Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാസൻ ഐ കെയറിന്റെ മറവിൽ നടന്ന 223 കോടിയുടെ കള്ളപ്പണ ഇടപാട് പുറത്തുകൊണ്ടുവന്നത് എം ശ്രീനിവാസ റാവുവിന്റെ ഇടപെടൽ; ചിദംബരത്തിന്റെ വിധേയന്മാർ കൂറു കാട്ടിയത് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി: ഒന്നും മിണ്ടാതെ മോദിയും രാഹുലും മൗനത്തിൽ

വാസൻ ഐ കെയറിന്റെ മറവിൽ നടന്ന 223 കോടിയുടെ കള്ളപ്പണ ഇടപാട് പുറത്തുകൊണ്ടുവന്നത് എം ശ്രീനിവാസ റാവുവിന്റെ ഇടപെടൽ; ചിദംബരത്തിന്റെ വിധേയന്മാർ കൂറു കാട്ടിയത് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി: ഒന്നും മിണ്ടാതെ മോദിയും രാഹുലും മൗനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാസൻ ഐ കെയറും ജെഡി ഗ്രൂപ്പും തമ്മിലുള്ള ഇടപാടുകൾ നേരത്തെതന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആരും കാര്യമായെടുക്കാതിരുന്ന പ്രശ്‌നത്തിൽ, എം. ശ്രിനാവാസ റാവുവിന്റെ ഇടപെടലാണ് 223 കോടി രൂപയുടെ കള്ളപ്പണ ഇടപാട് വെളിയിൽ കൊണ്ടുവന്നത്. ഇടപാട് കണ്ടെത്തിയ ഇൻകം ടാക്‌സ് കമ്മീഷണർ റാവുവിനെ സ്ഥലം മാറ്റിയാണ് നികുതി വകുപ്പിലെ ചിദംബരത്തിന്റെ വിധേയന്മാർ മുൻ മന്ത്രിയോടുള്ള കൂറ് കാണിച്ചത്.

റാവുവിനെ സ്ഥലം മാറ്റിയതിലൂടെ ചിദംബരം ഉദ്ദേശിച്ച കാര്യങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് ചെയ്തു തീർക്കാനായി. ജെഡി ഗ്രൂപ്പിന്റെ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം നിലച്ചുവെന്നതാണ് അതിലൊന്ന്. മറ്റൊന്ന്, ഇടപാടിന് നാമമാത്രമായ നികുതി അടച്ച് ജെഡി ഗ്രൂപ്പിന്റെ പേരിലുള്ള കേസും ഇല്ലാതാക്കി. ജെഡി ഗ്രൂപ്പ് ഓഫീസിൽ റെയ്ഡ് നടത്തി പിടിച്ചെടുത്ത രേഖകൾ ചെന്നൈയിലെ ഇൻകം ടാക്‌സ് ഡയറക്ടർ നാഗ പ്രസാദിന്റെ ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഈ കേസിൽ നാഗപ്രസാദിന്റെ ഇടപെടലുകളും സംശയാസ്പദമാണ്. എൻ.ഡി.ടി.വി നടത്തിയ നികുതിവെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന ഇൻകം ടാക്‌സ് കമ്മീഷണർ സഞ്ജയ് ശ്രീവാസ്തവ ഇക്കൊല്ലം ഏപ്രിലിൽ ചെന്നൈയിലെത്തി നാഗ പ്രസാദിനോട് ജെഡി ഗ്രൂപ്പുമായി ബന്ധപ്പെട്ട കേസ്സിനെക്കുറിച്ച് തിരക്കിയിരുന്നു. ജെഡി ഗ്രൂപ്പിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് വാസൻ ഐ കെയറിന്റെ ആസ്ഥാനത്തും ഡോ. അരുണിന്റെ വീട്ടിലും പരിശോധന നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, നാഗ പ്രസാദ് തന്റെ മൗനം തുടരുക മാത്രമാണ് ചെയ്തത്.

ഇത്രയും സുശക്തമായ തെളിവുകൾ ഉള്ള സാഹചര്യത്തിൽ ജെഡി ഗ്രൂപ്പുമായി ഇടപാട് നടത്തിയ വാസനെതിരെയും അരുണിനെതിരെയും പരിശോധനകൾ നടത്തേണ്ടത് സ്വാഭാവികമായ നടപടിക്രമം മാത്രമാണ്. എന്നാൽ, താൻ ഉന്നതരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു നാഗ പ്രസാദിന്റെ മറുപടി. ജെഡി ഗ്രൂപ്പിന്റെ നിയമവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് റിസർവ് ബാങ്ക് മുതൽ സംസ്ഥാന പൊലീസ് വരെയുള്ള ഏജൻസികളെ അറിയിക്കാമായിരുന്നെങ്കിലും, അതുമുണ്ടായില്ല.

വാസനിലെ കള്ളപ്പണ ഇടപാട് ഒതുക്കിത്തീർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഈ നാഗപ്രസാദാണെന്ന് കരുതുന്നു. നാഗപ്രസാദാകട്ടെ വൊളന്ററി റിട്ടയർമെന്റെടുത്ത് നികുതി വകുപ്പിനോടുതന്നെ വിടപറഞ്ഞു. ജെഡി ഗ്രൂപ്പ് ഇടപാട് വീണ്ടും പൊങ്ങിവന്നപ്പോൾ, ഒരു സുപ്രഭാതത്തിൽ നാഗപ്രസാദ് റിട്ടയർമെന്റ് വാങ്ങി പിരിയുകയായിരുന്നു. വിദേശത്തേയ്ക്ക് കടക്കാനും വിദേശ പൗരത്വം സമ്പാദിക്കാനുമുള്ള ശ്രമത്തിലാണ് നാഗ പ്രസാദിപ്പോൾ എന്നും കേൾക്കുന്നു.

കള്ളപ്പണ ഇടപാട് മാത്രമല്ല, നികുതി അടയ്ക്കാതെയും വാസൻ സാമ്പത്തിക കുറ്റകൃത്യം നടത്തിയിട്ടുണ്ട്. നികുതിയടച്ചുവെന്ന രേഖയുണ്ടാക്കിയെങ്കിലും 19.22 കോടി രൂപയുടെ നികുതി ട്രഷറിയിൽ അടയ്ക്കുന്നതിൽ അവർ വീഴ്ചവരുത്തി. മൂന്നുവർഷം കൊണ്ട് 38 മടങ്ങോളം ലാഭമുണ്ടാക്കിയ കമ്പനിയാണ് നികുതി വെട്ടിപ്പ് നടത്തിയെതന്നോർക്കണം. വാസന്റെ ഉടമകൾക്ക് ജയിൽശിക്ഷ ഉറപ്പുവരുത്തുന്ന കുറ്റമാണിത്.

വാസനെതിരെ നടപടിയെടുക്കേണ്ടത് ചെന്നൈയിലെ ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷണറായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. അങ്ങനെ പ്രവർത്തിച്ചതിനുള്ള പ്രതിഫലം അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിൽ ഉന്നതോദ്യോഗസ്ഥയായ ഭാര്യയ്ക്ക് കൊച്ചിയിൽനിന്ന് സ്ഥലം മാറ്റം ലഭിച്ചു. വർഷങ്ങളായി രണ്ടിടത്ത് ജോലി ചെയ്തിരുന്ന ഇരുവർക്കും ഒരുമിച്ച് ജോലി ചെയ്യാൻ ഡൽഹിയിലേക്ക് സ്ഥലംമാറ്റവും കിട്ടി.

2014-ൽ അടയ്‌ക്കേണ്ടിയിരുന്ന തുക തവണകളായി അടയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇക്കൊല്ലം മാർച്ച് 19-ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സേഷൻ അധികൃതരെ വാസന്റെ പ്രതിനിധികൾ സമീപിച്ചു. സിബിഡിറ്റി അധികൃതർ അപക്ഷ നിരസിക്കുകയും ഈ കേസ് കോടതിയിൽ സമർപ്പിക്കുകയുമാണ് ചെയ്യേണ്ടത്. എന്നാൽ, അവർ അത് ചെയ്തില്ലെന്ന് മാത്രമല്ല, ആവശ്യപ്പെട്ട ഇളവുകൾ ലഭിക്കുകയും ചെയ്തു.

അതേസമയം കള്ളപ്പണ വിഷയം ദേശീയ വിഷയമായി ഉയർത്തുകൊണ്ടുവന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഇതേക്കുറിച്ച് വാർത്തകൾ പുറത്തുവരുമ്പോഴും ഒന്നും പ്രതികരിക്കാൻ കോൺഗ്രസ് നേതാക്കളും തയ്യാറാല്ല. രാഹുൽ ഗാന്ധി അടക്കമുള്ളവർ വിഷയത്തിൽ മൗനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP