെനിക്ക് അറിയിപ്പ് ചെന്നപ്പോൾ അവരുടെ പിതാവ് വന്ന് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പണം എനിക്ക് കിട്ടില്ലെന്ന് വന്നപ്പോൾ ഞാൻ സബ്കോടതിയിൽ ഹർജി കൊടുത്ത് തുക അറ്റാച്ച് ചെയ്തു. ഇതിനെതിരേ അവർ ഹൈക്കോടതിയിൽ പോയെങ്കിലും പിന്നീട് ആ കേസ് പിൻവലിച്ചു. അതിന് ശേഷം പത്തനംതിട്ടയിലെ പല വക്കിലന്മാരെയും അവർ സമീപിച്ചു. കോടതിക്ക് പുറത്ത് ഒരു ഒത്തു തീർപ്പിന് ശ്രമം നടന്നു വരികയാണ്. അതിനിടെ ഇപ്പോൾ ഇത് വിവാദമാക്കിയതിന് പിന്നിൽ ബാർ അസോസിയേഷനിലെ തർക്കങ്ങളാണെന്നും അഡ്വ. മാമൻ പാപ്പി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP