Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നഷ്ടമായത് സ്വർണ്ണക്കോലത്തിലെ 5 രത്‌നക്കല്ലുകൾ; വടക്കുന്നാഥ ക്ഷേത്രത്തിൽ കാണാതെ പോയ തലേക്കെട്ട് പെട്ടികളിൽ ആനക്കൊമ്പിന്റെ ചീളുകൾ? അമ്പതിലേറെ നെറ്റിപ്പട്ടങ്ങൾ കാണാതായെന്നും സംശയം; ഹൈന്ദവ വിശ്വാസികളെയും ഭക്തരെയും ഞെട്ടിച്ച് കൊച്ചി ദേവസ്വം; ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെ നീക്കാൻ ഓംബുഡ്‌സ്മാന് മുന്നിൽ പരാതി

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നഷ്ടമായത് സ്വർണ്ണക്കോലത്തിലെ 5 രത്‌നക്കല്ലുകൾ; വടക്കുന്നാഥ ക്ഷേത്രത്തിൽ കാണാതെ പോയ തലേക്കെട്ട് പെട്ടികളിൽ ആനക്കൊമ്പിന്റെ ചീളുകൾ?  അമ്പതിലേറെ നെറ്റിപ്പട്ടങ്ങൾ കാണാതായെന്നും സംശയം; ഹൈന്ദവ വിശ്വാസികളെയും ഭക്തരെയും ഞെട്ടിച്ച് കൊച്ചി ദേവസ്വം; ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെ നീക്കാൻ ഓംബുഡ്‌സ്മാന് മുന്നിൽ പരാതി

എം മനോജ് കുമാർ

 കൊച്ചി: ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെതിരെ ദേവസ്വം ഓംബുഡ്‌സ്മാനും കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്കും പരാതി. വിവിധ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ഗുരുതരമായ പരാതികളാണ് ബിജുവിനെതിരെ ദേവസ്വം ഓംബുഡ്‌സ്മാനും കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്കും മുൻപാകെ വന്നത്. നിരുത്തരവാദപരമായും സ്വാർത്ഥ ലാഭം മുന്നിൽ കണ്ടും പ്രവർത്തിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. നെല്ലുവായ് ദേവസ്വം ഓഫീസർ ആയിരിക്കെ ഭക്തജനങ്ങൾ വഴിപാട് നടത്തുവാൻ നൽകിയ ചെക്കുകൾ നിശ്ചിത സമയത്ത് ബാങ്കിൽ പ്രസന്റ് ചെയ്യാതെയും വഴിപാടുകൾ നടത്താതെയും ഭക്തജനങ്ങളെ കബളിപ്പിച്ചു. ചെക്കുകൾ ദേവസ്വത്തിലേക്ക് വരാത്തതിനാൽ ദേവസ്വം ബോർഡിനും നഷ്ടമുണ്ടായി.

ബിജു വടക്കുംനാഥൻ ദേവസ്വം ഓഫീസർ ആയിരുന്ന കാലത്ത് ദേവസ്വത്തിലെ നെറ്റിപ്പട്ടം സൂക്ഷിച്ചിരുന്ന 6 മരത്തിന്റെ പെട്ടികളിൽ നിന്നും 2 എണ്ണം കാണാതെയായി. പെട്ടികളിൽ എന്തായിരുന്നു എന്നത് ദേവസ്വം രേഖകളിൽ കാണുന്നില്ല. എന്ന മറുപടി ലഭിച്ചിട്ടുണ്ട്. എന്നാൽ പെട്ടികളിൽ ഉണ്ടായിരുന്നത് ആനകളുടെ കൊമ്പുകൾ ചെത്തിമിനുക്കിയ കഷണങ്ങൾ ആയിരുന്നു എന്നാണറിവ്. ദേവസ്വം ബോർഡിന്റെ അധീനതയിൽ എത്ര നെറ്റിപ്പട്ടം ഉണ്ട് എന്നു പോലും ദേവസ്വത്തിനു അറിയില്ല. 3 സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ ഉൾപ്പെടെ 50 ലധികം നെറ്റിപ്പട്ടങ്ങൾ കാണേണ്ടതാണ്. ഇപ്പോൾ കിട്ടിയ വിവരം അനുസരിച്ച് പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്‌നക്കല്ലുകൾ നഷ്ടപ്പെട്ടു.

ലക്ഷക്കണക്കിന് തുക ചെലവാക്കുന്ന സ്വർണ്ണ പോളിഷ് ചെയ്യുന്ന ജോലിക്ക് ക്വട്ടേഷൻ വിളിക്കാതെയാണ് ദേവസ്വം ഓഫീസർ പുറത്തുള്ള വസന്തനെ ഏൽപിക്കുന്നത്, ദേവസ്വം ജോലികൾ ക്വട്ടേഷൻ വിളിച്ച് കുറഞ്ഞ തുകയ്‌ക്കെ ഏൽപിക്കാവു എന്നിരിക്കെയാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വരുന്ന നടപടികൾ ഇതിൽ അന്വേഷണം വേണം-പരാതിയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനായ എം എൻ ജയറാമും ടി കെ രാമചന്ദ്രനുമാണ് പരാതി നൽകിയത്. കൊച്ചിൻ ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ പരാതി ഫയലിൽ സ്വീകരിക്കുകയും വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഞെട്ടിക്കുന്ന പരാതി ബിജുവിനെക്കുറിച്ച് ഉയരുമ്പോൾ ഈ പരാതിയിൽ കൊച്ചിൻ ദേവസ്വം ബോർഡും പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ദേവസ്വം ബോർഡിന്റെ അധീനതയിൽ എത്ര നെറ്റിപ്പട്ടം ഉണ്ട് എന്നു പോലും ദേവസ്വത്തിനു അറിയില്ല എന്ന് പറയുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് ബിജുവിനൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും കൂടിയാണ്. സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ വരെ ദേവസ്വം ബോർഡിനു കീഴിൽ ഇരിക്കുമ്പോൾ നെറ്റിപ്പട്ടത്തിനെക്കുറിച്ചുള്ള ബോർഡിന്റെ അജ്ഞത വിവാദമായി തുടരുകയാണ്. ദേവസ്വം ഓംബുഡ്‌സ്മാന്റെ പരാതിയിൽ ആരോപണവിധേയനായ ബിജു ജോലി ചെയ്യുന്ന ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്‌നക്കല്ലുകൾ നഷ്ടപ്പെട്ടതായി പറയുന്നുണ്ട്.

ദേവസ്വം തന്നെ നൽകിയ വിവരമനുസരിച്ചാണ് ഈ വിവരം പരാതിക്കാരൻ ദേവസ്വം ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ രത്‌നക്കല്ലുകൾ നഷ്ടമായതായി പറയുന്നുണ്ട്. ഈ രത്‌നക്കല്ലുകൾ നഷ്ടമായതിനു അതിന്റെ കസ്റ്റോഡിയന്മാരായ ദേവസ്വം ഓഫീസർമാർ പിഴ നൽകണമെന്നും ദേവസ്വം ഉത്തരവും ഈ പരാതിയിൽ അടക്കം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് തുക ചെലവാക്കുന്ന സ്വർണ്ണ പോളിഷ് ചെയ്യുന്ന ജോലിക്ക് ക്വട്ടേഷൻ വിളിക്കാതെയാണ് ദേവസ്വം ഓഫീസർ പുറത്ത് നൽകുന്നതെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇതും ബിജുവിനെതിരെയുള്ള ശക്തമായ പരാതിയായി നിലനിൽക്കുന്നു.

ഓംബുഡ്‌സ്മാനു നൽകിയ പരാതി നിലനിൽക്കെ തന്നെയാണ് ജയറാം വീണ്ടും ഒരു പരാതി ദേവസ്വം ഓഫീസർ പി.ബി.ബിജുവിനെതിരെ കൊച്ചി ദേവസ്വം ബോർഡ് സെക്രട്ടറിക്ക് നൽകുന്നത്. ഓംബുഡ്‌സ്മാനു നൽകിയ പരാതിയിൽ ഉന്നയിക്കാത്ത കൂടുതൽ ആരോപണങ്ങളാണ് ബിജുവിനെതിരെ ജയറാം ഉന്നയിക്കുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഉപദേശക സമിതി രൂപീകരിക്കാതെയാണ് ദേവസ്വം ഓഫീസർ ബിജു പ്രവർത്തിക്കുന്നത്. ചില രാഷ്ട്രീയ ശക്തികളുടെ സഹായത്തോടെ ഉത്സവങ്ങൾ നടത്തുകയും അതിന്റെ മറവിൽ പണപ്പിരിവ് നടത്തുകയും ചെയ്തു.

2017-18 ലെ ഓഡിറ്റ് ചെയ്ത കണക്കുകൾ വിവരാവാകാശപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ വന്നെങ്കിലും അതൊന്നും നൽകാതെ സ്വന്തക്കാർക്ക് നൽകി. ബൈലോയ്ക്ക് വിരുദ്ധമായി വ്യാജ വിലാസമുള്ള ആളുകളെ വെച്ച് കമ്മറ്റികൾ രൂപീകരിച്ചു. ബിജുവിനെതിരെ ഇതിനു മുൻപും പരാതി വന്നു. നെല്ലുവയ് ദേവസ്വത്തിൽ ഭക്തജനങ്ങൾ നൽകിയ ചെക്കുകൾ പ്രസന്റ് ചെയ്യാതെ ദേവസ്വത്തിനു നഷ്ടമുണ്ടാക്കി,. 15 കിലോ വിളക്ക് തിരിമറി നടത്തി, ദേവസ്വം രസീത് ബുക്ക് കത്തിച്ചു, നെറ്റിപ്പട്ടം അടക്കം സൂക്ഷിച്ച രണ്ടു ആഭരണപ്പെട്ടികൾ ദേവസ്വത്തിനു നഷ്ടമാക്കി. ബിജുവിനെ തത്സ്ഥാനത്ത് നിന്നും നീക്കി ഉത്സവം നടത്താൻ തയ്യാറാകണം-പരാതിയിൽ ആരോപിക്കുന്നു.

ബിജുവിനെതിരെയാണ് ജയറാം പരാതി നൽകുന്നതെങ്കിലും പ്രതിക്കൂട്ടിൽ അകപ്പെടുന്നതുകൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ്. ദേവസ്വം ബോർഡുകളിൽ എന്താണ് സംഭവിക്കുന്നത്? ഭഗവാന്റെ മുതലിനെക്കുറിച്ച് ഒന്നും അറിയാത്തവർ ഇരുന്നു ഭരിക്കുന്ന ഇടമാണോ ദേവസ്വം ബോർഡുകൾ. ക്ഷേത്രങ്ങളിലുള്ളത് വിലമതിക്കാനാകാത്ത രത്‌നങ്ങളും ആഭരണങ്ങളുമൊക്കെയായിരിക്കെ ഈ മുതലിനെക്കുറിച്ച് അജ്ഞത ഭാവിക്കുന്നത് ദേവസ്വം ബോർഡിനു യോജിച്ച രീതിയാണോ? അതോ മുതൽ അടിച്ചുമാറ്റാനുള്ള മനഃപൂർവമുള്ള അജ്ഞതയാണോ ദേവസ്വം ബോർഡിന്റെ പ്രതികരണത്തിനു പിന്നിൽ. കൊച്ചിൻ ദേവസ്വം ബോർഡ് ഓംബുഡ്‌സ്മാന് ലഭിച്ച പരാതിയിലൂടെ തെളിയുന്ന ഒരു കാര്യം കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്.

ദേവസ്വത്തിലെ നെറ്റിപ്പട്ടം സൂക്ഷിച്ചിരുന്ന 6 മരത്തിന്റെ പെട്ടികളിൽ നിന്നും 2 എണ്ണം കാണാതെയായി. പെട്ടികളിൽ എന്തായിരുന്നു എന്ന് വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ അതിനകത്ത് എന്തായിരുന്നുവെന്ന് അറിയില്ലാ എന്നാണ് കൊച്ചിൻ ദേവസ്വം അറിയിക്കുന്നത്. ആനക്കൊമ്പ് കഷണങ്ങൾ തന്നെ ഇത്തരം പെട്ടിയിൽ ഉണ്ടായിരുന്നുവെന്നാണ് പരാതി നൽകിയ ജയറാം ദേവസ്വം ഓംബുഡ്‌സ്മാന് മുന്നിൽ അറിയിച്ചത്. ഇതിലും ഗുരുതരമായ മറ്റൊരു കാര്യവും ഓംബുഡ്‌സ്മാന് നൽകിയ ജയറാം വ്യക്തമാക്കുന്നുണ്ട്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പുതുക്കിപ്പണിത സ്വർണ്ണക്കോലത്തിലെ 5 രത്‌നക്കല്ലുകൾ നഷ്ടപ്പെട്ടുവെന്ന കാര്യവും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ കാര്യത്തിൽ ദേവസ്വവും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. രത്‌നക്കല്ലുകൾ നഷ്ടമായതായും അതിനുള്ള നഷ്ടം കസ്റ്റോഡിയന്മാരിൽ ഈടാക്കിയതായും ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച് പി.ബി.ബിജു

വടക്കുന്നാഥ ക്ഷേത്രത്തിൽ ആകെ ചാർജ് 20 ദിവസങ്ങൾ മാത്രമാണ് ഉണ്ടായത്. നെറ്റിപ്പട്ടത്തിന്റെ ചാർജ് ഏറ്റെടുത്തപ്പോൾ ചാർജ് കൈമാറാൻ വിട്ടുപോയി. ഒരു മരപ്പട്ടിയാണ്. നാലായിരം രൂപ വിലവരുന്ന പെട്ടിയാണത്. അതിന്റെ പണം ദേവസ്വത്തിൽ അടച്ചിട്ടുണ്ട്. എനിക്ക് അഡീഷണൽ ചാർജ് ആയിരുന്നു. പെട്ടികൾ എന്റെ സമയത്ത് നഷ്ടമായതല്ല. നെല്ലായി ദേവസ്വത്തിൽ ചെക്ക് മിസായിട്ടുണ്ടെങ്കിൽ അത് നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ വരുന്നതല്ല. നമ്മുടെ രജിസ്റ്ററിൽ ചേർത്ത ചെക്ക് അല്ല ഇത്. ഞാൻ അതിൽ കുറ്റക്കാരൻ അല്ലാ എന്നത് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞ കാര്യമാണ്. സ്വർണം പോളിഷ് ചെയ്യുന്ന ജോലി ഞാൻ നേരിട്ട് ചെയ്യുന്നതല്ല. അത് ഡിപ്പാർട്ട്‌മെന്റ് ചെയ്യുന്നതാണ്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ഓഡിറ്റ് ചെയ്ത കണക്കുകൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഹൈക്കോടതി നേരിട്ട് നടത്തിയ ഉത്സവമാണ്. ഓഡിറ്റ് നടത്തിയതും ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ്. ആരോപണങ്ങൾ എല്ലാം എന്നെ തേജോവധം ചെയ്യാൻ വേണ്ടിയുള്ളതാണ്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ സ്വർണ്ണക്കോലത്തിൽ നിന്ന് രത്‌നങ്ങൾ നഷ്ടപ്പെട്ടത് എനിക്ക് നേരിട്ട് ബന്ധമില്ലാത്ത കാര്യമാണ്. എന്റെ ഉത്തരവാദിത്തത്തിന്റെ സമയത്ത് സംഭവിച്ചതല്ല. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഞാൻ പ്രതികരിക്കേണ്ട ആവശ്യമില്ല-ബിജു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP