Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുനാഗപ്പള്ളിയിൽ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്‌കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; കുതറിയോടി സമീപത്തെ വീട്ടിൽ അഭയം തേടി കുട്ടി ഭയപ്പാടോടെ വിവരം അറിയിച്ചു; പൊള്ളാച്ചി സ്വദേശിനിയായ സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; കുട്ടികളെ കാണാതാകുകയും സംഭവങ്ങൾ തുടരുന്നതിനിടെ ഭയപ്പെടുത്തുന്ന ഒരു കേസ് കൂടി; ഗർഭിണിയെന്ന വ്യാജേനെ വെള്ളവും ഭക്ഷണവും ചോദിച്ചത്തുന്നവരെയും സൂക്ഷിക്കണമെന്ന് പൊലീസ്

കരുനാഗപ്പള്ളിയിൽ നാലു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്‌കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; കുതറിയോടി സമീപത്തെ വീട്ടിൽ അഭയം തേടി കുട്ടി ഭയപ്പാടോടെ വിവരം അറിയിച്ചു; പൊള്ളാച്ചി സ്വദേശിനിയായ സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; കുട്ടികളെ കാണാതാകുകയും സംഭവങ്ങൾ തുടരുന്നതിനിടെ ഭയപ്പെടുത്തുന്ന ഒരു കേസ് കൂടി; ഗർഭിണിയെന്ന വ്യാജേനെ വെള്ളവും ഭക്ഷണവും ചോദിച്ചത്തുന്നവരെയും സൂക്ഷിക്കണമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുട്ടികളെ കാണാതാകുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിനിടെ നടുക്കുന്ന മറ്റൊരു സംഭവം കൂടി. കൊല്ലം കരുനാഗപ്പള്ളിയിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. രാവിലെ സ്‌കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിനി ജാസ്മിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം.

സ്‌കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടി സമീപത്തെ വീട്ടിൽ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ശ്രമങ്ങൾ കേരളത്തിൽ ഉണ്ടാകുന്നത് ഇതാദ്യമായല്ല. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ നിർദ്ദേശിച്ചിരുന്നു. അടുത്തിടെ ഗർഭിണികളെന്ന വ്യാജേന എത്തിയാണ് ഇവർ കവർച്ചയും മറ്റും നടത്തുന്നത് ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചിരുന്നു. ഇത്തരം സംഘങ്ങൾ നാട്ടിൽ അങ്ങോളമിങ്ങോളം ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകുമെങ്കിലും ഇവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. അടുത്തിടെ തൊടുപുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളിൽ നിർത്തിയതിനു ശേഷം പൗഡർ എടുക്കാൻ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടിൽക്കയറിയത്. തിരിച്ചു വന്നപ്പോൾ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളിൽ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്. മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിർത്തി. പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു.

ഇപ്പോൾ പൊലീസ് പരിശോധന ടൗണുകളിൽ കാര്യമായതിനാൽ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് നാടോടി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലോ റേഞ്ചിലും, ഹൈറേഞ്ചിലും നാടോടി സംഘങ്ങളുടെ വൻ സാന്നിധ്യമുണ്ട്. നാടോടി സംഘങ്ങളെക്കുറിച്ച് ജില്ലയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. സമീപ കാലത്തായി ജില്ലയിലെ ഗ്രാമീണ മേഖലകളിലടക്കം ആന്ധ്രാ, തമിഴ്‌നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നു വൻ തോതിലാണ് നാടോടി സംഘങ്ങൾ ജില്ലയിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ സീസണുകളിലും ആക്രി സാധനങ്ങൾ പെറുക്കുന്നതിനും കരകൗശല വിൽപന, വീടുകളിൽ നിന്നും തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവിൽ, വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

നാടോടി സംഘങ്ങൾ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗർഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകും. ഇതിനു പുറമേ ഭക്ഷണവും നൽകും. ഇത്തരം മുതലെടുപ്പിനാണു ഗർഭിണിയുടെ വേഷം. പുരുഷന്മാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളിൽ നിന്നും കണ്ടെത്തിയ കുട്ടികളിൽ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളിൽ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളിൽ കുട്ടികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകൾ വീടുകൾ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്.

നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കൈമാറാം. കൺട്രോൾ റൂമിലും (100) വിവരം അറിയിക്കാം. പകലും, രാത്രിയിലും അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുകയും പൂട്ടിയെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുകയും ചെയ്യണം. വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജനൽ പാളികൾ രാത്രി അടച്ചിടുക, വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പൊലീസ് മുന്നോട്ടു വെക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP