Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലിനീകരണം ആരോപിച്ചു അടൂരിൽ കോഴിഫാം തല്ലി തകർത്തു; നഴ്സിനെയും ക്യാൻസർ രോഗിയായ മാതാവിനും പിതാവിനും വീട്ടിൽ കയറി മർദ്ദനം; സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം എത്തിയത് കമ്പിപ്പാരയും മറ്റും കൈയിൽ കരുതി; നിലംപൊത്താറായ കോഴിഫാമിന്റെ ബാക്കി ഭാഗങ്ങളും തല്ലിത്തകർത്തു; അടൂർ ഡി.വൈ.എസ്‌പിക്ക് നൽകിയ പരാതിയിൽ കേസെടുത്തു പൊലീസ്

മലിനീകരണം ആരോപിച്ചു അടൂരിൽ കോഴിഫാം തല്ലി തകർത്തു; നഴ്സിനെയും ക്യാൻസർ രോഗിയായ മാതാവിനും പിതാവിനും വീട്ടിൽ കയറി മർദ്ദനം; സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം എത്തിയത് കമ്പിപ്പാരയും മറ്റും കൈയിൽ കരുതി; നിലംപൊത്താറായ കോഴിഫാമിന്റെ ബാക്കി ഭാഗങ്ങളും തല്ലിത്തകർത്തു; അടൂർ ഡി.വൈ.എസ്‌പിക്ക് നൽകിയ പരാതിയിൽ കേസെടുത്തു പൊലീസ്

ആർ പീയൂഷ്

അടൂർ: മലിനീകരണം ചൂണ്ടിക്കാട്ടി കോഴിഫാം തല്ലി തകർക്കുകയും നഴ്സിനെയും ക്യാൻസർ രോഗിയായ മാതാവിനെയും പിതാവിനെയും വീട്ടിൽ കയറി മർദ്ദിച്ചു. ഏഴംകുളം തൊടുവക്കാട് തടത്തിൽ സലീംകുമാറി(61)നെയും ഭാര്യ പ്രസന്ന എസ് കുമാർ (51) മകൾ സുരഭിയേയുമാണ് അയൽവാസികൾ കൂട്ടം ചേർന്ന് തല്ലി ചതച്ചത്. പരിക്കേറ്റ ഇവർ അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

ഏപ്രിൽ മൂന്നിന് രാത്രിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സലീംകുമാർ നടത്തി വന്നിരുന്ന കോഴി ഫാം രാത്രിയിൽ തല്ലി തകർക്കുകയും കോഴികളെ കൊന്നൊടുക്കുകയുമായിരുന്നു. രാവിലെയാണ് ഫാം തല്ലി തകർത്ത വിവരം സലീം കുമാർ അറിഞ്ഞത്. ആയിരത്തിനടുത്ത് ഉണ്ടായിരുന്ന ഇറച്ചിക്കോഴികൾ പകുതിയും ചത്തു പോയിരുന്നു. ജീവനോടെ ബാക്കിയുണ്ടായിരുന്നവയെ രക്ഷപെടുത്താനായി ഒരു ജോലിക്കാരനുമായി ചേർന്ന് തകർന്ന ഫാമിനുള്ളിൽ നിന്നും കോഴികളെ സുരക്ഷിതമായി മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയം സ്ത്രീകൾ ഉൾപ്പെടെയുള്ള ഒരു പറ്റം ആളുകൾ എത്തി ഇത് തടസപ്പെടുത്തുകയും രാത്രിയിലെ ആക്രമണത്തിൽ നിലംപൊത്താറായ കോഴിഫാമിന്റെ ബാക്കി ഭാഗങ്ങൾ കമ്പിയും പാരയും ഉപയോഗിച്ച് നിലംപരിശാക്കുകയും ചെയ്തു.

ഇത് തടയാൻ ചെന്ന സലീംകുമാറിനെ അക്രമി സംഘം മർദ്ദിച്ചു. മർദ്ദനം തടയാൻ ശ്രമിച്ച ഭാര്യയെയും മകൾ സുരഭിയേയും സംഘം മർദ്ദിച്ചു. ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ സുരഭിയുടെ തലയ്ക്കും കണ്ണിനും സാരമായ പരിക്കേറ്റു. പത്തോളം സ്ത്രീകളും പുരുഷന്മാരും ചേർന്ന് നടത്തിയ അക്രമത്തിൽ പരിക്കേറ്റ ഇവർ അടൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആക്രമണം നടത്തിയവർക്കെതിരെ അടൂർ ഡി.വൈ.എസ്‌പിക്ക് പരാതി നൽകി. പരാതി സ്വീകരിച്ച ശേഷം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശ്ശിക്കുകയും കേസിൽ എഫ്.ഐ.ആർ രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ 10 വർഷമായി സ്ഥലത്ത് കോഴിഫാം നടത്തുകയാണ് കുടുംബം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എല്ലാ അനുമതികളോടും പ്രവർത്തിച്ചുവരുന്ന ഫാമിനെതിരെ അടുത്തിടെയാണ് ചില നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നത്. ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ഫാമിൽ നിന്നും യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും സമീപ പ്രദേശങ്ങളിലേക്ക് പോകുന്നില്ല. ജീവനോടെ കോഴികളെ വിൽപ്പന നടത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. കരുതികൂട്ടിയുള്ള അക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് സലീകുമാറും ഭാര്യയും ആരോപിക്കുന്നത്. മൂന്നുവർഷമായി ആർ.സി.സിയിൽ ക്യാൻസർ ചികിത്സയിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന. മകൾ സുരഭി കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ നഴ്സുമാണ്. കോഴിഫാമിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് സലീംകുമാർ ഭാര്യയുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.

അതേ സമയം കോഴിഫാം ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുകയാണെന്നും അതിനാൽ എത്രയും വേഗം അടച്ചു പൂട്ടണമെന്നും കാട്ടി ഏഴംകുളം പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമോ നൽകി. 1500 ഇറച്ചി കോഴികളും 500 കോഴിക്കുഞ്ഞുങ്ങളും ഉണ്ട് എന്ന് അന്വേഷിച്ച് ബോധ്യപ്പെട്ടിട്ടാണ് സ്റ്റോപ്പ് മെമോ നൽകിയിരിക്കുന്നത് എന്നാണ് ഇതിൽ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ 1000 കോഴിയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമേ ലൈസൻസ് എടുക്കേണ്ടതുള്ളൂ. ആയിരം കോഴിയിൽ കുറവാണ് ഇവരുടെ ഫാമിൽ കോഴികൾ എന്ന് സലീംകുമാർ പറയുന്നു. മാത്രമല്ല പഞ്ചായത്ത് സെക്രട്ടറി ഒരു അന്വേഷണത്തിനും എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമാണ് ഇത്തരത്തിൽ ഒരു സ്റ്റോപ്പ് മെമോ നൽകാൻ കാരണമെന്നും ഇവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP