Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിന്നക്കനാലിൽ റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സൂചന; ഒളിവിൽ കഴിയാൻ സഹായിച്ച ദമ്പതികൾക്കും ബന്ധുവിനും ബോബൻ കാൽലക്ഷം രൂപ നൽകി; ചോദ്യം ചെയ്യലിൽ പണം ലഭിച്ചെന്ന വിവരം തുറന്നു പറഞ്ഞ് ദമ്പതികൾ; രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതും കൊലപാതക ആസൂത്രണത്തിന്റെ ഭാഗമെന്ന് സംശയം; അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതക കേസിൽ ബോബനെ കണ്ടെത്താതെ അന്വേഷണം ഇനിയും മുന്നോട്ടു നീങ്ങില്ല

ചിന്നക്കനാലിൽ റിസോർട്ട് ഉടമയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സൂചന; ഒളിവിൽ കഴിയാൻ സഹായിച്ച ദമ്പതികൾക്കും ബന്ധുവിനും ബോബൻ കാൽലക്ഷം രൂപ നൽകി; ചോദ്യം ചെയ്യലിൽ പണം ലഭിച്ചെന്ന വിവരം തുറന്നു പറഞ്ഞ് ദമ്പതികൾ; രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതും കൊലപാതക ആസൂത്രണത്തിന്റെ ഭാഗമെന്ന് സംശയം; അടിമുടി ദുരൂഹതകൾ നിറഞ്ഞ കൊലപാതക കേസിൽ ബോബനെ കണ്ടെത്താതെ അന്വേഷണം ഇനിയും മുന്നോട്ടു നീങ്ങില്ല

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ചിന്നക്കനാലിൽ റിസോർട്ട് ഉടമ രാജേഷിനെയും ജീവനക്കാരൻ മുത്തയ്യയെയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയാൻ സഹായിച്ച ദമ്പതികൾക്കും ബന്ധുവിനുമായി പ്രതിയെന്ന് കരുതപ്പെടുന്ന ബോബൻ കാൽലക്ഷത്തോളം രൂപ നൽകിയതായി പൊലീസിന് വിവരം ലഭിച്ചു. തങ്ങൾക്ക് 15000 രൂപയും ബന്ധുവിന് 10000 രൂപയും ബോബൻ നൽകിയെന്നും ഒരു ദിവസം ഇയാൾ തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നെന്നും ദമ്പതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയതായി കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന സി ഐ എസ് ചന്ദ്രകുമാർ മറുനാടനോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നീക്കം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ചേരിയാർ സ്വദേശികളായ ഇശ്രവേൽ -കബില ദമ്പതികളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രാജേഷിന്റെയും മുത്തയ്യയുടെയും മൃതദ്ദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമനായ ബോബനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിരുന്നു. മൃതദ്ദേഹം കണ്ടെത്തിയ ദിവസം വൈകിട്ടോടെ ചേരിയാർ പ്രദേശത്ത് ബോബൻ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നാണ് ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

രണ്ട് ചാക്ക് ഏലക്ക ബോബൻ പൂപ്പാറയിലെ സ്ഥാപനത്തിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. രാജേഷിന്റെ കാറിലാണ് ഏലക്ക പൂപ്പാറയിൽ എത്തിച്ചത്. ഈ സമയം ഇശ്രവേലും ഇയാൾക്കൊപ്പം ഉണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളിൽ ഇയാൾ നേരിട്ടപെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. രാജകുമാരി സ്വദേശിയായ ബേസ്സിലാണ് ബോബനെ രാജേഷിന് പരിചയപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ബേസ്സിലിനെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

താനും രാജേഷും പരിചയക്കാരായിരുന്നെന്നും നേരത്തെ ജോലിയിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരനായ യുവാവ് ജോലിക്കെത്തുന്നില്ലന്നും അത്യവശ്യമായി ഒരാളെ എത്തിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെയടുത്ത് ജോലിക്കെത്തിയിരുന്ന ബോബനെ താൻ രാജേഷിന് പരിചയപ്പെടുത്തിയതെന്നുമാണ് ബേസ്സിൽ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ സ്റ്റേഷനിലെത്തിയ ബേസ്സിലിനെ രാത്രി 9.45 ഓടെയാണ് ബന്ധുവിനൊപ്പം വിട്ടയച്ചതെന്നും ഇന്ന് രാവിലെ 10-ന് വീണ്ടും ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സി ഐ അറിയിച്ചു.

ബോബൻ നേരത്തൈ കൊച്ചിയിൽ പിടിച്ചുപറക്കേസ്സിൽ പ്രതിയാട്ടുണ്ടെന്നും ജാമ്യമെടുത്ത് മുങ്ങിനടക്കുകയായിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബോബൻ ചതുരംഗപ്പാറ വഴി തമിഴ്‌നാട്ടിലേയ്ക്ക് രക്ഷപെട്ടിരിക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് പൊലീസ് കണക്കുകൂട്ടൽ. മൊബൈൽ സ്വച്ച് ഓഫ് ചെയ്ത അവസ്ഥയിലായതിനാൽ സൈബർ സെല്ലുവഴിയുള്ള തിരച്ചിൽ കാര്യമായി ഗുണം ചെയ്യുന്നില്ലന്നാണ് അറിയുന്നത്. രാജേഷിനെ കൊലപ്പെടുത്താൻ നീളമേറിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചതായി ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി.പുറത്ത് കാണപ്പെട്ട മുറിവ് ആയുധം കൊണ്ടുള്ളതാണെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൈകളിലും മുറിവേറ്റിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ബോബൻ ഏതാനും കിലോ മീറ്റർ അകലെ പള്ളിമുറ്റത്ത് ഉപേക്ഷിച്ചിട്ടുപോയ ഡെസ്റ്റർ കാറിൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ രക്തം പുരണ്ട് നീളമേറിയ കത്തി കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനയ്ക്കായി നൽകുമെന്ന് പൊലീസ് അറിയിച്ചു. കത്തിയുമായി ആക്രമിക്കാനെത്തിയപ്പോൾ ബോബനും രാജേഷും തമ്മിൽ പിടിവലി നടന്നിട്ടുണ്ടാവാമെന്നും ഇതുമൂലമാവാം ഇരുവരുടെയും കൈകളിൽ മുറിവേറ്റതെന്നുമാണ് പൊലീസ് അനുമാനം. ബോബന്റെ കൈയിൽ പരിക്കേറ്റിരുന്നെന്ന് കസ്റ്റഡിയിലായ ദമ്പതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

ഇന്നലെ രാജേഷിന്റെ ഓഫീസ് മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അലമാരയ്ക്ക് പിന്നിൽ ഒളിപ്പിച്ച നിലയിൽ രണ്ട് തോക്കുകൾ കണ്ടെടുത്തു.ഇതിൽ ഒന്ന് ഇരട്ടക്കുഴലും മറ്റേത് ഒറ്റകുഴലുമാണ്. രാജേഷിനെ കൊലപ്പെടുത്താൻ ഇവയിലേതെങ്കിലും ഒന്ന് അക്രമി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. രാജേഷിന്റെ വീട്ടിൽ മറ്റാരെങ്കിലും ലൈസൻസുള്ള തോക്ക് സൂക്ഷിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേഷൻ പരിധിയിൽ ഒരാൾക്ക് തോക്ക് ലൈസുണ്ടെന്നും പരിശോധനയ്ക്കായി തോക്ക് ഹാജരാക്കാൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മുത്തയ്യയുടെ മരണം തലതകർന്നിട്ടാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട് .ഇയാളെ ആക്രമിക്കാനുപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.അക്രമി ഏലത്തോട്ടത്തിൽ ഏവിയെങ്കിലും ആയുധം വലിച്ചെറിഞ്ഞിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ. കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ (60)യുമാണ് കൊല്ലപ്പെട്ടത്.രാജകുമാരി കുളപ്പാറച്ചാൽ സ്വദേശിയാണ് ബോബൻ.

മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചേരീയാർ കുന്തപ്പനച്ചേരിയിലെ ഒരു വീട്ടിൽ ബോബിനുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ എത്തിയെങ്കിലും നിമിഷങ്ങൾക്ക് മുമ്പ് ഇയാൾ രക്ഷപെടുകയായിരുന്നു. രാജേഷിന്റെ നെഞ്ചിൽ വെടിയേറ്റതരത്തിലുള്ള മുറിവ് കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം പുറത്തുവിട്ട വിവരം. റിസോർട്ടിന്റെ മുറ്റത്തുനിന്നും കാണാതായ ഡെസ്റ്റർ കാർ മുരിക്കുംതൊട്ടി മരിയഗൊരോത്തി പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ കാറും ഇന്ന് ഫോറൻൻസിക് വിദഗ്ദ്ധർ പരിശോധിച്ചിരുന്നു.

ഈ കാറിൽ നിന്നും ലഭിക്കുന്ന ഫിംഗർ പ്രിൻന്റ് ബോബന്റെതാണെന്ന് തെളിഞ്ഞാൽ അത് അന്വേഷണത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. മോഷണമാണോ മുൻവൈരാഗ്യമാണോ കൊലയ്ക്ക് കാരണമെന്നകാര്യം ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും സ്ഥിരീകരിക്കാനായിട്ടില്ലന്നാണ്് പൊലീസ് വ്യക്തമാക്കുന്നത്.40 ഏക്കർ ചുറ്റളവിലുള്ള എസ്റ്റേറ്റിൽ രാജേഷും മുത്തയ്യയും ബോബനും മാത്രമാണ് താമസിച്ചിരുന്നത് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP