Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ബ്രിട്ടനിലെ അയ്യപ്പ ക്ഷേത്രത്തിനായി ചെങ്ങന്നൂരിൽ നിർമ്മിച്ച പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിയിൽ സർവത്ര ദുരൂഹത; വിഗ്രഹത്തിന് രണ്ട് കോടി രൂപ വിലയെന്നത് കെട്ടിച്ചമച്ച കഥ; രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടി രൂപയുടെ ഓർഡർ ആയതിന്റെ വസ്തുത തേടി കേരള പൊലീസ് കെന്റ് ഹിന്ദു സമാജം ഭാരവാഹികളുമായി ബന്ധപ്പെടുന്നു; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്; ഓടയിൽ നിന്നും കണ്ടെടുത്ത വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും

ബ്രിട്ടനിലെ അയ്യപ്പ ക്ഷേത്രത്തിനായി ചെങ്ങന്നൂരിൽ നിർമ്മിച്ച പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിയിൽ സർവത്ര ദുരൂഹത; വിഗ്രഹത്തിന് രണ്ട് കോടി രൂപ വിലയെന്നത് കെട്ടിച്ചമച്ച കഥ; രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടി രൂപയുടെ ഓർഡർ ആയതിന്റെ വസ്തുത തേടി കേരള പൊലീസ് കെന്റ് ഹിന്ദു സമാജം ഭാരവാഹികളുമായി ബന്ധപ്പെടുന്നു; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്; ഓടയിൽ നിന്നും കണ്ടെടുത്ത വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും

പ്രത്യേക ലേഖകൻ

ചെങ്ങന്നൂർ: ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ സ്ഥാപനത്തിൽ നിന്നും മോഷണം പോയ അയ്യപ്പ വിഗ്രഹം നീണ്ട തിരച്ചിലുകൾക്കൊടുവിൽ ഇന്നലെ പകൽ സ്ഥാപനത്തിന് സമീപമുള്ള ഓടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിഗ്രഹത്തിന്റെ തൂക്കവും മൂല്യവും തിട്ടപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിഗ്രഹം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കേസിലെ അന്വേഷണം ബ്രിട്ടനിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്.

ഇതോടെ നീണ്ട നിയമ നടപടികളുടെ തുടക്കമായതോടെ കെന്റ് മെഡ്വേ ഹിന്ദു മന്ദിറിൽ മലയാളികളായ ഭക്തർക്ക് വേണ്ടി അനുവദിച്ച അയ്യപ്പ വിഗ്രഹത്തിന്റെ ശിലാസ്ഥാപനവും പ്രതിഷ്ഠയും ഉൾപ്പെടെയുള്ള കാര്യങ്ങൾ അനന്തമായി നീളുമെന്ന് ഉറപ്പായി. അതിനിടെ 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം രണ്ടു കോടി രൂപ മൂല്യമുള്ളതാണ് എന്ന പ്രസ്താവന കെന്റ് ഹിന്ദു സമാജം അറിഞ്ഞിട്ടുള്ള കാര്യം അല്ലെന്നു സമാജം വക്താവ് വിജയ് നായർ വ്യക്തമാക്കി.

രണ്ടു കോടി രൂപ മൂല്യം ഉള്ള വിഗ്രഹം വാങ്ങാൻ ഉള്ള ആസ്തി കെന്റ് ഹിന്ദു സമാജത്തിനു ഇല്ലെന്നും ഈ വിഗ്രഹ നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വൈകാതെ തന്നെ കെന്റ് ഹിന്ദു സമാജം പത്ര പ്രസ്താവന ആയിത്തന്നെ യുകെയിലെ പൊതുസമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങൾ വഴിയായും മറ്റും അയ്യപ്പ വിഗ്രഹത്തിനായി സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വലിയൊരു തുക സമാഹരിക്കപ്പെട്ടതായി ആരും കരുതുന്നില്ല.

എന്നാൽ എത്ര തുക സമാഹരിച്ചുവെന്ന് കെന്റ് സമാജം ഭാരവാഹികൾ പൊതുസമൂഹത്തെ അറിയിച്ചിട്ടുമില്ല. ലണ്ടൻ മെട്രോ ബാങ്ക് അക്കൗണ്ട് വഴി ടെംപ്ൾ ട്രസ്റ്റ് എന്ന പേരിലാണ് പണം സ്വീകരിച്ചിരിക്കുന്നത്. വളരെ കുറച്ചു ഹിന്ദു കുടുംബങ്ങൾ മാത്രമാണ് കെന്റ് ഹിന്ദു സമാജത്തിൽ അംഗങ്ങൾ ആയിട്ടുള്ളത്. ആ നിലയ്ക്ക് രണ്ടു കോടി രൂപ വിലവരുന്ന വിഗ്രഹം നികുതി അടച്ചെത്തിക്കുക സാധ്യമായ കാര്യം അല്ലെന്നു വ്യക്തവുമാണ്.

എന്നാൽ ലണ്ടൻ ക്ഷേത്രത്തിലെക്കുള്ള വിഗ്രഹം എന്ന നിലയിൽ മോഷണം നടന്നതിനെ തുടർന്ന് കേരളത്തിലെ മാധ്യമങ്ങൾ വലിയ വാർത്ത പ്രാധാന്യമാണ് നൽകിയത്. എന്നാൽ സ്ഥാപനത്തിൽ ജീവനക്കാർ ജോലി ചെയ്യുമ്പോൾ പതിനഞ്ചോളം പേർ എത്തി വിഗ്രഹം മോഷണം നടത്തി എന്ന കഥ അപ്പാടെ വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേ സമയം ചെങ്ങന്നൂരിലെ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ നിന്നും കെന്റ് ഹിന്ദു സമാജം ഓർഡർ ചെയ്ത വിഗ്രഹം മാത്രമാണ് കാണാതായതും. ഈ സ്ഥാപനത്തിൽ ഒരേസമയം 20 ഓളം വിഗ്രഹങ്ങളുടെ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ കെന്റിലേക്കുള്ള അയ്യപ്പ വിഗ്രഹം മാത്രം നഷ്ടമായതിൽ ദുരൂഹത തുടക്കം മുതൽ നിലനിൽക്കെയാണ് ഇന്നലെ പകൽ സമീപമുള്ള ഓടയിൽ നിന്നും വിഗ്രഹം കണ്ടെടുത്തതും.

വിഗ്രഹം രണ്ടു കോടി രൂപ മുതൽമുടക്ക് ഉള്ളതാണെന്ന് സ്ഥാപന ഉടമകൾ അവകാശപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക ആയിരുന്നു. ഇത്രയും വിലവരണമെങ്കിൽ കിലോക്കണക്കിന് സ്വർണം ഉപയോഗിക്കേണ്ടി വരും. എന്നാൽ തങ്ങൾ നിസാര തൂക്കത്തിൽ ഉള്ള സ്വർണം മാത്രമാണ് നൽകിയിരിക്കുന്നതെന്നു കെന്റ് സമാജവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇവിടെയാണ് പൊലീസ് പൊരുത്തക്കേടുകൾ പരിശോധിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാൻ പൊലീസ് വരും ദിവസങ്ങളിൽ കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെടും എന്ന് ചെങ്ങന്നൂർ പൊലീസ് വ്യക്തമാക്കി.

അതിനിടെ വിഗ്രഹ നിർമ്മാണം നടക്കുമ്പോൾ കെന്റ് സമാജം അംഗങ്ങൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസ് നിർദേശ പ്രകാരം നിർമ്മാതാക്കൾ സമാജം ഭാരവാഹികളിൽ നിന്നും തിങ്കളാഴ്ച തന്നെ ശേഖരിച്ചിരുന്നു. ഇതെല്ലം തെളിവായി മാറുമെന്നാണ് കരുത്തപ്പെട്ടുന്നത്. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും അടക്കം സ്ഥാപനത്തിൽ എത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.

സ്ഥാപന ഉടമകളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കും ആക്രമണത്തിൽ നിസാര പരുക്കേറ്റിരുന്നു. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ അയ്യപ്പ പഞ്ചലോഹ വിഗ്രഹം ഓഫീസിൽ നിന്നുമാണ് കവർച്ച ചെയ്യപ്പെട്ടത്. മുൻ ജീവനക്കാരന്റെ നെത്ര്വതത്തിൽ ഉള്ള സംഘമാണ് കവർച്ചയ്ക്ക് എത്തിയതെന്നും സ്ഥാപന ഉടമകൾ പൊലീസിനെ അറിയിച്ചു. വിഗ്രഹത്തിന്റെ മൂല്യം രണ്ടു കോടി രൂപയാണെന്നു ഇവർ തന്നെയാണ് പൊലീസിനെ അറിയിച്ചിരിക്കുന്നതും.

ഒരുപക്ഷെ കേസിന്റെ ഗൗരവം വർധിപ്പിക്കാൻ വിഗ്രഹത്തിന്റെ മൂല്യം കൂട്ടിപ്പറഞ്ഞതാകാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ വിഗ്രഹ നിർമ്മാണ രംഗത്ത് വർഷങ്ങളുടെ പഴക്കവും ഈ രംഗത്തെ പ്രശസ്തരുമായ നിർമ്മാതാക്കൾ വീണ്ടുവിചാരം ഇല്ലാതെ അത്തരം ബാലിശമായ കാര്യങ്ങൾക്കു മുതിരുമോ എന്ന ചോദ്യവും പ്രസക്തമാണ്. അതല്ല രണ്ടു കോടി തന്നെയാണ് മൂല്യമെങ്കിൽ അതിനുള്ള പണം എവിടെ നിന്നും എത്തുന്നുവെന്നതും അന്വേഷണ വഴിയിൽ തെളിയിക്കേണ്ടി വരും.

മാത്രമല്ല ജീവനക്കാരുള്ളപ്പോൾ അക്രമികൾ ധൈര്യസമേതം കയറി വന്നതിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. സ്ഥാപനത്തിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഉടമകൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനം സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയത് എന്തുകൊണ്ട് എന്ന ചോദ്യവും ഇപ്പോൾ സ്ഥാപന ഉടമകൾ നേരിടുകയാണ്. എന്നാൽ നിർമ്മാണക്കരാർ വെറും രണ്ടു ലക്ഷം രൂപയുടേത് ആയിരുന്നെന്നും നിർമ്മാണത്തിനുള്ള സ്വർണം ഉൾപ്പെടെയുള്ള സമഗ്രികൾ കെന്റ് സമാജം ഭാരവാഹികൾ കൈമാറുക ആയിരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെ വ്യക്തതയ്ക്കാണ് കെന്റ് സമാജം ഭാരവാഹികളുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നത്.

വിഗ്രഹം മോഷ്ടിക്കാൻ എത്തിയവരുടെ അക്രമത്തിൽ രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഉലകനാഥൻ എന്നയാളുടെ വാരിയെല്ല് ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ അക്രമം നടക്കുമ്പോൾ ജോലിയിൽ ഉണ്ടായിരുന്ന രാജീവൻ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 16 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP