Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവ് അറിഞ്ഞില്ല, അടുത്ത ലക്ഷ്യം താനാണെന്ന്; ബോബിനും കപിലയും തമ്മിലുള്ള വഴിവിട്ട ബന്ധം അറിയാതെ കൊലയാളിയെ സഹായിച്ച് ഇസ്രവേൽ; പണം സ്വന്തമാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ഇരട്ടകൊല നടത്തിയ ബോബിൻ കുട്ടിക്കാലം മുതൽ അക്രമവാസനയുള്ളയാൾ; എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിനടന്നു; എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത ബോബിൻ കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന വ്യക്തി; കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത് കാമുകിയുമൊത്തുള്ള സുഖജീവിതം

ഭർത്താവ് അറിഞ്ഞില്ല, അടുത്ത ലക്ഷ്യം താനാണെന്ന്; ബോബിനും കപിലയും തമ്മിലുള്ള വഴിവിട്ട ബന്ധം അറിയാതെ കൊലയാളിയെ സഹായിച്ച് ഇസ്രവേൽ; പണം സ്വന്തമാക്കി കാമുകിക്കൊപ്പം ജീവിക്കാൻ ഇരട്ടകൊല നടത്തിയ ബോബിൻ കുട്ടിക്കാലം മുതൽ അക്രമവാസനയുള്ളയാൾ; എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത ശേഷം മുങ്ങിനടന്നു; എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത ബോബിൻ കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന വ്യക്തി; കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടത് കാമുകിയുമൊത്തുള്ള സുഖജീവിതം

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമയെയും തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് സൂപ്പർവൈസർ രാജകുമാരി കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ ഒരു കൊലയ്ക്കു കൂടി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുമ്പോൾ ഞെട്ടിയത് ഇയാളെ സഹായിച്ച ഇസ്രവേൽ. ബോബിന്റെ കാമുകി കപിലയുടെ ഭർത്താവാണ് ഇസ്രവേൽ. ഇയാളെയും കൊല്ലാൻ ബോബിൻ പദ്ധതിയിട്ടെന്നാണ് പൊലീസ് വ്യക്തമാക്കിയപ്പോൾ സർവവും തകർന്ന നിലയിലാണ് ഇസ്രവേൽ. പണം സമ്പാദിച്ച് കപിലക്കൊപ്പം നാടുവിട്ട് ജീവിക്കാനായിരുന്നു കൊലപാതകി ലക്ഷ്യമിട്ടത്. ഇതിനായി ഇസ്രവേലിനെ വകവരുത്താനും തീരുമാനിച്ചു. എന്നാൽ, അതിന് മുമ്പ് പൊലീസ് പൊക്കിയതോടെ എല്ലാം പൊളിഞ്ഞു.

പണം സമ്പാദിച്ച് കപിലയ്ക്കൊപ്പം ജീവിക്കാനായിരുന്നു ബോബിന്റെ തീരുമാനം. ഇരട്ടക്കൊലപാതക കേസിൽ ദമ്പതികളായ ഇസ്രവേലും കപിലയും നേരത്തേ അറസ്റ്റിലായിരുന്നു. ബോബിനും കപിലയും തമ്മിലുള്ള ബന്ധം അറിയാതെയാണ് ഇസ്രവേൽ കൊലപാതകത്തിനു സഹായിച്ചത്. കുട്ടിക്കാലം മുതൽ കുറ്റവാസന ഉള്ള ആളാണ് ബോബിനെന്നു സുഹൃത്തുക്കളു പറയുന്നു. നാട്ടിൽ അധികം അടുപ്പക്കാർ ഇല്ലാത്ത ബോബിൻ വീട്ടുകാരുമായും നല്ല ബന്ധത്തിൽ അല്ല. രണ്ടര വർഷം മുൻപ് വരെ എറണാകുളത്ത് ഡ്രൈവർ ജോലി നോക്കിയിരുന്ന ബോബിൻ അവിടെ 2 മോഷണക്കേസുകളിൽ പ്രതിയായി. മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ ബോബിൻ ശിക്ഷാ കാലാവധിക്കുള്ളിൽ കോടതിയിൽ ഹാജരാകാത്തതിനാൽ വാറന്റ് ആയി. ബോബിന്റെ പിതാവിനെ 10 വർഷം മുൻപ് കാണാതായിരുന്നു. അമ്മയും സഹോദരനുമാണ് കുളപ്പാറച്ചാലിലെ വീട്ടിൽ താമസിക്കുന്നത്.

എറണാകുളം സ്വദേശിനിയെ ആണ് ബോബിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു കുട്ടിയും ഉണ്ട്. 2010 ൽ സഹോദരന്റെ വിവാഹത്തിന് ആണ് ബോബിന്റെ ഭാര്യയും കുട്ടിയും അവസാനമായി നാട്ടിലെത്തിയത്. അതിനു ശേഷം ഇടയ്ക്കിടെ ബോബിൻ എറണാകുളത്ത് എത്തി ഇവരോടൊപ്പം താമസിച്ചിരുന്നു. എറണാകുളത്തുനിന്നു വന്ന ബോബിൻ സമീപ വീടുകളിൽ കൂലിപ്പണിക്കു പോയിരുന്നു. എന്തു ജോലിയും ചെയ്യാൻ മടിയില്ലാത്ത ബോബിൻ, കയ്യിൽ പണം കിട്ടിയാൽ ആർഭാട ജീവിതം നയിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു.

പൊലീസ് കസ്റ്റഡിയിലുള്ള ദമ്പതികലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മധുരയിൽ നിന്നാണു ബോബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്-40), തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അതേസമയം ജേക്കബിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. മുത്തയ്യയെ കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചു വെട്ടിയും കുത്തിയുമാണു കൊലപ്പെടുത്തിയതെന്നാണു സൂചന. ഒറ്റയ്ക്കാണു കൊല നടത്തിയത്.

ജേക്കബിന്റെ നെഞ്ചിൽ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയിലും ശരീരത്തിലും ആഴത്തിൽ മുറിവുണ്ടായിരുന്നു. ഉടമയുടെ മരണം വെടിയേറ്റതിനാലാണോ എന്നതു വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കു കണ്ടെടുക്കാനായില്ല. കൊലയ്ക്കു ശേഷം എസ്റ്റേറ്റിലെ ജീപ്പിൽ രക്ഷപ്പെട്ട ബോബിൻ ബുധനാഴ്ച മൊബൈൽ ഫോൺ ഓൺ ചെയ്തിരുന്നു. ബുധനാഴ്ച രാത്രി 10.30നു ബോബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരുച്ചിറപ്പള്ളിയാണു കാണിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്‌ക്വാഡ്, രാജാക്കാട്, ശാന്തൻപാറ എസ്ഐമാരുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞ് തിരുച്ചിറപ്പള്ളിയിലെത്തി. അവിടെ എത്തിയപ്പോൾ ബോബിന്റെ മൊബൈൽ ഫോൺ തേനി ലൊക്കേഷൻ കാണിച്ചു.

അന്വേഷണസംഘം തിരികെ തേനിയിലെത്തി. അന്വേഷണ സംഘം തേനിയിലെത്തിയപ്പോൾ ബോബിന്റെ മൊബൈൽ സിഗ്നൽ പഴനിയിലാണെന്നു കാണിച്ചു. പഴനിയിൽ അന്വേഷണ സംഘമെത്തിയപ്പോൾ ലൊക്കേഷൻ മധുരയിലേക്കു മാറി. തുടർന്ന് അന്വേഷണസംഘം മധുരയിലെത്തി മൂന്നായി വഴി പിരിഞ്ഞു. 2 മണിക്കൂർ ഒരേ ലൊക്കേഷനിൽ സിഗ്നൽ നിന്നതോടെ പൊലീസ് ഉറപ്പിച്ചു- പ്രതി മുറിയെടുത്തിട്ടുണ്ട്; അല്ലെങ്കിൽ സ്ഥലത്തെ ഏതോ തിയേറ്ററിലുണ്ട്. ആശുപത്രികൾ, ലോഡ്ജുകൾ, തിയറ്ററുകൾ എന്നിവ പരിശോധിച്ചു. ഇതിനിടയിലാണ് തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന പ്രതി അന്വേഷണസംഘത്തിന്റെ മുന്നിൽ പെട്ടത്. തുടർന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2 ദിവസം മധുരയിൽ തങ്ങാനും ഇടതു കൈയിലേറ്റ പരുക്കു സ്ഥലത്തെ ആശുപത്രിയിൽ പരിശോധിച്ച ശേഷം തമിഴ്‌നാട് വിടാനുമായിരുന്നു പ്രതിയുടെ പദ്ധതിയെന്നു പൊലീസ് പറഞ്ഞു.

ബോബിൻ തമിഴ്‌നാട്ടിലെത്തിയതോടെ ആദ്യം ഷൂസും വസ്ത്രങ്ങളും ബാഗും വാങ്ങി. ഇതിനുശേഷമാണ് യാത്ര ആരംഭിച്ചത്. താടി എടുത്തു കളഞ്ഞ് വസ്ത്രധാരണ രീതികളും മാറ്റി ഫോണും സ്വിച്ച് ഓഫ് ചെയ്തു. മധുരയിൽ വച്ച് കപിലയ്ക്കായി ഇയാൾ സാരി വാങ്ങിയിരുന്നു. ഒപ്പം 16,000 രൂപ മുടക്കി ഒരു മൊബൈലും. ഏലം വിറ്റതിലൂടെ ഒരുലക്ഷത്തി എൺപതിനായിരം രൂപയാണ് കിട്ടിയത്. 25,000 രൂപ കപിലയ്ക്കും, ഇസ്രവേലിനുമായി നൽകി. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 70,000 രൂപയുണ്ടായിരുന്നു. ആദ്യം വകവരുത്തിയത് മുത്തയ്യയെയാണ്. സ്റ്റോർ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യയെ ചുറ്റിക കൊണ്ട് മൂന്നുവട്ടം തലയ്ക്കടിക്കുകയായിരുന്നു.

റിസോർട്ടുടമ രാജേഷിനെ വിളിച്ചുണർത്തി ആക്രമിക്കുകയായിരുന്നു. പുറത്തുപോകാൻ വാഹനത്തിന്റെ താക്കോൽ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം തർക്കിച്ചു. കൊടുക്കാതിരുന്നതോടെ, കത്തി കൊണ്ട് കുത്തുകയായിരുന്നു. നേരത്തെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വാർത്തകൾ വന്നത്. കൊലപാതകകുറ്റം, മോഷണം, അതിക്രമിച്ചുകയറ്റം, തെളിവുനശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുററങ്ങളാണ് ബോബന് മേൽ ചുമത്തിയിരിക്കുന്നത്. ചിന്നക്കനാൽ ഇരട്ടകൊലപാതകം ഏലക്കയും പണവും മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസ് പിടിലായ രാജകുമാരി സ്വദേശിയായ ബോബൻ ഇന്നലെ സമ്മതിച്ചിരുന്നു. റിസോർട്ടുടമ രാജേഷിനെ കൊലപ്പെടുത്തിയ രീതിയെക്കുറിച്ചും മറ്റും ബോബൻ പൊലീസിൽ പറഞ്ഞതായാണ് അറിയുന്നത്.

ബസിലും ട്രെയിനിലുമായാണ് പ്രതി യാത്ര ചെയ്തത്. കൊലപാതകത്തിനു ശേഷം ബോബിൻ ഏലത്തോട്ടത്തിലുടെ നടന്നു കേരള-തമിഴ്‌നാട് വനാതിർത്തിയിലൂടെ തമിഴ്‌നാട്ടിലെ തേവാരത്ത് എത്തി. തേവാരത്ത് എത്താൻ പ്രതി 9 മണിക്കൂറോളം എടുത്തെന്നാണ് പൊലീസ് നിഗമനം. തേവാരത്ത് നിന്നു ബസ് കയറി തേനിയിലെത്തിയ ശേഷമാണ് പ്രതി തിരുച്ചിറപ്പള്ളിയിലേക്കു കടന്നത്. കേരള-തമിഴ്‌നാട് വനാതിർത്തിയിൽ ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ വനപാതയിലൂടെയാണു പ്രതി തമിഴ്‌നാട്ടിലെത്തിയത്.

ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി ബോബിനെ (36) സംഭവം നടന്ന് ഒരാഴ്ചയ്ക്കകം പിടികൂടാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി. ഇരട്ടക്കൊലപാതക കേസ് അന്വേഷിച്ചത് 35 അംഗ പൊലീസ് സംഘം. കുറ്റകൃത്യത്തിനു ശേഷം ബോബിൻ തമിഴ്‌നാട്ടിലെ മധുരയിൽ ഉള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചതാണു കേസന്വേഷണത്തിൽ നിർണായകമായത്. ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ ഡിവൈഎസ്‌പി ഡി.എസ്. സുനീഷ് ബാബു, ശാന്തമ്പാറ സിഐ എസ്.ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 3 അന്വേഷണ സംഘങ്ങളാണ് പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തിയത്. രാജാക്കാട് എസ്ഐ പി.ഡി.അനൂപ്മോൻ, എഎസ്ഐമാരായ സി.വി.ഉലഹന്നാൻ, സജി.എൻ.പോൾ, സിപിഒമാരായ ആർ.രമേശ്, സി.വി.സനീഷ്, ഓമനക്കുട്ടൻ എന്നിവരുൾപ്പെട്ട സംഘമാണ് 3 ദിവസത്തെ തിരച്ചിലിനൊടുവിൽ പ്രതിയെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP